2016-02-27 12:50:00

നീതി ആയിരിക്കട്ടെ വ്യവസായസംരംഭകരുടെ മുഖ്യപാത


      വ്യവസായസംരംഭകര്‍ പൊതുനന്മയുടെയും നവമായൊരു തൊഴില്‍ മാനവികതയുടെയും ശില്പികളാകാന്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് പാപ്പാ.

     ഇറ്റലിയിലെ ഒരുലക്ഷത്തി അമ്പതിനായിരത്തോളം നിര്‍മ്മാണശാലകളെ ഏകോപിപ്പിക്കുന്ന സംഘടനായ കോണ്‍ഫിന്ദുസ്ത്രിയയുടെ, (CONFINDUSTRIA) പ്രതിനിധികളടങ്ങിയ ഏഴായിരത്തോളം പേരെ ശനിയാഴ്ച (27/02/16) വത്തിക്കാനില്‍ പോള്‍ ആറാമന്‍ ശാലയില്‍ സ്വീകരിച്ച് സംബോധനചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

     ശുപാര്‍ശകളുടെയും പക്ഷഭേദത്തിന്‍റെയും കുറുക്കുവഴികളെയും, വഞ്ചന വഴിവിട്ട സന്ധിചെയ്യലുകള്‍ എന്നിവയുടെ ഫലമായ അപകടകരമായ മാര്‍ഗ്ഗഭ്രംശത്തെയും തിരസ്ക്കരിക്കുന്ന നീതി ആയിരിക്കട്ടെ വ്യവസായസംരംഭകരുടെ മുഖ്യമാര്‍ഗ്ഗമെന്നും അപരന്‍റെ ഔന്നത്യത്തോടുള്ള ആദരവ് ആയിരിക്കട്ടെ പരമനിയമമെന്നും പൊതുനന്മ ആയിരിക്കട്ടെ വസ്തുക്കളുടെ ഉല്പാദനപ്രക്രിയയുടെ ദിശാസൂചികയെന്നും ആശംസിച്ച പാപ്പാ,    സകലരുടെയും സകലര്‍ക്കും വേണ്ടിയുള്ളതും ആവശ്യത്തിലിരിക്കുന്നവരോടു കരുതലുള്ളതുമായ ഒരു സാമ്പത്തികക്രമത്തിന്‍റെ വളര്‍ച്ചയ്ക്ക് ഇതാവശ്യമാണെന്ന് വ്യക്തമാക്കി.

     മനുഷ്യന്‍റെ സമൂര്‍ത്തമായ സ്വാതന്ത്ര്യത്തിന്മേലും അവന്‍റെ അവകാശങ്ങളുടെ മേലും ആധിപത്യം പുലര്‍ത്താത്തതും കമ്പോളത്തെ പരമലക്ഷ്യമായിക്കാണാത്തതും നീതിയുടെ ആവശ്യങ്ങളെ, ആത്യന്തിക വിശകലനത്തില്‍, വ്യക്തിയടുടെ സ്വാതന്ത്ര്യത്തെ ആദരിക്കുന്നതുമായ ഒരു സാമ്പത്തിക സ്വാതന്ത്ര്യത്തിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടിയ പാപ്പാ നീതികൂ‌ടാതെ സ്വാതന്ത്ര്യവും മനുഷ്യവ്യക്തിയുടെ ഔന്നത്യത്തോടുള്ള ആദരവു കൂടാതെ നീതിയും ഇല്ല എന്നു ഉദ്ബോധിപ്പിച്ചു.

     നിര്‍മ്മാണ സംരംഭങ്ങളില്‍ സംഘാതയത്നത്തിനുള്ള പ്രാധാന്യത്തെക്കുറിച്ച് സൂചിപ്പിച്ച പപ്പാ ഈ ഒരുമയില്‍ കുടുംബങ്ങളുടെയും, ബലഹീനവിഭാഗങ്ങളുടെയും വയോധികരുടെയും,  യുവജനങ്ങളുടെയും സഹകരണം ഉള്‍ക്കൊള്ളുന്നുവെന്നു വിശദീകരിച്ചു.

     ഈ ശക്തികള്‍ ഒന്നിച്ചു ചേര്‍ന്നാല്‍ മനുഷ്യവ്യക്തിയെ കേന്ദ്രസ്ഥാനത്തു വയ്ക്കുന്നതായൊരു വ്യവസായിക സംരംഭത്തെ വ്യതിരിക്തമാക്കി നിര്‍ത്താനാകുമെന്നും പാപ്പാ പറഞ്ഞു.  








All the contents on this site are copyrighted ©.