കാരുണികന്‍ പ്രസിദ്ധീകരണത്തിന്‍റെ പ
ത്രാധിപര്‍ ഫാദര്‍ ജേക്കബ് നാലുപറയുടെ സുവിശേഷചിന്തകള്‍
വിശുദ്ധ ലൂക്കായുടെ സുവിശേഷം 13, 1-9
ഗലീലിയക്കാരായ ഏതാനും പേരുടെ ബലികളില്‍ അവരുടെ രക്തംകൂടി പീലാത്തോസ് കലര്‍ത്തിയ വിവരം, ആ സമയത്ത് അവിടെയുണ്ടായിരുന്ന ചിലര്‍ അവിടുത്തെ അറിയിച്ചു. അവിടുന്ന് അപ്പോള്‍ ചോദിച്ചു. ഇവയെല്ലാം അനുഭവിച്ചതുകൊണ്ട് അവര്‍ മറ്റെല്ലാ ഗലീലിയക്കാരെയുംകാള്‍ കൂടുതല്‍ പാപികളായിരുന്നു എന്നു നിങ്ങള്‍ കരുതുന്നുവോ? അല്ല, എന്നു ഞാന്‍ പറയുന്നു. പശ്ചാത്തപിക്കുന്നില്ലെങ്കില്‍ നിങ്ങളെല്ലാവരും അതുപോലെ നശിക്കും. അഥവാ, സിലോഹായിലെ ഗോപുരം ഇടിഞ്ഞുവീണു കൊല്ലപ്പെട്ട ആ പതിനെട്ടു പേര്‍, അന്നു ജറൂസലേമില്‍ വസിച്ചിരുന്ന എല്ലാവരെയുകാള്‍ കുറ്റക്കാരായിരുന്നു എന്നു നിങ്ങള്‍ വിചാരിക്കുവോ? അല്ല, എന്നു ഞാന്‍ പറയുന്നു. പശ്ചാത്തപിക്കുന്നില്ലെങ്കില്‍ നിങ്ങളെല്ലാവരും അതുപോലെ നശിക്കും.
അവിടുന്ന് ഈ ഉപമ പറഞ്ഞു. ഒരാള്‍ മുന്തിരിത്തോട്ടത്തില്‍ അത്തിവൃക്ഷം നട്ടു പിടിപ്പിച്ചു. അതില്‍ പഴമുണ്ടോ എന്നു നോക്കാന്‍ അവന്‍ വന്നു. എന്നാല്‍ ഒന്നും കണ്ടില്ല. അപ്പോള്‍ അവന്‍ കൃഷിക്കാരനോടു പറഞ്ഞു. മൂന്നു വര്‍ഷമായി ഞാന്‍ ഈ അത്തിവൃക്ഷത്തില്‍നിന്ന് ഫലം അന്വേഷിച്ചുവരുന്നു, ഒന്നും കാണുന്നില്ല. അതു വെട്ടിക്കളയുക. എന്തിനു നിലം പാഴാക്കണം? കൃഷിക്കാരന്‍ അവനോടു പറഞ്ഞു. യജമാനനേ, ഈ വര്‍ഷകൂടെ അതു നില്‍ക്കട്ടെ. ഞാന്‍ അതിന്‍റെ ചുവടുകിളച്ചു വളമിടാം. മേലില്‍ അതു ഫലം നല്‍കിയേക്കാം. ഇല്ലെങ്കില്‍ നീ അതു വെട്ടിക്കളഞ്ഞുകൊള്ളുക.
ഇന്നത്തെ സുവിശേഷത്തില്‍ രണ്ടു ദുരന്തങ്ങളാണ് ഈശോ ചൂണ്ടിക്കാണിക്കുന്നത്. അന്നത്തെക്കാലത്ത് സംഭവിച്ച രണ്ടു ദുരന്തങ്ങള്‍. ഒന്ന് റോമന്‍ ഗവര്‍ണറായിരുന്ന പീലോത്തോസ് കുറെ ഗലീലിയക്കാരെ കൊന്നൊടുക്കിയത്. രണ്ടാമതൊരു പ്രകൃതി ദുരന്തമാണ്. ശീലോഹായിലെ ഗോപുരം ഇടിഞ്ഞുവീണു പതിനെട്ടു പേര്‍ മരണമടഞ്ഞു. ഈ രണ്ടു ദുരന്തങ്ങള്‍, ഒന്ന് പ്രകൃതി ദുരന്തവും മറ്റൊന്ന് മനുഷ്യന്‍ ഉണ്ടാക്കിയതും. ഇതു രണ്ടും ഉദ്ധരിച്ചുകൊണ്ട് ഈശോ ചോദിക്കുന്ന ഒരു ചോദ്യമാണ് ഏറെ ശ്രദ്ധേയമാകുന്നത്. സാധാരണ ഗതിയില്‍ നമ്മുടെ ജീവിതത്തിലും നമ്മുടെ പ്രതികരണത്തിലും സംഭവിക്കാറുള്ളതു തന്നെ. പ്രകൃതി ദുരന്തം വരുമ്പോള്‍ എന്താണ് സ്വാഭാവികമായ പ്രതികരണം? ഈശോ ചോദിക്കുന്നു ഗലീലിയയില്‍ പീലാത്തോസ് കുറെപ്പേരെ കൊലപ്പെടുത്തിയത് അവര്‍ മറ്റുള്ളവരെക്കാള്‍ പാപികള്‍ ആയിരുന്നതുകൊണ്ടാണോ? ശീലോഹായിലെ ദുരന്തത്തില്‍ മരിച്ചവര്‍ അവരുടെ കുറ്റംകൊണ്ടും, അവര്‍ ചെയ്ത കുറ്റങ്ങള്‍ക്കു ശിക്ഷയായിട്ടുമാണോ കൊല്ലപ്പെട്ടത്? ഇതാണ് പലപ്പോഴും ജീവിതത്തില്‍ സംഭവിക്കുന്നത്. ദുരന്തങ്ങള്‍ക്ക് നാം ഒരു ‘ന്യൂസ് വാല്യൂ’വായാട്ടാണ് (news value) കാണുന്നത്. എന്നിട്ടോ, പറ്റുമെങ്കില്‍ ഒരു കുറ്റപ്പെടുത്തലും...!
അടുത്തകാലത്ത് ചെന്നൈയില്‍ വെള്ളപ്പൊക്കമുണ്ടായപ്പോള്‍ നാം കേട്ടില്ലേ?! ന്യൂസ് വാല്യൂ... ഉണ്ടാക്കിയത്. പലരും സംസാരിച്ചതാണ്. അതായത്, മുല്ലപ്പെരിയാറിന്‍റെ ബുദ്ധിമുട്ട് തമിഴ്നാട്ടുകാര്‍ക്ക് മനസ്സിലാക്കാന്‍ പറ്റാതെ പോയത് ഇപ്പോള്‍ മനസ്സിലാകുമെന്ന്.
ഒരുതരം കുറ്റപ്പെടുത്തലും കൈചൂണ്ടലും പഴിചാരലും! ഏതു ദുരന്തവും ഉണ്ടാകുമ്പോള്‍ മനുഷ്യന്‍റെ സ്വാഭാവികമായിട്ടുള്ള പ്രതികരണം ഇതാണ്. ഈശോ ഈ ചിന്താഗതിയോടാണ് പ്രതികരിക്കുന്നത്. ദുരന്തത്തില്‍ പെട്ടവര്‍ മറ്റുള്ളവരെക്കാള്‍ മോശക്കാരും, പാപികളുമാണെന്നുള്ള വാദം ശരിയല്ലെന്ന് അവിടുന്നു സ്ഥാപിക്കുന്നു! എന്നാല്‍ ഇവിടെ ദുരന്തത്തിന് സന്ദേശമുണ്ട്. ദുരന്തത്തിന്‍റെ മെസ്സേജ് അത് അനുഭവിക്കുന്നവര്‍ക്കല്ല, നമുക്കാണ്, കാണുന്നവര്‍ക്കാണ്. മാനസാന്തരപ്പെടുക. നമുക്കു ചുറ്റിലും നടക്കുന്ന മനുഷ്യന്‍റെ സങ്കടങ്ങള്‍, ദുരിതങ്ങള്‍ക്കെല്ലാം ഉളളില്‍ നമുക്കായി ദൈവം ഒരു സന്ദേശം ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. ഈ രണ്ടു സുവിശേഷ സംഭവങ്ങളിലും ദൈവം ഒരു സന്ദേശം നമുക്കായി ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. നമ്മുടെ ജീവിതങ്ങളെ മെച്ചപ്പെടുത്തുവാനുള്ള സന്ദേശമാണത്. അത് തിരിച്ചറിയാന്‍ പറ്റുന്നുണ്ടോ?
നമുക്കു ചുറ്റും സംഭവിക്കുന്ന സംഭവങ്ങളിലെല്ലാം നമുക്കായി ദൈവം സന്ദേശം ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. നമുക്കു ചുറ്റും സംഭവിക്കുന്ന സംഭവങ്ങളിലൂടെ ദൈവം നമ്മോടു സംസാരിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ അവിടുന്നു സംസാരിക്കുന്നത് കേള്‍ക്കാന്‍ പറ്റുന്നുണ്ടോ? ഒളിപ്പിച്ചുവച്ചിരിക്കുന്ന സന്ദേശം വായിക്കാനാകുന്നുണ്ടോ? ഇതാണ് ഈശോ നമ്മോട് ചോദിക്കുന്നത്. അത് വായിക്കുവാന്‍ പറ്റുന്നുണ്ടെങ്കിലേ, കേള്‍ക്കാന്‍ സാധിക്കുന്നുണ്ടെങ്കിലേ... നമ്മുടെ ജീവിതം മെച്ചപ്പെടുകയുള്ളൂ. നമുക്കു ചുറ്റും സംഭവിക്കുന്നതെല്ലാം നമുക്കുവേണ്ടി ദൈവം ഒരുക്കുന്ന സന്ദേശങ്ങളാണ്. നിന്‍റെ ജീവിതം മെച്ചപ്പെടുത്തുവാന്‍, നമ്മില്‍ മാനാസാന്തരമുണ്ടാക്കാന്‍ ദൈവം ഒരുക്കുന്ന പദ്ധതിയാണത്, നമുക്കു ചുറ്റുമുള്ള ദൈവത്തിന്‍റെ ചൂണ്ടുപലകയാണത്. അതാണ് ചുറ്റും നടക്കുന്ന സംഭവങ്ങള്‍!
ഒരു കഥ! ഒരു മനുഷ്യന്‍ നടന്നുപോകുമ്പോള്‍, തണുപ്പില്‍ വിശന്നു വിറയ്ക്കുന്ന ഒരു പാവം തെരുബാലനെ കണ്ടു. കാഴ്ച കണ്ടിട്ട് അയാള്‍ക്ക് സങ്കടമായി. മനസ്സില്‍ പ്രതിഷേധവും! എന്തേ, ദാ! ദൈവത്തോടു തന്നെയാണ് പ്രതിഷേധം! എന്തേ... ഈ കുഞ്ഞിനെ ഇങ്ങനെ സൃഷ്ടിച്ചു? ഈ അവസ്ഥയില്‍ കൊണ്ടെത്തിച്ചു? ഇത്തരം പ്രശ്നങ്ങള്‍ക്ക് തമ്പുരാനേ, അങ്ങ് ഒരു പരിഹാരമുണ്ടാക്കുന്നില്ലല്ലോ. പ്രതിഷേധത്തോടെ, ഗര്‍വ്വോടെ ചോദിച്ചു. എന്നിട്ടും ഉത്തരമുണ്ടായില്ല. അന്നു രാത്രി അയാള്‍ ഉറങ്ങാന്‍ കിടന്നു. ഉറക്കത്തില്‍ അയാള്‍ ഒരു സ്വപ്നം കാണുന്നു. സ്വപ്നത്തില്‍ ദൈവം സംസാരിക്കുന്നു. നീ കണ്ട തെരുബാലനില്ലേ, തണുപ്പില്‍ വിറച്ചു വിശന്നിരിക്കുന്ന തെരുവുബാലന്‍.....!? അവന്‍റെ പ്രശ്നത്തിന്, ആ കുഞ്ഞിന്‍റെ പ്രശ്നത്തിന് പരിഹാരം ഞാന്‍ ചെയ്തിട്ടുണ്ട്. അവന്‍റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം താങ്ങളാണ്!
നമുക്കു ചുറ്റും നാം കണ്ടുമുട്ടുന്ന മനുഷ്യന്‍റെ നൊമ്പരങ്ങളില്‍, അതിലൊക്കെ ദൈവം എനിക്കുവേണ്ടി ഒരു സന്ദേശം ഒളിപ്പിച്ചുവച്ചിരിക്കുന്നു. മാത്രമല്ല, ചുറ്റുംനടക്കുന്ന സംഭവങ്ങിലൂടെ ദൈവം എന്നോടു സംസാരിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ അതു കേള്‍ക്കാനുള്ള കഴിവ് എനിക്കുണ്ടോ? അതിന് വലിയൊരു ശ്രദ്ധയാണു വേണ്ടത്. എന്‍റെ ചുറ്റും നടക്കുന്ന, എന്‍റെ ചുറ്റുമുള്ള മനുഷ്യരുടെ ജീവിതങ്ങളില്‍ നടക്കുന്ന എല്ലാ ദുഃഖങ്ങളിലൂടെയും ദുരിതങ്ങളിലൂടെയും ദൈവം എന്നോടു സംസാരിച്ചുകൊണ്ടിരിക്കുന്നു. അതു കേള്‍ക്കാനുള്ള മനസ്സിന്‍റെ ശ്രദ്ധ, ഹൃദയത്തിന്‍റെ താല്പര്യം, ഏകാഗ്രത അതുണ്ടാകുമ്പോഴാണ് എന്‍റെ ജീവിതം കൂടുതല്‍ മെച്ചപ്പെടുന്നത്. ഗലീലിയയില്‍ പീലാത്തോസ് കൊന്നവര്‍ - ആ സംഭവത്തിലും നമുക്കായി ഒരു സന്ദേശമുണ്ടെന്നാണ് ഈശോ പറഞ്ഞത്. അതുപോലെ ശീലോഹായില്‍ ഗോപുരം ഇടിഞ്ഞുവീണവരുടെ കാര്യത്തിലും നമുക്കായി തമ്പുരാന്‍ ഒരു സന്ദേശം ഒരുക്കിവച്ചിരിക്കുന്നു. അതു നീ വായിച്ചറിയുക.
അതുകഴിഞ്ഞ് ഉടനെവരുന്ന വചനഭാഗത്ത്, ഒരാള്‍ മരം നട്ടു. എന്നാല്‍ ഫലമുണ്ടായില്ല. അതു വെട്ടിക്കളയാന്‍ കര്‍ഷകന്‍ ആവശ്യപ്പെടുമ്പോള്‍ പണിക്കാരന്‍ എന്താണു പറയുന്നത്? ഞാന്‍ ഒരു വര്‍ഷംകൂടെ ചുവടുകിളച്ച് വളമിടട്ടെ! ഈ ചുവടു കിളയ്ക്കലും, വളമിടലുമാണ് അനുദിനം നമുക്കു ചുറ്റുമുള്ള സംഭവങ്ങളിലൂടെ ദൈവം നമുക്ക് നല്കുന്നത്. എന്തിന്? ഫലം പുറപ്പെടുവിക്കാനായിട്ട്, ദൈവം തരുന്ന വളവും വെള്ളവും അതു തിരിച്ചറിയാന്‍. ആ വളവും വെള്ളവും സ്വീകരിക്കാന്‍, അതനുസരിച്ച് ഫലം പുറപ്പെടുവിക്കാന്‍ നമുക്ക് കഴിയട്ടെ!
പാപ്പാ ഫ്രാന്‍സിസിന്‍റെ ജീവിതത്തിലേയ്ക്ക് എത്തിനോക്കുമ്പോള്‍, ജീവിതം ഏകദേശം രണ്ടു വര്‍ഷക്കാലം ഏറെ നിഗൂഢമായിരുന്നു. 1990-മുതല്‍ 1992-വരെ അദ്ദേഹം അര്‍ജന്‍റീനയിലെ കൊര്‍ദോബാ എന്ന സ്ഥലത്തായിരുന്നു. ഒരര്‍ത്ഥത്തില്‍ ശിക്ഷിക്കപ്പെട്ട് അദ്ദേഹം അവിടെ കഴിയുകയായിരുന്നു. അദ്ദേഹം പ്രൊവിഷ്യല്‍ ആയിരുന്ന കാലത്തെടുത്ത ചില തീരുമാനങ്ങളുടെ പരിണിതഫലമായിരുന്നു ആ നാടുകടത്തില്‍! കൊര്‍ദോബായില്‍ കഴിയുന്ന കാലത്ത് അദ്ദേഹത്തിന് പ്രത്യേകം തസ്തികകള്‍ ഒന്നും ഇല്ലായിരുന്നു. തസ്തികയൊന്നുമില്ലാതെ, പ്രത്യേകിച്ച് ജോലിയൊന്നുമില്ലാതെ രണ്ടു വര്‍ഷം ഏകാന്തതയില്‍ കഴിഞ്ഞു.! അങ്ങനെ ആ കാലഘട്ടത്തില്‍ അവിടെ ബര്‍ഗോളിയോടുകൂടെ കഴിഞ്ഞിരുന്ന സഹസന്ന്യാസിമാരെ സിഎന്‍എന്‍ വാര്‍ത്താ ഏജെന്‍സിയുടെ പത്രാധിപര്‍ അവിടെചെന്ന് ഇന്‍റര്‍വ്യൂചെയ്തു. എന്നിട്ട് അതിന്‍റെ വിശദാംശങ്ങള്‍ പുറത്തുവിട്ടു.
കാലഘട്ടത്തെ അടുത്തറിയുന്നവര്‍, പാപ്പാ ബര്‍ഗോളിയോയെ അടുത്തറിയുന്നവര്‍ ഈ സമയത്തെയും സംഭവത്തെയും വിശേഷിപ്പിക്കുന്നത്, അദ്ദേഹത്തിന്‍റെ ‘ആത്മാവിന്‍റെ രാത്രി’യെന്നാണ്. ശരിക്കു പറഞ്ഞാല്‍ അദ്ദേഹം മൗനത്തിലും ഏകാന്തതയിലും ആയിരുന്നു. കൂട്ടുകാരനായിരുന്ന വയോവൃദ്ധന്‍, ഈശോ സഭക്കാരന്‍ സഹോദര വൈദികന്‍ പറയുന്നത്, താന്‍ ശിക്ഷിക്കപ്പെട്ടി- രിക്കുക യായിരുന്നുവെന്ന് ഒരുവിധത്തില്‍ ബര്‍ഗോളിയോയ്ക്ക് അറിയാമായിരുന്നെന്ന്.
അങ്ങനെ കഴിഞ്ഞുകൂടിയ ബര്‍ഗോളിയോ പിതാവ്, പിന്നീട് ബ്യൂനസ് ഐരസില്‍ മെത്രാപ്പോലീത്തയായിരിക്കുമ്പോള്‍ വീണ്ടും സ്നേഹിതനായ ഒരു രാഷ്ട്രീയക്കാരന് അതേപോലൊരു ചുറ്റുപാട് ഉണ്ടായപ്പോള്‍, അയാള്‍ ജീവിതത്തിന്‍റെ പ്രത്യേകമായ ഒറ്റപ്പെടലിലേയ്ക്കും ഏകാന്തതയിലേയ്ക്കും പോകേണ്ടി വന്നു. അപ്പോള്‍ ബര്‍ഗോളിയോ പിതാവ് സ്നേഹിതനു കൊടുക്കുന്ന ഉപദേശമുണ്ട്. സ്നേഹിതാ, നിന്‍റെ നാടു കടത്തലിന്‍റെ ഏകാന്തതയും ഒറ്റപ്പെടലും നീ തന്നെ ജീവിച്ചുതീര്‍ക്കണം. എങ്കിലേ കൂടുതല്‍ ആര്‍ദ്രതയോടെ ഇനിയും നിനക്ക് ജനത്തെ സേവിക്കാനാവൂ, എന്നായിരുന്നു. ഇതുപോലെ ജീവിതത്തിന്‍റെ ഏതു സാഹചര്യത്തിലും സംഭവങ്ങളിലും നമുക്കുവേണ്ടി ഒുരു പ്രത്യേക സന്ദേശം ദൈവം ഒളിപ്പിച്ചു വയ്ക്കുന്നുണ്ട്. അതു നാം തിരിച്ചരിയണം. എന്തിനാണത്? മാനസാന്തരപ്പെടാന്‍! ജീവിതം കൂടുതല്‍ മെച്ചപ്പെടുത്താന്‍, കൂടുതല്‍ നന്മയുള്ളതാക്കാന്‍. എന്‍റെ ജീവിതത്തെ കൂടുതല്‍ ദൈവികമായി രൂപാന്തരപ്പെടുത്താന്‍! ഇതാണ് ഇന്ന് ഈശോ നമ്മില്‍നിന്നും ആവശ്യപ്പെടുന്നത്.
അതിനാല്‍ നമുക്കു പ്രാര്‍ത്ഥിക്കാം. നാഥാ! അങ്ങയുടെ ഈ വലിയ ക്ഷണം സ്വീകരിക്കാന്‍ എനിക്ക് കൃപ തരിക. മാനസാന്തരത്തിലേയ്ക്കും പുതുജീവനിലേയ്ക്കും എന്‍റെ ചുറ്റിലും എന്‍റെ സ്വന്തപ്പെട്ടവരുടെയും, സുഹൃത്തക്കളുടെയും അല്ലാത്തവരുടെയും ജീവിതത്തില്‍ നടക്കുന്ന എല്ലാ നൊമ്പരങ്ങളിലും സങ്കടങ്ങളിലൂടെയും ദുരന്തങ്ങളിലൂടെയുമെല്ലാം അങ്ങ് എന്നോടു സംസാരിക്കുന്നുവെന്നു മനസ്സിലാക്കാന്‍, അങ്ങേ ശബ്ദം തിരിച്ചറിയാന്‍... എന്താണ് അങ്ങ് എന്നോടു പറയുന്നത്, എന്താണ് അങ്ങ് എന്നോട് ആവശ്യപ്പെടുന്നത്? അത് തിരിച്ചറിയുവാനും, അതനുസരിച്ച് ജീവിതം മെച്ചപ്പെടുത്തുവാനുമുള്ള കൃപ യേശുവേ.... അങ്ങു തരണമേ. ആമേന്‍!
All the contents on this site are copyrighted ©. |