2016-02-22 13:04:00

വധശിക്ഷ റദ്ദാക്കുന്ന അന്താരാഷ്ട്ര ധാരണയില്‍ എത്തിച്ചേരുക


    വധശിക്ഷ റദ്ദാക്കുന്നതിനുള്ള അന്താരാഷ്ട്ര ധാരണയില്‍ എത്തിച്ചേരാന്‍ പാപ്പാ ഭരണാധികാരികളുടെ മനസ്സാക്ഷിയോട് അഭ്യര്‍ത്ഥിക്കുന്നു.

     വധശിക്ഷ ഇല്ലായ്മചെയ്യുന്നതിനെ അധികരിച്ച് ഒരന്താരാഷ്ട്ര സമ്മേളനം റോമില്‍ ഈ തിങ്കളാഴ്ച (22/02/16)  വിശുദ്ധ എജീദിയൊയുടെ സമൂഹത്തിന്‍റെ  ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെടുതിനെക്കുറിച്ച് വത്തിക്കാനില്‍ ഞായറാഴ്ചത്തെ (21/02/16) ത്രികാലപ്രാര്‍ത്ഥനാവേളയില്‍ പരാമര്‍ശിക്കുകയായിരുന്നു ഫ്രാന്‍സീസ പാപ്പാ. 

     വധശിക്ഷ ഇല്ലാതക്കുന്നതിന് നവീകൃതമായ ഒരു പ്രചോദനം ഈ സമ്മേളനം ഏകട്ടെയെന്ന് പാപ്പാ ആശംസിച്ചു. വധശിക്ഷയെ നൈയമിക സാമൂഹ്യപ്രതിരോധോപാധിയായി കരുതിയാല്‍ പോലും, ഈ ശിക്ഷയ്ക്കെതിരായ നിലപാടുകള്‍ പൊതുജനത്തിനിടയില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്നത് പ്രത്യാശയുടെ അടയാളമാണെന്ന് പാപ്പാ പറ‍ഞ്ഞു.

     മനപരിവര്‍ത്തനത്തിനുള്ള അവസരം ഒരു കുറ്റവാളിക്കു എന്നന്നേക്കുമായി നിഷേധിക്കാതെ തന്നെ കുറ്റകൃത്യങ്ങളെ ഫലപ്രദമായ രീതിയില്‍ ഇല്ലായ്മചെയ്യുന്നതിനുള്ള സാധ്യതകള്‍ ആധുനികസമൂഹങ്ങള്‍ക്കുണ്ടെന്ന വസ്തുത പാപ്പാ അനുസ്മരിച്ചു.

     ശിക്ഷ എന്നും മനുഷ്യന്‍റെ ഔന്നത്യത്തിനും മനുഷ്യനെയും സമൂഹത്തെയും സംബന്ധിച്ച് ദൈവത്തിനുള്ള പദ്ധതിക്ക് അനുസൃതവും സമൂഹത്തില്‍ വീണ്ടും ചേരാന്‍ കഴിയുമെന്ന പ്രത്യാശയ്ക്ക് തുറന്നുകൊടുക്കുന്നതുമായിരിക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

     കൊല്ലരുത് എന്ന കല്പന, നിരപരാധിയ്ക്കും കുറ്റവാളിക്കും ഒരുപോലെ ബാധകമാണെന്നും പാപ്പാ പറഞ്ഞു.

     ജീവനോടും മനുഷ്യവ്യക്തിയുടെ അന്തസ്സിനോടുമുള്ള ഉപരിപക്വമായ ആദരവിന്‍റെ രൂപങ്ങള്‍ എന്നും പരിപോഷിപ്പിക്കുന്നതിനുള്ള സവിശേഷമായ ഒരവസരമാണ് കരുണയുടെ അസാധാരണ ജൂബിലിയെന്ന്  പാപ്പാ പ്രസ്താവിച്ചു. കുറ്റവാളിയും ദൈവികദാനമായ ജീവനുള്ള അലംഘനീയ അവകാശം ഉള്ളവനാണെന്ന് ഫ്രാന്‍സീസ് പാപ്പാ ഉദ്ബോധിപ്പിച്ചു.

   കത്തോലിക്കരായ ഭരണകര്‍ത്താക്കള്‍ ധീരവും മാതൃകാപരവുമായ ചുവടു വയ്ക്കണമെന്ന്, അതായത്, ഈ വിശുദ്ധവത്സരത്തില്‍ ആരുടെയും വധശിക്ഷ നടപ്പാക്കില്ലയെന്ന് തീരുമാനിക്കണമെന്ന് പാപ്പാ ശിപാര്‍ശചെയ്തു.

     വധശിക്ഷ ഇല്ലായ്മചെയ്യുന്നതിനുവേണ്ടി മാത്രമല്ല, സ്വാതന്ത്ര്യരഹിതരുടെ മാനവാന്തസ്സിനോടുള്ള ആദരവില്‍, കാരാഗൃഹവാസികളുടെ അവസ്ഥകള്‍ മെച്ചപ്പെടുത്തുന്നതിനും വേണ്ടി പരിശ്രമിക്കാന്‍ സകല ക്രൈസ്തവരും സന്മനസ്സുള്ള സകലരും വിളിക്കപ്പെട്ടിരിക്കുന്നുവെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.








All the contents on this site are copyrighted ©.