2016-02-22 12:53:00

പാപ്പാ മെക്സിക്കൊ സന്ദര്‍ശനം പുനരവലോകനം ചെയ്യുന്നു


     വത്തിക്കാനില്‍ ഞായറാഴ്ചകളില്‍ പതിവുള്ള പൊതുവായ മദ്ധ്യാഹ്ന പ്രാര്‍ത്ഥന ഒരാഴ്ചത്തെ ഇടവേളയ്ക്കുശേഷം ഈ ഞായറാഴ്ച (21/02/16) ഫ്രാന്‍സിസ് പാപ്പാ നയിച്ചു. ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്നെത്തിയിരുന്ന തീര്‍ത്ഥാടകരായിരുന്ന ആയിരക്കണക്കിന് വിശ്വാസികള്‍ ഇതില്‍ പങ്കുകൊണ്ടു. ചത്വരത്തിലും അതിനുപുറത്തുമായി നിലയുറപ്പിച്ചിരുന്ന ഇവരെ പാപ്പാ, അരമനയുടെ ഏറ്റവും മുകളിലത്തെ നിലയിലുള്ള ജാലകത്തിങ്കല്‍ നിന്നുകൊണ്ട്, ഉച്ചയ്ക്ക് റോമിലെ സമയം 12 മണിക്ക്, അപ്പോള്‍ ഇന്ത്യയില്‍ സമയം ഉച്ചതിരിഞ്ഞ് 4.30, സംബോധന ചെയ്തു.

     നോമ്പുകാലത്തിലെ രണ്ടാമത്തെതായിരുന്ന ഈ ഞായറാഴ്ച ലത്തീന്‍ റീത്തിന്‍റെ  ആരാധനക്രമമനുസരിച്ച് വിശുദ്ധകുര്‍ബ്ബാന മദ്ധ്യേ വായിക്കപ്പെട്ട സുവിശേഷഭാഗം, അതായത്, യേശു രൂപാന്തരപ്പെടുന്ന സംഭവം വിവരിക്കുന്ന  ലൂക്കായുടെ സുവിശേഷം ഒമ്പതാം അദ്ധ്യായം 28 മുതല്‍ 36 വരെയുള്ള വാക്യങ്ങള്‍, ആയിരുന്നു പാപ്പായുടെ വിചിന്തനത്തിനാധാരം.

 പാപ്പാ ഇറ്റാലിയന്‍ ഭാഷയില്‍ നടത്തിയു പരിചിന്തനത്തിന്‍റെ മലായള പരിഭാഷ താഴെ ചേര്‍ക്കുന്നു.

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം,

     തപസ്സുകാലത്തെ രണ്ടാം ഞായര്‍ നമ്മുടെ മുന്നില്‍ അവതരിപ്പിക്കുന്നത് യേശു രൂപാന്തരപ്പെടുന്ന സംഭവമാണ്.

     മെക്സിക്കൊയില്‍ ഇക്കഴിഞ്ഞ ദിനങ്ങളില്‍ ഞാന്‍ നടത്തിയ അപ്പസ്തോലിക യാത്ര ഒരു രൂപാന്തരീകരണാനുഭവമായിരുന്നു. അപ്രകാരമാകുന്നതെങ്ങിനെ? അതിനു കാരണമിതാണ്. കര്‍ത്താവ് അവിടത്തെ മഹത്വത്തിന്‍റെ വെളിച്ചം ആ മണ്ണിലെ സഭയുടെ, അവിടെ ജീവിക്കുന്ന ദൈവജനത്തിന്‍റെ ഗാത്രത്തിലൂടെ നമുക്കു കാട്ടിത്തന്നു. പലപ്പോഴും മുറിപ്പെട്ട ഒരു ശരീരം, നിരവധിതവണ അടിച്ചമര്‍ത്തപ്പെടുകയും  നിന്ദിക്കപ്പെടുകയും ഔന്നത്യം ധ്വംസിക്കപ്പെടകയും ചെയ്ത ഒരു ജനത. വാസ്തവത്തില്‍ മെക്സിക്കൊയില്‍ നടന്ന വിവധങ്ങളായ കൂടിക്കാഴള്ചകളെല്ലാംതന്നെ പ്രകാശഭരിതങ്ങളായിരുന്നു; വദനങ്ങളെ രൂപാന്തരപ്പെടുത്തുകയും വഴിയെ പ്രകാശമാനമാക്കുകയും ചെയ്യുന്ന വിശ്വാസവെളിച്ചത്താല്‍ നിറഞ്ഞവയായിരുന്നു.

     ഈ തീര്‍ത്ഥാടനത്തിന്‍റെ ആദ്ധ്യാത്മിക ഗുരുത്വാകര്‍ഷണകേന്ദ്രം ഗ്വാദലൂപെ നാഥയായിരുന്നു. ആ അമ്മയുടെ മുന്നില്‍ മൗനമായി നില്കുകയായിരുന്നു സര്‍വ്വോപരി എന്‍റെ ലക്ഷ്യം. അത് എനിക്കു സാധ്യമാക്കിത്തന്നതിന് ഞാന്‍ ദൈവത്തോടു നന്ദി പ്രകാശിപ്പിക്കുന്നു. തന്‍റെ മക്കളെല്ലാവരുടെയും നോട്ടം, അക്രമത്തിന്‍റെയും തട്ടിക്കൊണ്ടുപോകലുകളുടെയും കൊലപാതകങ്ങലുടെയും ദരിദ്രരായ അനേകര്‍ക്കും  നിരവധിയായ സ്ത്രീകള്‍ക്കുമെതിരായ ആക്രമണങ്ങളുടെയും ഫലമായുള്ള വേദന പേറുന്ന അവരുടെ നോട്ടം സ്വന്തം കണ്ണില്‍ പതിഞ്ഞിട്ടുള്ള അവളുടെ കടാക്ഷത്തിനായി ഞാന്‍ ധ്യാനനിര്‍ല്ലീനനായി നിന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകരെത്തുന്ന ഒരു മരിയന്‍ ദേവാലയമാണ് ഗ്വാദലൂപെ. VIRGEN MORENITA- അഥവാ, ശ്യാമവര്‍ണ്ണ  കന്യക, വിശുദ്ധ ഹുവാന്‍ ദിയേഗൊ എന്ന അമരിന്ത്യന് പ്രത്യക്ഷപ്പെട്ടുകൊണ്ട് ആ ഭൂഖണ്ഡത്തിന്‍റെയും ഭിന്നസംസ്ക്കാരങ്ങളുടെ സമാഗാമത്തിന്‍റെ ഫലമായ പുത്തന്‍ നാഗരിഗകതയുടെയും സുവിശേഷവത്ക്കരണത്തിന് തുടക്കമിട്ട ഇടമായ അവിടെ പ്രാര്‍ത്ഥക്കുന്നതിനായി അമേരിക്കമുഴുവനിലും നിന്ന് ജനങ്ങള്‍ എത്തുന്നു.   

     ഇതാണ്, അതായത്, വൈവിധ്യങ്ങളുടെ സമ്പന്നത കാത്തുസൂക്ഷിക്കുകയും ഒപ്പം, പൊതുവായ വിശ്വാസത്തിന്‍റെ ഏകതാനത വെളിപ്പെടുത്തുകയും ചെയ്യുക എന്നതാണ് കര്‍ത്താവ് മെക്സിക്കോയ്ക്കായി നല്കിയ പാരമ്പര്യ ദൗത്യം. ചൈതന്യത്തിന്‍റെയും മാനവികതയുടെയും വലിയശക്തിയാല്‍ അനുഗതമായ ആത്മാര്‍ത്ഥവും ശക്തവുമായ ഒരു വിശ്വാസമാണ് ഇവിടെ വിവക്ഷ. എന്‍റെ മുന്‍ഗാമികളെപ്പോലെ തന്നെ ഞാനും പോയത് മെക്സിക്കൊയിലെ ജനങ്ങളെ വിശ്വാസത്തില്‍ സ്ഥിരീകരിക്കാനും ഒപ്പം സ്ഥിരീകരിക്കപ്പെടാനുമാണ്. സാര്‍വ്വത്രികസഭയ്ക്ക് ഗുണകരമായി ഭവിക്കുന്നതിനായി  ഈ ദാനം ഞാന്‍ കൈനിറയെ സ്വീകരിച്ചു,

     ഞാന്‍ പറയുന്ന കാര്യങ്ങള്‍ക്ക് ഉജ്ജ്വലമായ ഒരുദാഹരണം കുടുംബങ്ങള്‍ കാഴ്ചവച്ചു. ഞാന്‍ ക്രിസ്തുവിന്‍റെ ദൂതനും സഭയുടെ ഇടയനുമെന്ന നിലയില്‍ എന്നെ മെക്സിക്കൊയിലെ കുടുംബങ്ങള്‍ സസന്തോഷം സ്വീകരിച്ചു. ഒപ്പം അവര്‍ ശക്തവും സുവ്യക്തങ്ങളുമായ സാക്ഷ്യങ്ങളും നല്കി. സജീവവിശ്വാസത്തിന്‍റെ, ജീവിതത്തെ രൂപാന്തരപ്പെടുത്തുന്ന വിശ്വാസത്തിന്‍റെ ആയിരുന്നു ഈ സാക്ഷ്യങ്ങള്‍. ലോകത്തിലെ എല്ലാ ക്രൈസ്തവകുടുംബങ്ങളെയും പടുത്തുയര്‍ത്തുന്നതിന് സഹായകങ്ങളാണിവ. ഇതു തന്നെയാണ് യുവജനത്തെയും സമര്‍പ്പിതരെയും വൈദികരെയും തൊഴിലാളികളെയും കാരാഗൃഹവാസികളെയും കുറിച്ചും പറയാനുള്ളത്.

     ആയതിനാല്‍, ഈ തീര്‍ത്ഥാടനമെന്ന സമ്മാനം തന്നതിന് കര്‍ത്താവിനും ഗ്വാദലൂപെയിലെ കന്യകയ്ക്കും ഞാന്‍ നന്ദി പറയുന്നു. കൂടാതെ, എന്നെ ഉഷ്മളതയോടെ സ്വീകരിച്ച മെക്സിക്കൊയുടെ പ്രസിഡന്‍റിനും ഇതര പൗരാധികാരികള്‍ക്കും ഞാന്‍ നന്ദി പ്രകാശിപ്പിക്കുന്നു. മെത്രാന്‍സംഘത്തിലെ എന്‍റെ സഹോദരങ്ങളോടും പലവിധത്തില്‍ സഹകരണമേകിയ സകലരോടും ഞാന്‍  ഹൃദയംഗമാമായി കൃതജ്ഞത അറിയിക്കുന്നു.

ഈ യാത്രാവേളയില്‍ ക്യൂബയില്‍വച്ച് പാപ്പായും മോസ്കൊയുടെയും ആകമാന റഷ്യയുടെയും പാത്രിയാര്‍ക്കീസായ പ്രിയ സഹോദരന്‍ കിറിലും തമ്മില്‍ കൂടിക്കാഴ്ച സാധ്യമാക്കിത്തീര്‍ത്ത പരിശുദ്ധതമ ത്രിത്വത്തിന് നമുക്ക് പ്രത്യേക സ്തുതിയേകാം.  എന്‍റെ മുന്‍ഗാമികളുടെയും ഉല്‍ക്കടാഭിലാഷമായിരുന്നു ഇത്തരമൊരു കൂടിക്കാഴ്ച. ഈ സംഭവവും ഉത്ഥാനത്തിന്‍റെ പ്രവാചകവെളിച്ചമാണ്. ഈ വെളിച്ചം ഇന്ന് ലോകത്തിന് എന്നത്തെക്കാളുപരി ആവശ്യമായിരിക്കുന്നു. ദൈവജനനി ഐക്യത്തിന്‍റെ   പാതയില്‍ നമ്മെ നയിക്കട്ടെ. കസാനിലെ മാതാവിനോട് നമുക്കപേക്ഷിക്കാം. ഈ മാതാവിന്‍റെ ഒരു തിരുച്ചിത്രം പാത്രീയാര്‍ക്കീസ് എനിക്കു സമ്മാനിച്ചിരുന്നു.   

ഈ വാക്കുകളെ തുര്‍ന്ന് പാപ്പാ കര്‍ത്താവിന്‍റെ മാലാഖയെന്നാരംഭിക്കുന്ന ത്രികാലപ്രാര്‍ത്ഥന നയിക്കുകയും തുടര്‍ന്ന് എല്ലാവര്‍ക്കും ആശീര്‍വ്വാദം നല്കുകയും ചെയ്തു.                     

     വധശിക്ഷ ഇല്ലായ്മചെയ്യുന്നതിനെ അധികരിച്ച് ഒരന്താരാഷ്ട്ര സമ്മേളനം റോമില്‍ ഈ തിങ്കളാഴ്ച (22/02/16)  വിശുദ്ധ എജീദിയൊയുടെ സമൂഹത്തിന്‍റെ  ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെടുത് ആശീര്‍വ്വാദാനന്തരം പാപ്പാ  അനുസ്മരിച്ചു.

     വധശിക്ഷ ഇല്ലാതക്കുന്നതിന് നവീകൃതമായ ഒരു പ്രചോദനം ഈ സമ്മേളനം ഏകട്ടെയെന്ന് പാപ്പാ ആശംസിച്ചു. നൈയമിക സാമൂഹ്യപ്രതിരോധോപാധിയെന്ന നിലയിലാണെങ്കില്‍പ്പോലും വധശിക്ഷയ്ക്കെതിരായ നിലപാടുകള്‍ പൊതുജനത്തിനിടയില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്നത് പ്രത്യാശയുടെ അടയാളമാണെന്ന് പാപ്പാ പറ‍ഞ്ഞു.

     മനപരിവര്‍ത്തനത്തിനുള്ള അവസരം ഒരു കുറ്റവാളിക്കു എന്നന്നേക്കുമായി നിഷേധിക്കാതെ തന്നെ കുറ്റകൃത്യങ്ങളെ ഫലപ്രദമായ രീതിയില്‍ ഇല്ലായ്മചെയ്യുന്നതിനുള്ള സാധ്യതകള്‍ ആധുനികസമൂഹങ്ങള്‍ക്കുണ്ടെന്ന വസ്തുത പാപ്പാ അനുസ്മരിച്ചു.

     ശിക്ഷ എന്നും മനുഷ്യന്‍റെ ഔന്നത്യത്തിനും മനുഷ്യനെയും സമൂഹത്തെയും സംബന്ധിച്ച് ദൈവത്തിനുള്ള പദ്ധതിക്ക് അനുസൃതവും സമൂഹത്തില്‍ വീണ്ടും ചേരാന്‍ കഴിയുമെന്ന പ്രത്യാശയ്ക്ക് തുറന്നുകൊടുക്കുന്നതുമായിരിക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

     കൊല്ലരുത് എന്ന കല്പന, നിരപരാധിയ്ക്കും കുറ്റവാളിക്കും ഒരുപോലെ ബാധകമാണെന്നും പാപ്പാ പറഞ്ഞു.

     ജീവനോടും മനുഷ്യവ്യക്തിയുടെ അന്തസ്സിനോടുമുള്ള ഉപരിപക്വമായ ആദരവിന്‍റെ രൂപങ്ങള്‍ എന്നും പരിപോഷിപ്പിക്കുന്നതിനുള്ള സവിശേഷമായ ഒരവസരമാണ് കരുണയുടെ അസാധാരണ ജൂബിലിയെന്ന്  പാപ്പാ പ്രസ്താവിച്ചു. കുറ്റവാളിയും ദൈവികദാനമായ ജീവനുള്ള അലംഘനീയ അവകാശം ഉള്ളവനാണെന്ന് ഫ്രാന്‍സീസ് പാപ്പാ ഉദ്ബോധിപ്പിച്ചു.

     വധശിക്ഷ റദ്ദാക്കുന്നതിനുള്ള അന്താരാഷ്ട്ര ധാരണയില്‍ എത്തിച്ചേരാന്‍ പാപ്പാ ഭരണാധികാരികളുടെ മനസ്സാക്ഷിയോട് അഭ്യര്‍ത്ഥിച്ചു.

കത്തോലിക്കരായ ഭരണകര്‍ത്താക്കള്‍ ധീരവും മാതൃകാപരവുമായ ചുവടു വയ്ക്കണമെന്ന്, അതായത്, ഈ വിശുദ്ധവത്സരത്തില്‍ ആരുടെയും വധശിക്ഷ നടപ്പാക്കില്ലയെന്ന് തീരുമാനിക്കണമെന്ന് പാപ്പാ ശിപാര്‍ശചെയ്തു.

     വധശിക്ഷ ഇല്ലായ്മചെയ്യുന്നതിനുവേണ്ടി മാത്രമല്ല, സ്വാതന്ത്ര്യരഹിതരുടെ മാനവാന്തസ്സിനോടുള്ള ആദരവില്‍, കാരാഗൃഹവാസികളുടെ അവസ്ഥകള്‍ മെച്ചപ്പെടുത്തുന്നതിനും വേണ്ടി പരിശ്രമിക്കാന്‍ സകല ക്രൈസ്തവരും സന്മനസ്സുള്ള സകലരും വിളിക്കപ്പെട്ടിരിക്കുന്നുവെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.

     ഈ ഓര്‍മ്മപ്പെടുത്തലിനെ തുടര്‍ന്ന് പാപ്പാ ത്രികാലപ്രാര്‍ത്ഥയില്‍ പങ്കുകൊണ്ട വിവിധ ഇടവക സമൂഹങ്ങളെയും സംഘടനകളയും മറ്റും പ്രത്യേകം അഭിവാദ്യം ചെയ്തു.

     ദൈവദാസന്‍ ഒറേസ്തെ ബെന്‍സി  ഇരുപത്തിമൂന്നാം യോഹന്നാന്‍ പാപ്പായുടെ നാമത്തില്‍ സ്ഥാപിച്ചിരിക്കുന്ന സമൂഹം (26/02/16) മനുഷ്യക്കടത്തിനിരകളായ സ്ത്രീകളോടുള്ള ഐക്യദാര്‍ഢ്യത്തിന്‍റെയും അവര്‍ക്കായുള്ള പ്രാര്‍ത്ഥനയുടെയുമായ ഒരു കുരിശിന്‍റ വഴി അടുത്ത വെള്ളിയാഴ്ച റോമാനഗരവീഥിയിലുടെ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത് പാപ്പാ അനുസ്മരിച്ചു.

     നോമ്പുകാലം കരുണ കേന്ദ്രമായുള്ള മാനസാന്തരയാത്ര നടത്തുന്നതിനുള്ള സവിശേഷാവസരമാണെന്നു പറഞ്ഞ പാപ്പാ മിസരിക്കൊര്‍ദീന എന്ന ഒരു ആദ്ധ്യാത്മിക ഔഷധം ചത്വരത്തിലുള്ള എല്ലാവര്‍ക്കും താന്‍ സമ്മാനിക്കുകയാണെന്നു പറഞ്ഞു.  ഈ മരുന്ന് ഒരിക്കല്‍ തന്നതാണെന്നും എന്നാല്‍ ഇത്തവണത്തേത് ഗുണമേന്മ കൂടിയതാണെന്നും ഇതിന്‍റെ പേര് മിസെരിക്കൊര്‍ദീന പ്ലസ് എന്നാണെന്നും പാപ്പാ സരസമായി മൊഴിഞ്ഞു. ഈ മരുന്ന് ജപമാലയും കാരുണ്യവാനായ യേശുവിന്‍റെ ചിത്രവും അടങ്ങിയ ചെറിയ പെട്ടിയാണെന്ന് പാപ്പാ വിശദീകരിക്കുകയും ചെയ്തു. ഇത് വിതരണം ചെയ്യുന്നത് സന്നദ്ധസേവകരാണെന്നും ഇവരില്‍ ദരിദ്രരും പാര്‍പ്പിടരഹിതരും, അഭയാര്‍ത്ഥികളും സന്യസ്തരും ഉള്‍പ്പെടുന്നുവെന്നും പാപ്പാ വെളിപ്പെടുത്തി. ഈ കരുണാവര്‍ഷത്തില്‍ പ്രത്യേകിച്ച്, സ്നേഹവും മാപ്പും സാഹോദര്യവും പ്രസരിപ്പിക്കുന്നതിനുള്ള ആദ്ധ്യാത്മികസഹായം എന്ന നിലയില്‍ ഈ സമ്മാനം സ്വീകരിക്കാന്‍ പാപ്പാ എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

ജാലകത്തിങ്കല്‍ നിന്ന് പിന്‍വാങ്ങുന്നതിനു മുമ്പ് പാപ്പാ എല്ലാവര്‍ക്കും   നല്ലൊരു ഞായര്‍ ആശംസിച്ചു. തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന പതിവു പല്ലവി പാപ്പാ ആവര്‍ത്തിക്കുകയും എല്ലാവര്‍ക്കും   നല്ലൊരുച്ചവിരുന്നാശംസിക്കുകയും ചെയ്തു. തദ്ദനന്തരം വീണ്ടും കാണാമെന്ന് പറഞ്ഞുകൊണ്ട് കൈവീശി പാപ്പാ ജാലകത്തിങ്കല്‍ നിന്ന് അപ്രത്യക്ഷനായി.

           








All the contents on this site are copyrighted ©.