2016-02-18 20:30:00

അത്ഭുതരോഗ ശാന്തി ലഭിച്ച ലൂപിതയെ പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിച്ചു


മെക്സിക്കോയുടെ രക്തസാക്ഷി, ഹൊസ്സെ സാഞ്ചസ് ദേല്‍ റിയോയുടെ നാമകരണ നടപിടിക്രമങ്ങളുടെ പൂര്‍ത്തീകരണത്തിനും വിശദ്ധപദപ്രഖ്യാപനത്തിനും കാരണമാകുന്നതാണ് ഇപ്പോള്‍ ഏഴു വയസ്സുള്ള ലൂപിത എന്ന ബാലികയ്ക്കു ലഭിച്ച അത്ഭുതരോഗശാന്തി.

ലൂപിതായ്ക്ക് മൂന്നാം മാസം മാത്രം പ്രായമുള്ളപ്പോളാണ് (2009) വൈദ്യശാസ്ത്രത്തിന് കണ്ടുപിടിക്കാനാവാത്ത മസ്തിഷ്ക്കരോഗം അവളെ കീഴ്പ്പെടുത്തിയത്. കുഞ്ഞു മരണാവസ്ഥയിലെത്തി. വൈദ്യശാസ്ത്രം അവളെ കൈയ്യൊഴിഞ്ഞു. വാഴ്ത്തപ്പെട്ട ഹൊസ്സെ സാഞ്ചസിന്‍റെ മാദ്ധ്യസ്ഥ്യം തേടിക്കൊണ്ടുള്ള പ്രാര്‍ത്ഥനയുടെ ഫലമായി ലൂപിത അത്ഭുതകരമായി സുഖപ്പെട്ടു. 

ഫെബ്രുവരി 16-ാം തിയതി ചൊവ്വാഴ്ച മൊറേലിയായിലെ കത്തീഡ്രല്‍ ദേവാലയ സന്ദര്‍ശനത്തിനിടെ ആദ്യദിവ്യകാരുണ്യസ്വീകരണത്തിന് ഒരുങ്ങുന്ന കുട്ടികളുടെ കൂട്ടത്തില്‍ ലൂപിതായെ പാപ്പാ ഫ്രാന്‍സിസ് നേരില്‍ കാണാന്‍ ഇടയായി. പാപ്പാ അവളെ ആലിംഗനംചെയ്തു. തുടര്‍ന്ന് ദേവാലയത്തില്‍ സൂക്ഷിച്ചിരിക്കുന്ന വാഴ്ത്തപ്പെട്ട രക്തസാക്ഷി സാഞ്ചസ്സിന്‍റെ പൂര്‍ണ്ണകായ ഭൗതിശേഷിപ്പുകള്‍ പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിച്ചു വണങ്ങി.

വാഴ്ത്തപ്പെട്ട ഹൊസെ സാഞ്ചസ്സിന്‍റെ ജീവിതം :

മെക്സിക്കോയുടെ യുവരാക്തസാക്ഷിയാണ് വാഴ്ത്തപ്പെട്ട ഹൊസ്സെ സാഞ്ചസ് ദേല്‍ റിയോ (1913-1928).  മതപീഡനകാലത്താണ് 14 വയസ്സുകാരന്‍ സാഞ്ചസ് കൊല്ലപ്പെട്ടത്. സഭയും ഭരണകൂടവും തമ്മിലുണ്ടായ ഭിന്നിപ്പിലാണ് ക്രൈസ്തവര്‍ മെക്സിക്കോയില്‍ പീഡിപ്പിക്കപ്പെട്ടത്. ക്രിസ്തു രാജന്‍റെ യോദ്ധാക്കള്‍ Cristo Rey,  എന്ന അപരനാമത്തില്‍ ക്രൈസ്തവര്‍ മതപീഡനങ്ങളെ ചെറുക്കുകയും, ചിലപ്പോള്‍ സഹിക്കുകയും, പതറാതെ ഒരുമയോടെ നില്ക്കുകയുംചെയ്തു. വിശ്വാസം സംരക്ഷിക്കുന്ന പ്രക്രിയയില്‍  കൊല്ലപ്പെട്ടത് ആയിരങ്ങളാണ്.

ജീവിതവിശുദ്ധിയുള്ള ബാലനായിരുന്നു ഹൊസെ സാഞ്ചസ്. അവന് 14-ാം വയസ്സുള്ളപ്പോള്‍ ജ്യോഷ്ഠനെപ്പോലെ സാഞ്ചസ് ‘ക്രിസ്തോറെ’ സൈന്യത്തില്‍ (Mexican Cristore) ചേരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു.  അന്നവന്‍ ഗ്വാദലജാരയിലെ സ്കൂളില്‍ പഠിക്കുകയായിരുന്നു. അമ്മ ആദ്യം വിസമ്മതിച്ചെങ്കിലും മകന്‍ എന്നും നിര്‍ബന്ധിക്കുകയായിരുന്നു. ക്രിസ്തുവിനുവേണ്ടി മരിച്ച് വേഗത്തില്‍ തനിക്കും സ്വര്‍ഗ്ഗത്തിലേയ്ക്കു പോകാമല്ലോ എന്നായിരുന്ന ബാലന്‍റെ യുക്തി. ക്രിസ്തോറെ നായകനായിരുന്ന മെന്‍ഡോസായും ബാലനായ സാഞ്ചസ്സിന്‍റെ സൈന്ന്യപ്രവേശത്തിന് എതിരായിരുന്നു. അവസാനം നിര്‍ബന്ധത്തിനു വഴങ്ങി. ക്രൈസ്തവ കൂട്ടായ്മയുടെ പതാക വഹിക്കുന്ന ചെറിയ ജോലിയാണ് ബാലനെ ഏല്പിച്ചത്. സാഞ്ചസ്സ് നല്ല കുതിക്കാരനും സമര്‍ത്ഥനുമായി മുന്നേറി. ഒരിക്കല്‍ സര്‍ക്കാര്‍ സൈന്ന്യത്തിന്‍റെ പ്രതിരോധത്തില്‍ നായകന്‍ മെന്‍ഡോസയുടെ കുതിര  വെടിയേറ്റു വീണു. സാഞ്ചസ് അവന്‍റെ കറുത്തകുതിരയെ ഉടനെ നേതാവിനു നല്കി. മെന്‍ഡോസ പോരാട്ടത്തില്‍ രക്ഷപെട്ടു.  സര്‍ക്കാര്‍ സൈനികര്‍ക്ക് പിന്നെ സാഞ്ചസിനെ ബന്ധിയാക്കാന്‍ എളുപ്പമായി.

ജയിലില്‍ പീഡിപ്പിച്ച്, അവനെ ക്രൈസ്തവ പക്ഷത്തുനിന്നും മാറ്റിയെടുക്കാമെന്നവര്‍ കരുതി.  സാഞ്ചസ് വഴങ്ങുന്ന മട്ടില്ലെന്നു കണ്ടപ്പോള്‍ പീഡനങ്ങള്‍ വര്‍ദ്ധിപ്പിച്ചു. പാദങ്ങളുടെ അടിഭാഗം മുറിപ്പെടുത്തി നടത്തുക, ദേഹക്ഷതം ഏല്പിക്കുക, മറ്റു ക്രൈസ്തവര്‍ കൊല്ലപ്പെടുന്നതു കാണിക്കുക എന്നിങ്ങനെ പലവഴികളും മെക്സിക്കന്‍ സൈന്ന്യം ബാലനെതിരെ പ്രയോഗിച്ചു. ശാന്തമായി എന്നും ജപമാല ചൊല്ലി, പ്രാര്‍ത്ഥിച്ച് ജയിലില്‍ സാഞ്ചസ് കഴിയുന്നത് പ്രതിയോഗികളില്‍ പിന്നെയും ശത്രുത വളര്‍ത്തി. അവസാനം സാഞ്ചസ്സിനെ ക്രിസ്തുവിലുള്ള വിശ്വാസം ത്യജിക്കാത്തവുരുടെ കൂട്ടത്തില്‍ കൊല്ലുവാന്‍ തീരുമാനമായി. കൊല്ലപ്പെടുന്നതിനു മുന്‍പ് ജയില്‍നിന്നും അമ്മയ്ക്കെഴുതിയ നീണ്ട ഹൃദയസ്പര്‍ശിയായ കത്ത് അവന്‍റെ ധീരമായ വിശ്വാസത്തിന് തെളിവാണ്. പിന്നീട് കൊല്ലപ്പെട്ട ക്രൈസ്തവ നേതാവ്, മെന്‍ഡോസയും സാഞ്ചസിന്‍റെ ബോധ്യങ്ങളെയും ആശ്ചര്യവഹമായ വിശ്വാസധീരതയെയും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

1928 ഫെബ്രുവരി 10-ാം തിയതി സാഞ്ചസ്സ് കൊലക്കളത്തിലേയ്ക്ക് ആനീതനായി. കൊല്ലപ്പെടും മുന്‍പ് നിലത്തു കുരിശുവരച്ച്, അതില്‍ അവന്‍ ചുംബിച്ച്, വിശ്വാസം ഏറ്റുപറഞ്ഞുകൊണ്ടാണ് ജീവന്‍ സമര്‍പ്പിച്ചത്. സാഞ്ചസ്സിനെ സൈനികര്‍ ദേഹമാസകലം മുറിപ്പെടുത്തി. അവസാനം കുത്തിക്കൊലപ്പെടുത്തി. "Viva Cristo Rey!"  ക്രിസ്തുരാജന്‍ വാഴട്ടെ! എന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിച്ചുകൊണ്ടാണ് സാഞ്ചസ് മരണം ഏറ്റുവാങ്ങിയത്.

വിശുദ്ധനായ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ 2004-ലെ മെക്സിക്കോ സന്ദര്‍ശവേളയില്‍ സാഞ്ചസിന്‍റെ ധീരമായ മരണം ക്രൈസ്തവ രക്തസാക്ഷിത്വമായി ആംഗീകരിക്കുകയും പ്രഖ്യാപിക്കുകയും ചെയ്തു. തുടര്‍ന്നു നടന്ന നാമകരണനടപിടി ക്രമങ്ങളുടെ അടിസ്ഥാനത്തില്‍ മുന്‍പാപ്പാ ബനഡിക്ട് 16-ാമന്‍ സാഞ്ചസിനെ 2005-ല്‍ വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക് ഉയര്‍ത്തി.

ലൂപിത എന്ന കുഞ്ഞിന്‍റെ തലച്ചോറിനെ ബാധിച്ച അത്യപൂര്‍വ്വരോഗം വാഴ്ത്തപ്പെട്ട സാഞ്ചസിന്‍റെ മാദ്ധ്യസ്ഥത്താല്‍ സൗഖ്യപ്പെട്ടു. അത് 2009-ലായിരുന്നു. ശാസ്ത്രലോകവും വൈദ്യശാസ്ത്രവും ലൂപിതായുടെ സുഖപ്രാപ്തി അത്ഭുതമെന്ന് അംഗീകരിച്ചു. വാഴ്ത്തപ്പെട്ട രക്തസാക്ഷിയായ സാഞ്ചസിന്‍റെ മാദ്ധ്യസ്ഥ്യത്താല്‍ ലഭിച്ച രോഗശാന്തി വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘം പഠിക്കുകയും വിശദാംശങ്ങള്‍ ശേഖരിക്കുകയും ചെയ്തു. തുടര്‍ന്ന് ഹൊസ്സെ സാഞ്ചസ് ദേല്‍ റിയോയുടെ നാമകരണ നടപിടികള്‍ക്കുള്ള ഡിക്രി 2016 ജനുവരി 21-ാം തിയതി പാപ്പാ ഫ്രാന്‍സിസ് അംഗീകരിച്ചു.

വത്തിക്കാനില്‍ അടുത്തു ചേരുന്ന കര്‍ദ്ദിനാള്‍ സംഘം (Consisitory) തീരുമാനിക്കുന്ന ദിവസം മറ്റു സഭയുടെ വാഴ്ത്തപ്പെട്ടവര്‍ക്കൊപ്പം ലാറ്റിമനേരിക്കന്‍ പുത്രന്‍ ഹൊസ്സെ സാഞ്ചസ് ദേല്‍ റിയോയും വിശുദ്ധപദത്തിലേയ്ക്ക് ഉടനെ ഉയര്‍ത്തപ്പെടും.

Life sketch of blessed Sanchez penned by fr. William after watching the stunning story of the young lad. ‘For Greater Glory’  is the film made in USA on the life of Blessed Jose Sanchez in 2012.

 








All the contents on this site are copyrighted ©.