2016-02-16 14:25:00

പരിസ്ഥിതി പ്രതിസന്ധിക്ക് മുന്നില്‍ കണ്ണടയ്ക്കാനാകില്ല.


മെക്സിക്കൊയില്‍ ഇടയസന്ദര്‍ശനം തുടരുന്ന ഫ്രാന്‍സീസ് പാപ്പാ തിങ്കളാഴ്ച(15/02/16) സാന്‍ ക്രിസ്തോബലില്‍ ദിവ്യബലിയര്‍പ്പിച്ചു. ചാപ്പാസ് സംസ്ഥാനത്തില്‍ നിന്നുള്ള നാട്ടുവാസികളായിരുന്നു ദിവ്യബലിയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും.

കര്‍ത്താവിന്‍റെ നിയമത്തിന്‍റെ സമ്പൂര്‍ണ്ണത, സൃഷ്ടിയുടെ മനോഹാരിത, പ്രകൃതിയെ മലിനമാക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന മനുഷ്യന്‍ ആത്മപരിശോധനനടത്തേണ്ടതിന്‍റെ അനിവാര്യത, പ്രകൃതിയ്ക്കും മണ്ണിന്‍റെ മക്കള്‍ക്കും    സംരക്ഷണം ഉറപ്പാക്കാനുള്ള കടമ എന്നിവയിയലേക്കു വിരല്‍ചൂണ്ടുന്നതായിരുന്നു പാപ്പാ തദ്ദവസരത്തില്‍ നടത്തിയ വചനസമീക്ഷ.    

പാപ്പായുടെ സുവിശേഷപ്രഭാഷണത്തിന്‍റെ സംക്ഷിപ്ത രൂപം താഴെ ചേര്‍ക്കുന്നു:

     കര്‍ത്താവിന്‍റെ നിയമം അവികലമാണ്. അത് ആത്മാവിന് പുതുജീവന്‍ പകരുന്നു, പതിനെട്ടാം സങ്കീര്‍ത്തനം,എട്ടാം വാക്യം.

     ദിവ്യബലിമദ്ധ്യേ വായിച്ചുകേട്ട ഈ സങ്കീര്‍ത്തനവാക്യം നാട്ടുഭാഷകളിലൊന്നില്‍ ആവര്‍ത്തിച്ചുകൊണ്ടാണ് ഫ്രാന്‍സീസ് പാപ്പാ തന്‍റെ വിചിന്തനം ആരംഭിച്ചത്.

     കര്‍ത്താവിന്‍റെ നിയമം കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുന്നവരില്‍ അതു പുറപ്പെടുവിക്കുന്ന ഫലങ്ങള്‍ സങ്കീര്‍ത്തകന്‍ എണ്ണിയെണ്ണി പറയുകയാണ്- പാപ്പാ തുടരുന്നു: ആത്മാവിനു പുതുജീവന്‍ പകരുന്നു, വിനീതരെ വിജ്ഞാനികളാക്കുന്നു, ഹൃദയത്തെ സന്തോഷിപ്പിക്കുന്നു, വഴിയില്‍ പ്രകാശം ചൊരിയുന്നു.

     ഇസ്രായേല്‍ ജനത്തിന് മോശവഴി ലഭിച്ച ഈ നിയമം, ദൈവജനം വിളിക്കപ്പെട്ടിരിക്കുന്ന ആ സ്വാതന്ത്ര്യം ജീവിക്കാന്‍ അതിനെ സഹായിക്കാനുള്ളതാണ്. ദൈവജനത്തിന്‍റെ ചുവടുകള്‍ക്ക് വെളിച്ചവും ആ ജനത്തിന്‍റെ തീര്‍ത്ഥാടനത്തില്‍ തുണയുമാകേണ്ട നിയമമാണത്. നിറുത്തൂ, ഇനി അരുത് എന്ന് ദൈവം പറയുന്നതുവരെ അടിമത്തവും ഫറവോന്‍റെ നിഷ്ടൂരതയും ദുഷ്ചെയ്തികളും അനുഭവിച്ചറിഞ്ഞ ഒരു ജനം. പുറപ്പാടിന്‍റെ  പുസ്തകത്തില്‍ ഇപ്രകാരം കാണുന്നു :അവരുടെ വേദനകള്‍ ഞാന്‍ കണ്ടു, അവരുടെ രോദനം ഞാന്‍ കേട്ടു, അവരുടെ യാതനകള്‍ ഞാന്‍ അറിഞ്ഞു. മൂന്നാം അദ്ധ്യായം, ഒമ്പതാം വാക്യത്തില്‍ നിന്ന്. സ്വന്തം മക്കള്‍ ജീവിതത്തില്‍ യാതനകളനുഭവിക്കുന്നതും പീഡിപ്പിക്കപ്പെടുന്നതും,  അനീതിക്കിരകളാകുന്നതും കാണുന്നതില്‍ വേദനിക്കുന്ന പിതാവിന്‍റെ, നമ്മുടെ ദൈവത്തിന്‍റെ വദനം ഇവിടെ ആവിഷ്കൃതമാകുന്നു. അവിടത്തെ വചനം, അവിടത്തെ നിയമം, സ്വാതന്ത്ര്യത്തിന്‍റെയും സന്തോഷത്തിന്‍റെയും വിജ്ഞാനത്തിന്‍റെയും പ്രകാശത്തിന്‍റെയും പ്രതീകമായി ഭവിക്കുന്നു.....

മണ്ണിനും, വെറുപ്പിനെ സാഹോദര്യവും, അനീതിയെ ഐക്യദര്‍ഢ്യവും  കീഴടക്കുകയും അതിക്രമത്തെ സമാധാനം മായിച്ചുകളയുകയും ചെയ്യുന്ന ഒരു കാലത്തിനും വേണ്ടിയുള്ള തീവ്രാഭിലാഷം, മാനവഹൃദയത്തില്‍, നമ്മുടെ അനേകം ജനതകളുടെ ഓര്‍മ്മകളില്‍ കൊത്തിവച്ചിരിക്കുന്നു.

എന്നാല്‍ ഈ അഭിലാഷത്തെ നിശബ്ദമാക്കാനും മായിച്ചുകളയാനുമുള്ള ശ്രമങ്ങള്‍ നിരവധി രൂപങ്ങളില്‍, രീതികളില്‍ നടന്നു. ആത്മാവിനെ മയക്കത്തിലാഴ്‍ത്താനുള്ള ശ്രമങ്ങളും നിരവധി രീതികളില്‍ നടന്നിട്ടുണ്ട്. ഒരുമാറ്റവും ഉണ്ടാകില്ല, സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കപ്പെടില്ല എന്ന ചിന്ത കടത്തിവിട്ടുകൊണ്ട് നമ്മുടെ കുഞ്ഞുങ്ങളുടെയും യുവതയുടെയും ജീവിതത്തെ തളര്‍ത്താനും ഒതുക്കിക്കളയാനും ശ്രമങ്ങളുണ്ടായിട്ടുണ്ട്. ഇത്തരം ശ്രമങ്ങള്‍ക്കു മുന്നില്‍ സൃഷുടിതന്നെ സ്വരമുയര്‍ത്തുന്നു: ദൈവം അവള്‍ക്കു  നല്കി അനുഗ്രഹിച്ചിരിക്കുന്ന വസ്തുക്കളുടെ നിരുത്തരവാദപരമായ ഉപയോഗവും ദുരുപയോഗവുംകൊണ്ട് നാം അവളില്‍ ഏല്പിച്ചിരിക്കുന്ന ദ്രോഹം നിമിത്തം ഈ സഹോദരി നമ്മോടു നിലവിളിച്ചപേക്ഷിക്കുന്നു. അവളെ ഇഷ്ടാനുസരണം കൊള്ളയടിക്കാന്‍ അവകാശമുള്ള അവളുടെ പ്രഭുക്കന്മാരും യജമാനന്മാരുമായി നാം നമ്മെത്തന്നെ കണ്ടുവരുന്നു. പാപത്താല്‍ മുറിവേല്പിക്കപ്പെട്ട നമ്മുടെ ഹൃദയങ്ങളില്‍ സന്നിഹിതമായ അക്രമം, മണ്ണിലും ജലത്തിലും വായുവിലും ജീവന്‍റെ എല്ലാ രൂപങ്ങളിലും പ്രകടമായ രോഗലക്ഷണങ്ങളിലും‍ പ്രതിഫലിക്കുന്നു. ഇതുകൊണ്ടാണ്, ഭാരം ചുമത്തപ്പെടുകയും  ഊഷരമാക്കപ്പെടുകയും ചെയ്ത ഭൂമിതന്നെ നമ്മുടെ ദരിദ്രരിലെ എറ്റവും അവഗണിക്കപ്പെട്ടവളും മോശമായി കൈകാര്യം ചെയ്യപ്പെട്ടവളുമാകുന്നത്; അവള്‍ ഈറ്റ് നോവ് അനുഭവിക്കുന്നു. (ലൗദാത്തൊ സീ, 2)

ചരിത്രത്തില്‍ ഉണ്ടായിട്ടുള്ള വന്‍ പരിസ്ഥിതി പ്രതിസന്ധികളിലൊന്നിനു മുന്നില്‍ നമുക്ക് ഒന്നും കണ്ടില്ലെന്നു നടിക്കാനാകില്ല.‌

ഇക്കാര്യത്തില്‍ ഞങ്ങളെ പഠിപ്പിക്കാന്‍, നരകുലത്തെ പഠിപ്പിക്കാന്‍ നിങ്ങള്‍ക്ക്  ഏറെക്കാര്യങ്ങളുണ്ട്. പോഷണസ്രോതസും പൊതുഭവനവും മാനുഷികമായ പങ്കുവയ്ക്കലിന്‍റെ മേശയുമായി പ്രകൃതിയെ കണ്ടുകൊണ്ട്  അതിനോട് ഏകതാനമായൊരു ബന്ധം പുലര്‍ത്താന്‍ നിങ്ങളുടെ ജനങ്ങള്‍ക്കറിയാം.

എന്നിരുന്നാലും, പല അവസരങ്ങളില്‍, നിങ്ങളു‍‍ടെ ജനങ്ങള്‍ ആസൂത്രിതമായും ഘടനാപരമായും, തെറ്റിദ്ധരിക്കപ്പെടുകയും സമൂഹത്തില്‍ നിന്ന് അകറ്റിനിറുത്തപ്പെടുകയും ചെയ്യപ്പെട്ടിട്ടുണ്ട്. നിങ്ങളുടെ മൂല്യങ്ങളെയും സംസ്ക്കാരത്തെയും പാരമ്പര്യങ്ങളെയും ചിലര്‍ രണ്ടാംതരമായിക്കണ്ടു. മറ്റുചിലരാകാട്ടെ അധികാരത്താലും ധനത്താലും കമ്പോളമനസ്ഥിതയാലും മത്തുപിടിച്ച് നിങ്ങളുടെ മണ്ണ് കവര്‍ന്നെടുകുകയൊ അതിനെ മലിനമാക്കുകയൊ ചെയ്തു. എത്ര ഖേദകരമാണിത്. നാമോരോരുത്തരും ആത്മശോധനനടത്തുകയും എന്നോടു ക്ഷമിക്കൂ എന്നോടൂ ക്ഷമിക്കൂ എന്‍റെ സഹോദരാ, എന്‍റെ സഹോദരീ, എന്ന് പറയാന്‍ പഠിക്കുകയും ചെയ്യുക എത്രയോ ഉചിതമാണ്. വലിച്ചെറിയല്‍ സംസ്ക്കാരത്തിനടിമയായ ഇന്നത്തെ ലോകത്തിന് നിങ്ങളെ ആവശ്യമാണ്.

ഏകജാതീയമായ ഒരു ലോകം ലക്ഷ്യംവച്ചുള്ള പ്രയാണത്തില്‍, സകല സാംസ്ക്കാരികപാരമ്പര്യങ്ങളെയും സവിശേഷതകളെയും ചവിട്ടിമെതിക്കുന്ന ഒരു സംസ്ക്കാരത്തിന് സ്വയം തുറന്നുകൊടുക്കപ്പെടുന്ന അപകടമുള്ള ഇന്നത്തെ യുവതയ്ക്ക് അവരുടെ മുതിര്‍ന്നവരുടെ ജ്ഞാനത്തെ മുറുകെപ്പിടിക്കേണ്ടത് ആവശ്യമായിരിക്കുന്നു.

പ്രായോഗികവാദത്തിന്‍റെ സ്വാധീനവലയിത്തിലകപ്പെട്ടിരിക്കുന്ന ഇന്നത്തെ ലോകം സൗജന്യദാനത്തിന്‍റെ മൂല്യം പഠിക്കേണ്ടിയിരിക്കുന്നു.








All the contents on this site are copyrighted ©.