2016-02-14 20:36:00

പാപ്പാ ഫ്രാന്‍സിസ് ഗ്വാദലൂപേനാഥയുടെ ചിത്രത്തിരുനടയില്‍


മെക്സിക്കോ പര്യടനത്തിന്‍റെ ആദ്യദിവസം ഫെബ്രുവരി 13-ാം തിയതി ശനിയാഴ്ച പാപ്പാ ഫ്രാന്‍സിസ് ഗ്വാദലൂപേ നാഥയുടെ സന്നിധിയില്‍ ദിവ്യബലിയര്‍പ്പിച്ചു. ദൈവമാതാവിന്‍റെ ചിത്രത്തിരുനടയില്‍ പാപ്പാ പുഷ്പാര്‍ച്ചന നടത്തുകയും കിരീടമണിയിക്കുകയും ചെയ്തു.

കത്തീഡ്രല്‍ ദേവാലയത്തിലാണ് പാപ്പാ ദേശീയ മെത്രാന്‍ സംഘത്തോടും വിശ്വാസസമൂഹത്തോടുമൊപ്പം ദിവ്യബലിയര്‍പ്പിച്ചത്. 2000 പേര്‍ക്ക് സൗകര്യമുള്ള പുതിയ ഭദ്രാസന ദേവാലയാങ്കണത്തിലും പരിസരത്തുമായി ഒരു ലക്ഷത്തിലേറെ വിശ്വാസികള്‍ സംഗമിച്ചു. ദിവ്യബലിയില്‍ സജീവമായി പങ്കെടുത്തു. പാപ്പായുടെ സുവിശേഷപ്രഭാഷണം താഴെ ചേര്‍ക്കുന്നു:

എലിസബത്തിനെ സന്ദര്‍ശിക്കാന്‍ മറിയം ഇറങ്ങി പുറപ്പെട്ട സംഭവമാണ് ഇവിടെ ധ്യാനിക്കുന്നത്. തന്‍റെ ചാര്‍ച്ചക്കാരിക്ക് പ്രസവസമയം അടുത്തിരിക്കുന്നു എന്നറിഞ്ഞ്.  മറിയം താമസിയാതെ നസ്രത്തില്‍നിന്നും  ആയിംകരീം പട്ടണത്തിലേയ്ക്കു പുറപ്പെട്ടു. സംശയിക്കാതെ പുറപ്പെട്ടു. പതറാതെ പുറപ്പെട്ടു. മാലാഖയുടെ ദര്‍ശനം ലഭിച്ചിട്ടും മറിയം അതില്‍ മുഴുകിപ്പോകയോ,  ഭാഗ്യപ്പെട്ടവളായി കണ്ട് അഹങ്കരിക്കാതെയും, തന്‍റെ ദൗത്യത്തില്‍നിന്നും പിന്‍വാങ്ങാതെയും മുന്നേറി. ദൈവകൃപ നിറഞ്ഞപ്പോഴും ചാര്‍ച്ചക്കാരിയെ സഹായിക്കാന്‍ കിട്ടിയ നവമായൊരു കാഴ്ചപ്പാടും പ്രചോദനവുമാണ് മറിയത്തെ ധന്യയും സ്ത്രീകളില്‍ വാഴ്ത്തപ്പെട്ടവളുമാക്കുന്നത്. ദൈവത്തോടുള്ള സമര്‍പ്പണത്തിന്‍റെ സമ്മതമോതിയ മറിയം, സഹോദരങ്ങളോടും സമര്‍പ്പണത്തിന്‍റെ ഉറപ്പുനല്കുന്നു. ജീവിതത്തില്‍ തനിക്കു ലഭിച്ച സമുന്നതമായ സ്ഥാനവും നന്മയും പങ്കുവയ്ക്കുവാന്‍ മറിയം അതിനായി ആഗ്രഹിച്ചു. മാത്രമല്ല,  അതിനായി ത്യാഗപൂര്‍വ്വം ഇറങ്ങിപ്പുറപ്പെടുവാനും മറിയത്തിന് കരുത്തു ലഭിക്കുന്നു.

ഗ്വാദലൂപേയില്‍ ഈ സുവിശേഷഭാഗത്തിന് ശ്രദ്ധേയമായ പ്രസക്തിയുണ്ട്. ദൈവഹിതത്തിന് സമ്മതം മൂളിയ മറിയം, തദ്ദേശ ഇന്ത്യന്‍ വിശുദ്ധനായ ജുവാന്‍ ദിയേഗയോടൊപ്പം അമേരിക്കന്‍ ജനതയുടെ പക്കലേയ്ക്ക് എത്തിപ്പെടുവാനുള്ള കൃപയും പ്രതിബദ്ധതയും കാണിച്ചു. ജൂദയായിലൂടെയും ഗലീലിയയിലൂടെയും സഞ്ചരിച്ച മറിയം,  തദ്ദേശ വസ്ത്ര വിഭൂഷിതയായും മെക്സിക്കന്‍ ജനതയുടെ ഭാഷ സംസാരിച്ചുകൊണ്ടും തെപെയാക്കിലൂടെ സഞ്ചരിച്ച് ഈ നാടിനെ തുണയ്ക്കാന്‍ ഇവിടെ ഗ്വാദലൂപ്പെയില്‍ എത്തിയിരിക്കുന്നു. എലിസബത്തിനെ പരിചരിച്ചതുപോലെ മറിയം ഈ നാടിനെയും തുണയ്ക്കാന്‍ സന്നദ്ധയായിരിക്കുന്നു. തന്‍റെ അനുഗ്രഹ സാന്നിദ്ധ്യം പാവപ്പെട്ട ജുവാനെ അറിയിച്ച കന്യകാനാഥ ഇന്ന് നിങ്ങള്‍ക്കും എനിക്കും ആ സ്നേഹസാമീപ്യം, വിശിഷ്യ അത് എളിയവരുമായി പങ്കുവയ്ക്കാന്‍ നമ്മോടൊപ്പം എത്തുന്നു. ഈ സവിശേഷമായ തിരഞ്ഞെടുപ്പ് ദൈവിക ആനുകൂല്യത്തിന്‍റെ തിരഞ്ഞെടുപ്പാണ്. അത് ആര്‍ക്കും എതിരല്ല, എന്നാല്‍ ഏവര്‍ക്കും അനുഗ്രഹവും ആനുകൂല്യവുമാണ്. എളിയ ഒരു ഇന്ത്യന്‍ വംശജനും, തന്നെത്തന്നെ ചെരുപ്പിന്‍റെ വാറുപോലെ നിസ്സാരനും നിര്‍ദ്ധനനുമായി കരുതിയ ജുവാന്‍, മറിയത്തിന്‍റെ വിശ്വാസ്യതയ്ക്ക് യോഗ്യനായ സ്ഥാനപതിയും സ്നേഹദൂതനുമായി മാറുന്നു.

1531-ാമാണ്ടിലെ ഡിസംബര്‍ പ്രഭാതത്തില്‍ സംഭവിച്ച അത്ഭുതങ്ങളാണ് ഇന്നും സജീവ സ്മരണകളുണര്‍ത്തിക്കൊണ്ട് ഗ്വാദലൂപേയുടെ ചിത്രത്തിരുനടയില്‍ തിളങ്ങിനില്ക്കുന്നത്. അന്നാളുകളു‌ടെ പ്രഭാതവേളകളില്‍ ജുവാനിലൂടെ ലഭിച്ച വെളിപ്പെടുത്തലുകള്‍ ആ പാവം കര്‍ഷകന്‍റെ മാത്രമല്ല,  മെക്സിക്കന്‍ ജനതയുടെ മുഴുവന്‍ പ്രത്യാശ ഉണര്‍ത്തുകയായിരുന്നു. കൂടാതെ ഇന്നാട്ടിലെ പരിത്യക്തരുടെയും,  പാവങ്ങളുടെയും അയോഗ്യരുടെയും ഏളിയവരുടെയും ആശകള്‍ പൂവണിയിച്ച്, പ്രത്യാശ പകരുകയായിരുന്നു. വേദനിക്കുന്ന മനുഷ്യഹൃദയങ്ങളിലേയ്ക്ക് ഇന്നും, വിശിഷ്യാ തങ്ങളുടെ മക്കള്‍ വഴിതെറ്റിപ്പോകുന്ന, ചലിപ്പോള്‍ നഷ്ടമാകുന്ന അല്ലെങ്കില്‍ സാമൂഹ്യദ്രോഹികളുടെ കൈകളില്‍ നഷ്ടമാകുന്ന അമ്മമാരുടെയും അച്ഛന്മാരുടെയും കാരണവന്മാരുടെയും പക്കലേയ്ക്ക് ദൈവം കടന്നുവരുന്നുണ്ട്.

ജുവാനു ലഭിച്ച ഗ്വാദലൂപേ നാഥയുടെ ദര്‍ശനങ്ങള്‍ അയാളുടെ ജീവിതത്തില്‍ പ്രത്യാശ പകര്‍ന്നു. ദൈവിക കാരുണ്യം അയാള്‍ക്ക് അനുഭവവേദ്യമായി. അങ്ങനെ ഗ്വാദലൂപേയിലെ ഈ പുരാതന തീര്‍ത്ഥാടനകേന്ദ്രത്തിന്‍റെ നിര്‍മ്മാണം യാഥാര്‍ത്ഥ്യമാക്കാനും ജുവാനു സാധിച്ചു. പലവട്ടം ദൗത്യത്തില്‍നിന്നും പിന്മാറാന്‍ ശ്രമിച്ചെങ്കിലും, അയോഗ്യത പ്രകടിപ്പിച്ചെങ്കിലും, കന്യകാനാഥ എളിയ ജുവാനെത്തന്നെ തന്‍റെ കാര്യദര്‍ശിയായി നിയമിച്ചു. ജുവാന്‍ ദിയേഗോ എന്ന പാവപ്പെട്ട മെക്സിക്കന്‍ കര്‍ഷകനില്‍ പരിശുദ്ധ കന്യകാമറിയം സ്നേഹവും നീതിയും പൂവണിയിച്ചു. ജീവിതത്തിന്‍റെയും, സമൂഹത്തിന്‍റെയും സംസ്ക്കാരങ്ങളുടെയും തീര്‍ത്ഥത്തിരുനടയില്‍നിന്നും നാം ആരെയും അങ്ങനെ അകറ്റിനിര്‍ത്തരുതെന്ന് മറിയം പഠിപ്പിക്കുന്നു.

എല്ലാവര്‍ക്കും അവരുടേതായ പ്രസക്തിയും സ്ഥാനവും ജീവിതപങ്കുമുണ്ട്. കരുത്തില്ലാത്തവര്‍ക്കും, പണമില്ലാത്തവര്‍ക്കും ഭവനങ്ങളും ആലയങ്ങളും പണിയിക്കുവാനും, പൂര്‍ത്തീകരിക്കുവാനും സാധിക്കുമെന്ന് ഗ്വാദലൂപേ നാഥ ഉദ്ബോധിപ്പിക്കുന്നു. ദൈവദൃഷ്ടിയില്‍  തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ അവിടെയുള്ള പാവങ്ങളും അയോഗ്യരുമായ മക്കളാണ്. സകലരും, നിരന്തരമായി ക്ലേശങ്ങള്‍ അനുഭവിക്കുകയും വിശിഷ്യാ ജീവിതത്തിന്‍റെ ഏറ്റവും അപകടകരമായ ചുറ്റുപാടുകളില്‍ ജീവിക്കുകയും ചെയ്യുന്ന ഇന്നാട്ടിലെ യുവജനങ്ങളും, പരിത്യക്തരും മറന്നുപോയവരും,  അറിയപ്പെടാതിരിക്കുന്ന വയോജനങ്ങളുമെല്ലാം ദൈവത്തിന്‍റെ ആലയങ്ങളാണ്, ദേവാലയങ്ങളാണ്, ദൈവമക്കളാണ്!








All the contents on this site are copyrighted ©.