2016-02-13 12:49:00

സമധാന ഉടമ്പടി, പാപ്പായുടെ കൊളംബിയ സന്ദര്‍ശനത്തിന് ഉപാധി


തെക്കെഅമേരിക്കന്‍ നാടായ കൊളംബിയ സന്ദര്‍ശിക്കാനുള്ള തന്‍റെ തീരുമാനം  ഫ്രാന്‍സീസ് പാപ്പാ ഉപാധിവച്ച് സ്ഥിരീകരിച്ചു.

തന്‍റെ പന്ത്രണ്ടാം വിദേശ അപ്പസ്തോലിക പര്യടനം വെള്ളിയാഴ്ച (12/02/16) ആരംഭിച്ച പാപ്പാ, റോമില്‍ നിന്നുള്ള വ്യോമയാത്രാവേളയില്‍ വിവിധരാജ്യാക്കാരായ മാദ്ധ്യമപ്രവര്‍ത്തകരുമായി ഏതാനും സമയം സംഭാഷണത്തിലേര്‍പ്പെട്ട അവസരത്തില്‍, കൊളംബിയക്കാരനായ പത്രപ്രവര്‍ത്തകന്‍ നെസ്തോര്‍ പൊംഗൂത്തൊയുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു.

കൊളംബിയായിലെ, FARC എന്ന ചുരുക്കസംജ്ഞയില്‍ അറിയപ്പെടുന്ന, വിപ്ലവ സായുധസേനയും അന്നാടിന്‍റെ സര്‍ക്കാരും തമ്മിലുള്ള സമാധാന ചര്‍ച്ച  ശുഭപര്യവസായിയാകുകയും സമ്പൂര്‍ണ്ണ സമാധാന ഉടമ്പടി ഒപ്പുവയ്ക്കപ്പെടുകയും ചെയ്യുകയാണെങ്കില്‍ ആസമയത്ത് അതായത് 2017 ല്‍ താന്‍ അവിടെ എത്തുമെന്ന് പാപ്പാ വ്യക്തമാക്കി.

1964 മുതല്‍ കൊളംബിയയില്‍ തുടരുന്ന ആഭ്യന്തരകലാപത്തിന് അറുതി വരുത്തുന്നതിനുള്ള ഭാഗിക ഉടമ്പടിയില്‍ കഴിഞ്ഞ ഡിസമ്പറില്‍ സര്‍ക്കാരും വിപ്ലവകാരികളും ഒപ്പുവച്ചിരുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കാലം നീണ്ടുനിന്ന ഈ കലാപം 2 ലക്ഷത്തി 20000 പേരുടെ ജീവന്‍ അപഹരിച്ചതായി കണക്കാക്കപ്പെടുന്നു. പലയാനം ചെയ്തവരുടെ സംഖ്യ ദശലക്ഷങ്ങളാണ്.

 








All the contents on this site are copyrighted ©.