2016-02-06 14:56:00

ജീവിതായനത്തിലെ ക്രിസ്തുസാന്നിദ്ധ്യവും കൃപയുടെ നിറവും


വിശുദ്ധ ലൂക്കായുടെ സുവിശേഷം 5, 1-11  ആണ്ടുവട്ടം അഞ്ചാംവാരം

ദൈവവവചനം ശ്രവിക്കാന്‍ ജനങ്ങള്‍ അവനു ചുറ്റും തിങ്ങിക്കൂടി. അവിടുന്നു ഗനേസറത്തു തടാകത്തിന്‍റെ തീരത്തു നില്ക്കുകയായിരുന്നു. രണ്ടു വള്ളങ്ങള്‍ കരയോടടുത്ത് കിടക്കുന്നത് അവിടുന്നു കണ്ടു. മീന്‍പിടിത്തക്കാര്‍ അവയില്‍ നിന്നിറങ്ങി വല കഴുകുകയായിരുന്നു. ശിമയോന്‍റേതായിരുന്നു വള്ളങ്ങളില്‍ ഒന്ന്. യേശു അതില്‍ കയറി, കരയില്‍നിന്ന് അല്പം അകലേയ്ക്കു വള്ളം നീക്കാന്‍ അവനോട് ആവശ്യപ്പെട്ടു. അതില്‍ ഇരുന്നുകൊണ്ട് അവിടുന്ന് ജനങ്ങളെ പഠിപ്പിച്ചു. സംസാരിച്ചു തീര്‍ന്നപ്പോള്‍ അവിടുന്നു ശിമയോനോടു പറഞ്ഞു. ആഴത്തിലേയ്ക്കു നീക്കി, മീന്‍പിടിക്കാന്‍ വലയിറക്കുക! ശിമയോന്‍ പറഞ്ഞു. ഗുരോ ഞങ്ങള്‍ രാത്രിമുഴുവന്‍ അദ്ധ്വാനിച്ചിട്ടും ഒന്നും കിട്ടിയില്ല. എങ്കിലും അങ്ങു പറഞ്ഞതനുസരിച്ച് ഞാന്‍ വലയിറക്കാം.

വലയിറക്കിയപ്പോള്‍ വളരെയേറെ മത്സ്യങ്ങള്‍ അവര്‍ക്കു കിട്ടി. അവരുടെ വല കീറിത്തുടങ്ങി. അവര്‍ മറ്റേ വള്ളത്തില്‍ ഉണ്ടായിരുന്ന കൂട്ടുകാരെ ആംഗ്യംകാണിച്ചു സഹായത്തിനു വളിച്ചു. അവരും വന്ന് രണ്ടു വള്ളങ്ങളും മുങ്ങാറാകുവോളം മത്സ്യങ്ങള്‍ നിറച്ചു. ശിമയോന്‍ പത്രോസ് ഇതു കണ്ടപ്പോള്‍ യേശുവിന്‍റെ കാല്ക്കല്‍ വീണ്, കര്‍ത്താവേ, എന്നില്‍നിന്ന് അങ്ങു അകന്നു പോകണമേ. ഞാന്‍ പാപിയാണ്! എന്നു പറഞ്ഞു. എന്തെന്നാല്‍ തങ്ങള്‍ക്കു കിട്ടിയ മീനിന്‍റെ പെരുപ്പത്തെപ്പറ്റി ശിമയോനും കൂടെയുണ്ടായിരുന്നവരും അത്ഭുതപ്പെട്ടു. അതുപോലെതന്നെ, അവിടുത്തെ പങ്കുകാരായ സെബദീപുത്രന്മാര്‍ - യാക്കോബും യോഹന്നാനും – വിസ്മയിച്ചു.

യേശു ശിമയോനോടു പറഞ്ഞു. ഭയപ്പെടേണ്ടാ! നീ ഇപ്പോള്‍ മുതല്‍ മനുഷ്യരെപ്പിടിക്കുന്നവനാകും. വള്ളങ്ങള്‍ കരയ്ക്കടുപ്പിച്ചതിനുശേഷം എല്ലാം ഉപേക്ഷിച്ച് അവര്‍ അവിടുത്തെ അനുഗമിച്ചു. സിമിയോന്‍ പത്രോസിനെ ഈശോ വിളിക്കുന്ന സുവിശേഷഭാഗമാണ് ഇന്നത്തെ ധ്യാനവിഷയം. ശ്രദ്ധിക്കേണ്ട കാര്യം, ശിമയോനോട് ആഴത്തിലേയ്ക്ക് വലയിറക്കാന്‍ ഈശോ ആവശ്യപ്പെടുന്നു. അപ്പോള്‍ ശിമയോന്‍ പറയുന്നൊരു കാര്യമുണ്ട്. കര്‍ത്താവേ, ഞങ്ങള്‍ രാത്രി മുഴുവനും അദ്ധ്വാനിച്ചിട്ട് ഒന്നും കിട്ടിയില്ല. ശിമയോന്‍ പത്രോസിന്‍റെ അപ്പോഴത്തെ യഥാര്‍ത്ഥമായ അവസ്ഥയാണിത്! മീന്‍പിടുത്തം നന്നായിട്ട് അറിയാവുന്നവന്‍... അത് തലമുറകളായിട്ട് നിത്യത്തൊഴിലായി കൊണ്ടുനടക്കുന്നവന്‍! രാത്രിമുഴിവന്‍ അദ്ധ്വാനിച്ചിട്ട് ഒന്നും കിട്ടിയില്ല. എന്നാല്‍ സംഭവിക്കുന്നതോ! ഈശോ പറയുന്നതനുസരിച്ച് പ്രവര്‍ത്തിച്ചുകഴിയുമ്പോള്‍... വല കീറുവോളം മീന്‍ ലഭിക്കുകയാണ്. മാത്രമല്ല, അടുത്തുള്ള വള്ളക്കാരെയും സഹായത്തിനു വിളിച്ചുകൊണ്ടു വരേണ്ടിവരുന്നു! രണ്ടു വള്ളങ്ങളും നിറയെ മീനാണ്!! ആദ്യത്തെ അവസ്ഥയും രണ്ടാമത്തെ അവസ്ഥയും തമ്മിലുള്ള വ്യത്യാസം എന്താണ്? ആദ്യം രാത്രി മുഴുവന്‍ അദ്ധ്വാനിച്ചിട്ടും അവര്‍ക്ക് ഒന്നും കിട്ടിയില്ല. എന്നാല്‍, രണ്ടാമത്തെ വലയിറക്കലിന് വല കീറുവോളം മീന്‍! രണ്ടു വള്ളങ്ങളും നിറയുവോളമുള്ള മത്സ്യങ്ങളുടെ സമൃദ്ധി! ഒരു ചാകര!! വ്യാത്യാസമെന്താണ്? ഇവിടെ വ്യത്യാസം ക്രിസ്തുവിന്‍റെ സാന്നിദ്ധ്യമാണ്. ആദ്യം ശിമയോന്‍റെ വള്ളത്തില്‍ ക്രിസ്തു ഇല്ലായിരുന്നു. രണ്ടാമത് പത്രോസ് പരിശ്രമിക്കുന്നത് ക്രിസ്തിവിന്‍റെ വാക്കില്‍ ആശ്രയിച്ചുകൊണ്ടാണ്, അവിടുത്തെ സാന്നിദ്ധ്യത്തിലാണ്. ഇതാണ്... വലിയ മീന്‍പിടിത്തത്തിന് വ്യത്യസ്തമായിട്ടു നില്ക്കുന്ന ഘടകം. മാറ്റത്തിന്‍റെ ഘടകം ക്രിസ്തു സാന്നിദ്ധ്യമാണ്.

ജീവിതമാകുന്ന വള്ളത്തിലേയ്ക്ക് ക്രിസ്തു കടന്നുവന്നപ്പോഴുള്ള വ്യത്യാസമാണ് നാം കാണുന്നത്. ക്രിസ്തുവിനോടൊത്താണോ നീ അദ്ധ്വാനിക്കുന്നത്?  ഈശോയോട് കൂടെയാണോ നാം പ്രവര്‍ത്തിക്കുന്നത്. അവിന്‍റെ വാക്കുകള്‍ക്ക് ചെവികൊടുത്തുകൊണ്ടാണോ നിന്‍റെ ജീവിതനൗക മുന്നോട്ടു പോകുന്നത്. ഉണ്ടെങ്കില്‍ സംഭവിക്കുന്നത് സമൃദ്ധമായ മീന്‍പിടിത്തമാണ്. ഇതു നാം തിരിച്ചരിയണം. പക്ഷെ, അതോടൊപ്പം തിരിച്ചറിയേണ്ട മറ്റൊരു കാര്യംകൂടിയുണ്ട്. രണ്ടു വള്ളങ്ങള്‍ നിറയുമാറ് മീന്‍ കിട്ടിയെന്നു പറയുമ്പോള്‍ സാധാരണ സംഭവിക്കാവുന്ന അപകടമെന്നു പറയാവുന്നത്, പത്രോസിനു വേണമെങ്കില്‍ എന്തിലേയ്ക്കെല്ലാം പോകാം?

ഈ കിട്ടിയ മീന്‍ മുഴുവന്‍ എണ്ണി നോക്കണം. കിട്ടിയ മീന്‍ മുഴുവന്‍ ചീഞ്ഞുപോകാതിരിക്കാന്‍ ‘ഐസി’ല്‍ ഇടണം, സൂക്ഷിച്ചുവയ്ക്കണം. അതു ചന്തയില്‍ കൊണ്ടുപോകണം. അവിടെ ചെന്ന് അവ വില്ക്കാന്‍വേണ്ടി ചന്തയില്‍ ദെല്ലാളന്മാരുമായി വിലപേശണം, ‘ബാര്‍ഗെയിന്‍’ചെയ്യണം. ഈ വ്യഗ്രതകളിലേയേ്ക്ക് പത്രോസിനു വേണമെങ്കില്‍ പോകാമായിരുന്നു. എന്നാല്‍ പത്രോസു പറയുന്നതു ശ്രദ്ധിക്കണം! സാഷ്ടാംഗംവീണ് അയാള്‍ പറയുന്നു. കര്‍ത്താവേ, ഞാന്‍ പാപിയാണേ കര്‍ത്താവേ, ഞാന്‍ പാപിയാണേ... അങ്ങ് അതിനാല്‍ എന്നില്‍നിന്നും അകന്നു പോകണമേ, എന്നാണ്.  അപ്പോള്‍ പത്രോസിന്‍റെ ശ്രദ്ധ,  കിട്ടിയ മീനിനല്ല, രണ്ടു വള്ളങ്ങളില്‍ നിറഞ്ഞു കിടന്ന മീനിനല്ല. പത്രോസിന്‍റെ ശ്രദ്ധ പിന്നെന്തിലാണ്? പകരം, തനിക്കു കിട്ടിയ ആ വലിയ മീന്‍പിടിത്തത്തിന് കാരണക്കാരനായ യേശു എന്ന വ്യക്തിയിലേയ്ക്കാണ് ശ്രദ്ധ മുഴുവന്‍ തിരിഞ്ഞത്! പത്രോസ് പറഞ്ഞു. കര്‍ത്താവേ, ഞാന്‍ പാപിയാണേ! അങ്ങ് എന്നില്‍നിന്നും അകന്നു പോകണേ!

അങ്ങ് ആകന്നു പോകണേ! ഇത് പലപ്പോഴും നമുക്കു പറ്റാവുന്ന അബദ്ധമാണ്. ശ്രദ്ധപലപ്പോഴും ഭൗതിക സമൃദ്ധികളിലേയ്ക്കാണ് ഓടിപ്പോകുന്നത്. ഭൗതിക സമൃദ്ധിയുടെ വളര്‍ച്ചയില്‍ ശ്രദ്ധിച്ചു ശ്രദ്ധിച്ച് നാം അതിന്‍റെ ശ്രദ്ധകളിലേയ്ക്ക് മുഴുവനായും വീണുപോകുന്നു. മറ്റു വ്യഗ്രതകളിലേയ്ക്കു മുന്നോട്ടു പോകും. ചെയ്യരുത്! എന്നാല്‍ ചെയ്യേണ്ടത് എന്താണ്? ഈ ഭൗതിക സമൃദ്ധികള്‍ക്കു പുറകില്‍ നില്ക്കുന്നവനു മാത്രമേ അതു കാണാന്‍ പറ്റുകയുള്ളൂ... ഞാന്‍ പാപിയായ മനുഷ്യന്‍! നാഥന്‍, രക്ഷകന്‍ അങ്ങാണ്! ക്രിസ്തുവാണ്, ദൈവമാണ്!

പാപ്പാ ഫ്രാന്‍സിസിന്‍റെ നല്ലൊരു അഭിമുഖം വന്നത്, 2013-ല്‍ സ്ഥാനാരോഹണത്തിന്‍റെ പ്രഥമ വര്‍ഷത്തില്‍ത്തന്നെയണ്. അന്തോണിയോ സ്പദാരോ എന്നു പേരുള്ള ഈശോസഭാ വൈദികനു നല്കിയതായിരുന്നു അത്. അദ്ദേഹം അഭിമുഖത്തിന് വന്നിട്ട് ആദ്യം ചോദിച്ച ചോദ്യം ശ്രദ്ധേയമായിരുന്നു. ആരാണീ ഹോര്‍ഹെ ബര്‍ഗോളിയോ?  വളരെ രൂക്ഷമായ ചോദ്യമായിരുന്നു. പാപ്പായോടു നേരെ ചോദിക്കുന്നു, താന്‍ ആരാടോ... എന്ന്!? പാപ്പാ ആദ്യം ഒന്നും മിണ്ടാതിരുന്നു. അപ്പോള്‍ സ്പദാരോ ചോദിച്ചു. ഞാന്‍  ചോദ്യം ആവര്‍ത്തിക്കണമോ, പിതാവേ! വേണ്ടാ, എന്ന് അദ്ദേഹം തല കുലുക്കിയിട്ടു പറഞ്ഞത്, ഞാന്‍ ഒരു കര്‍ത്താവിന്‍റെ കാരുണ്യത്താല്‍ സ്പര്‍ശിക്കപ്പെട്ട പാപിയായ മനുഷ്യനാണ്, എന്നായിരുന്നു. ഒന്നു നിര്‍ത്തിയിട്ട് പാപ്പാ വീണ്ടും പറഞ്ഞു. ഞാന്‍ വെറുമൊരു പാപിയായ മനുഷ്യനാണ്..! സത്യത്തില്‍ ഞാന്‍ പാപിയായ മനുഷ്യനാണ്. കര്‍ത്താവിന്‍റെ കാരുണ്യത്താല്‍ സ്പര്‍‍ശിക്കപ്പെട്ട മനുഷ്യനാണ്. ഇതാണു വലിയ തിരിച്ചറിവ്. എല്ലാ സമൃദ്ധിയുടെയും സമ്പന്നതകളുടെയും നേട്ടങ്ങളുടെയും നടുവില്‍ എന്‍റെ ജീവിതത്തിലെ സമൃദ്ധിയുടെ കാരണക്കാരനായവനെ, എന്‍റെ ജീവിതത്തില്‍ സമൃദ്ധിയും നന്മയും വര്‍ഷിക്കുന്നവനെ തിരിച്ചറിയുമ്പോഴുള്ള അവബോധമാണ്, ‘ദൈവമേ, ഞാന്‍ പാപിയായ മനുഷ്യനാണ്. അങ്ങേ കാരുണ്യത്താല്‍ ‍സ്പര്‍ശിക്കപ്പെട്ട പാപിയായ മനുഷന്‍!’

ഈയിടെ കേട്ടൊരു സംഭവം പറയാം. ഒരു നവീകരണധ്യാനം നടക്കുകയാണ്. ഒന്നാം ദിവസത്തെ ധ്യാനം കഴിഞ്ഞു. രണ്ടാം ദിവസം,  ധ്യാനം അതിന്‍റെ മുര്‍ദ്ധന്യത്തില്‍ എത്തിനില്ക്കുകയാണ്, ‘ക്ലൈമാക്സി’ല്‍ എത്തി. അപ്പോഴാണ് അവിടത്തെ ധ്യാനഗുരു രംഗത്തുവരുന്നത്. വന്നിട്ട്, ആദ്യം  ഒരു അറിയിപ്പായിരുന്നു. അറിയിപ്പ്! ഇന്നലത്തെ സ്തോത്രക്കാഴ്ച ഇത്രയും രൂപയേ ഉണ്ടായിരുന്നുള്ളൂ. എന്നിട്ടോ, അതുകൊണ്ടു മറ്റൊരു സ്തോത്രക്കാഴ്ച എടുക്കുകയാണ്. അദ്ദേഹംതന്നെ അതിന് ഇറങ്ങുകയാണ്. അതിന് ഒരുക്കമായി വായിച്ച വചനം, ഉല്പത്തി പുസ്തകത്തില്‍നിന്നും ആബേലിന്‍റെയും കായേന്‍റേയും കഥയാണ്. അവര്‍ ദൈവത്തിനു കൊടുത്ത, സമര്‍പ്പിച്ച കാഴ്ച വസ്തുക്കളെക്കുറിച്ചായിരുന്നു. ആബേല്‍ കൊടുത്തതെന്ത്, കായേന്‍ കൊടുത്തതെന്ത്? കായേന്‍റെ കാഴ്ചയെക്കുറിച്ചും ആബേലിന്‍റെ കാഴ്ചയെക്കുറിച്ചുമെല്ലാം പറഞ്ഞു പറഞ്ഞ്... പിന്നെ ഇടയ്ക്കിടയ്ക്ക് അല്ലേലൂയാ, സ്ത്രോത്രം... Praise the Lord!  എല്ലാം സ്തുതിച്ച്, അതിന്‍റെ ക്ലൈമാക്സിലേയ്ക്ക് കാര്യങ്ങള്‍ എത്തുകയാണ്. എന്നിട്ട്? എന്നിട്ടു പറയുകയാണ്, ദൈവത്തിനു കൊടുക്കുമ്പോള്‍, നാം ഏറ്റവും നല്ലത് കൊടുക്കണം. എന്നിട്ട് പറയുകയാണ്.. ദൈവത്തിനു കൊടുക്കുവാനുള്ളത് കൈയ്യിലെടുത്ത് ഏറ്റവും കൂടിയത്, മുന്തിയത് കൊടുക്കണം! അങ്ങനെ പറഞ്ഞു, പറഞ്ഞ്... കൊടുക്കുന്നതിന്‍റെ ഒരു ഗാനംകൂടെ പാടിക്കഴിഞ്ഞ്, അവരോടു പറയുകയാണ്. ദൈവത്തിന് കൊടുക്കുന്ന ഏറ്റവും നല്ലത് എല്ലാവരും ഉയര്‍ത്തിപ്പിക്കുവിന്‍,  എന്ന്. ഉയര്‍ത്തിപ്പിടിച്ച് ദൈവത്തിന് സ്തോത്രം പറയുവിന്‍! ഏറ്റവും കൂടിയത് എടുത്ത് പൊക്കിപ്പിടിച്ചിരിക്കുകയാണ് എല്ലാവരും. പിന്നെ അവിടെനിന്നുകൊണ്ട് കര്‍ത്താവിനെ സ്തുതിക്കുകയാണ്. സ്തുതിച്ചു വാഴ്ത്തിയിട്ട് ആ പണമെല്ലാം പിരിച്ചെടുത്തു. ഇത്തവണ കിട്ടിയത് ‘റെക്കോര്‍ഡ് കളക്‍ഷന്‍’ ആയിരുന്നു!

പണത്തിന്മേലുള്ള ആസക്തി നമ്മില്‍ വളരെ കൃത്യമായിട്ട് വളര്‍ന്നുവരുന്നുണ്ട്. അത് ആത്മീയ മേഖലയില്‍ വളരെ രൂക്ഷമായിട്ട് കടന്നുകൂടിയിരിക്കുന്നു. ശെമിയോന്‍ പത്രോസിന്‍റെ ജീവിതത്തില്‍ രണ്ടു വള്ളങ്ങള്‍ നിറയെ മീന്‍ ലഭിച്ചു കഴിഞ്ഞപ്പോള്‍ ശ്രദ്ധ മുഴുവന്‍ മീനിലേയ്ക്കു പോയിരുന്നെങ്കില്‍ ഒരിക്കലും അയാള്‍ ക്രിസ്തു ശിഷ്യനാകുമായിരുന്നില്ല. മനുഷ്യനെ പിടിക്കുന്നവന്‍ ആകില്ലായിരുന്നു. വെറും മീന്‍പിടുത്തക്കാരനായി തുടരുമായിരുന്നു. മീന്‍പിടുത്തക്കാരനായിട്ട് ജീവിതം അവസാനിച്ചേനേ...! ആ മനുഷ്യന്‍റെ ശ്രദ്ധ തിരിഞ്ഞത് ഭൗതിക സമ്പത്തിലേയ്ക്ക് അല്ലായിരുന്നു. അതിന്‍റെ പിറകില്‍ നില്ക്കുന്ന, അതിനെല്ലാം കാരണക്കാരനായ യേശുവിലേയ്ക്കാണ് തിരിഞ്ഞത്. അപ്പോഴും അയാള്‍ പറയുന്നു. കര്‍ത്താവേ, ഞാന്‍ പാപിയായ മനുഷ്യന്‍ അങ്ങ് എന്നില്‍നിന്നും അകന്നുപോകണേ..!!

നവീകരണത്തിന്‍റെ കാലഘട്ടില്‍ കേരളത്തിന്‍റെ ആത്മീയ മേഖലയില്‍ വന്നിരിക്കുന്നത്, പലരിലും കടന്നുകൂടിയിരിക്കുന്നത് ഭൗതിക സമ്പത്തിനോടുള്ള വലിയ ആസക്തിയാണ്. ക്രിസ്തു പറഞ്ഞ വചനം നാം ഇവിടെ അനുസ്മരിക്കേണ്ടതാണ്. രണ്ടു യജമാനന്മാരെ ആര്‍ക്കും ഒരുമിച്ചു സേവിക്കാനാവില്ല. ഒന്നുകില്‍ ദൈവത്തെ, അല്ലെങ്കില്‍ പണത്തെ. പണത്തിനോടും ഭൗതിക സമ്പത്തിനോടും ആര്‍ത്തിയുള്ള ഏതു നേതാവാണോ ഉറപ്പായിട്ടും അവന്‍ ദൈവത്തിന്‍റെ  കൂടെയല്ല. അതാരു പറയുന്നു? ക്രിസ്തു തന്നെ പറയുന്ന സാക്ഷ്യമാണിത്.

ഒരു കാര്യംകൂടെ നാം ഇന്നത്തെ വചനത്തില്‍നിന്നും വായിച്ചെടുക്കേണ്ടതുണ്ട്. അതായത്, ശെമിയോന്‍ പത്രോസ് ഇതുവരെ മത്സ്യം പിടിക്കുന്നവനായിരുന്നു, മീന്‍പിടുത്തക്കാരനായിരുന്നു. കര്‍ത്താവേ, ഞാന്‍ പാപിയായ മനുഷ്യനാണെന്ന് ക്രിസ്തുവിനോടു അയാള്‍ ഏറ്റുപറയുമ്പോള്‍, പിന്നെ അവിടുന്നു പറയുന്ന മറുപടി ശ്രദ്ധേയമാണ്. പത്രോസേ, ഞാന്‍ നിന്നെ മനുഷ്യരെ പിടിക്കുന്നവനാക്കാം എന്നാണ്. ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. മീന്‍പിടുത്തം പത്രോസിന്‍റെ തൊഴിലായിരുന്നു. എന്നാല്‍ ഈശോ അയാളോടു പറയുന്നു. ഇനി നിന്‍റെ കഴിവ്, skill മനുഷ്യരെ പിടിക്കുന്നതിനുവേണ്ടി ഉപയോഗപ്പെടുത്താം. തനിമയാര്‍ന്ന skill അതിനുവേണ്ടി മാറ്റിവയ്ക്കാം. എന്നാല്‍ നാം തന്നെ തീരുമാനിക്കണം, എന്‍റെ ജീവിതദൗത്യം എന്താണ്, ഏതു മേഖലയിലാണ്.

മീന്‍ പിടിച്ചു പിടിച്ചു പിടിച്ച് തന്‍റെ ജീവന്‍ അവസാനിപ്പിക്കണമോ... അതോ, മനുഷ്യരെ പിടിക്കുന്ന ക്രിസ്തുവിന്‍റെ വലിയ ദൗത്യത്തിലേയ്ക്ക് പ്രവേശിക്കണമോ? മനുഷ്യരെ പിടിക്കുന്നവരാകുക എന്നു ക്രിസ്തു പറയുന്നത്, ബന്ധങ്ങളുടെ തലത്തിലേയ്ക്ക് പ്രവേശിക്കുക എന്നാണ്. അതായത്, മനുഷ്യബന്ധത്തിന്‍റെ, സ്നേഹബന്ധത്തിന്‍റെ, സാഹോദര്യബന്ധത്തിന്‍റെ ഹൃദയങ്ങള്‍ നേടുന്ന തലത്തിലേയ്ക്ക് ഉയര്‍ത്തുകയാണ്. അതുകൊണ്ടാണ്, പത്രോസ് അവസാനം വലിയൊരു സമൂഹത്തിന്‍റെ അടിസ്ഥാനശിലയായി മാറിയത്.

നമുക്ക് ഈ വലിയ കാര്യത്തിനായി ഈശോയോട് പ്രാര്‍ത്ഥിക്കാം. യേശുവേ, എന്‍റെ ജീവിതത്തിലുള്ള അങ്ങേ സാന്നിദ്ധ്യം.. എന്‍റെ ജീവിതവഞ്ചിയിലുള്ള അവിടുത്തെ സാന്നിദ്ധ്യം തിരിച്ചറിയുന്നതിന് എന്നെ സഹായിക്കണമേ... അതിനുള്ള കൃപ എനിക്കു തരണമേ... എന്‍റെ ജീവിതവഞ്ചിയില്‍ അങ്ങയെ എന്നും കൂടെ കൊണ്ടുപോകുവാനുള്ള കൃപ എനിക്ക് തരിക. ജീവിത പശ്ചാത്തങ്ങളില്‍ സമ്പത്തിന്‍റെ സമൃദ്ധിയുള്ള വലിയ മീന്‍പിടുത്തങ്ങളും നേട്ടങ്ങളും ഉണ്ടാകുമ്പോള്‍... അങ്ങിലേയ്ക്കു തിരിയുവാനുള്ള, അങ്ങില്‍ ശ്രദ്ധപതിച്ചു ജീവിക്കുവാനുള്ള കൃപ എനിക്കു തരണമേ! ഒപ്പം ഭൗതിക സമ്പത്തിനോടുള്ള ആര്‍ത്തിയില്‍ വീണുപോകാതിരിക്കുവാനുള്ള വരവും യേശുവേ, അങ്ങെനിക്കു നല്കണമേ! മത്സ്യത്തെ പിടിക്കുന്നതിനുപരി... മനുഷ്യരെ പിടിക്കുന്നവരായി, മനുഷ്യഹൃദയങ്ങളുടെ സ്നേഹബന്ധങ്ങളെ വളര്‍ത്തുന്നവരായി... അങ്ങനെ അവിടുത്തെ ശിഷ്യരായി ഞങ്ങളെ മാറ്റണമേ..! ആമ്മേന്‍!








All the contents on this site are copyrighted ©.