2016-01-29 10:01:00

ദിവ്യകാരുണ്യ കൂട്ടായ്മയിലെ സാംസ്ക്കാരികതയെക്കുറിച്ച് കര്‍ദ്ദിനാള്‍ ലൂയി താഗ്ലേ


ദിവ്യാകാരുണ്യകോണ്‍ഗ്രസ്സിന് ഒരു സാംസ്ക്കാരികമാനമുണ്ടെന്ന് മനില അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ ലൂയി താഗ്ലേ പ്രസ്താവിച്ചു.

ഫിലിപ്പീന്‍സിലെ ചെബുവില്‍ ആരംഭിച്ചിരിക്കുന്ന 51-ാമത് അന്തര്‍ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിന്‍റെ നാലാം ദിവസമായ ജനുവരി 28-ാം തിയതി വ്യാഴാഴ്ച രാവിലെ ചര്‍ച്ചാവേദിയില്‍ അവതരിപ്പിച്ച ‘ദിവ്യാകാരുണ്യവും സംസ്ക്കാരവും’ എന്ന പ്രബന്ധത്തിലാണ് കര്‍ദ്ദിനാള്‍ താഗ്ലേ ഇങ്ങനെ ചിന്തകള്‍ പങ്കുവച്ചത്.

ദിവ്യകാരുണ്യത്തിന്‍റെ ആഘോഷത്തിലും കൂട്ടായ്മയിലും ഒളിഞ്ഞിരിക്കുന്ന സാംസ്ക്കാരികതയായിരുന്നു കര്‍ദ്ദിനാള്‍ തേഗ്ലേയുടെ പ്രബന്ധത്തിന്‍റെ പ്രമേയം. ദിവ്യകാരുണ്യ കൂട്ടായ്മയുടെ സാംസ്ക്കാരികതയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ആത്മീയമാനം ആദ്യമായി ക്രൈസ്തവര്‍ മനസ്സിലാക്കുകയും ഉള്‍ക്കൊള്ളുകയും വേണമെന്ന് കോണ്‍ഗ്രസ്സിന്‍റെ സംഘാടക സമിതി അദ്ധ്യക്ഷന്‍കൂടിയായ കര്‍ദ്ദിനാള്‍ താഗ്ലേ ഉദ്ബോധിപ്പിച്ചു.  

ആനുകാലികമായ ഒരു ‘സാംസ്ക്കാരിക ബുദ്ധി’യും സൂക്ഷ്മതയും, തനിമയാര്‍ന്ന ചിന്താഗതിയും ദിവ്യകാരുണ്യ ആത്മീയതയുടെ പശ്ചാത്തലത്തില്‍ വിശ്വാസികള്‍ വളര്‍ത്തിയെടുക്കേണ്ടത് ആഗോളവത്കൃതമായ ലോകത്തും സാംസ്ക്കാരീകാനുരൂപിതമായ ഇന്നിന്‍റെ സാമൂഹ്യ പരിസരത്തും ആവശ്യമാണെന്ന് കര്‍ദ്ദിനാള്‍ താഗ്ലേ വ്യക്തമാക്കി. ചെബുവിലെ ഡോക്ടേഴ്സ് യൂണിവേഴ്സിറ്റി ക്യാമ്പസ്സില്‍ സമ്മേളിച്ച കോണ്‍ഗ്രസ്സിന്‍റെ ചര്‍ച്ചാവേദിയില്‍നിന്നും വത്തിക്കാന്‍ റേഡിയോ ഇംഗ്ലിഷ് വിഭാഗം മേധാവി, ഷോണ്‍ ലെവറ്റാണ് കര്‍ദ്ദിനാള്‍ താഗ്ലേയുടെ ദിവ്യാകാരുണ്യത്തിലെ സാംസ്ക്കാരിക വീക്ഷണത്തെക്കുറിച്ച് വ്യാഴാഴ്ച റിപ്പോര്‍ട്ടു ചെയ്തത്. 

ജനങ്ങള്‍ ആയിരിക്കുന്ന അവരുടെ ജീവിതചുറ്റുപാടുകളില്‍ അവരെ കണ്ടെത്തുവാനും, അവരുമായി സംവാദിക്കുവാനും തുറവുള്ള മനോഭവത്തിലൂടെ വളര്‍ത്തിയെടുക്കുന്ന ആത്മീയകൂട്ടായ്മയുമാണ് ദിവ്യകാരുണ്യത്തിന്‍റെ സാംസ്ക്കാരിക ശക്തി. അങ്ങനെ അസ്തിത്വപരമായ ആത്മീയ സംസ്കൃതിയില്‍ ഊന്നിയ ഒരു ദിവ്യകാരുണ്യഭക്തിയും കൂട്ടായ്മയുമാണ് കാലികമായ ആവശ്യമെന്ന് കര്‍ദ്ദിനാള്‍ താഗ്ലേ പ്രഭാഷണത്തില്‍ സമര്‍ത്ഥിച്ചു.

തനിമയുള്ളതും സാമൂഹ്യപ്രതിബദ്ധതയുള്ളതുമായ കര്‍ദ്ദിനാള്‍ താഗ്ലേയുടെ ചിന്തകള്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസിന്‍റെ നിറഞ്ഞ സമ്മേളനവേദി ഏറെ ഹൃദ്യമായും സന്തോഷത്തോടെയും സ്വീകരിച്ചതായി പ്രതികരണങ്ങള്‍ക്ക് സാക്ഷിയായിരുന്ന ഷോണ്‍ ലെവറ്റ് ചെബുവില്‍നിന്നും അറിയിച്ചു.

 








All the contents on this site are copyrighted ©.