2016-01-23 15:03:00

എളിയവരെ മോചിക്കുന്ന ദൈവരാജ്യത്തിന്‍റെ നയപ്രഖ്യാപനം


ലത്തീന്‍ റീത്തിലെ ആരാധനക്രമപ്രകാരം ആണ്ടുവട്ടം മൂന്നാവാരം ഞായറാഴ്ച ദിവ്യബലിമദ്ധ്യേ വായിക്കുന്ന സുവിശേഷഭാഗത്തിന്‍റെ വിചിന്തനം

വിശുദ്ധ ലൂക്കായുടെ സുവിശേഷം 4, 14-21.

യേശു ആത്മാവിന്‍റെ ശക്തിയോടുകൂടെ ഗലീലിയിലേയ്ക്കു മടങ്ങിപ്പോയി. അവിടുത്തെ കീര്‍ത്തി സമീപപ്രദേശങ്ങളിലെങ്ങും വ്യാപിച്ചു. അവിടുന്നു അവരുടെ സിനഗോഗുകളില്‍ പഠിപ്പിച്ചുകൊണ്ടിരുന്നു. എല്ലാവരും അവിടുത്തെ പുകഴ്ത്തി. യേശു താന്‍ വളര്‍ന്ന സ്ഥലമായ നസറത്തില്‍ വന്നു. പതിവുപോലെ ഒരു സാബത്തുദിവസം അവിടുന്നു അവരുടെ സിനഗോഗില്‍ പ്രവേശിച്ച് വായിക്കാന്‍ ഏഴുന്നേറ്റുനിന്നു. ഏശയ്യാ പ്രവാചകന്‍റെ പുസ്തകം അവിടുത്തേയ്ക്കു നല്കപ്പെട്ടു. പുസ്തകം തുറന്നപ്പോള്‍ ഇപ്രകാരം എഴുതിയിരിക്കുന്നത് അവിടുന്നു കണ്ടു.

 

കര്‍ത്താവിന്‍റെ ആത്മാവ് എന്‍റെമേല്‍ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതര്‍ക്ക് മോചനവും അന്ധര്‍ക്കു കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും കര്‍ത്താവിനു സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കാന്‍ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു. പുസ്തകം അടച്ചു ശുശ്രൂഷകനെ ഏല്പിച്ചതിനുശേഷം അവിടുന്ന് ഇരുന്നു. സിനഗോഗില്‍ ഉണ്ടായിരുന്ന എല്ലാവരും അവിടുത്തെ ഉറ്റുനോക്കിക്കൊണ്ടിരുന്നു. അവിടുന്നു അവരോടു പറയാന്‍ തുടങ്ങി. നിങ്ങള്‍ കേട്ടിരിക്കെത്തന്നെ ഇന്ന് ഈ തിരുവെഴുത്തു നിറവേറിയിരിക്കുന്നു.

 

ക്രിസ്തു തന്‍റെ ജ്ഞാനസ്നാനത്തിന്‍റെയും മരുഭൂമിയിലെ പരീക്ഷണത്തിന്‍റെയുംശേഷം തന്‍റെ പരസ്യജീവിതം ആരംഭിക്കുന്ന സുവിശേഷ ഭാഗമാണ് ഇന്ന് നമ്മുടെ ധ്യാനവിഷയം. ലൂക്കായുടെ സുവിശേഷം നാലാം അദ്ധ്യായമാണ് സുവിശേഷഭാഗം. അവിടുന്നു സ്വന്തം നാട്ടിലെ സിനഗോഗില്‍ കടന്ന് വേദപ്പുസ്തകം, തോറാ വായിക്കുന്നത്...  “കര്‍ത്താവിന്‍റെ അരൂപി എന്‍റെ മേലുണ്ട്.. ദരിദ്രരോട് സദ്വാര്‍ത്ത അറിയിക്കാന്‍ അവിടുന്ന് എന്നെ അഭിഷേചിച്ചിരിക്കുന്നു.” ദരിദ്രര്‍ക്ക്, പാവപ്പെട്ടവര്‍ക്ക് സുവിശേഷം കൊടുക്കുക എന്നതാണ് ക്രിസ്തുവിന്‍റെ ദൗത്യം. പുസ്തകം അടച്ചു കഴിയുമ്പോള്‍ ഈശോ തന്നെ പറയുന്നുണ്ട്. അത് എന്നില്‍ പൂര്‍ത്തിയായിരിക്കുന്നു. തന്‍റെ ജീവിതത്തിന്‍റെ മുഴുവന്‍ Manifesto! വളരെ ചുരുക്കമായിട്ട് വചനം വെളിപ്പെടുത്തുന്നു. ഈശോയുടെ ജീവിതത്തിന്‍റെ ‘മാനിഫെസ്റ്റോ’ ലൂക്കാ സുവിശേഷകന്‍ കൊണ്ടു വയ്ക്കുന്നത്...

 

കര്‍ത്താവിന്‍റെ ആത്മാവ് എന്‍റെ മേലുണ്ട് ദരിദ്രരോടു സുവിശേഷം, സദ്വാര്‍ത്ത അറിയിക്കുവാന്‍ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു. ഈ ദരിദ്രര്‍ക്കുള്ള   സദ്വാര്‍ത്ത എന്താണെന്ന്, വചനം ഉടനെ തന്നെ വിശദമാക്കുന്നുണ്ട്. അതായത്, അന്ധര്‍ക്ക് കാഴ്ച, ബധിരര്‍ക്ക് കേള്‍വി, അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വിമോചനം...! അന്ധനെ സംബന്ധിച്ച് അവന്‍റെ ദാരിദ്ര്യം എന്നു പറയുന്നത്, അവന്‍റെ കാഴ്ചയില്ലായ്മയാണ്. ബധിരനെ സംബന്ധിച്ച്, അവന് കേള്‍ക്കാന്‍ പറ്റുന്നില്ല. അതാണ് അവന്‍റെ ഏറ്റവും വലിയ ദാരിദ്ര്യം. അതിനാല്‍ മറ്റെന്തു വലിയ സമ്പത്തു കൊടുക്കുന്നതിനേക്കാളും അന്ധനെ സംബന്ധിച്ച് കാഴ്ച കിട്ടുന്നതാണ് ഏറ്റവും വലിയ സമ്പത്ത്. അത് എന്‍റെ തൊട്ടടുത്തും എന്‍റെ മുന്നിലും വന്നുനില്ക്കുന്ന വ്യക്തിയുടെ ദാരിദ്ര്യം തിരിച്ചറിയുക എന്നതാണ് അതിനാല്‍ സുവിശേഷം. അവന് ഏറ്റവും ഇല്ലാതിരിക്കുന്നതും, അവന് ഏറ്റവും ആവശ്യമായിരിക്കുന്നതും അതെന്താണെന്ന് തിരിച്ചറിയുകയാണ് സുവിശേഷമാകാനുള്ള മാര്‍ഗ്ഗം.

 

ഈയിടെ പാപ്പാ ഫ്രാന്‍സിസിന്‍റെ പേരില്‍ ഇറങ്ങിയ പുസ്തകം..., ഏറ്റവും അവസാനം ഇറങ്ങിയ പുസ്കം പാപ്പാ ഫ്രാന്‍സിസ് അന്ത്രെയാ തൊര്‍ണിയേലിയുടേതാണ്. കരുണയാണ് ദൈവനാമം, the Name of God is Mercy എന്ന പുസ്തകമാണ്.  അദ്ദേഹം പാപ്പാ ഫ്രാന്‍സിസുമായി നടത്തിയ നാല്പതോളം അഭിമുഖങ്ങളുടെ സമാഹാരമാണിത്. ദൈവത്തിന്‍റെ പേര് കാരുണ്യമെന്നാണ്. ഇതാണ് ആ പുസ്തകത്തിന്‍റെ പേര്... The Name of God is Mercy! പുസ്തകത്തില്‍ പ്രതിപാദിക്കുന്നൊരു സംഭവം, പാപ്പാ തന്നെ പറഞ്ഞതാണ്. അദ്ദേഹം കര്‍ദ്ദിനാള്‍ ആകുന്നതിനു കുറെക്കാലം മുന്‍പ് അര്‍ജന്‍റീനായിലെ ഒരു ഇടവകയില്‍ വികാരിയായിട്ട് പ്രവര്‍ത്തിക്കുന്ന കാലഘട്ടത്തിലാണ്..  ആ സന്നര്‍ഭത്തില്‍ ഒരു വിധവയായ ചെറുപ്പക്കാരി.. ചെറുപ്പക്കാരിയെന്നു പറഞ്ഞാല്‍, രണ്ടു മൂന്നു മക്കളുണ്ട്. ഭര്‍ത്താവ് ഉപേക്ഷിച്ചിട്ടു പോയി. ഈ മക്കളെ വളര്‍ത്താന്‍ പാടുപെടുന്ന ചെറുപ്പക്കാരിയായ അമ്മ. ഇടയ്ക്കിടയ്ക്ക് വികാരിയച്ചന്‍ ഫാദര്‍ ബര്‍ഗോളിയോ, പാപ്പായുടെ പഴയപേര്! ഈ സ്ത്രീ ഇടയ്ക്ക് അദ്ദേഹത്തെ കാണാന്‍ വരും. അവള്‍ക്ക് മറ്റൊരു ജോലിയും ഇല്ലാത്തതിനാല്‍ ഇടവകയില്‍നിന്നും അവള്‍ക്കു ചെറിയ സഹായം എപ്പോഴും വികാരി ബര്‍ഗോളിയോ അച്ചന്‍ ചെയ്തുകൊടുക്കാറുണ്ട്. അവള്‍ക്ക് സ്ഥിരമായി ജോലിയൊന്നുമില്ല. കിട്ടുന്ന ജോലി ചെയ്തു ജീവിക്കുന്നു. പിന്നെ തീരെ ജോലിയൊന്നും ഇല്ലാതെ വരുന്ന കാലഘട്ടത്തില്‍ ഇവള്‍ കുടുംബം പുലര്‍ത്താന്‍വേണ്ടി വ്യഭിചാരവൃത്തിക്കു പോകാറുണ്ട്.  അത് വികാരിയച്ചന്, അന്ന് ഫാദര്‍ ബര്‍ഗോളിയോയ്ക്ക്...പാപ്പാ ഫ്രാ‍ന്‍സിസിന് അറിയുകയും ചെയ്യാം.

 

ആവര്‍ഷം ക്രിസ്തുമസ്സ് കാലത്ത് കുറെ നാളുകൂടി ഈ സ്ത്രീ ബര്‍ഗോളിയോ അച്ചനെ, കാണുവാന്‍ വന്നു. അപ്പോള്‍, കണ്ടപ്പഴേ അവളുടെ അടുത്തുചെന്ന് വികാരി ചോദിച്ചു. ക്രിസ്തുമസ്സിന്‍റെ സമ്മാനപ്പൊതി നിനക്കായി കൊടുത്തു വിട്ടിരുന്നു. അതു കിട്ടിയില്ലേ സെനോരാ...!? എന്നു ചോദിച്ചു. കിട്ടിയച്ചാ! സമ്മാനം കിട്ടി. വളരെ നന്ദി. അവള്‍ ഈ സമ്മാനത്തിന്, ക്രിസ്തുമസിന്‍റെ ചെറിയ സമ്മാനപ്പൊതിക്ക് നന്ദിപറയാന്‍ വന്നതാണെന്നു ഫാദര്‍ ബര്‍ഗോളിയോ വിചാരിച്ചു. അതല്ല! അതിലും വലിയൊരു കാര്യത്തിന് നന്ദിപറയുന്നതിനാണ് ഞാന്‍ വന്നതെന്ന്. എന്നെ സെനോരായെന്ന് പേരെടുത്തു വിളിക്കുന്നതിന് പ്രത്യേകം നന്ദിപറയാനാണ് ഞാന്‍ വന്നത്. കാരണം അവള്‍ മോശമായ ജീവിതത്തിലാണെന്നും, വ്യഭിചാരവൃത്തിക്കു പോകുന്നുണ്ടെന്നുമെല്ലാം വികാരിയച്ചന് അറിയാമെന്ന് ഉറപ്പാണ്. ഇതെല്ലാം അറിഞ്ഞിട്ടും, അവളെ പേരിചൊല്ലി വിളിക്കുകയും, ഒരു വ്യക്തിയായിട്ട് അംഗീകരിക്കുകയും, മറ്റാരെയുംപോലെ, തന്‍റെതന്നെ നിലയില്‍ തന്നെ ഇടവകയില്‍ സ്വീകരിക്കുകയും ചെയ്യുന്നതിന് നന്ദിപറയുന്നതിനായിട്ടാണ് ക്രിസ്തുമസ്സ് കാലത്തു വന്നതെന്ന്, അവള്‍ പറഞ്ഞു. യഥാര്‍ത്ഥത്തില്‍ സെനോരായുടെ, ദാരിദ്ര്യം എന്തായിരുന്നു? മക്കളെപ്പുലര്‍ത്താന്‍ കാശില്ല എന്നതല്ല. അനുഭവിക്കുന്ന പട്ടിണിയുമല്ല! പിന്നെന്താണ്? അതിലും വലിയൊരു ദാരിദ്ര്യം അവള്‍ അനുഭവിക്കുന്നുണ്ട്.

 

ബഹുമാനം...! സമൂഹത്തിലെ അന്തസ്സ്, സ്ത്രീയെന്ന രീതിയില്‍, വ്യക്തിയെന്ന രീതിയില്‍... ആത്മാഭിമാനമുള്ള ഒരു സ്ത്രീയെന്ന രീതിയില്‍.... താന്‍ ബഹുമാനിക്കപ്പെടണം എന്നുള്ള... അല്ലെങ്കില്‍ താന്‍ ബഹുനിക്കപ്പെടണമെന്നു അസ്സല്‍ ഫ്രസ്ട്രേ,ന്‍! മോഹഭംഗം... വിഷമം, മനോവ്യഥ! അപ്പോള്‍ അങ്ങനെ അന്തസ്സില്ലായ്മയുടെ ദാരിദ്ര്യം അവള്‍ ഏറെ അനുഭവിക്കുന്നുണ്ടായിരിക്കണം.

സമൂഹത്തില്‍ താന്‍ ബഹുമാനിക്കപ്പെടാത്തതിലുള്ള, ബഹുമാനിക്കപ്പെടണമെന്നുള്ള ആഗ്രഹത്താലുണ്ടാകുന്ന അസ്സല്‍ മോഹഭംഗം, frustration  അവള്‍ അനുഭവിക്കുന്നുണ്ട്. ആ മേഖലയിലാണ് അവള്‍ ദാരിദ്ര്യം അനുഭവിക്കുന്നത്. കാരണം താനൊരു വ്യാചാരിണിയാണെന്ന് അവള്‍ക്കറിയാം. അതവളുടെ ഏറ്റവും വലിയ ദാരിദ്ര്യമാണ്. അതവളെ വല്ലാതെ ഭാരപ്പെടുത്തുന്നുണ്ട്. അവളുടെ ഏറ്റവും വലിയ ദാരിദ്ര്യം അതായിരുന്നു.

അത് തിരിച്ചറിയാന്‍ പോരുന്നൊരു മനസ്സാണ് ബാര്‍ഗോലിയോ എന്ന വികാരിയച്ചനുണ്ടായിരുന്നത്. അവളുടെ മോഹഭംഗത്തിന്‍റെ... മനോവ്യഥയുടെ ആഴവും ഭാരവും അദ്ദേഹത്തിന് മനസ്സിലാക്കാന്‍ സാധിച്ചിരുന്നു. എന്താണ് തന്‍റെ മുന്നില്‍ നില്ക്കുന്നവളുടെ ദാരിദ്യമെന്ന് അദ്ദേഹത്തിന് മനസ്സിലായിരുന്നു. പണത്തെക്കാളുപരി, ഭക്ഷണത്തെക്കാളുപരി തന്‍റെ നഷ്ടമായ ആത്മാഭിമാനത്തെക്കുറിച്ച് അവള്‍ ബോധമതിയായി മാറുന്നു. അത് തിരിച്ചു നേടുവാനുള്ള അതിയായ അഭിവാച്ഛയായിരുന്നു അവളുടേത്. ഇത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. “കര്‍ത്താവിന്‍റെ ആത്മാവ് എന്‍റെ മേലുണ്ട്... ദരിദ്രരോട് നല്ലവാര്‍ത്ത അറിയിക്കാന്‍... നല്ലവാര്‍ത്ത കൊടുക്കാന്‍ അവിടുന്ന് എന്നെ അഭിഷേചിച്ചിരിക്കുന്നു.” എന്‍റെ തൊട്ടടുത്തുള്ളവര്‍ക്ക്, എന്‍റെ മുന്നില്‍ വരുന്നവര്‍ക്ക്... ഏതു മേഖലയിലാണ് അവര്‍ ദാരിദ്ര്യം അനുഭവിക്കുന്നത് എന്നു തിരിച്ചറിയുക. എന്നിട്ട് അവര്‍ക്ക് ആവശ്യമുള്ളത് കൊടുത്തു സഹായിക്കുക. അവരുടെ വ്യക്തിത്വത്തോടു ചേര്‍ന്ന് ഒട്ടിയിരിക്കുന്ന ദാരിദ്ര്യത്തിന്‍റെ മേഖലയില്‍ അവര്‍ക്ക് ആവശ്യമുള്ളതു കൊടുത്ത് അവരെ സഹായിക്കുക.. അവരെ പിന്‍തുണയ്ക്കുക... അവര്‍ക്ക് ആവശ്യമായത് നല്കുക. അവരെ സ്വതന്ത്രരാക്കുക... ഇതാണ് നാം ചെയ്യേണ്ടത്. നല്കുമ്പോഴാണ്....കൊടുക്കുമ്പോഴാണ് സദ്വാര്‍ത്തയാകുന്നത്. അവര്‍ക്ക് സുവിശേഷമേകുവാനും, അവര്‍ക്കായി സുവിശേഷമാകുവാനും എനിക്ക് സാധിക്കുക! ക്രിസ്തു ചെയ്തത് അതാണ്. ദരിദ്രരോട് സുവിശേഷം അറിയിക്കുവാന്‍, അവര്‍ക്ക് സദ്വാര്‍ത്ത നല്കുവാന്‍ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു. മുന്നില്‍ വരുന്നവര്‍ക്കൊക്കെ... നന്മയാകുക, സാന്ത്വനമാകുക, സുവിശേഷമാകുക... സുവിശേഷമേകുക!

 

നമ്മുടെ ജീവിതംകൊണ്ട് സദ്വാര്‍ത്തയാകുക. എന്‍റെ പക്കല്‍ സഹായം തേടിയെത്തുന്നവര്‍ക്കായി ക്രിസ്തുവിന്‍റെ സദ്വാര്‍ത്തയാകുക.... അപരന്‍റെ കുറവിന്‍റെ മേഖലയില്‍ ആവശ്യമായിരിക്കുന്നതു കൊടുക്കുക, അവനെ തുണയ്ക്കുക. കൈപിടിച്ച് അവനെ ഉയര്‍ത്തുക! ഇതാണ് സദ്വാര്‍ത്തയാകുന്ന അനുഭവം, സദ്വാര്‍ത്ത ഏകുന്ന അനുഭവം. ഇതുതന്നെ ഫിലിപ്പിയര്‍ക്കുള്ള ലേഖനം രണ്ടാമത്തെ അദ്ധ്യായത്തില്‍ പറയുന്നത് കാര്യമാണ്, കൃത്യമാണ്. “ദൈവമായിരുന്നിട്ടും സമാനത മുറുകെപ്പിടിക്കേണ്ട ആവശ്യം പരിഗണിക്കാതെ... തന്നെത്തന്നെ അവിടുന്ന് ശൂന്യനാക്കി.” (ഫിലിപ്പി. 2, 6). അതായത്, ക്രിസ്തു തന്‍റെ ദൈവസമാനത ശൂന്യമാക്കി, ശൂന്യമാക്കി അവസാനം കുരിശു മരണത്തോളം അവിടുന്ന് സ്വയം താഴ്ത്തുന്നു. കൊടുക്കുന്നു...! അവിടുന്ന് സകലതും കൊടുക്കുന്നു. അവസാനം തന്നെ കുരിശില്‍ സ്വയം സമര്‍പ്പിക്കുവാനും അവിടുന്ന് വിട്ടുകൊടുക്കുന്നു. ഈ കൊടുക്കലും, ഈ താഴ്ത്തലും... ഈ ഇല്ലായ്മ ഉള്‍ക്കൊള്ളലുമെല്ലാം വലിയ സമ്പന്നതയാണ്. അതാണ് യഥാര്‍ത്ഥ സമ്പന്നത. ഈ സമ്പന്നതയില്‍ പങ്കുചേരാനാണ് ഞാനും, നിങ്ങളും ക്രിസ്തു ശിഷ്യര്‍ എന്ന നിലയില്‍ വിളിക്കപ്പെട്ടിരിക്കുന്നത്.  

 

മുമ്പില്‍ വരുന്നവന്‍റെ, സഹോദരന്‍റെയും സഹോദരിയുടെയും ദാരിദ്ര്യത്തിന്‍റെ മേഖല തിരിച്ചറിയാനും... തിരിച്ചറിഞ്ഞിട്ട് അവന് യഥാര്‍ത്ഥത്തില്‍ ആവശ്യമുള്ളതു കൊടുക്കുവാനുള്ള വലിയ ശ്രദ്ധ... വലിയ മനസ്സ്, വലിയ ഹൃദയം... ഉണ്ടാകുമ്പോഴാണ് ഈശോയുടെ തിരുവചനം അവിടുന്നില്‍ പൂര്‍ണ്ണമായതുപോലെ നമ്മിലും പൂര്‍ണ്ണമാകുന്നത്.... സദ്വാര്‍ത്തയാകുന്നത്! അതായത്... “കര്‍ത്താവിന്‍റെ അരൂപിന്‍റെ എന്‍റെ മേലുണ്ട്.. ദരിദ്രരോട് സുവിശേഷം അറിയിക്കാന്‍ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു. അവിടുന്ന് എന്നെ അഭിഷേചിച്ചിരിക്കുന്നു!”

 

നമുക്കു പ്രാര്‍ത്ഥിക്കാം....  നാഥാ, അങ്ങേ വലിയ ചൈതന്യംകൊണ്ട് ഞങ്ങളെ നിറയ്ക്കുക. നിന്‍റെ അരൂപിയാല്‍ നിറയ്ക്കുക, ഞങ്ങളെ സമ്പന്നരാക്കുക! എന്‍റെ അടുത്തും. ഞാന്‍ അനുദിനം കണ്ടുമുട്ടുന്നവരിലും...

ദൈവമേ, അവരുടെ ദാരിദ്ര്യത്തിന്‍റെ മേഖല.. എന്താണ് അവര്‍ക്ക് ആവശ്യമുള്ളത് എന്നു തിരിച്ചറിയാനും... ആവശ്യമുള്ളത് കൊടുക്കുവാനും... അത് എന്‍റെ ശ്രദ്ധപൂര്‍വ്വമായ കേള്‍വിയാകാം, വളരെ കരുണാപൂര്‍ണ്ണമായൊരു വാക്കാകാം. അത് ആത്മാര്‍ത്ഥമായി നല്കുവാനുള്ള കൃപ.. യേശുവേ, അങ്ങ് എനിക്കു നല്കണമേ! അങ്ങനെ ദരിദ്രര്‍ക്ക് നല്ലവാര്‍ത്ത ആകാനുള്ള അങ്ങേ വിളി സ്വീകരിക്കുവാന്‍ ഞങ്ങള്‍ക്ക് കൃപ തരണമേ.., ആമേന്‍!








All the contents on this site are copyrighted ©.