2016-01-20 19:06:00

പാപ്പാ ഫ്രാന്‍സിസിന് മുസ്ലീംപള്ളിയിലേയ്ക്ക് ക്ഷണം


റോമിലെ ഇസ്ലാമിക മതനേതാക്കളുമായി പാപ്പാ ഫ്രാന്‍സിസ് കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിലാണ് നേതാക്കള്‍ പാപ്പായെ റോമിലെ മോസ്ക്കു സന്ദര്‍ശിക്കുവാനും ഇസ്ലാമിക സമൂഹവുമായുള്ള കൂട്ടിക്കാഴ്ചയ്ക്കുമായി ഔപചാരികമായി ക്ഷണിച്ചത്.

ജനുവരി 20-ാം തിയതി ബുധനാഴ്ച രാവിലെ പതിവുള്ള പൊതുകൂടിക്കാഴ്ച പരിപാടിക്കു തൊട്ടുമുന്‍പാണ് അഞ്ചുപേരടങ്ങിയ റോമിലെ ഇസ്ലാമിക നേതൃത്വവുമായി പാപ്പാ കൂടിക്കാഴ്ച നടത്തിയത്.

വത്തിക്കാനിലെ പോള്‍ ആറാന്‍ ഹോളിനോടു ചേര്‍ന്നുള്ള മുറിയില്‍ നടന്ന സൗഹൃദകൂടിക്കാഴ്ച  15 മിനിറ്റോളം നീണ്ടുനിന്നു. റോമിലെ ഇസ്ലാമിക സമൂഹത്തിന്‍റെ പ്രസിഡന്‍റ്, ഇമാം ഇസെദിന്‍ എല്‍സീറിന്‍റെ നേതൃത്വത്തിലാണ് 5 അംഗസംഘം പാപ്പായുമായി കൂടിക്കാഴ്ചയ്ക്കെത്തിയത്.  റോമാനഗരത്തിലെ പരോളിയിലുള്ള വലിയ മുസ്ലിം പള്ളിയിലേയ്ക്കു പാപ്പാ ഫ്രാന്‍സിസിനെ ഡലഗേഷന്‍ ഔദ്യോഗികമായി ക്ഷണിച്ചതായി വത്തിക്കാന്‍റെ പ്രസ്താവന വെളിപ്പെടുത്തി.

ക്രൈസ്തവര്‍ക്കുമാത്രമല്ല ലോകത്തിനാകമാനം പാപ്പാ ഫ്രാന്‍സിസ് സമാരാധ്യനായകയാല്‍ ഇസ്ലാമിക സമൂഹത്തിലേയ്ക്കുള്ള സന്ദര്‍ശനം ‌സംവാദത്തിന്‍റെയും മതസൗഹാര്‍ദ്ദത്തിന്‍റെയും പാതയിലെ നാഴികക്കല്ലായിരുക്കുമെന്ന് മതനേതാക്കള്‍ പറഞ്ഞു. റോമിലെ ഇസ്ലാമിക സമൂഹത്തിലേയ്ക്കുള്ള പാപ്പായുടെ സന്ദര്‍ശനം ഉടനെ വത്തിക്കാന്‍ സ്ഥിരപ്പെടുത്തുമെന്നും,  തിയതി നിശ്ചയിക്കുമെന്നും കൂടിക്കാഴ്ചയ്ക്കുശേഷം റോമില്‍ മാധ്യമങ്ങളോട് ഇമാം എല്‍സീര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

30,000 ചതുരസ്ട്രീമറ്റര്‍ വിസ്തൃതിയുള്ള റോമിലെ മുസ്ലിം പള്ളി ഇസ്ലാമിക രാജ്യങ്ങള്‍ക്കു പുറത്തുള്ളവയില്‍ കെട്ടിലും മട്ടിലും ഏറ്റവും വലുപ്പമുള്ളതാണ്. 1994-ല്‍ പണിതീര്‍ത്ത മോസ്ക്കില്‍ 12,000 പേര്‍ക്ക് ഒരുമിച്ചു നമസ്ക്കരിക്കുവാനുള്ള സൗകര്യമുണ്ട്.

റോമിലെ മുസ്ലിം പള്ളി സന്ദര്‍ശിക്കുന്ന ആദ്യത്തെ മാര്‍പാപ്പായായിരിക്കും പാപ്പാ ഫ്രാന്‍സിസ്. വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമനാണ് ആദ്യമായി മുസ്ലിം പള്ളി സന്ദര്‍ശിച്ച പത്രോസിന്‍റെ പിന്‍ഗാമി. അത് 2001 മെയ് 6-ാം തിയതി സിറിയയിലെ ഡമാസ്ക്കസിലുള്ള ഉമയാദ് മോസ്കിലേയ്ക്കായിരുന്നു. ക്രിസ്തുവിന്‍റെ മുന്നോടിയായി ക്രൈസ്തവര്‍ അംഗീകരിക്കുന്ന വിശുദ്ധ സ്നാപകയോഹന്നാനെ പ്രവാചകനായി മുസ്ലീങ്ങള്‍ സ്മരിക്കുന്ന ചരിത്രസ്ഥാനംകൂടിയാണ് ഉമയാദ് മോസ്ക്ക്.








All the contents on this site are copyrighted ©.