2016-01-19 16:40:00

ഒരു ഭുതകാലമില്ലാത്ത വിശുദ്ധനും ഭാവിയില്ലാത്ത ഒരു പാപിയുമില്ല


ഒരു ഭുതകാലമില്ലാത്ത വിശുദ്ധനും ഭാവിയില്ലാത്ത ഒരു പാപിയുമില്ലായെന്ന് പാപ്പാ ഫ്രാന്‍സിസ് പേപ്പല്‍ വസതിയായ ദോമുസ് സാംക്തെ മാര്‍ത്തയിലെ കപ്പേളയില്‍ ജനുവരി 19-ന് നടന്ന ദിവ്യബലിയാഘോഷത്തില്‍ വചനം പങ്കുവയ്ക്കവെ ചൂണ്ടിക്കാട്ടി.

സാമുവേലിന്‍റെ പുസ്തകത്തില്‍ നിന്നുള്ള, അന്നത്തെ ആദ്യവായനയില്‍ പറയുന്ന ഇസ്രായേലിന്‍റെ രാജാവായി തിരഞ്ഞെടുത്ത യുവാവായ ദാവീദിനെ കേന്ദ്രീകരിച്ചാണ് പാപ്പാ സംസാരിച്ചത്. ദൈവം ബാഹ്യമായത് മാത്രമല്ല കാണുന്നത്, എന്നാല്‍ ഹൃദയത്തെ ദര്‍ശിക്കുന്നുവെന്ന് പ്രസ്താവിച്ച പാപ്പാ ഉചിതമായ നല്ല ഉദ്ദേശ്യത്തെ ജയിക്കാനാണെങ്കിലും ഒരിക്കലും ദൈവത്തെ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പു നല്‍കുകയും ചെയ്തു.

നമ്മള്‍ പലപ്പോഴും ബാഹ്യമായവയ്ക്ക്, പ്രത്യക്ഷത്തില്‍ കാണുന്നവയ്ക്ക് അടിമപ്പെടുകയും അവയെ പിന്തുടരുകയും ചെയ്യുന്നുവെന്നും എന്നാല്‍ ദൈവം സത്യം അറിയുന്നുവെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

ദാവീദ് തന്‍റെ പാപം അംഗീകരിക്കുകയും ക്ഷമയാചിക്കുകയും ചെയ്തുവെന്നും അദ്ദേഹം വിശുദ്ധനായ രാജാവായത് വളരെക്കാലത്തെ പാപകരമായ ജീവിതത്തിനുശേഷമാണെന്നും പാപ്പാ സൂചിപ്പിച്ചു. പാപിയായിരുന്നെങ്കിലും പശ്ചാത്തപിച്ച് വിശുദ്ധീകരിക്കപ്പെട്ട ദാവീദുരാജാവിന്‍റെ ജീവിതം നമ്മുടെ ജീവിതത്തെക്കുറിച്ചു ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുന്നതാണെന്ന് പാപ്പാ പറഞ്ഞു. ജ്ഞാനസ്നാനത്തിലൂടെ നാമെല്ലാവരും ദൈവജനമാകുവാനും വിശുദ്ധരാകുവാനും തിരഞ്ഞെടുക്കപ്പെട്ടവരാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. ദാവീദിന്‍റെ ജീവിതംപോലെയാണ് ദൈവം നമ്മെ ക്ഷണിക്കുന്ന ക്രൈസ്തവന്‍റെ ജീവിതപാതയെന്നും, ഒരു ഭൂതകാലമില്ലാത്ത വിശുദ്ധനും ഭാവിയില്ലാത്ത ഒരു പാപിയുമില്ലായെന്നും പാപ്പാ ഊന്നിപ്പറഞ്ഞു.  

 







All the contents on this site are copyrighted ©.