2016-01-18 12:35:00

യഹൂദരും ക്രൈസ്തവരും സമാധാന-നീതി യത്നങ്ങള്‍ ഊര്‍ജ്ജിതമാക്കണം


      യഹൂദരും കത്തോലിക്കരും ദൈവവിജ്ഞാനീയ സംബന്ധിയായ പ്രശ്നങ്ങള്‍ക്കൊപ്പം, ലോകത്തില്‍ ഇന്നുയരുന്ന വലിയ വെല്ലുവിളികളേയും നേരിടേണ്ടത്  അനിവാര്യമാണെന്ന് മാര്‍പ്പാപ്പാ.

      റോമിലെ മുഖ്യ യഹൂദപ്പള്ളി ഞായറാഴ്ച(17/01/16) സന്ദര്‍ശിച്ച് യഹൂദ സമൂഹവുമായി കൂടിക്കാഴ്ച നടത്തിയ ഫ്രാന്‍സീസ് പാപ്പാ തദ്ദവസരത്തില്‍ അവരെ സംബോധന ചെയ്യുകയായിരുന്നു

     സമഗ്രമായ ഒരു പരിസ്ഥിതി വിജ്ഞാനം മുന്‍ഗണനയര്‍ഹിക്കുന്നുവെന്നും സൃഷ്ടിയുടെ പരിപാലനത്തെക്കുറിച്ച് ബൈബിള്‍ നല്കുന്ന സന്ദേശം ക്രൈസ്തവര്‍ക്കും യഹൂദര്‍ക്കും ഒത്തൊരുമിച്ചു ആകമാന നരകുലത്തിനേകാന്‍ എങ്ങനെ സാധിക്കുമെന്ന് ചിന്തിക്കേണ്ടതുണ്ടെന്നും പാപ്പാ പറഞ്ഞു.

     ഏറ്റുമുട്ടലുകളും യുദ്ധങ്ങളും അതിക്രമങ്ങളും അനീതികളും നരകുലത്തില്‍ ആഴമേറിയ മുറിവുകളുണ്ടാക്കുമ്പോള്‍ നമ്മള്‍ സമാധാനത്തിനും നീതിക്കും വേണ്ടിയുള്ള പരിശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.

     മനുഷ്യന്‍ മനുഷ്യനുമേല്‍ നടത്തുന്ന ആക്രമണം മതം എന്ന പേരിന് സത്യത്തില്‍ അര്‍ഹതയുള്ള എല്ലാമതങ്ങള്‍ക്കും, വിശിഷ്യ, മൂന്നു മഹാ അദ്വൈത മതങ്ങള്‍ക്ക്, വിരുദ്ധമാണെന്നും എവിടെ ജീവന്‍ അപകടത്തിലാകുന്നുവോ അവിടെ നമ്മള്‍ അതിന് സംരക്ഷണമേകാന്‍ വിളിക്കപ്പെടുന്നുവെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.‌

     സ്നേഹത്തിന്‍റെയും ജീവന്‍റെയും ദൈവത്തിനുമുന്നില്‍ അവസാനവാക്ക് ഒരിക്കലും മരണത്തിന്‍റെയും അക്രമത്തിന്‍റെയുമായിരിക്കില്ലയെന്നും പാപ്പാ പ്രസ്താവിച്ചു.

     1939 നും 1945 നും മദ്ധ്യേ നാസികള്‍ 60 ലക്ഷത്തോളം യൂദരെ കുരുതികഴിച്ച സംഭവമായ“ഷൊഹ” (SHOAH) യെക്കുറിച്ചനുസ്മരിച്ച പാപ്പാ, അത് ദൈവത്തിന്‍റെ സ്ഥാനം മനുഷ്യന് കല്പിക്കാന്‍ ശ്രമിച്ച ഒരു സിദ്ധാന്തത്തിന്‍റെ പേരില്‍ നടത്തിയ ഏറ്റം പൈശാചികമായ കൃത്യമായിരുന്നുവെന്ന് അപലപിച്ചു.

     1943 ഒക്ടോബര്‍ 16-ന് റോമിലെ യഹൂദസമൂഹത്തിലെ സ്ത്രീപുരുഷന്മാരും കുട്ടികളുമുള്‍പ്പടെ 1000 പേര്‍ പോളണ്ടിലെ,ഓഷ്വ്വിറ്റ്സ് നാസി കഠിനാദ്ധ്വാന തടങ്കല്‍ പാളയത്തിലേക്ക് തടവുകാരായിക്കൊണ്ടുപോകപ്പെട്ടതും പാപ്പാ വേദനയോടെ അനുസ്മ രിച്ചു.

     മാനവ ഔന്നത്യത്തിനും സമാധാനത്തിനും സംരക്ഷണമുറപ്പാക്കാന്‍ ഉടനടി  ഇടപെടാന്‍ കഴിയത്തക്കവിധം സദാ ജാഗരൂഗരായിരിക്ക​ണമെന്ന പാഠം "ഷൊഹാ" നമുക്ക് നല്കുന്നുവെന്നും ഗതകാലം നമുക്ക് വര്‍ത്തമാനകാലത്തിനും ഭാവികാലത്തിനു മുള്ള പാഠമായി ഭവിക്കണമെന്നും പാപ്പാ പറഞ്ഞു.

     യഹൂദര്‍ വിശ്വാസത്തില്‍ നമ്മുടെ മൂത്ത സഹോദരങ്ങളാണെന്ന്, ഫ്രാന്‍സീസ് പാപ്പാ, വിശുദ്ധ രണ്ടാം ജോണ്‍പോള്‍ മാര്‍പ്പാപ്പായുടെ ആ മനോഹരമായ പ്രയോഗം ഉദ്ധരിച്ചുകൊണ്ട് പ്രസ്താവിച്ചു. 

     ഞായറാഴ്ച (17/01/16)  പ്രാദേശിക സമയം വൈകുന്നേരം 4 മണിക്ക്, ഇന്ത്യയിലെ സമയം രാത്രി 8.30-ന്, “തേമ്പിയൊ മജ്ജോരെ എന്ന് ഇറ്റാലിയന്‍ ഭാഷയില്‍ അറിയപ്പെടുന്ന, സിനഗോഗില്‍ എത്തിയ പാപ്പായെ സിനഗോഗിന് പുറത്തു വച്ച് റോമിലെ യഹൂദ സമൂഹത്തിന്‍റ പ്രസിഡന്‍റ് ശ്രീമതി റൂത്ത് ദുരെഗേല്ലൊ, ഇറ്റലിയിലെ യഹൂദസമൂഹത്തിന്‍റെ സമിതിയുടെ പ്രസിഡന്‍റ് റെന്‍സൊ ഗത്തേഞ്ഞ ഷൊഹ മ്യൂസിയം ഫൗണ്ടേഷന്‍റെ  പ്രസിഡന്‍റ് മാരിയൊ വെനേത്സിയ എന്നിവര്‍ ചേര്‍ന്നു  സ്വീകരിക്കുകയും പാപ്പാ ഓഷ്വിറ്റ്സ് നാസി തടങ്കല്‍ പാളയത്തിലേക്ക് തടവുകാരായികൊണ്ടു പോകപ്പെട്ട റോമാക്കാരായ യഹൂദരുടെ ഓര്‍മ്മയ്ക്കായി സ്ഥാപിച്ചിട്ടുള്ള ശിലാഫലകത്തിനുമുന്നില്‍ പുഷ്പാഞ്ജലിയര്‍പ്പിക്കുകയും ചെയ്തു. തദ്ദനന്തരം ദേവാലയത്തിനടുത്തേക്കു നീങ്ങിയ പാപ്പായെ അതിനകത്തേക്കു സ്വീകരിച്ചാനയിച്ചത് റോമിലെ മുഖ്യയഹൂദ റബ്ബി റിക്കാര്‍ദൊ ദി സേഞ്ഞി ആയിരുന്നു. അദ്ദേഹത്തിന്‍റെ ക്ഷണപ്രകാരമാരുന്നു പാപ്പായുടെ  ഈ സിനഗോഗ് സന്ദര്‍ശനം.   

     1901 നും 1904 നുമിടയില്‍ റോമിലെ ടൈബര്‍ നദിയുടെ തീരത്തിനടുത്ത് പണി കഴിപ്പിക്കപ്പെട്ട ഈ സിനഗോഗ്, റോമിലെ മുഖ്യ യഹൂദദേവാലയം, ഇതിനുമുമ്പ്   സന്ദര്‍ശിച്ചിട്ടുള്ള പാപ്പാമാര്‍ വിശുദ്ധ ജോണ്‍പോള്‍ രണ്ടാമനും ബെനഡിക്ട്  പതിനാറാമനും ആണ്.








All the contents on this site are copyrighted ©.