2016-01-18 12:49:00

ഫിന്‍ലാന്‍റുകാരായ ലൂതറന്‍ സഭാ പ്രതിനിധികള്‍ വത്തിക്കാനില്‍


       സംഘര്‍ഷങ്ങള്‍ പലപ്പോഴു പിച്ചിച്ചീന്തുന്നതും മതനിരപേക്ഷതയാലും നിസ്സംഗതയാലും മുദ്രിതവുമായ ഒരു ലോകത്തില്‍ യേശുക്രിസ്തുവിനെ ഏറ്റുപറയുന്നതിനായി പരിശ്രമിക്കാനും അങ്ങനെ ഐക്യത്തിന്‍റെ ഉപരി വശ്വാസയോഗ്യരായ സാക്ഷികളും സമാധാനത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും ശില്പികളും ആകാനും ക്രൈസ്തവരെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് മാര്‍പ്പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.

     വാര്‍ഷിക സഭൈക്യ പ്രാര്‍ത്ഥനാവാരത്തിന് തുടക്കം കുറിക്കപ്പെട്ട തിങ്കളാ‌ഴ്ച, (18/01/16) ഫിന്‍ലാന്‍റുകാരായ  ലൂതറന്‍ സഭാ പ്രതിനിധികളെ വത്തിക്കാനില്‍ സ്വീകരിച്ച് സംബോധനചെയ്യുകയായിരുന്നു ഫ്രാന്‍സിസ് പാപ്പാ.

     കത്തോലിക്കരും ലൂതറന്‍ സഭാനുയായികളും തമ്മിലുള്ള സംഭാഷണത്തില്‍ ദൈവവിജ്ഞാനീയ സംബന്ധിയും വിശ്വാസാനുഷ്ഠാനപരവുമായ ചില വിത്യാസങ്ങള്‍ ഇനിയും ഉണ്ടെങ്കില്‍ത്തന്നെയും അത് നമ്മെ നിരുത്സാഹപ്പെടുത്തുകയല്ല മറിച്ച് ഉപരി ഐക്യത്തിലേക്കുള്ള നമ്മുടെ യാത്രയില്‍ മുന്നേറുന്നതിന് നമുക്ക് പ്രചോദനം പകരുകയാണ് വേണ്ടതെന്ന് പാപ്പാ പറഞ്ഞു.

     ലൂതറന്‍ സഭാനുയായികളും ഓര്‍ത്തഡോക്സ്കാരും കത്തോലിക്കരും എന്ന നിലയില്‍ എല്ലാവര്‍ക്കും പൊതുവായുള്ള ഘടകം ലൂതറന്‍ സമൂഹാംഗങ്ങളും കണ്ടെത്തിയിരിക്കുന്നു എന്നതിനുള്ള വാചാലമായ സാക്ഷ്യമാണ് ഈ പ്രതിനിനിധി സംഘത്തിന്‍റെ  ഈഎക്യുമെനിക്കല്‍ തീര്‍ത്ഥാടനമെന്ന് പാപ്പാ പ്രസ്താവിച്ചു.

     വിശുദ്ധ ഹെ൯റിക്കിന്‍റെ തിരുന്നാളിനോടനുബന്ധിച്ചുള്ള ഈ വാര്‍ഷികതീര്‍ത്ഥാടന വേളയില്‍ റോമിന്‍റെ മെത്രാനെ സന്ദര്‍ശിക്കാനെത്തിയ അവര്‍ക്ക് പാപ്പാ സ്വാഗതമോതുകയും ഒപ്പം നന്ദിപറയുകയും ചെയ്തു.

     പ്രകൃതിയെ സംരക്ഷിക്കുന്നതിനുള്ള യത്നങ്ങളില്‍ ലൂതറന്‍ സഭാനുയായികള്‍ പങ്കുചേരുന്നതിലുള്ള തന്‍റെ സംതൃപ്തി അറിയിക്കാനും പാപ്പാ ഈ അവസരം വിനിയോഗിച്ചു.








All the contents on this site are copyrighted ©.