2016-01-14 09:37:00

യഹൂദ സമൂഹവുമായുള്ള പാപ്പായുടെ നേര്‍ക്കാഴ്ച സുഹൃത് സമാനമെന്ന്


റോമിലെ യഹൂദപ്പള്ളിയിലേയ്ക്കുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദര്‍ശനം സുഹൃത് സമാനമാണെന്ന്  സ്ഥലത്തെ യഹൂദാചാര്യന്‍, റിക്കാര്‍ദോ സേഞ്ഞി പ്രസ്താവിച്ചു. ജനുവരി 17-ാം തിയതി ഞായറാഴ്ചയാണ് റോമിലെ പുരാതനമായ തേംപിയെ മജോരെ യഹൂദപ്പള്ളി പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിക്കുന്നത്.

സന്ദര്‍ശനം ചരിത്രപരവും അന്യൂനവുമാണെങ്കിലും അത് ദൈവശാസ്ത്രസംവാദത്തിന്‍റെയോ മതാന്തരസംവാദത്തിന്‍റെയോ പാതയിലല്ലെന്നും, മറിച്ച് സുഹൃത്ബന്ധത്തിന്‍റെ ശൈലിയിലുള്ളതായിരിക്കുമെന്നു വത്തിക്കാന്‍ റോഡിയോയ്ക്കു നല്കിയ അഭിമുഖത്തില്‍  റോമിലെ യഹൂദസമൂഹത്തിനു ഇപ്പോള്‍ നേതൃത്വംനല്ക്കുന്ന സേഞ്ഞി വ്യക്തമാക്കി.

മതവൈവിധ്യങ്ങള്‍ സമൂഹത്തിന്‍റെ അടിസ്ഥാന സ്വാഭാവമാണ്. എങ്കിലും ലോകസമാധാനത്തിന്‍റെയും പുരോഗതിയുടെയും പാതയില്‍ മാനവികതയുടെ ഐക്യദാര്‍ഢ്യത്തിന്‍റെയും കൂട്ടായ്മയുടെയും മാര്‍ഗ്ഗങ്ങള്‍ തെളിയിക്കുവാന്‍ പാപ്പായുടെ സന്ദര്‍ശനം സഹായകമാകുമെന്നും സേഞ്ഞി അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.

കുടിയേറ്റപ്രതിഭാസം ഭീതിദമായി ഉയരുന്ന ഇക്കാലഘട്ടത്തില്‍ ക്രൈസ്തവ യഹുദമതങ്ങള്‍ക്ക് സഹവര്‍ത്തിത്വത്തിന്‍റെയും കൂട്ടായ്മയുടെയും സമഗ്രമായ മാതൃക കാണിച്ചുകൊടുക്കാവാന്‍ പാപ്പായുടെ സൗഹൃദസാന്നിദ്ധ്യം പ്രചോദനമാകും. സമാധാനത്തിന്‍റെയും പരസ്പരാദരവിന്‍റെയും സന്ദേശം ഇന്നത്തെ ലോകത്തിനു പകര്‍ന്നുനല്‍കുവാനും പങ്കുവയ്ക്കുവാനും റോമിലെ യഹൂദസമൂഹത്തിലേയ്ക്കുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദര്‍ശനം സഹായകമാകുമെന്ന് സേഞ്ഞി ‌പ്രത്യാശപ്രകടിപ്പിച്ചു.








All the contents on this site are copyrighted ©.