2016-01-11 11:21:00

സമാധാനയത്നം പരിശുദ്ധസിംഹാസനം നയതന്ത്രതലത്തില്‍ നിരന്തരം തുടരും


       സമാധാനത്തിന്‍റെ സ്വനം ഭൂമിയുടെ അതിരുകള്‍വരെ ശ്രവിക്കപ്പെടുന്നതിനുള്ള നയതന്ത്രതല യത്നങ്ങള്‍ പരിശുദ്ധസിംഹാസാനം ഒരിക്കലും അവസാനിപ്പിക്കില്ല യെന്ന് മാര്‍പ്പാപ്പാ.

     ലോകരാഷ്ട്രങ്ങള്‍ പരിശുദ്ധസിംഹാസനത്തിനു വേണ്ടി നിയമിച്ചിട്ടുള്ള നതന്ത്രപ്ര തിനിനിധികളെ, പതിവുപോലെ, പുതുവത്സരാശംസകള്‍ നേരുന്നതിന്, തിങ്കളാഴ്ച, വത്തിക്കാനില്‍ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

     നിരവധി ഹൃദയങ്ങളില്‍ കുടിയേറിയിരിക്കുന്ന തണുപ്പന്‍ നിസ്സംഗതയെ കാരുണ്യത്തിന്‍റെ ഊഷ്മളതകൊണ്ട് ജിയിക്കുന്നതിനുള്ള സവിശേഷാവസരമാകട്ടെ കരുണയുടെ ഈ ജൂബിലി വര്‍ഷമെന്ന് പാപ്പാ ആശംസിക്കുകയും ചെയ്യുന്നു.

     ഭിന്നമതവിശ്വാസികള്‍   തമ്മിലുള്ള സമാധാനപരമായ സഹജീവനം സാധ്യമാണെന്ന് കാണിക്കാനുതകുന്ന അന്താരാഷ്ട്രധാരണകളുള്‍പ്പടെ അനേകം ശുഭോദര്‍ക്കമായ അടയാളങ്ങള്‍ കടന്നുപോയ വര്‍ഷത്തില്‍ ഉണ്ടായത് പാപ്പാ അനുസ്മരിച്ചു.

     സാമൂഹ്യപുരോഗതിയെപ്പറ്റി പരാമര്‍ശിക്കവെ, പാപ്പാ, കാരുണ്യത്തിന്‍റെ പ്രഥമവും പ്രധാനവുമായ വിദ്യാലയമായ കുടുംബത്തില്‍ അതീവശ്രദ്ധ ചെലുത്തേണ്ടതിന്‍റെ അനിവാര്യത ചൂണ്ടിക്കാട്ടി. കുടുംബത്തില്‍ സാഹോദര്യ ത്തിന്‍റെ അഭാവമുണ്ടായാല്‍ സമൂഹത്തില്‍ ഐക്യദാര്‍ഢ്യമുണ്ടാകില്ലയെന്ന് പാപ്പാ വിശദീകരിച്ചു.

     കുടിയേറ്റക്കാരുടെ സഹനങ്ങളെക്കുറിച്ചും പാപ്പാ സൂചിപ്പിച്ചു. യുറോപ്പിലും ഏഷ്യയിലും അമേരിക്കയിലും ഇന്നു കുടിയേറ്റം ഉയര്‍ത്തിയിരിക്കുന്ന അടിയന്തര പ്രശ്നങ്ങളെക്കുറിച്ച് പാപ്പാ ബൈബിളിള്‍ സംഭവങ്ങളുമായി ബന്ധപ്പെടുത്തി സംസാരിച്ചു.

     വലിച്ചെറിയല്‍ സംസ്ക്കാരത്തിന്‍റെയും ശക്തരുടെ ഔദ്ധത്യത്തിന്‍റെയും ഫലമാണ് നരകുലത്തിലെ ഏറ്റം ബലഹീനവിഭാഗത്തിന്‍റെ ദുരന്തങ്ങള്‍ എന്ന് പാപ്പാ കുറ്റ പ്പെടുത്തി.

     അധികൃതമായി കുടിയേറുക അസാധ്യമായി വരുമ്പോള്‍ ജനങ്ങള്‍ മനുഷ്യക്കട ത്തുകാരെ സമീപിക്കാന്‍ നിര്‍ബന്ധിതരായിത്തീരുന്ന അവസ്ഥ സംജാതമാകുന്നു വെന്നു വിശദീകരിക്കുന്ന പാപ്പാ ഈ മനുഷ്യക്കടത്ത് തടയുന്നിന് ലോകനേതാക്കളെ ആഹ്വാനം ചെയ്യുന്നു.

     ഗള്‍ഫ് പ്രദേശത്തെ സംഘര്‍ഷാവസ്ഥ, ഉത്തരകൊറിയ ഉയര്‍ത്തുന്ന ആണവ ഭീഷണി, അന്താരാഷ്ട്ര ഭീകരപ്രവര്‍ത്തനം, മദ്ധ്യപൂര്‍വ്വദേശത്ത് അനന്തമായി നീളുന്ന സംഘര്‍ഷങ്ങള്‍ എന്നിവയെപ്പറ്റി അനുസ്മരിക്കുന്ന പാപ്പാ സമാധാനത്തിനു നേര്‍ക്കുയരുന്ന സകല വെല്ലുവിളികളെയും ജയിക്കുന്നതിന് നിസ്സംഗതയെ തിരസ്ക്കരിക്കുകയാണ് ഏകമാര്‍ഗ്ഗമെന്ന് ഉദ്ബോധിപ്പിക്കുന്നു.

     180 നാടുകള്‍ പരിശുദ്ധസിംഹാസനവുമായി നയതന്ത്രബന്ധം പുലര്‍ത്തുന്നുണ്ട്. കടാതെ യൂറോപ്യന്‍ സമിതി, സോവെറിന്‍ മിലിട്ടറി ഓര്‍ഡര്‍ ഓഫ് മാള്‍ട്ട, പലസ്തീന്‍ രാഷ്ട്രത്തിന്‍റെ സ്ഥിരസമിതി, ഐക്യരാഷ്ട്ര സഭ തുടങ്ങിയവയുമായും  പരിശുദ്ധസിംഹാനത്തിന് നയതന്ത്രപരമായ പ്രത്യേക ബന്ധമുണ്ട്.








All the contents on this site are copyrighted ©.