2016-01-09 14:35:00

ജീവിതത്തിലെ പിതൃസ്നേഹത്തിന്‍റെ ആത്മീയ നിറവ് - ജ്ഞാനസ്നാനം


വിശുദ്ധ ലൂക്കായുടെ സുവിശേഷം..3, 15-16, 21-22.

പ്രതീക്ഷയോടെയിരുന്ന ജനമെല്ലാം ഇവന്‍ തന്നെയോ ക്രിസ്തു എന്നു  യോഹന്നാനെപ്പറ്റി ചിന്തിച്ചു തുടങ്ങി. യോഹന്നാന്‍ അവരോടു പറഞ്ഞു. ഞാന്‍ ജലംകൊണ്ടു സ്നാനം നല്‍കുന്നു. എന്നാല്‍ എന്നെക്കാള്‍ ശക്തനായ ഒരുവന്‍ വരുന്നു. അവന്‍റെ ചെരിപ്പിന്‍റെ കെട്ട് അഴിക്കാന്‍പോലും ഞാന്‍ യോഗ്യനല്ല്. അവന്‍ പരിശുദ്ധാത്മാവിനാലും അഗ്നിയാലും നിങ്ങള്‍ക്കു സ്നാനം നല്ക്കും. ....  ജനം സ്നാനം സ്വീകരിച്ചുകൊണ്ടിരിക്കുമ്പോള്‍ യേശുവും വന്ന്  യോഹന്നാനില്‍നിന്നു സ്നാനമേറ്റു. അവിടുന്നു പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ സ്വര്‍ഗ്ഗം തുറക്കപ്പെട്ടു. പരിശുദ്ധാത്മാവ് പ്രാവിന്‍റെ രൂപത്തില്‍ അവിടുത്തെമേല്‍ ഇറങ്ങിവന്നു. സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരു സ്വരവും ഉണ്ടായി. നീ എന്‍റെ പ്രിയ പുത്രന്‍, നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു.

ഈശോയുടെ ജ്ഞാനസ്നാനമാണ് ഇന്നത്തെ സുവിശേത്തിന്‍റെ വിഷയം. ശരിക്കു പറഞ്ഞാല്‍ ലൂക്കോസും മര്‍ക്കോസും മത്തായിയും തങ്ങളുടെ അവതരണത്തില്‍..., സുവിശേഷക്കഥയില്‍... ഈശോയുടെ കഥ പറയുന്നതിന്‍റെ മര്‍മ്മമായിട്ട് കൊണ്ടുവയ്ക്കുന്നത് ക്രിസ്തുവിന്‍റെ ജ്ഞാനസ്നാനമാണ്. അത് ഏറ്റവും വ്യക്തമാകുന്നത് ഏറ്റവും പഴയ സുവിശേഷമായ മര്‍ക്കോസിലാണ്. കാരണം ഈശോയുടെ ഈ സുവിശേഷത്തിലേയ്ക്ക് കടന്നുവരുന്നതുതന്നെ ഈ ആദ്യ അനുഭവത്തോടെയാണ്. ജ്ഞാനസ്നാനം.... അതായത്. ക്രിസ്തുവിന്‍റെ പിന്നീടുള്ള ജീവിതത്തിലെ എല്ലാ പ്രവൃത്തികളുടേയും, എല്ലാ സംസാരത്തിന്‍റെയും, മൊത്തം ജീവിതത്തിന്‍റെയും, മരണത്തിന്‍റെയും... മരണത്തിനും അപ്പുറത്തേയ്ക്കുള്ള കടന്നുപോകലിന്‍റെയും അടിസ്ഥാനമായിട്ടു നില്ക്കുന്ന അനുഭവമാണ് അദ്ദേഹത്തിന്‍റെ സ്നാനത്തില്‍ കിട്ടിയത്. അത് എന്താണെന്നു ചോദിച്ചാല്‍? ‘നീ എന്‍റെ പ്രിയ പുത്രന്‍!’  ഇതാണ് സ്നാനത്തിന്‍റെ ചുക്കം. അതായത് ഈശോയ്ക്ക് വ്യക്തിപരമായിട്ടു കിട്ടിയ അനുഭവം! മര്‍ക്കോസ് പറയുന്നതനുസരിച്ച് ആത്മാവ് തന്‍റെ ഉള്ളിലേയ്ക്ക് ഇറങ്ങിവരുന്നത്.. അവിടുന്നു കണ്ടു. ഈശോ കണ്ടു. ഒപ്പം അവന്‍ കേട്ടു, “നീ എന്‍റെ പ്രിയപുത്രന്‍ നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു.” യേശുവിനു കിട്ടുന്നൊരു ദര്‍ശനം, യേശുവിനു കിട്ടുന്നൊരു ശ്രവണം. അവിടുന്നു കാണുന്നു, അവിടുന്നു കേള്‍ക്കുന്നു. അതിന്‍റെ ചുരുക്കമെന്താ? നീ എന്‍റെ പ്രിയ പുത്രന്‍!

ദൈവം തന്നോടു വ്യക്തിപരമായിട്ടു പറയുകയും. കാണിച്ചുതരുകയും ചെയ്യുന്നു. നീ ദൈവപുത്രനാണ്. അതാണ് ഈശോയ്ക്കു കിട്ടിയ അനുഭവം. അതായത്, അതിന്‍റെ മറുവശം... ദൈവം എന്‍റെ അപ്പനാണ്, പിതാവാണ്. ഇതാണ് മൊത്തം ഈശോയുടെ ജീവിതത്തിന്‍റെ ജീവന്‍റെയും മരണത്തിന്‍റെയും അടിസ്ഥാനമായിട്ടു നില്ക്കുന്നത് - ഞാന്‍ തമ്പുരാന്‍റെ മകനാണ്. ദൈവത്തിന്‍റെ മകനാണ്. ദൈവം എന്‍റെ പിതാവാണ് എന്ന അനുഭവം! ശരിക്കു പറഞ്ഞാന്‍ ക്രിസ്തീയ വിശ്വാസത്തിന്‍റെതന്നെ അടിസ്ഥാനമിതാണ്. ക്രിസ്തു ദൈവപുത്രനാണ്. ഈശോ ദൈവപുത്രനാണ്. അതാണ് നമ്മുടെ വിശ്വാസത്തിന്‍റെ അടിസ്ഥാനം. മറ്റു പലര്‍ക്കും സ്വീകരിക്കുവാനും അംഗീകരിക്കുവാനും പറ്റാത്ത ഘടകവും ഇതാണ്. യേശു എന്നു പറയുന്ന മനുഷ്യന്‍ ദൈവത്തിന്‍റെ പുത്രനാണ്. ശരിക്കു പറഞ്ഞാല്‍ ഇങ്ങനെ ക്രിസ്തുവില്‍ വിശ്വസിക്കുന്നവന് ഉണ്ടാകുന്ന - വിശ്വസിക്കുന്നവനോ, വിശ്വസിക്കുന്നവള്‍ക്കോ ഉണ്ടാകേണ്ട പരിണിതഫലമാണ് ഞാനും ദൈവത്തിന്‍റെ മകനാണ്, ഞാനും ദൈവത്തിന്‍റെ മകളാണ്. ക്രിസ്തു ദൈവത്തിന്‍റെ മകനാണെങ്കില്‍ ഞാനും ദൈവത്തിന്‍റെ മകനാണ്, മകളാണ്. ഈ അനുഭവത്തില്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നന്‍ മാത്രമേ ക്രിസ്തുവിന്‍റെ ശിഷ്യനാകുന്നുള്ളൂ, ക്രിസ്തുവിന്‍റെ ശിഷ്യയാകുന്നുള്ളൂ.... ക്രിസ്ത്യാനിയാകുക എന്നു പറഞ്ഞാല്‍ ഈ വിശ്വാസത്തിലേയ്ക്കും, അനുഭവത്തിലേയ്ക്കും വരിക എന്നാണ്. പിന്നെ ഈ അനുഭവം സ്വായത്തമാക്കുക എന്നാണ്. ഞാന്‍ ദൈവത്തിന്‍റെ മകനാണ് മകളാണ് എന്ന അനുഭവം!

പാപ്പാ ഫ്രാന്‍സിസ് രണ്ടുവര്‍ഷംമുന്‍പ്.. അദ്ദേഹത്തിന്‍റെ തുടക്കകാലത്താണ് അവിടെ വത്തിക്കാനില്‍ ഒരുമിച്ചു കൂടിയ ആളുകളോടു പ്രാര്‍ത്ഥനയെക്കുറിച്ചാണ് സംസാരിച്ചത്. പാപ്പാ പറഞ്ഞു, പ്രാര്‍ത്ഥന എന്നു പറഞ്ഞാല്‍ വളരെ ലളിതമായ കാര്യമാണ്. പ്രാര്‍ത്ഥിക്കുക എന്നു പറഞ്ഞാല്‍, നാം തമ്പുരാനെ ഇങ്ങനെ നോക്കി, ദൈവത്തെ നോക്കി ഇരിക്കുന്നതാണ്. എന്നിട്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞാന്‍ ഇങ്ങനെ നോക്കിയിരുന്നു പലപ്പോഴും പ്രാര്‍ത്ഥിക്കാറുണ്ട്. എന്നിട്ട് അദ്ദേഹം പറഞ്ഞു. ഞാന്‍ ഇങ്ങനെ തമ്പുരാനെ നോക്കിക്കൊണ്ട് ഇരിക്കുമ്പോള്‍... ചിലപ്പോഴൊക്കെ ഞാന്‍ ഉറങ്ങിപ്പോകാറുണ്ട്. ആര്? മാര്‍പാപ്പാ... മാര്‍പാപ്പ പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ഉറങ്ങുന്നു. ഒന്നു ഓര്‍ത്തു നോക്കിയേ!? അങ്ങനെയെങ്കില്‍പ്പിന്നെ ബാക്കി സാധാരണക്കാരുടെ കാര്യം പറയാനുണ്ടോ. നമ്മുടെയൊക്കെ കാര്യം, ശരിക്കു പറഞ്ഞാല്‍ ഒന്ന് ആലോചിച്ചു നോക്കിയേ... ക്രൈസ്തവപാരമ്പര്യത്തില്‍‍ പ്രാര്‍ത്ഥനയ്ക്കിടയില്‍ ഏറ്റവും ആദ്യം ഉറങ്ങിയത് ആരാണ്? കൃത്യമായിട്ട് സുവിശേഷം പറയുന്നുണ്ട് ആദ്യമായിട്ട് പ്രാര്‍ത്ഥനയ്ക്കിടയില്‍‍ ഉറങ്ങിയത് പത്രോശ്ലീഹയാണ്... ഒന്നാമത്തെ മാര്‍പാപ്പാ!! അരമണിക്കുറെങ്കിലും ഉണര്‍ന്നിരുന്ന പ്രാര്‍ത്ഥിക്കെടാ.. എന്നു ക്രിസ്തു പറഞ്ഞ് ഇങ്ങോട്ടു മാറിയില്ല ഉടനെ കേള്‍ക്കുകയാണ് പത്രോസിന്‍റെ കൂര്‍ക്കംവലി! പത്രോസിന്‍റെ പ്രായം അതാണ് ഉറക്കത്തില്‍ കൂര്‍ക്കംവലി!! ഒന്നാമത്തെ മാര്‍പാപ്പാ ഇതാ, പ്രാര്‍ത്ഥനയ്ക്കിടയില്‍ ഉറങ്ങുന്നു. പിന്നീട് ഇങ്ങോട്ട് ചരിത്രത്തില്‍ മാര്‍പാപ്പാമാര്‍ എല്ലാവരും പ്രാര്‍ത്ഥനയക്കിടയില്‍ ഉറങ്ങിയിട്ടുണ്ടായിരിക്കണം. തീര്‍ച്ച! എന്നാല്‍ അത് ആദ്യമായിട്ട് തുറന്നു പറയുന്ന മനുഷ്യന്‍ പാപ്പാ ഫ്രാന്‍സിസാണ്!!

പ്രാര്‍ത്ഥിക്കുക, എന്നു പറയുന്നത് തമ്പുരാനെ നോക്കിയിരിക്കുന്നതാണ്. ഞാനിങ്ങനെ നോക്കിയിരുന്നു പ്രാര്‍ത്ഥിക്കാറുണ്ട്. നോക്കിയിരുന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ ഉറങ്ങിപ്പോകാറുണ്ട്. എന്നിട്ടിങ്ങനെ കൂട്ടിച്ചേര്‍ത്തു. നമ്മള്‍ നോക്കിയിരിക്കുന്നതോ ഉറങ്ങിപ്പോകുന്നതോ അല്ല പ്രധാന്യം!! പ്രധാനപ്പെട്ട കാര്യം പ്രാര്‍ത്ഥനയില്‍ തമ്പുരാന്‍ നമ്മെ നോക്കി, നോക്കി, നോക്കിക്കൊണ്ടിരിക്കും എന്നതാണ്. And I am aware of it.  തമ്പുരാന്‍ എന്നെ നോക്കിക്കൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവ് വളരെ പ്രധാനപ്പെട്ടതാണ്. നാം എപ്പോഴും തമ്പുരാന്‍റെ കണ്‍വെട്ടത്താണ്. നാം എപ്പോഴും തമ്പുരാന്‍റെ കരവലയത്തിനുള്ളിലാണ്. ഈ അനുഭവമാണ് പ്രാര്‍ത്ഥന. ഞാന്‍ ദൈവത്തിന്‍റെ മകനാണ്, മകളാണ് എന്ന അനുഭവത്തിന്‍റെ പ്രായോഗിക വശമാണിത്. ദൈവം എന്‍റെ പിതാവാണെങ്കില്‍ അവിടുന്നെന്നെ നോക്കിക്കൊള്ളും. എന്ന് ഈശോതന്നെ പറഞ്ഞിട്ടില്ലേ. നിങ്ങളുടെ തലയിലെ മുടിനാരുപോലും എണ്ണപ്പെട്ടിരിക്കുന്നു. അങ്ങനെ ചെയ്യുന്നൊരു പിതാവുണ്ടെങ്കില്‍ പിന്നെന്തിന് ആകുലപ്പെടുന്നു? നിന്‍റെ തലയിലെ തലമുടിനാരുകള്‍ പോലും എണ്ണപ്പെട്ടിരിക്കുന്നു എന്നുവച്ചാല്‍.....പിതാവ്, ദൈവം അവയെല്ലാം എണ്ണിയിരിക്കുന്നൂ.. അവിടുന്നെല്ലാം അറിയുന്നു എന്നാണ്. അത്രയ്ക്ക് വിശദമായിട്ട് നിന്‍റെ ജീവിതത്തിന്‍റെ വിശദാംശങ്ങള്‍ നോക്കുന്നൊരു അപ്പനുണ്ട്. നമ്മെക്കുറിച്ച് സദാ അന്വേഷിക്കുന്നവാനാണ് ഈ പിതാവെങ്കില്‍ പിന്നെന്തിന് ജീവിതത്തെക്കുറിച്ച് ആകുലപ്പെടുന്നു!?

ഈശോയുടെ ജ്ഞാനസ്നാനത്തിരുനാള്‍ നമ്മോടു പറയുന്നത്, ഞാന്‍ ദൈവത്തിന്‍റെ മകനോ മകളോ ആണെന്നുള്ള അനുഭവം ജീവിതത്തിന്‍റെ അടിസ്ഥാനാനുഭവമാണെന്നാണ്. അതിലൂടെ ഈശോ എന്നോടു പറയുന്നത് മകനേ, നീ തിരിച്ചറിയുക... നിനക്ക് തമ്പുരാന്‍ പിതാവാണ്. നീ ദൈവത്തിന്‍റെ മകനാണ്, മകളാണ്!

ഞാന്‍ കുട്ടികളോടു പറയാറുള്ളൊരു കഥയുണ്ട്. ടോമി, അവന്‍ ആളു മിടുക്കാനാ! മൂന്നാലഞ്ചു വയസ്സു പ്രായം കാണും. ആളു സ്മാര്‍ട്ടാ! അവന്‍റെ അപ്പനെക്കാളും സ്മാര്‍ട്ടാണ്. അതു സ്വാഭാവികമാണ്. കാരണം, ഓരോ തലമുറയും മുന്നോട്ട്, മുന്നോട്ടു തന്നെ പോകണം. പക്ഷെ ഇവനൊരു ചെറിയ കുഴപ്പമുണ്ട്. അലുവ ഇവന് വളരെ ഇഷ്ടമാണ്. അവന്‍റെ അമ്മ ഇവന് അലുവ ഉണ്ടാക്കിക്കൊടുക്കുന്നതും പതിവാണ്. എന്നാല്‍ അലുവയുണ്ടാക്കി എവിടെവച്ചാലും അവന്‍ അത് കട്ടെടുക്കും! അവന്‍ അത് അടിച്ചുമാറ്റും.

ഒരു ദിവസം അവന്‍ അലുവ മോഷ്ടിച്ചുകൊണ്ടിരിക്കുമ്പോള്‍ അമ്മ കണ്ടു. അവനെ തൊണ്ടി സഹിതം പിടിച്ചു. മമ്മി അവനെ തൊണ്ടിസഹിതം പിടിച്ചു. തൊണ്ടിസഹിതം പിടിച്ചാപ്പിന്നെ എന്നാ ചെയ്യാന്‍ പറ്റും? ഒന്നും ചെയ്യാനില്ല. അടിയറവു പറയാനേ പറ്റു. അമ്മ വളരെ നല്ല സ്ത്രീയായിരുന്നു. അതിനാല്‍ അവനെയൊന്നു നന്നാക്കിയേക്കാമെന്നു വിചാരിച്ചു. ചോദിച്ചു. മോനേ, ടോമീ, നീ അലുവ കട്ടെടുത്തോ? അവന്‍ സമ്മതിച്ചു. അതേ, മമ്മി ഞാന്‍ അലുവ കട്ടെടുത്തു. മോനേ, നീ എത്ര കഷണം മോഷ്ടിച്ചു. മമ്മീ ഞാന്‍ രണ്ടു കഷണം മോഷ്ടിച്ചു. അവന്‍ സത്യസന്ധമായിട്ട് ഉത്തരം പറയുന്നുണ്ട്. ആട്ടേ, മോന്‍ അലുവ മോഷ്ടിച്ചപ്പോള്‍ അവിടെ ഈശോ ഉണ്ടായിരുന്നോ? അവന്‍ പറഞ്ഞു. മമ്മീ, അവിടെ ഈശോ ഉണ്ടായിരുന്നു. മോന്‍ അലുവ എടുക്കുന്നത് ഈശോ കണ്ടോ? ആ... അത് ഈശോ കണ്ടൂ! മോന്‍ അലുവ കട്ടെടുത്തുകൊണ്ടിരിക്കുമ്പം, ഈശോ കണ്ടുകൊണ്ടിരിക്കുമ്പം.... മോനോട് എന്നാ ഈശോ പറഞ്ഞേ...? പിന്നെ അവന്‍ ആലോചിച്ചിട്ടാ ഉത്തരം പറഞ്ഞത്. ഈശോ എന്നോടു പറഞ്ഞൂ മമ്മീ... നീ എടുത്തോ, അലുവ എടുത്തോ. പിന്നെ എടുക്കുമ്പം നീ ഒരു കാര്യംകൂടി ശ്രദ്ധിക്കണം. ടോമീ... നീ രണ്ടു കഷണം എടുക്കണം. ഒന്ന് നിനക്ക്. രണ്ടാമത്തേത് എനിക്ക്! നോക്കണേ! അല്ലെങ്കില്‍ അവന്‍ ഒരു കഷണം മാത്രമേ എടുക്കൂള്ളായിരുന്നു. ഇതാ, ഒന്ന് ഈശോയ്ക്കുവേണ്ടിയും എടുക്കേണ്ടി വന്നിരിക്കുന്നു.

കുട്ടികള്‍ക്കുവേണ്ടി കഥ പറഞ്ഞിട്ട്, പ്രത്യേകം എടുത്തു പറയാറുണ്ട്. നിങ്ങള്‍ എവിടെയായിരുന്നാലും. സ്ക്കൂളിലോ, വീട്ടിലോ, കളിസ്ഥലത്തോ എവിടെയായിരുന്നാലും. അവിടെല്ലാം ഈശോയുണ്ട്! അവിടെ ഈശോയുണ്ട്. ദൈവമുണ്ട്. ദൈവം നമ്മുടെ പിതാവാകയാല്‍.. അവിടുത്തെ കണ്‍വെട്ടത്തിലാണ് നാം ജീവിക്കേണ്ടത്. അവിടുത്തെ പരിപാലനയുടെ കരവലയത്തിലാണ് നാം എപ്പോഴും ചരിക്കുന്നത്. ഈ അനുഭവമാണ് ക്രിസ്തീയ വിശ്വാസത്തിന്‍റെ അടിസ്ഥാനം. നാം ദൈവസന്നിധിയിലാണ്, അവിടുത്തെ മക്കള്‍ – മകനും മകളും അവിടുത്തെ പരിപാലനയിലാണ് ജീവിക്കുന്നത് എന്ന സത്യം. ഇത് പ്രായോഗികമാക്കാന്‍ കുട്ടികളുടെ കുര്‍ബ്ബാനയില്‍ അവരെ അനുസ്മരിപ്പിക്കാറുണ്ട്. ദൈവം നമ്മുടെ പിതാവാണ്. പരിപാലിക്കുന്ന അപ്പനാണ് എന്ന ഓര്‍മ്മ മനസ്സില്‍ സദാ നിലനിര്‍ത്തുവാന്‍ വേണ്ടി ഒരു സുകൃതജപം കുട്ടികള്‍ക്കു പറഞ്ഞു കൊടുക്കാറുണ്ട്. മൂന്നു പ്രാവശ്യം ചൊല്ലണമെന്നാം ഞാന്‍ പറയാറുള്ളൂ. അതിതാണ്, ഈശോ എന്‍റെ കൂടെയുണ്ട്! രാവിലെ കണ്ണുതുറക്കുമ്പഴേ കുട്ടികള്‍ പറയണം. ഈശോ എന്‍റെ കൂടെയുണ്ട്. കൂടയുണ്ട്, കൂടെയുണ്ട്. ഈശോ എന്നുമെന്‍റെ കൂടെയുണ്ട്!! ഇത് വൈകുന്നേരം കിടക്കുന്നതിനു മുന്‍പും പറയാവുന്നതാണ്. അതിലൂടെ സംഭവിക്കുന്നതെന്താണ്? തമ്പുരാന്‍ കൂടെയുണ്ടെന്നുള്ള അനുഭവം, വിശ്വാസം നമ്മിള്‍ ആഴപ്പെടുന്നു. ഇതായിരുന്നു ഈശോയുടെ ജീവിതത്തില്‍ ഉടനീളം ഉണ്ടായിരുന്നത്. അതുകൊണ്ടാണ് ജീവിതത്തിന്‍റെ ഏറ്റവും വലിയ പ്രതിസന്ധിയായ മരണം വന്നു മുന്നില്‍ നിലക്കുമ്പോള്‍... ഗദ്സെമിന്‍ തോട്ടത്തില്‍വച്ച് അവിടുന്ന് ഇങ്ങനെ പ്രാര്‍ത്ഥിക്കുന്നത്. ആബാ, പിതാവേ... എന്‍റെപ്പാ..., എന്നുള്ള വിളിയോടെയാണ്. ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ ഇതാ, കൂടെയുള്ള പിതൃസാന്നിദ്ധ്യത്തിലേയ്ക്കാണ് ഹൃദയവും കരവും ഉയരേണ്ടത്. നമുക്കും ഈ അനുഭവമാണ് ഈശോ വച്ചുനീട്ടുന്നത്. ദൈവം എന്‍റെ പിതാവാണ് എന്ന അനുഭവം!

ഒരിക്കല്‍.. ഇക്കാര്യമൊക്കെ കുട്ടികളോടും പറഞ്ഞശേഷം പ്രത്യേകം  അവരോടു പറഞ്ഞു. രാവിലെയും വൈകുന്നേരവും “ഈശോ എന്‍റെ കൂടെയുണ്ട്…” എന്ന സുകൃതജപം ചൊല്ലണമെന്നൊക്കെ പറഞ്ഞുകൊടുത്തു. അവരെ അക്ഷരാര്‍ത്ഥത്തില്‍ പഠിപ്പിച്ചു. പിന്നെ പ്രസംഗം തീര്‍ന്നപ്പോള്‍... പറഞ്ഞകാര്യം അവര്‍ ചെയ്യുമോ, പ്രസംഗം വിജയിച്ചോ എന്നറിയാന്‍ വേണ്ടി കുട്ടികളോട് ഒരു ചെറിയ ചോദ്യം ചോദിച്ചു. അപ്പോള്‍ ഈശോ ആരുടെ കൂടെയുണ്ട്? അപ്പോള്‍ ഒരു ഒന്നാം ക്ലാസ്സുകാരന്‍ കൈപൊക്കിയിട്ടു പറഞ്ഞു... ഈശോ അച്ചന്‍റെ കൂടെയുണ്ട്!... എങ്ങനെയുണ്ട്!?  ശരിയാണ്, തമ്പുരാന്‍ നമ്മുടെ കൂടെയുണ്ട്. കാരണം അവി‌ടുന്നു നമ്മുടെ അപ്പനാണ്, പിതാവാണ്. അതുകൊണ്ടുതന്നെ എന്‍റെ ജീവിതത്തിന്‍റെ എല്ലാ വിശദാംശങ്ങളും അവര്‍ അറിയുകയും പരിപാലിക്കുകയും ചെയ്യുന്നു. ഈ അനുഭവത്തിലായിരുന്നു ഈശോയുടെ ജീവിതം രക്ഷാകരമായി മാറിയത്. ഈ അനുഭവമാണ് ക്രിസ്തു നമ്മുടെ ജീവിതത്തിലേയ്ക്ക് പകര്‍ന്നുതരുന്ന ക്രിസ്തീയ വിശ്വാസത്തിന്‍റെ ആത്മാവ്, അടിസ്ഥാന ശില.

നമുക്ക് പ്രാര്‍ത്ഥിക്കാം... നാഥാ, നിനക്കുണ്ടായ ആ വലിയ അനുഭവം. അവിടുന്ന് ദൈവത്തിന്‍റെ പുത്രനാണ്. അതിനാല്‍ ദൈവം നിന്‍റെ പിതാവാണ് എന്ന അനുഭവം അങ്ങ് ഞങ്ങളിലേയ്ക്ക് വച്ചുനീട്ടുന്നു..., നമുക്കായി പകര്‍ന്നുനല്‍കുന്നു, ഈശോയെ സ്വീകരിക്കുന്നു. നിന്‍റെ വലിയ ദൈവാനുഭവത്തിലേയ്ക്ക് വളരാന്‍ യേശുവേ, ഞങ്ങളെ അങ്ങ് സഹായിക്കണമേ! അങ്ങയുടെ വലിയ ആബാ...അനുഭവത്തിലേയ്ക്ക്... പിതൃസ്നേഹത്തിന്‍റെ അനുഭവത്തില്‍ വളരാന്‍ ഞങ്ങളെ അങ്ങ് അനുഗ്രഹിക്കണേ, ഈശോയേ... ഞാന്‍ ദൈവത്തിന്‍റെ മകനാണ്, മകളാണ് എന്ന അനുഭവം എന്നില്‍ ആഴപ്പെടുത്തണമേ, എന്നാണ് നാം പ്രാര്‍ത്ഥിക്കുന്നത്. അതിലൂടെ ഞാന്‍ ഇനിമുതല്‍ ദൈവത്തിന്‍റെ മകനും മകളുമാണ് എന്ന അടിസ്ഥാനബോദ്ധ്യത്തില്‍ ഞങ്ങളെ വളര്‍ത്തണമേ! അങ്ങനെ ഞങ്ങളും അങ്ങെ ശിഷനായി ശിഷ്യയായി ജീവിക്കുവാനുള്ള വലിയ കൃപ ഞങ്ങള്‍ക്കു തരണമേ.... ആമ്മേന്‍.!

 








All the contents on this site are copyrighted ©.