2016-01-09 11:29:00

കേരളത്തില്‍ മാതൃകാപരമായ ജീവകാരുണ്യപ്രവര്‍ത്തന പദ്ധതികള്‍


    കേരളത്തില്‍,  ജാതിമതഭേദമന്യേ, കുടുംബങ്ങളും വ്യക്തികളും, ദൈവാനുഭവത്താലും സനാതന മൂല്യങ്ങളാലും പ്രചോദിതരായി , കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ഒരു മാതൃകയാണെന്ന് കേരളത്തിലെ കത്തോലിക്കാമെത്രാന്‍സംഘത്തിന്‍റെ, KCBC-യുടെ ഡെപ്യൂട്ടി സെക്ര ട്ടറി ജനറല്‍ ഫാദര്‍ വര്‍ഗ്ഗീസ് വള്ളിക്കാട്ട് ശ്ലാഘിക്കുന്നു.

     കെസിബിസിയുടെ കീഴില്‍ ജീവനുവേണ്ടി പ്രവര്‍ത്തിക്കുന്ന പ്രോ ലൈഫ് സമിതി യുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കാരുണ്യ കേരളയാത്രയുടെ സംസ്ഥാനതല നേതൃ സമ്മേളനം പാലാരിവട്ടം പഒസിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

     കേരളത്തില്‍ സ്ഥാപനവത്ക്കരിക്കപ്പെടാത്ത നിരവധി ജീവകാരുണ്യപ്രവര്‍ത്തന പദ്ധതികളും വ്യക്തികളും ഉണ്ടെന്നും അത് സഭയുടെയും സമൂഹത്തിന്‍റെയും ആദരവര്‍ഹിക്കുന്നുവെന്നും ഫാദര്‍ വള്ളിക്കാട്ട് അനുസ്മരിച്ചു.

     സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കെത്തിപ്പെടാനും പദ്ധതികള്‍ ആവിഷ്ക്കരിക്കാനും കഴിയാത്ത മേഖലകളില്‍ കാരുണ്യത്തിന്‍റെ കൈത്തിരികള്‍ കത്തിക്കുന്നവരെ കണ്ടെത്തി ആദരിക്കാനും അതുപോലെ അവര്‍ക്ക് സഹായങ്ങള്‍ എത്തിക്കാനും കാരുണ്യ കേരള യാത്രയിലൂടെ പരിശ്രമിക്കണമെന്നും അപരന്‍റെ ആവശ്യങ്ങള്‍ അന്വേഷിക്കാനും അറിയാനും അത് മനസ്സിലാക്കി പരിഹരിക്കാനുമുള്ള അവസരമായി കാരുണ്യവര്‍ഷാചരണം മാറണമെന്നും അദ്ദേഹം പറഞ്ഞു.

        








All the contents on this site are copyrighted ©.