2016-01-09 11:44:00

സമാധാനസംസ്ഥാപനയത്നം സകലരുടെയും ദൗത്യം


     സമാധാനസംസ്ഥാപനയത്നം സകലരുടെയും ദൗത്യമാണെന്ന് തെക്കെ അമേരിക്കന്‍ നാടായ അര്‍ജന്തീനയിലെ കത്തോലിക്കാമെത്രാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ഹൊസേ മരീയ അറന്‍സേദൊ.

പുതുവത്സരത്തോടനുബന്ധിച്ചു പുറപ്പെടുവിച്ച ഒരു പ്രസ്താവനയിലാണ് അദ്ദേഹം ഇതോര്‍മ്മപ്പെടുത്തിയിരിക്കുന്നത്.

നാമെല്ലാവരും തന്നെ സമാധാനത്തിനായി ആഗ്രഹിക്കുന്നു എന്നാല്‍ അതിനായി നാം വേണ്ടവിധം പരിശ്രമിക്കുന്നില്ലയെന്ന് ആര്‍ച്ച്ബിഷപ്പ് ഹൊസേ മരീയ അറന്‍സേദൊ പറയുന്നു. നാം നേടിയെടുക്കേണ്ട ഒന്നായിട്ടല്ല പ്രത്യുത സമ്മാനമായി ലഭിക്കേണ്ട ഒന്നായിട്ടാണ് നമ്മള്‍ സമാധാനത്തെ കാണുന്നതെന്നാണ് അദ്ദേഹത്തിന്‍റെ ഭാഷ്യം.

ഓരോ മനുഷ്യവ്യക്തിയുടെയും ജീവനെയും ഔന്നത്യത്തെയും ആദരിച്ചുകൊണ്ട് സത്യത്തിന്‍റെയും നീതിയുടെയും സ്നേഹത്തിന്‍റെയും ഐക്യദാര്‍ഢ്യത്തിന്‍റെ യുമായ മൂല്യങ്ങളാല്‍ പണിതുയര്‍ത്തപ്പെടുന്നതാകയാല്‍, യഥാര്‍ത്ഥ സമാധാനം, അല്പായുസ്സുള്ള രാഷ്ട്രീയ സന്ധിചെയ്യലുകളല്ലായെന്ന് ബിഷപ്പ് ഹൊസേ മരീയ അറന്‍സേദൊ വ്യക്തമാക്കുന്നു. ആകയാല്‍ നമ്മുടെ പ്രവര്‍ത്തനങ്ങളും നമ്മുടെ ജീവിതശൈലിയുമായി ബന്ധപ്പെട്ടുനില്ക്കുന്ന മൂല്യങ്ങളെ നാം ഉള്‍ക്കൊള്ള ണമെന്നും അവയാണ്  വ്യക്തികളുടെയും സമൂഹത്തിന്‍റെയും ധാര്‍മ്മിക ശൈലിയെ നയിക്കുകയും നിര്‍ണ്ണയിക്കുകയും ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. 

     ഇതിന് മനസ്സാക്ഷികളെ ഉണര്‍ത്തേണ്ടത് ആവശ്യമായിരിക്കുന്നുവെന്നും ബിഷപ്പ് ഹൊസേ മരീയ അറന്‍സേദൊ പറയുന്നു.








All the contents on this site are copyrighted ©.