2016-01-07 19:55:00

വിശ്വാസജീവിതത്തിന്‍റെ സത്തയാണ് കാരുണ്യപ്രവൃത്തികള്‍


കാരുണ്യപ്രവൃത്തികള്‍ വിശ്വാസജീവിതത്തിന്‍റെ സത്തയാണെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.

ജനുവരി 7-ാം തിയതി വ്യാഴാഴ്ച പേപ്പല്‍ വസതി സാന്താമാര്‍ത്തയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. യഥാര്‍ത്ഥമായ കാരുണ്യപ്രവൃര്‍ത്തികള്‍ ദൈവസ്നേഹത്തിന്‍റെ പ്രതിഫലനമാണ്. ദൈവത്തെ സ്നേഹിക്കുന്നവന്‍ സഹോദരനെ സ്നേഹിക്കുവന്നുവെന്ന് തിരുവചനം പഠിപ്പിക്കുന്നു. വിശുദ്ധ യോഹന്നാന്‍ ഉദ്ബോധിപ്പിക്കുന്ന ഈ ദിവസത്തെ ലേഖനത്തെ ആധാരമാക്കിയാണ് പാപ്പാ ചിന്തകള്‍ പങ്കുവച്ചത് (1യോഹ. 4, 19-5 ).

മാംസംധരിച്ച ദൈവപുത്രനെ നാം ജീവിതത്തില്‍ പ്രഘോഷിക്കുന്നതാണ് - രോഗീസന്ദര്‍ശനം, അന്നദാനം, ആതുരശുശ്രൂഷ മുതലായ കാരുണ്യപ്രവൃത്തികള്‍. കാരണം, താഴ്മയില്‍ മനുഷ്യനായി ഈ ലോകത്ത് അവതരിച്ച ക്രിസ്തുതന്നെയാണ് നാം സ്നേഹിക്കേണ്ട അല്ലെങ്കില്‍ പരിചരിക്കേണ്ട സഹോദരന്‍. ദൈവം മാസംധരിച്ചത് നമ്മോടു സാരൂപ്യപ്പെടാനാണ്. അതിനാല്‍ വേദനിക്കുന്നവരിലും വിശക്കുന്നവരിലും രോഗികളിലും എളിയവരില്‍ എളിയവനായ ക്രിസ്തുവിനെതന്നെയാണ് നാം കാണേണ്ടതെന്ന് പാപ്പാ സമര്‍ത്ഥിച്ചു.  

നമ്മുടെ സേവനത്തിന്‍റെ പിന്നിലെ യഥാര്‍ത്ഥ അരൂപി എന്താണെന്ന് അതിനാല്‍ കണ്ടെത്തേണ്ടതും വിവേചിച്ചറിയേണ്ടതുമാണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. മാംസംധരിച്ച വചനമായ ക്രിസ്തുവിനെപ്രതിയുള്ളതാണോ നമ്മുടെ സല്‍പ്രവൃത്തികള്‍, ദൈവസ്നേഹത്തിന്‍റെ അരൂപിയാണോ നമ്മെ സേവനപാതയില്‍ നയിക്കുന്നതെന്നും ആത്മശോധനചെയ്യേണ്ടതാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.  ഭൂമിയില്‍ അവതരിച്ച വചനമായ ക്രിസ്തുവിനെ സ്വീകരിക്കുന്നവര്‍ ദൈവത്തെ സ്വീകരിക്കുന്നു, അവര്‍ ദൈവത്തില്‍ വസിക്കുന്നു. ദൈവത്തില്‍ വസിക്കുന്നവര്‍ സഹോദരങ്ങളെ സ്നേഹിക്കുന്നു. അവര്‍ അനുദിനജീവിതത്തില്‍ കാരുണ്യപ്രവൃത്തികളില്‍ വ്യാപൃതരാകുന്നു. ഇത് ക്രൈസ്തവന്‍റെ അനുദിന ജീവിതചര്യയുടെ അളവുകോലാണെന്നും പാപ്പാ വചനസമീക്ഷയില്‍ പങ്കുവച്ചു.








All the contents on this site are copyrighted ©.