2016-01-06 19:20:00

പ്രത്യക്ഷീകരണം ക്രിസ്തുവിന്‍റെയും സഭയുടെയും സാര്‍വ്വത്രികതയുടെ തിരുനാള്‍


ദൈവോന്മുഖരായി മുന്നേറാ പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.

ജനുവരി 6-ാം തിയതി ബുധനാഴ്ച ആചരിച്ച പ്രത്യക്ഷീകരണ മഹോത്സവത്തിലെ ത്രികാലപ്രാര്‍ത്ഥനയ്ക്കുശേഷം നല്കിയ പ്രഭാഷണത്തിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.  ബെതലഹേമിലെ ഇടയന്മാരും, കിഴക്കുനിന്നെത്തിയ മൂന്നു രാജാക്കന്മാരും ഉന്നതങ്ങളി‍ല്‍നിന്നുമാണ് ദൈവികസന്ദേശം ഉള്‍ക്കൊണ്ടത്. അവര്‍ അക്ഷരാര്‍ത്ഥത്തില്‍ മുകളിലേയ്ക്ക് ദൃഷ്ടിപതിച്ചവരാണ്. വാനമേഘങ്ങളി‍ല്‍ പ്രത്യാക്ഷപ്പെട്ട മാലാഖമാരില്‍നിന്നുമാണ് തിരുപ്പിറവിയുടെ സന്ദേശം ഇടയന്മാര്‍ സ്വീകരിച്ചത്. കിഴക്കന്‍ രാജ്യക്കാരായ ജ്ഞാനികളും മേഘങ്ങളി‍‍ല്‍ തിളങ്ങിയ പ്രത്യേക നക്ഷത്രത്തെ നോക്കിക്കൊണ്ടാണ് ദിവ്യരക്ഷകനെ തേടിപ്പുറപ്പെട്ടതും, അവസാനം ബെതലഹേമിലെ പുല്‍തോട്ടിയില്‍ അവിടുത്തെ കണ്ടെത്തിയതും.

അനുദിനജീവിതത്തില്‍ ദൈവോന്മുഖരായി ജീവിക്കുന്നവര്‍ക്കാണ് ക്രിസ്തുവിനെ കണ്ടെത്തുവാനും, അവിടുത്തെ ദര്‍ശനത്തിന്‍റെയും, സുവിശേഷത്തിന്‍റെയും ചൈതന്യമുള്‍ക്കൊണ്ട് നന്മയില്‍ ജീവിക്കുവാന്‍ കരുത്തു ലഭിക്കുന്നതെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

ക്രിസ്തുവിന്‍റെയും അവിടുത്തെ സഭയുടെയും സാര്‍വ്വലൗകികത വെളിപ്പെടുത്തുന്ന തിരുനാളാണ് പ്രത്യക്ഷീകരണം, പൂജാരാജാക്കളുടെ തിരുനാള്‍. ദൈവത്തിന്‍റെ കരുണാര്‍ദ്രസ്നേഹം വെളിപ്പെടുത്തിയ ക്രിസ്തുവിനെ കിഴക്കുനിന്നുള്ള വിജാതിയ രാജാക്കാന്മാര്‍ തേടിയെത്തി വണങ്ങിയത് അവിടുന്നു ലോകരക്ഷകനാണെന്ന സാര്‍വ്വത്രികത വെളിപ്പെടുത്തുന്നു. ജീവിതചട്ടക്കൂട്ടില്‍ ഒതുങ്ങിപ്പോകുന്ന സ്വാര്‍ത്ഥതയുടെ മനോഭാവം വെടിഞ്ഞ് മനുഷ്യര്‍ ദൃഷ്ടികള്‍ ഉയര്‍ത്തി ദൈവോന്മുഖരായി ജീവിക്കണം. ദൈവത്തിലേയ്ക്കുയര്‍ത്തപ്പെടുന്ന മനോനേത്രങ്ങളുടെ ഉന്നതവീക്ഷണത്തില്‍ സഹോദരങ്ങളെയും അവരുടെ ആവശ്യങ്ങളെയും അറിയുവാനും അംഗീകരിക്കുവാനുമുള്ള കാഴ്ചപ്പാടു ലഭിക്കുമെന്നും പാപ്പാ ആഹ്വാനംചെയ്തു.

എളിമയില്‍ മഹത്വമുണ്ട്. ദിവ്യനക്ഷത്രത്തെ പിന്‍തുടര്‍ന്ന് പുല്‍ക്കൂട്ടിലെത്തിയ രാജാക്കന്മാര്‍ ദിവ്യഉണ്ണിയെയും മറിയത്തെയും ജോസഫിനെയും കണ്ടു സന്തോഷിച്ചു. എളിമയില്‍ ആനന്ദിക്കാം! നമ്മുടെ ജീവിതത്തിന്‍റെ വിനീതാസ്ഥയിലോ ദാരിദ്ര്യത്തിലോ ജീവിതക്ലേശങ്ങളിലോ അമ്പരന്നുപോകാതെ, അത് അംഗീകരിച്ചു സന്തോഷിക്കുവാന്‍ സാധിക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

വിശ്വപ്രകാശമായ ക്രിസ്തുവിനെ ദര്‍ശിക്കുകയും അവിടുത്തെ വചനപ്രഭ ലഭിക്കുകയും ചെയ്യുന്നവര്‍ക്ക് ജീവിതപാന്ഥാവില്‍ അത് വിളക്കും വെളിച്ചവുമായിരിക്കുമെന്നും (സങ്കീ. 119, 105) പാപ്പാ വിശദീകരിച്ചു. അത് അവരുടെ ജീവിതങ്ങളെയും ജീവിതപരിസരങ്ങളെയും പ്രകാശിപ്പിക്കും.








All the contents on this site are copyrighted ©.