2016-01-04 11:24:00

അമേരിക്കന്‍ ഐക്യനാടുകളില്‍ സീറോമലങ്കരകത്തോലിക്കാസഭയ്ക്ക് രൂപത


      അമേരിക്കന്‍ ഐക്യനാടുകളിലെയും കാനഡയിലെയും സീറോമലങ്കര കത്തോലിക്കാ വിശ്വാസികള്‍ക്കായി ഫ്രാന്‍സിസ് പാപ്പാ ഒരു രൂപത (എപ്പാര്‍ക്കി)  സ്ഥാപിക്കുകയും അതിന്‍റെ പ്രഥമ ഭരണസാരഥിയായി ബിഷപ്പ് തോമസ് മാര്‍ എവുസേബിയസ് നായിക്കമ്പറമ്പിലിനെ നാമനിര്‍ദ്ദേശം ചെയ്യുകയും ചെയ്തു.

     തിങ്കളാഴ്ച (04/01/16) യാണ് ഇതുസംബന്ധിയായ പാപ്പായുടെ കല്പനയുണ്ടാ യത്. സമാധാനരാജ്ഞിയായ പരിശുദ്ധ മറിയത്തിന്‍റെ (ST.MARY, QUEEN OF PEACE) നാമധേയത്തിലുള്ളതാണ് പുതിയ രൂപത.

     അമേരിക്കന്‍ ഐക്യനാടുകളിലെ സീറോമലങ്കരകത്തോലിക്കാവിശ്വാസികള്‍ ക്കായുള്ള എക്സാര്‍ക്കിയുടെ അധികാരപരിധി കാനഡയിലെ സീറോമലങ്കര കത്തോലിക്കാ വിശ്വാസികളിലേക്കും വ്യാപിക്കുന്ന നടപടിയുടെ ഭാഗമായാണ് ഈ എക്സാര്‍ക്കി രൂപതയായി ഉയര്‍ത്തപ്പെട്ടത്.

     ഈ രൂപതയിലെ മലങ്കരകത്തോലിക്കാ വിശ്വാസികളു‍ടെ സംഖ്യ 11500 ആണ്. ഇവര്‍ 19 ഇടവകകളിലോ അജപാലനകേന്ദ്രങ്ങളിലോ ആയി വിഭജിക്ക പ്പെട്ടിരിക്കുന്നു.

     പുതിയ രൂപതയുടെ ആസ്ഥാനം ന്യുയോര്‍ക്കിലെ എല്‍മണ്ടിലുള്ള വിശുദ്ധ വിന്‍സെന്‍റ് ഡി പോളിന്‍റെ നാമത്തിലുള്ള മലങ്കര കത്തോലിക്കാ കത്തീദ്രല്‍ ആണ്.

     അമേരിക്കന്‍ ഐക്യനാടുകളില്‍ ഇതുവരെയുണ്ടയിരുന്ന എക്സാര്‍ക്കിയുടെ എക്സാര്‍ക്കായും കാനഡയിലേയും യൂറോപ്പിലേയും മലങ്കരകത്തോലിക്ക സഭയുടെ അപ്പസ്തോലിക് വിസിറ്റേറ്റര്‍ (ഔദ്യോഗിക സന്ദര്‍ശകന്‍) ആയും സേവനമനുഷ്ഠിച്ചു വരികയായിരുന്നു ബിഷപ്പ് തോമസ് മാര്‍ എവുസേബിയസ് നായിക്കമ്പറമ്പില്‍.

     തിരുവനന്തപുരം മലങ്കരകത്തോലിക്കാ അതിരൂപതയില്‍പ്പെട്ട മയിലപ്പാറയില്‍ 1961 ജൂണ്‍ 6 ന് ജനിച്ച അദ്ദേഹം 1986 ഡിസമ്പര്‍ 29 ന് പൗരോഹിത്യം സ്വീകരിച്ചു. 2010 ജൂലൈ 14 ന് അദ്ദേഹം ലാറെസ് സ്ഥാനികരൂപതയുടെ മെത്രാനായും അമേരിക്കന്‍ ഐക്യനാടുകളിലെ എക്സാര്‍ക്കിയുടെ പ്രഥമ എക്സാര്‍ക്കായും നാമനിര്‍ദ്ദേശം ചെയ്യപ്പെടുകയും ചെയ്തു.








All the contents on this site are copyrighted ©.