2015-12-31 20:27:00

നന്മയുടെ ഗായകരാകണമെന്ന് പാപ്പാ കുട്ടികളോട്


നന്മയുടെ ഗായകരായി ജീവിക്കണമെന്ന് കുട്ടികളുടെ രാജ്യാന്തര ഗായകസംഘത്തെ പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുമെത്തിയ കുട്ടികളായ ഗായകരുടെ രാജ്യാന്തര സംഘത്തെ (Pueri Cantores) ഡിസംബര്‍ 31-ാം തിയതി വ്യാഴാഴ്ച വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ കൂടിക്കാഴ്ചയില്‍ സ്വീകരിച്ചുകൊണ്ട്, അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായിട്ടാണ് പാപ്പാ ഇങ്ങനെ പറഞ്ഞത്.  10-നും 18-നും വയസ്സ് പ്രായത്തിനിടയ്ക്കുള്ള 6000-ത്തോളം യുവഗായകരാണ് പാപ്പായെ കാണാന്‍ വത്തിക്കാനിലെത്തിയത്.  

ദൈവം മാത്രമാണ് നല്ലവന്‍. ദൈവികനന്മകളാണ് സ്നേഹം, കരുണ, സത്യം, നീതി എന്നിവ. നാം ഇതെല്ലാം ജീവിതത്തില്‍ പകര്‍ത്തുമ്പോഴാണ് ലോകത്ത് നന്മയുണ്ടാകുന്നത്. പാപ്പാ കുട്ടികളോട് ലളിതമായി സംസാരിച്ചു. പാടുന്നത് ആത്മാവിനും ശരീരത്തിനും ഒരുപോലെ നല്ലതാണ്. സംഗീതത്തില്‍നിന്നു കിട്ടുന്ന സന്തോഷം മറ്റുള്ളവരുമായി പങ്കുവയ്ക്കണം. പങ്കുവയ്ക്കിലന്‍റെ സന്തോഷം വലുതാണ്. അങ്ങനെ ജീവിതത്തില്‍ പാടിപ്പാടി നിങ്ങല്‍ മുന്നേറുക, എന്ന് വിശുദ് അഗസ്റ്റിനെ ഉദ്ധരിച്ചുകൊണ്ട് പാപ്പാ യുവഗായകരെ ഉപദേശിച്ചു.

മറ്റുള്ളവരുടെ മോശമായ പ്രവൃത്തികള്‍ കാണുമ്പോഴാണ് നാം ദ്വേഷ്യപ്പെടുന്നത്. ദേഷ്യപ്പെട്ടു നാം ആരെയും കടിക്കരുതെന്നും, ഉപദ്രവിക്കരുതെന്നും നര്‍മ്മരസത്തില്‍ പാപ്പാ കുട്ടികളോടു പറഞ്ഞു. എന്‍റെ മോശമായ പെരുമാറ്റം മറ്റുള്ളവരെ ദേഷ്യപ്പെടുത്തും. ഈ ചിന്തയുണ്ടങ്കില്‍, ദേഷ്യത്തിന്‍റെയും വിദ്വേഷത്തിന്‍റെയും നിമിഷങ്ങളില്‍ സ്വയം നിയന്ത്രിക്കാന്‍ നമുക്കു സാധിക്കുമെന്നത് തന്‍റെ ജീവിതാനുഭവമാണെന്ന് പാപ്പാ കുട്ടികളെ ധരിപ്പിച്ചു.

ഗായകരായ കുട്ടികളുടെ രാജ്യാന്തര സംഘടനയാണ് പൂവെരി കാന്തോരെസ് - Pueri Cantores. അതിന്‍റെ 40-ാം വാര്‍ഷികം ആചരിച്ചുകൊണ്ട് റോമില്‍ സംഗമിച്ചിരിക്കുന്നത്. ഡിസംബര്‍ 28-ാം തിയതി തിങ്കളാഴ്ച റോമില്‍ ആരംഭിച്ച സമ്മേളനം 2016 ജനുവരി ഒന്നാം തിയതിവരെ നീണ്ടുനില്ക്കും. 

സംഗീതജ്ഞാനമുള്ള 10-നും 18-നും വയസ്സ് പ്രായപരിധിയിലുള്ള 6000-ത്തോളം കുട്ടികള്‍, 19 രാജ്യങ്ങളില്‍നിന്നുമാണ് ഇക്കുറി റോമില്‍ സമ്മേളിച്ചിരിക്കുന്നത്. Cantate spem vestram…  'പ്രത്യാശയോടെ ദൈവത്തെ സ്തുതിക്കുക...!’ എന്നതാണ് സംഘടയുടെ ആപ്തവാക്യം.  വത്തിക്കാന്‍റെ ആരാധനക്രമങ്ങള്‍ക്കായുള്ള സംഘവും, ആഗോളതലത്തിലുള്ള ദേശീയ-പ്രാദേശിക സഭാ സംവിധാനങ്ങളുമാണ് 20-ാം നൂറ്റാണ്ടി ആരംഭത്തില്‍ ഇറ്റലിയില്‍ തുടക്കമിട്ട ‘പൂവെരി കന്തോരെസി’ന്‍റെ പ്രായോക്താക്കള്‍.
All the contents on this site are copyrighted ©.