2015-12-30 19:50:00

പാപ്പായുടെ കാരുണ്യാഭ്യര്‍ത്ഥനയ്ക്ക് മദ്ധ്യമേരിക്കന്‍ നേതാക്കള്‍ കാതോര്‍ത്തു


ക്യൂബന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ അഭ്യര്‍ത്ഥന മദ്ധ്യമേരിക്കന്‍ രാജ്യങ്ങള്‍  മാനിച്ചു.

ഡിസംബര്‍ 27-ാം തിയതി ഞായറാഴ്ച വത്തിക്കാനില്‍ നടന്ന ത്രികാലപ്രാര്‍ത്ഥനാ പരിപാടിയുടെ അന്ത്യത്തിലാണ് മദ്ധ്യമേരിക്കന്‍ രാജ്യങ്ങളോട് കോസ്തറിക്കാ-നിക്കരാഗ്വാ രാജ്യാതിര്‍ത്തികളില്‍ തടയപ്പെട്ട അഭയാര്‍ത്ഥികള്‍ക്കായി പാപ്പാ നീതിക്കായുള്ള അഭ്യര്‍ത്ഥന പരസ്യമായി നടത്തിയത്. അതുവഴി ഈ സമൂഹികപ്രതിസന്ധി പാപ്പാ ലോകശ്രദ്ധയില്‍ കൊണ്ടുവരുകയുംചെയ്തു.

ക്യൂബയില്‍നിന്നും അമേരിക്കയിലേയ്ക്ക് കുടിയേറാനുള്ള ശ്രമത്തില്‍ മദ്ധ്യമേരിക്കവഴി സഞ്ചരിച്ച 8,000-ത്തോളം വരുന്ന വിപ്രവാസികളാണ് കുടിയേറ്റയാത്രയില്‍ തടയപ്പെട്ടത്. പാവങ്ങളും സാധാരണക്കാരുമാണ് പനാമാ തീരത്തുള്ള രാജ്യാതിര്‍ത്തികളില്‍ തടയപ്പെട്ടതെന്ന് വത്തിക്കാന്‍ റേ‍ഡിയോയുടെ ലാറ്റിമേരിക്കന്‍ റിപ്പോര്‍ട്ടര്‍, ജയിംസ് ബ്ലെയേഴ്സ് അറിയിച്ചു.

നീതിക്കും കാരുണ്യത്തിനുമായി പാപ്പാ ഫ്രാന്‍സിസ് രാഷ്ട്രങ്ങളോടു നടത്തിയ അഭ്യര്‍ത്ഥനയത്തുടര്‍ന്ന് ഡിസംബര്‍ 28-ാന് തിയതി തിങ്കളാഴ്ച ഗൗതമാലയില്‍ ചേര്‍ന്ന കോസ്ത-റിക്ക, എല്‍-സാല്‍വദോര്‍, മെക്സിക്കോ, പനാമാ, ഹോണ്ടൂരാസ്, ബലീസ്സെ, ഗൗതമാലാ എന്നീ മദ്ധ്യമേരിക്കന്‍ രാഷ്ട്രത്തലവന്മാരുടെ അടിയന്തിര സമ്മേളനമാണ് ക്യൂബന്‍ അഭയാര്‍ത്ഥികളുടെ കുടിയേറ്റപ്രകൃയയിലെ പ്രതിരോധാജ്ഞ പിന്‍വലിച്ചതെന്ന് ബ്ലെയര്‍ വ്യക്തമാക്കി.    

മനുഷ്യപ്രവാഹത്തിലുണ്ടാകുന്ന സമൂഹ്യതിന്മകള്‍ക്ക് രണ്ടുമാസത്തോളമായി ഈ  ക്യൂബന്‍ അഭയാര്‍ത്ഥി സമൂഹം  ഇരകളാക്കപ്പെട്ടിരിക്കുന്നതെന്ന് പാപ്പാ പ്രഭാഷണമദ്ധ്യേ വെളിപ്പെടുത്തിയിരുന്നു. ഈ മാനവിക ദുരന്തത്തിന് ന്യായവും സമയബദ്ധവുമായ പ്രതിവിധി ഔദാര്യത്തോടെ  കണ്ടെത്തണമെന്ന് അയല്‍രാജ്യങ്ങളോടു പാപ്പാ ഫ്രാന്‍സിസ് നടത്തിയ അഭ്യര്‍ത്ഥനയാണ് മദ്ധ്യമേരിക്കന്‍ രാഷ്ട്രങ്ങള്‍ ചെവിക്കൊണ്ടതെന്ന് ബ്ലയേഴ്സ് ഗൗതമാലയില്‍നിന്നും വിശദീകരിച്ചു.








All the contents on this site are copyrighted ©.