2015-12-30 19:10:00

പാപ്പാ ഫ്രാന്‍സിസിനു സമ്മാനിച്ച കാരുണ്യത്തിന്‍റെ പുല്‍ക്കൂട്


ലോക ശ്രദ്ധയാകര്‍ഷിക്കുന്ന വത്തിക്കാനിലെ കാരുണ്യത്തിന്‍റെ അത്യപൂര്‍വ്വ പുല്‍ക്കൂട്ടിലേയ്ക്ക് ഒരു എത്തിനോട്ടമാണിത്.

ജീവന്‍ സ്ഫുരിക്കുന്നതും വലുപ്പമുള്ളതുമായ തിരുക്കുംബത്തിന്‍റെ രൂപങ്ങളാണ് പുല്‍ക്കുടിന്‍റെ നടുവില്‍. കൂടാതെ ഇടയന്മാരും ആടുമാടുകളുമായി 25 ജീവസ്വരൂപങ്ങളും, പുല്‍പ്പരപ്പും സസ്യലതാദികളും വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ വിശാലമായ ചത്വരത്തില്‍ സംവിധാനംചെയ്തിരിക്കുന്ന തിരുപ്പിറവിയുടെ രംഗച്ചിത്രീകരണത്തെ ശ്രദ്ധേയമാക്കുന്നു. മരത്തില്‍ കൊത്തിയുണ്ടാക്കിയിട്ടുള്ള ജീവസ്സുറ്റ പ്രതിമകള്‍ ക്രിബ്ബിന്‍റെ പ്രത്യേകതയാണ്!

കാരുണ്യത്തിന്‍റെ ജൂബിലിവര്‍ഷത്തില്‍ വടക്കെ ഇറ്റ്ലിയില്‍ ആല്‍പ്പൈന്‍ താഴ്വാരത്തുള്ള ത്രെന്തീനോ (Trent) എന്ന പുരാതന പട്ടണത്തിലെ കലാകാരന്മാരാണ് ഇതൊരുക്കിയത്. വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ തിരുമുറ്റത്ത് ഒരുക്കിയ ക്രിബ്ബ് കാരുണ്യത്തിന്‍റെ ജൂബിലി വത്സരത്തിന്‍റെ ആരംഭദിനമായ ഡിസംബര്‍ 8-ാം തിയതി അമലോത്ഭവനാഥയുടെ തിരുനാലില്‍ പാപ്പാ ഫ്രാന്‍സിസിനു സമ്മാനിച്ചു.

ത്രെന്തീനോ പരിസ്ഥിതിയിലും വാസ്തുഭംഗിയിലും രണ്ടുനിലയായി ക്രമീകരിച്ചിരിക്കുന്ന ക്രിബ്ബിന് നാലുഭാഗങ്ങളുണ്ട്. 1. കേന്ദ്രഭാഗത്തെ പുല്‍ക്കുടില്‍  2. വലതുഭാഗത്തുള്ള സത്രം  3. ഇടത് പൂജരാജാക്കളുടെ ആഗമനരംഗം  4. മേല്‍ത്തട്ടിലെ കര്‍ഷകഭവനം എന്നിവ. തിരുപ്പിറവി രംഗത്തിലെ എല്ലാം കഥാപാത്രങ്ങളും അണിഞ്ഞിരിക്കുന്നത് തുണിയില്‍ കൈകൊണ്ടു നെയ്തുണ്ടാക്കിയ ത്രെന്തീനോയുടെ സാംസ്ക്കാരിക പൈതൃകം വെളിപ്പെടുത്തുന്ന വേഷവിതാനങ്ങളാണ്.

  1. കേന്ദ്രഭാഗത്തുള്ള പുല്‍ക്കൂട്ടില്‍ മേരിയും ജോസഫും ദിവ്യഉണ്ണിയെ വണങ്ങി നില്ക്കുന്നു. ജോസഫിന്‍റെ കൈയ്യിലെ ഉയര്‍ത്തിപ്പിടിച്ച ശരറാന്തല്‍ വിശ്വപ്രകാശമായ ക്രിസ്തുവിലേയ്ക്കുള്ള വിരല്‍ചൂണ്ടലാണ്. ദൈവമഹത്വം പ്രഘോഷിക്കുന്ന വാനദൂതരും, അവരെ ശ്രവിച്ചെത്തിയ ഇടന്മാരും, ആടുമാടുകളും തിരുപ്പിറവിയുടെ രംഗചിത്രീകരണം സമ്പൂര്‍ണ്ണവും പ്രാപഞ്ചികവുമാക്കുന്നു. മറിയത്തിന്‍റെ മടിയില്‍ വിനയാന്വിതനായി കിടക്കുന്ന ദിവ്യശിശു താഴ്മയില്‍  ദൈവം നമ്മിലേയ്ക്ക് കിനിഞ്ഞിറങ്ങിയതിന്‍റെയും, മനുഷ്യരോടൊത്ത് അവിടുന്ന് ഇന്നുമെന്നും വസിക്കുന്നതിന്‍റെയും ദൃശ്യാവിഷ്ക്കാരമാണ്.. മനുഷ്യരൂപമെടുത്ത  ദൈവത്തിന്‍റെ മായാജാലമല്ല പുല്‍ക്കൂട്. ദൈവം നമ്മിലേയ്ക്കു വന്നതില്‍ പ്രകടമാക്കപ്പെടുന്ന സ്നേഹത്തിന്‍റെയും എളിമയുടെയും കാരുണയുടെയും പ്രതിബിംബനവുമാണ്.  ദൈവം മഹിമവെടിഞ്ഞ് മനുജരോടൊത്തു വസിച്ചു. ഇമ്മാനുവേല്‍... ദൈവം നമ്മോടുകൂടെ...!! (യോഹ. 1, 14). (cf. Pope Francis Discourse to artists of the Crib, Vatican on 18, December 2015).  പുല്‍ക്കൂടിനു പശ്ചാത്തലത്തലമായി പുല്‍ത്തൊട്ടിയില്‍നിന്നും വൈക്കോല്‍ തിന്നുനില്ക്കുന്ന കാലികള്‍ തിരുപ്പിറവിയുടെ രംഗം സജീവമാക്കുന്നു.
  1. പുല്‍ക്കൂടിന്‍റെ വലതുഭാഗത്തുള്ള ശ്രദ്ധേയമായ ‘കാരുണ്യസദനം’ രണ്ടാംഭാഗമാണ്. മുറിപ്പെട്ട മനുഷ്യനെ കുനിഞ്ഞ് പരിചരിക്കുന്ന സത്രാധിപനാണ് കേന്ദ്രഭാഗത്ത്. പിന്നെ മുറിവേറ്റ മനുഷ്യനെ വഴിയില്‍ കണ്ട്, അവനെ കുതിരപ്പുറത്തു കയറ്റി സത്രത്തിലെത്തിച്ച സമറിയക്കാരന്‍ ഉമ്മറത്തു നല്ക്കുന്നു. മുറിപ്പെട്ടവനെ മിത്രത്തെപ്പോലെ നോക്കണമെന്ന് സത്രക്കാരനോട് പറഞ്ഞേല്പിച്ചിട്ട്, ചെലവിനായി പണവുംകൊടുത്ത് മടങ്ങുന്ന ദയാലുവായ ആ യാത്രികന്‍റെ ഭാവച്ചിത്രീകരണം കൂട്ടത്തില്‍ അതിമനോഹരമാണ്. ജീവസ്വരൂപങ്ങളുള്ള വത്തിക്കാനിലെ ക്രിബ്ബിനെ കൂടുതല്‍ പ്രസക്തവും അര്‍ത്ഥവത്തുമാക്കുന്ന രംഗം ഇതുതന്നെ! (ലൂക്കാ 10, 25-37).    ഈ ചിത്രീകരണം തിരുവവതാരത്തില്‍ ദൈവം  മനുഷ്യരോടു  കാണിച്ച വലിയ കാരുണ്യത്തിന്‍റെ ദൃശ്യാവിഷ്ക്കരണമാണ്, മാത്രമല്ല, പാപ്പാ ഫ്രാ‍ന്‍സിസ് പ്രഖ്യാപിച്ച ജൂബിലവത്സരത്തിന്‍റെ കാതലായ സന്ദേശവും!
  1. ഉണ്ണയേശുവിനെ തേടിയെത്തിയ മൂന്നു രാജാക്കന്മാരുടെ ആഗമനരംഗമാണ് പുല്‍ക്കൂടിനോട് ഒട്ടിനില്ക്കുന്ന മൂന്നാംഭാഗം. മനുഷ്യാവതാര രഹസ്യം ധ്യാനിക്കുകയും അതിനായി പാര്‍ത്തിരിക്കുകയും ചെയ്ത മഹത്തുക്കളാണ് പൂജരാജാക്കന്മാര്‍. കിഴക്കുദിച്ച നക്ഷത്രത്തെ പിന്‍ചെന്ന് ബെതലഹേമിലെത്തിയത് ജ്യോതിശാസ്ത്രജ്ഞന്മാരാണെന്ന് തിരുവെഴുത്തുകള്‍ സൂചിപ്പിക്കുന്നു. ദിവ്യരക്ഷകനെ തേടി വിദൂരസ്ഥവും ക്ലേശപൂര്‍ണ്ണവുമായ യാത്രപുറപ്പെട്ട ജ്ഞാനികളും ത്യാഗികളുമാണവര്‍.
  1. നാലാംരംഗം അസ്തിത്വപരവും ജീവല്‍ബന്ധിയുമാണ്. പുല്‍ക്കുടിലിന്‍റെ മേല്‍ത്തട്ടിലെ കര്‍ഷക കുടുംബം! അനുദിന ജോലികളില്‍ വ്യാപൃതരായിരിക്കുന്നു. ദൈവം അവിടുത്തെ കരുണാകടാക്ഷത്തോടെ ഭൂമിയില്‍ ആഗതനായത് എളിയവരില്‍ എളിയവനായിട്ടാണ്. അവിടുന്നു നസ്രത്തിലെ തച്ചനായി ജീവിച്ചു. നന്മചെയ്തുകൊണ്ടു കടുന്നുപോയി. അവിടുത്തെ സല്‍ചെയ്തികളും സാരോപദേശങ്ങളും ലോകത്തിന് ഇന്നും വെളിച്ചമേകുന്നു. പുല്‍ക്കുടിലിലെ ദിവ്യജ്യോതിസ്സ്!All the contents on this site are copyrighted ©.