2015-12-28 17:41:00

പ്രത്യാശ കൈവെടിയരുതെന്ന് പാപ്പാ ഫ്രാന്‍സിസ് കുടുംബങ്ങളോട്


ഡിസംബര്‍ 27, ഞായറാഴ്ച തിരുക്കുംബത്തിന്‍റെ മഹോത്സവം ആചരിച്ചുകൊണ്ട് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ കുടുംബങ്ങള്‍ക്കൊപ്പം ദിവ്യബലിയര്‍പ്പിച്ചുകൊണ്ട് പാപ്പാ ഫ്രാന്‍സിസ് നല്കിയ സുവിശേഷസന്ദേശം :

തീര്‍ത്ഥാടനത്തിനു പുറപ്പെട്ട രണ്ടു കുടുംബങ്ങളെയാണ് ഇന്നത്തെ വചനം ചിത്രീകരിക്കുന്നത്. ദൈവസന്നിധിയിലേയ്ക്കായിരുന്നു അവരുടെ യാത്ര. എല്‍ക്കാനയും ഹന്നയും തങ്ങളുടെ പുത്രന്‍ സാമുവേലിനെ ഇസ്രായേലില്‍ ഷീലോയ് എന്ന സ്ഥലത്തുള്ള കര്‍ത്താവിന്‍റെ ആലയത്തില്‍ കൊണ്ടുചെന്നു സമര്‍പ്പിച്ചു (1സാമു. 1, 20-22, 24-28). അതുപോലെ ജോസഫും മേരിയും യേശുവിനെയുംകൊണ്ട് സമര്‍പ്പണത്തിനായി പെസഹാത്തിരുനാളിന് ജരൂസലേം ദേവാലയത്തിലേയ്ക്കും പോയി (ലൂക്ക 2, 41-52).

പ്രശസ്തമായ സ്ഥലങ്ങളിയ്ക്കും കേന്ദ്രങ്ങളിലേയ്ക്കും നാം തീര്‍ത്ഥാടനത്തിനു പോകാറുണ്ട്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ കത്തീഡ്രലുകളിലും തീര്‍ത്ഥാടനകേന്ദ്രങ്ങളിലും തുറന്നിട്ടുള്ള വിശുദ്ധകവാടങ്ങളിലേയ്ക്ക് ധാരാളംപേര്‍ തീര്‍ത്ഥാടനം നടത്തുന്ന നാളുകളാണിത്. തീര്‍ത്ഥാടനം സകുടുംബമാകണമെന്ന ശ്രദ്ധേയമായ ആശയം ഇന്നത്തെ വചനം വെളിപ്പെടുത്തുന്നു. അച്ഛനും അമ്മയും മക്കളും ഒത്തുചേര്‍ന്നാണ് തങ്ങളുടെ വിശുദ്ധീകരണത്തിനായി പ്രാര്‍ത്ഥിക്കുന്നത്. ഇത് ഇന്നു കുടുംബങ്ങള്‍ക്കു മാതൃകയാക്കാവുന്ന പ്രബോധനമാണ്.

ജോസഫും മേരിയും പ്രാര്‍ത്ഥിക്കാന്‍ യേശുവിനെ പഠിപ്പിച്ചുവെന്നത് പ്രചോദനാത്മകമായ സംഭവമാണ്! നസ്രത്തിലെ കുടുംബം എല്ലാദിവസവും ദൈവികൈക്യത്തില്‍ ജീവിക്കുകയും, സാബത്തുനാളില്‍ നസ്രത്തിലെ ദേവാലയത്തില്‍പോയി സമൂഹത്തോടൊപ്പം തിരുവെഴുത്തുകള്‍ ശ്രവിക്കുകയും പഠിക്കുകയും ചെയ്തുപോന്നു. ‘കര്‍ത്താവിന്‍റെ ആലയത്തിലേയ്ക്ക് നമുക്കുപോകാം എന്നവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു. ജരൂസലമേ, ഇതാ, ഞങ്ങള്‍ നിന്‍റെ കവാടത്തിങ്കല്‍ എത്തിയിരിക്കുന്നു!’ (സങ്കീ. 122, 1-2). ജെരൂസലേമിലേയ്ക്കുള്ള യാത്രാമദ്ധ്യേ അവര്‍ ഇതുപോലുള്ള സങ്കീര്‍ത്തനങ്ങള്‍ ആലപിച്ച് തീര്‍ച്ചയായും കര്‍ത്താവിനെ സ്തുതിച്ചു കാണും .

കുടുംബങ്ങള്‍ ഏകലക്ഷ്യത്തോടും ഒത്തൊരുമിച്ചും ജീവിതത്തില്‍ മുന്നേറേണ്ടത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്! യാത്രചെയ്യേണ്ട വഴി നമുക്കറിയാം. ക്ലേശങ്ങള്‍ തരണംചെയ്തും, സന്തോഷത്തിന്‍റെയും സമാശ്വാസത്തിന്‍റെയും നിമിഷങ്ങള്‍ പങ്കുവച്ചും ഒരുമയോടെ മുന്നേരേണ്ട വഴിയാണത്. അങ്ങനെ ഈ ജീവിതാനത്തില്‍ നാം പ്രാര്‍ത്ഥനയുടെ നിമിഷങ്ങളും പങ്കുവയ്ക്കുന്നു. ജ്ഞാനസ്നാന ദിനത്തിലെന്നപോലെ അനുദിനജീവിതത്തില്‍ പ്രാര്‍ത്ഥനാവേളയില്‍ -‍ പ്രഭാതങ്ങളിലും പ്രദോഷങ്ങളിലും മക്കളുടെ നെറ്റിത്തടത്തില്‍ കുരിശുവരച്ച് അനുഗ്രഹിക്കുന്ന മാതാപിതാക്കളുടെ സന്തോഷം എത്രോയോ വലുതാണ്! മാതാപിതാക്കള്‍ മക്കള്‍ക്കു നല്കുന്ന ഏറ്റവും ലളിതവും എന്നാല്‍ മാനോഹരവുമായ പ്രാര്‍ത്ഥനയാണ് ആ അനുഗ്രഹദാനം. അതിലൂടെ മക്കളെ ആശീര്‍വ്വദിച്ച് ദൈവത്തിനു സമര്‍പ്പിക്കുകയാണ് നാം. അങ്ങനെ ദിവസം മുഴുവന്‍ അവര്‍ ദൈവത്തിന്‍റെ പരിലാളനയിലും പരിപാലനയിലും ജീവിക്കുവാന്‍ ഇടയാകുന്നു. അതുപോലെ കുടുംബങ്ങള്‍ ഒരുമിച്ചു പ്രാര്‍ത്ഥിച്ചശേഷം ഭക്ഷണം കഴിക്കുന്നതും അര്‍ത്ഥവത്താണ്. ദൈവത്തിന്‍റെ നന്മകള്‍ക്ക് നന്ദിപറയുമ്പോള്‍ നാം ഭക്ഷണം ഇല്ലാത്തവരെക്കുറിച്ചും ചിന്തിക്കും. അങ്ങനെ നമുക്കുള്ളത് ഇല്ലാത്തവരുമായി പങ്കുവയ്ക്കുവാനും കുടുംബങ്ങള്‍ക്കു പ്രചോദനമാകും. ഇവയെല്ലാം ചെറിയകാര്യങ്ങളാണെങ്കിലും കുടുംബങ്ങളില്‍ യാഥാര്‍ത്ഥ്യമാകേണ്ട രൂപീകരണ സാദ്ധ്യതകളും നന്മയുടെ അടയാളങ്ങളുമാണ്.

തീര്‍ത്ഥാടനത്തിന്‍റെ അന്ത്യത്തില്‍ യേശു നസ്രത്തിലേയ്ക്ക് മടങ്ങിവന്ന് മാതാപിതാക്കള്‍ക്ക് വിധേയനായി ജീവിച്ചു (ലൂക്കാ 2, 51). ഇതും കുടുംബങ്ങള്‍ക്കുള്ള മനോഹരമായ പാഠമാണ്. അതായത് ലക്ഷ്യസ്ഥാനത്ത് എത്തിയാലും തീര്‍ത്ഥാടനം അവസാനിക്കുന്നില്ല. ദേവാലയത്തില്‍നിന്നും വീട്ടില്‍ മടങ്ങിയെത്തിക്കഴിഞ്ഞാല്‍ അവിടെനിന്നും ആര്‍ജ്ജിച്ച നല്ലകാര്യങ്ങള്‍ അനുദിന ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നതാണ് തീര്‍ത്ഥാടനത്തിന്‍റെ പൂര്‍ത്തീകരണം. യേശു ചെയ്തൊരു കാര്യം ശ്രദ്ധിക്കാം. തീര്‍ത്ഥാടനാനന്തരം അവിടുന്ന് മാതാപിതാക്കള്‍ക്കൊപ്പം വീട്ടിലേയ്ക്കു മടങ്ങിയില്ല. അവിടുന്നു ദേവാലയത്തില്‍ തങ്ങി. യേശുവിനെ കാണാതെ ജോസഫും മേരിയും ഏറെ വിഷമിച്ചു. ഈ ചെറിയ ‘ഒളിച്ചോട്ട’ത്തില്‍ യേശുവിന് മാതാപിതാക്കളോട് ചിലപ്പോള്‍ മാപ്പിരക്കേണ്ടി വന്നിരിക്കാം. സുവിശേഷം ഇതിനെക്കുറിച്ച് മൗനം പാലിക്കുകയാണെങ്കിലും, നമുക്ക് ഊഹിക്കാവുന്നതാണ്. “മകനേ, ഞങ്ങളോട് എന്താണു നീ ഇങ്ങനെ ചെയ്തത്?” മകനോടുള്ള അമ്മയുടെ ഈ ചോദ്യത്തില്‍ ശകാരത്തിന്‍റെയും, പിന്നെ ജോസഫിനും മറിയത്തിനും മാറിക്കിട്ടയ ആകാംക്ഷയുടെയും ആശങ്കയുടെയും ധ്വനികൂടി ഒളിഞ്ഞിരിപ്പുണ്ട്. പിന്നീട് വീട്ടില്‍ മടങ്ങിയെത്തിയ യേശു, സമ്പൂര്‍ണ്ണവിധേയത്വത്തോടും വാത്സല്യത്തോടുംകൂടെ മാതാപിതാക്കള്‍ക്കൊപ്പം നസ്രത്തില്‍ വസിച്ചു.

കാരുണ്യത്തിന്‍റെ ജൂബിലിവത്സരത്തില്‍, മാപ്പു നല്കുന്നതിലൂടെ ലഭിക്കുന്ന സന്തോഷം തളംകെട്ടുന്ന സവിശേഷ ഇടങ്ങളായി മാറട്ടെ നമ്മുടെ കുടുംബങ്ങള്‍! തെറ്റുകളും കുറവുകളും മനസ്സിലാക്കി, അവ മറന്ന് ജീവിക്കാന്‍ ഇടയാക്കുന്ന സ്നേഹത്തിന്‍റെ സത്തയാണ് മാപ്പ് അല്ലെങ്കില്‍ ക്ഷമാദാനം. മാപ്പുനല്കാ‍ന്‍ പഠിക്കുന്നത് കുടുംബത്തിലാണ്. തെറ്റില്‍ വീണാലും, എപ്പോഴും കുടുംബത്തിലാണ് നാം മനസ്സിലാക്കപ്പെടുന്നതും പിന്‍തുണയ്ക്കപ്പെടുന്നതും.

കുടുംബജീവിതത്തിലുള്ള പ്രത്യാശ കൈവെടിയരുത്! ഒന്നും മറച്ചുവയ്ക്കാതെ ഹൃദയങ്ങള്‍ പരസ്പരം തുറക്കുവാന്‍ സാധിക്കുന്നൊരിടം മനോഹരമാണ്! അത് മോഹനമാണ്!! അവിടെയാണ് സ്നേഹപ്പൂക്കള്‍ വിരിയുന്നത്. അത് കുടുംബമാണ്! സ്നേഹമുള്ളിടത്ത് ധാരണയും ക്ഷമാശീലവുമുണ്ടാകും. ലോകത്തിനും സഭയ്ക്കും അനിവാര്യമായ ഈ ദൗത്യം ഞാന്‍ നിങ്ങളെയും എല്ലാ കുടുംബങ്ങളെയും പൂര്‍വ്വോപരി അടിയന്തിരമായി ഈ തിരുനാളില്‍ ഭരമേല്പിക്കുന്നു, എന്നുദ്ബോധിപ്പിച്ചുകൊണ്ട് പാപ്പാ വചനപ്രഭാഷണം ഉപസംഹരിച്ചു.  

 

 
All the contents on this site are copyrighted ©.