2015-12-23 16:13:00

ക്രിബ്ബിലെ കാരുണ്യകവാടത്തെക്കുറിച്ച്


ദൈവനാമത്തിന് മഹത്വമുണ്ടായിരിക്കട്ടെ! പ്രിയ സഹോദരങ്ങളേ, 2015-ലെ ക്രിസ്തുമസ് ആസന്നമായി. അതിന്‍റെ സന്തോഷകരമായ ആശംസകള്‍ നിങ്ങള്‍ക്കും നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും ഹൃദയപൂര്‍വ്വം നേരുകയാണ്. ലോകത്തിന്‍റെ നാനാഭാഗത്തും റേ‍ഡിയോ വത്തിക്കാന്‍ ശ്രവിക്കുന്ന ഏവര്‍ക്കും ഈ ക്രിസ്തുമസ് ആനുഗ്രഹത്തിന്‍റെയും, കാരുണ്യത്തിന്‍റെയും വലിയ അനുഭവങ്ങളായി തീരട്ടെയെന്ന് ഹൃദയപൂര്‍വ്വം ആശംസിക്കുന്നു. സകല ലോകത്തിനുവേണ്ടിയുള്ള സന്തോഷത്തിന്‍റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു എന്നാണ് മാലാഖ ആട്ടിടയന്‍മാരോടു പറഞ്ഞത്. നിങ്ങള്‍ക്കായി ബതലഹേമില്‍ ദാവീദിന്‍റെ പട്ടണത്തില്‍ ഒരു രക്ഷകന്‍ പിറന്നിരിക്കുന്നു എന്നതാണ്. സര്‍വ്വലോകത്തിനും വേണ്ടിയുള്ള സന്തോഷത്തിന്‍റെ സദ്വാര്‍ത്ത! അതെന്തായിരുന്നു?

ഈ അടുത്തനാളില്‍ കേരളത്തെ വളരെയധികം സ്വാധീനിച്ചൊരു സംഭവമുണ്ടായിരുന്നു - അന്യസംസ്ഥാനക്കാരായ രണ്ടുതൊഴിലാളകള്‍ ‘മാന്‍ഹോളില്‍’ വീണ് പിടയുന്നത് കണ്ടുകൊണ്ട് അവരെ രക്ഷിക്കാനായി, കഴിക്കാനെടുത്ത ഭക്ഷണംപോലും മാറ്റിവച്ച് അയാള്‍ ഓടി. ‘മാന്‍ഹോളി’ലേയ്ക്കിറങ്ങിയത്. ഒരു നൗഷാദായിരുന്നു!

സ്നേഹിതനുവേണ്ടി ജീവന്‍ സമര്‍പ്പിക്കുന്നതിലും വലിയ സ്നേഹമില്ലെന്നു കല്പിച്ച യേശു കര്‍ത്താവിനെ നാം അറിയുന്നു,  നാം ഓര്‍ക്കുന്നു. എന്നാല്‍ താന്‍ അറിയാത്ത അന്യസംസ്ഥാനക്കാരായ രണ്ടു പേര്‍ക്കുവേണ്ടി, അവര്‍ പിടഞ്ഞു മരിക്കും എന്ന ആശങ്കയില്‍, ഭയത്തില്‍ തന്‍റെ ജീവനെക്കുറിച്ച് ചിന്തിക്കാതെ, അവരെ രക്ഷിക്കാനായി... രക്ഷകനായി ഓടിയെത്തുന്ന ഈ മകന്‍ നമ്മുടെ മുന്നില്‍ ക്രിസ്തുവിന്‍റെ ചരിത്രം സമാന്തരമായി വരച്ചു കാട്ടുന്നുണ്ട്. മനുഷ്യത്വത്തിലും ദൈവത്വത്തിലും നമുക്ക് സമന്വയിക്കാനായിട്ടു കഴിയുമെന്നു പഠിപ്പിക്കുന്ന അനുഭവം, സംഭവം അനുഗ്രഹദായകമാണ്.  

 

നിന്‍റെ അയല്‍ക്കാരന്‍ ആരാണ്? നിന്‍റെ ആവശ്യക്കാരന്‍ ആരാണോ, അവനാണ് അയല്‍ക്കാരന്‍ എന്നു നമ്മെ പഠിപ്പിച്ച മിശിഹായുടെ മനുഷ്യാവതാരത്തിന്‍റെ അനുഗൃഹീതമായ തിരുനാളാണല്ലോ ഈ ക്രിസ്തുമസ്!

 

യേശു എങ്ങനെയാണ് നമ്മുടെ രക്ഷകനാകുന്നത്? നമുക്കറിയാം ദൈവം മനുഷ്യനെ സൃഷ്ടിച്ചു. എന്നിട്ട് തന്‍റെ കൂടെയുള്ള വാസവും അവിടുന്ന് മനുഷ്യനു നല്കി. പറുദീസയിലെ ജീവിതം തന്നോടുകൂടെ ജീവിക്കുവാന്‍, തന്നോടുകൂടെ നടക്കുവാന്‍, തന്നോടൊത്തു സംസാരിക്കുവാന്‍... അങ്ങനെയുള്ള സ്നേഹത്തിന്‍റെയും സന്തോഷത്തിന്‍റെയും അനുഗ്രഹത്തിന്‍റെയും ആ വലിയ അനുഭവം പ്രകടമാക്കുന്നതായിരുന്നു. ​എന്നാല്‍ മനുഷ്യന്‍ സ്വാര്‍ത്ഥനായതുകൊണ്ടും, ദൈവത്തൊടൊത്തു സഞ്ചരിക്കുന്നതിനേക്കാള്‍, തന്‍റെ ഇഷ്ടത്തിനു സഞ്ചരിക്കുവാന്‍ തുടങ്ങി. അത് അവനെക്കൊണ്ടു ചെന്നെത്തിച്ചത് പാപത്തിലും മരണത്തിലുമാണ്. ദൈവസംസര്‍ഗ്ഗം വിടുന്നതാണ് പാപവും മരണവും. അങ്ങനെ തന്‍റെ സൃഷ്ടിയായ ആദാമിനെയും അവന്‍റെ സന്തതികളെയും നേടുവാന്‍ ദൈവംതന്നെ കടന്നുവന്ന്, ഈ പാപത്തിനും ശാപത്തിനും എന്നേയ്ക്കുമായി

അറുതിവരുത്തിയ അതിമനോഹരമായ സ്നേഹാനുഭവമാണ് പുല്‍ക്കൂട്! ക്രിസ്തുമസ്!!

 

ക്രിസ്തു കടന്നുവരുന്നത് സാധാരണക്കാരില്‍ സാധാരണക്കാരനായിട്ടാണ്. അവിടുന്ന് ജനിക്കുന്നത് ഒരു രാജകൊട്ടാരത്തിലല്ല. ആട്ടിടയന്മാര്‍ കടന്നുവന്നത് പുല്‍ക്കൂട്ടിലേയ്ക്കാണ്. എന്നാല്‍ ജ്ഞാനികള്‍ കടന്നുവന്നത്, പൂജരാജാക്കള്‍ വരുന്നത് ഹേറോദേസ് രാജാവിന്‍റെ കൊട്ടാരത്തിലാണല്ലോ. കാരണം രാജാവു പിറക്കേണ്ടത് കൊട്ടാരത്തിലാണ്. അവരുടെ യാത്രയ്ക്കു വഴികാട്ടിയായ നക്ഷത്രം നഷ്ടമാകുന്നത് കൊട്ടാരത്തില്‍ കയറിയതോടെയാണ്. അവര്‍ക്ക് മാര്‍ഗ്ഗദീപം ഇല്ലാതാകുന്നു.

 

ദൈവം പിറക്കുന്നത്, ദൈവം മനുഷ്യനായി അവതരിക്കുന്നത് മനുഷ്യത്വത്തിന്‍റെ ഏറ്റവും നിസ്സാരതയിലാണ്. പുല്‍ക്കൂട്ടില്‍നിന്ന് അനേകം പാഠങ്ങള്‍ പഠിക്കുന്നുണ്ട്. നാം ആദരിക്കേണ്ടതും, ബഹുമാനിക്കേണ്ടതും, വിലകല്പിക്കേണ്ടതും മനുഷ്യത്വത്തിനാണ്. മനുഷ്യത്വം എന്നു പറയുന്നത് ദൈവത്വം, ദൈവികതയാണ്. അപ്പോള്‍ മനുഷ്യനെ ആദരിക്കുവാനും ബഹുമാനിക്കുവാനും, മനുഷ്യത്വം അനുദിനജീവിതത്തില്‍ പ്രകടമാക്കുവാനുള്ള വലിയ പാഠമാണ് പുല്‍ക്കൂട് സമ്മാനിക്കുന്നത്.

 

 മനുഷ്യനെ വര്‍ണ്ണത്തിന്‍റെ പേരിലും, ജാതിയുടെയും വര്‍ഗ്ഗത്തിന്‍റെയും പേരില്‍ തിരിക്കുന്ന ഉച്ചനീചത്വം സമൂഹത്തില്‍ ഇന്ന് ധാരാളം കാണുന്നുണ്ട്. സമൂഹങ്ങള്‍ കീറിമുറിക്കപ്പെടുകയാണ്. അവിടെ മനുഷ്യത്വമല്ല വിലമതിക്കപ്പെടുന്നത്. വര്‍ഗ്ഗീയത മതമൗലികവാദം വളരെ സങ്കീര്‍ണ്ണമായിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമായി ഞാന്‍ കാണുന്നു. ഇവിടെ ഈ പുല്‍ക്കൂടിന് ഒരു വലിയ സന്ദേശം നമ്മോടു പറയാനുണ്ട്. മനുഷ്യനെ സ്നേഹിക്കുവാന്‍... അവന്‍റെ നിറമോ, മതമോ, അവന്‍റെ വിശ്വാസമോ, അവന്‍ എവിടെ ജനിച്ചെന്നോ എന്നുള്ളതല്ല നമ്മളെ സംബന്ധിച്ച് പ്രധാനപ്പെട്ടത്. ഇങ്ങനെയുള്ള കാഴ്ചപ്പാടുകള്‍ മാറ്റി മനുഷ്യനെ മനുഷ്യാനായി ഉള്‍ക്കൊള്ളുവാന്‍ നമ്മെ പഠിപ്പിക്കുന്ന മനോഹരമായ തിരുനാളാണ് ക്രിസ്തുമസ്! പുല്‍ക്കൂട്ടിലേയ്ക്ക് വരുമ്പോള്‍ കാണുന്നത് നിസ്സാരതയുടെ നിസ്സാരതയാണ്. ഇല്ലായ്മയുടെ നിറവും സമൃദ്ധിയുമാണ്.

 

പുല്‍ക്കൂട്ടില്‍ ജാതനായവന് തണുപ്പകറ്റുവാന്‍ അവിടെയുണ്ടായിരുന്നത് കുറെ കച്ചിത്തുണി മാത്രമാണ്. ക്രിസ്തു പിറന്നുവീണത് ഒരുപിടി കച്ചിപ്പുറത്താണ്... അതുപോലെ അവസാനം...അവിടുന്ന് മരിച്ചത് ഒരു പലകക്കഷണത്തേലാണ്. ഇതിന്‍റെയും രണ്ടിന്‍റെയും.... നടുവിലുള്ള മനോഹരമായ ആ ജീവിതം! ലൗകികത കൊണ്ടല്ല, ലൗകികമായ കാര്യങ്ങള്‍കൊണ്ടല്ല നമ്മള്‍ വലുപ്പമുള്ളവരാകുന്നത്, നമ്മള്‍ ശ്രേഷ്ഠരാകുന്നത്. ഏതൊരാവശ്യത്തിനു വേണ്ടീട്ട്, ഏതൊരു സത്യത്തിനുവേണ്ടീട്ട്, മറിച്ച് ഏതൊരു ആവശ്യത്തിനുവേണ്ടി കാഴ്ചപ്പാടിനുവേണ്ടി നിലകൊള്ളുന്നുവോ എന്നതാണ് നമ്മുടെ വലുപ്പം! അതാണ് ഈ പുല്‍ക്കൂട്ടിന്‍റെ പാഠം. നിസ്സാരതയെ സ്നേഹിക്കുവാന്‍ നമുക്ക് കഴിയണ്ടേ? പങ്കുചേരാന്‍ ഇടവരും. നല്ല സാദ്ധ്യതകള്‍ ഈ കാരുണ്യവര്‍ഷത്തില്‍ ദൈവം നമുക്കു തരും.

 

ഈ വിശുദ്ധവത്സരത്തില്‍ സത്യമായിട്ടും നമുക്കായി തുറക്കപ്പെടുന്ന വാതിലാണ് പുല്‍ക്കൂട്. കാരുണ്യവര്‍ഷത്തില്‍ ദൈവം നമുക്കായി തുറന്നുതരുന്ന ഏറ്റവും വലിയ വിശുദ്ധകവാടമായി പുല്‍ക്കൂടിനെ നമുക്ക് കാണാവുന്നതാണ്.. പുല്‍ക്കൂടാകുന്ന കാരുണ്യകവാടത്തിലൂടെ അനേകരെ, വിശിഷ്യ പാവങ്ങളും എളിയവരുമായവരെ സ്വീകരിക്കാന്‍ നമുക്ക് കഴിയേണ്ടത്. ഇത് കാരുണ്യത്തിന്‍റെ പുതിയ പാഠമാണ്. ഈ പുല്‍ക്കൂട്ടില്‍ നമ്മള്‍ കാണുന്നത്... അവിടെ മാലാഖമാര്‍ കയറിയിറങ്ങി വരുന്നുണ്ട്. മനുഷ്യര്‍ കയറിയിറങ്ങി വരുന്നുണ്ട്. മൃഗജാലങ്ങള്‍ അവിടെയുണ്ട്. സാധാരണക്കാരായവര്‍... കടന്നു വരുന്നു. ആരെയും അകറ്റിനിര്‍ത്തുന്നില്ല. എല്ലാവര്‍ക്കും അവിടേയ്ക്ക് കടന്നുവരാം. ഈ കടന്നുവരവ്, ഹൃദയങ്ങളിലേക്ക് എത്ര സന്തോഷകരവും, സ്നേഹമസൃണവുമായ അനുഭവമാണിത്. നാം എല്ലാവരും തല്യരാണ്. തൊലിപ്പുറത്തിനപ്പുറം നമുക്ക് എന്തു വ്യത്യാസമാണുള്ളത്...?

 

നാം സഹോദരങ്ങളെ ഏതെല്ലാം തരങ്ങളില്‍ കീറിമുറിക്കുന്നു. അകറ്റിനിറുത്തുവാനുള്ള അതിരുകള്‍ നാം കണ്ടെത്തുന്നു. ഇതെല്ലാം വലിയ അപകടമാണ്. നാമാണ് നമ്മുടെ നാടിന്‍റെ സമൂഹത്തെ, സംസ്ക്കാരത്തെ പടുത്തുയര്‍ത്തേണ്ടത്. പുറമേനിന്ന് ആരെങ്കിലും വന്ന് നമ്മെ സംരക്ഷിക്കാന്‍ വരുമെന്ന് കരുതേണ്ട.

 

പരസ്പരം സ്നേഹിച്ചു ജീവിക്കുവാനുള്ള ശൈലികള്‍, അതിനുവേണ്ട ക്രമീകരണങ്ങള്‍ ... സ്വകീയമായ നന്മകള്‍ എല്ലാം നാം കണ്ടെത്തേണ്ടിയിരിക്കുന്നു. ആരും പറഞ്ഞിട്ടായിരിക്കരുത്. മറിച്ച് അതൊരു നന്മയായി നമ്മുടെ ഹൃദയത്തില്‍ ദൈവം കോറിയിട്ടത്. അതിനെ വര്‍ദ്ധിപ്പിക്കുവാനുള്ള നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറണം.

 

ഈ കാരുണ്യവര്‍ഷത്തിലെ പുല്‍ക്കൂട് നമുക്കൊരു പുതിയ സന്ദേശമാണ് നല്കുന്നത്. നമുക്കറിയാം നാം ജീവിക്കുന്ന വീട്ടിന്‍റെ ചുറ്റുപാടുകള്‍..., നമുക്കൊന്ന് അന്വേഷിക്കാം. അവിടെ കിടപ്പുരോഗികളുണ്ടാകാം. മാറാ രോഗങ്ങള്‍കൊണ്ട് ശയ്യാവലംബികളായിട്ടുള്ളവര്‍ കാണും. ഭിന്നശേഷിയുള്ളവരുമുണ്ടാകാം. വൃദ്ധരായിട്ടുള്ളവരെയും കണ്ടേക്കാം. കാരുണ്യം അര്‍ഹിക്കുന്നവര്‍ തീര്‍ച്ചയായും ധാരാളമുണ്ട്. സഹായം തേടുന്നവര്‍ നമുക്കു ചുറ്റുമുണ്ട്!

 

ക്രിസ്തുമസിന് ഉണ്ണിക്കുറിയിട്ട് ക്രിസ്തുമസ് സുഹൃത്തുക്കളെ നിശ്ചയിക്കാറുണ്ടല്ലോ! നിങ്ങളോട്, എന്നെ ശ്രവിക്കുന്നവരോടുള്ള അഭ്യര്‍ത്ഥന ഇതാണ് – കാരുണ്യവര്‍ഷത്തില്‍ ഒരു –‘കാരുണ്യസുഹൃത്ത്’ നമുക്ക് ഉണ്ടായിക്കൂടെ? ആ സുഹൃത്തിന്‍റെ കൂടെയൊന്നു സഞ്ചരിക്കുവാന്‍, ഒരുമിച്ചൊന്നു പ്രാര്‍ത്ഥിക്കുവാന്‍... എന്തെങ്കിലും സഹായങ്ങള്‍ കഴിവത് ചെയ്യുവാന്‍... സാധിക്കുന്ന വിധത്തില്‍ ഒരു പുതിയ സുഹൃത്തിനെ കണ്ടെത്താം. കാരുണ്യം അര്‍ഹിക്കുന്ന ആ സഹോദരന്‍ നമ്മുടെ സുഹൃത്തായിത്തീരുമ്പോള്‍ പുല്‍ക്കൂടിന്‍റെ അനുഭവം അത് സന്തോഷത്തിന്‍റേതായി പരിണമിക്കുന്നു.

 

നിങ്ങളെ എല്ലാവരെയും ക്രിസ്തുമസിന്‍റെ നന്മയിലേയ്ക്ക് സ്വാഗതംചെയ്യുന്നു. നമ്മള്‍ ആയിരിക്കുന്ന ഇടങ്ങളിലും നമ്മള്‍ ഇടപെടുന്ന മേഖലകളും ഈ രക്ഷയുടെ അനുഭവത്തില്‍ എല്ലാവരെയും സ്നേഹിക്കുവാനും മനുഷ്യത്വം പ്രഘോഷിക്കുവാനും നമുക്ക് കഴിയട്ടെ!

മനുഷ്യനെ ഇല്ലായ്മചെയ്യുന്ന തത്വങ്ങളോ, മനുഷ്യന്‍റെ സ്വാതന്ത്യത്തെ ഹനിക്കുന്നതായ ചിന്തകളോ വച്ചുപുലര്‍ത്തുവാന്‍ പാടുള്ളതല്ല. ഇന്നു നാം ആരെയെങ്കിലും, ആരുടെയെങ്കിലുംമേല്‍, എങ്ങനെയെങ്കിലും ചിലപ്പോള്‍ വിജയിക്കുവാന്‍ കഴിഞ്ഞാലും അത് നമ്മുടെ പരാജയമാണെന്ന് തിരിച്ചറിയണം. പ്രകൃതിക്ക് അതിന്‍റേതായ വലിയൊരു നിയമം അതിനുണ്ട്.‍ നമുക്കറിയാം. അതുകൊണ്ട് ഒരു കുന്നിനൊരു താഴ്വാരമുണ്ട്, താഴ്വാരത്തിന് ഒരു കുന്നുണ്ട്. ഇതു പ്രകൃതി നിയമമാണ്. അതുകൊണ്ട് ഇന്നു നാം വിജയിച്ചാലും, നാളെ ഒരു പരാജയമാണ് നമുക്ക് മുന്നിലുള്ളതെന്ന് മറക്കരുത്. ഇന്നൊരു പരാജയമാണെങ്കിലും നാളെ നമുക്കൊരു വിജയമുണ്ട്. ഇവിടെല്ലാം നാം ചിന്തിക്കേണ്ടത്, നന്മയോടുകൂടെ സ്വാര്‍ത്ഥതവെടിഞ്ഞ് ദൈവികമായ ചിന്തകളോടെ... സഹോദരങ്ങളോടുള്ള വലിയ താല്പര്യത്തിലും ബഹുമാനത്തിലും ....

ജീവിക്കാന്‍ നമുക്ക് കഴിയുമ്പോള്‍ അതെന്നും നിലനില്‍ക്കുന്ന വിജയമായിട്ടു തീരും. സംശയമില്ല!

 

 

 

നമ്മുടെ അയല്‍സംസ്ഥാനത്ത് - തമിഴ്നാട്ടില്‍ ഏറെ മക്കള്‍ വേദനയിലാണെന്ന് നമുക്കറിയാം. അതിനാല്‍ ഈ ക്രിസ്തുമസ് ദിനത്തില്‍ എല്ലോവരോടുമുള്ള അഭ്യര്‍ത്ഥന ഇതാണ്. നമ്മുടെ സന്തോഷത്തിനുവേണ്ടി ചിലവൊഴിക്കുന്ന കാര്യങ്ങള്‍ എല്ലാം മാറ്റിവച്ച്, സ്വരുക്കൂട്ടി... വെള്ളമില്ലാത്ത, ഭക്ഷണമില്ലാത്ത, വസ്ത്രമില്ലാതെ കഴിയുന്ന, ഒരു പക്ഷെ സാംക്രമിക രോഗങ്ങളാല്‍ വലയപ്പെട്ട സഹോദരങ്ങള്‍വേണ്ടി അവ മാറ്റിവയ്ക്കണം. അവസാനം, അവ വലിയൊരു നിധിയായിട്ട്  സമര്‍പ്പിക്കുവാന്‍ നമുക്ക് കഴിയട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു. നിങ്ങളെ എല്ലാവരെയും എന്‍റെ പ്രാര്‍ത്ഥനയില്‍ ഞാന്‍ സമര്‍പ്പിക്കുന്നു.

 

ഏവര്‍ക്കും അനുഗ്രഹീതമായ ക്രിസ്തുമസ്സും, 2016-ന്‍റെ അനുഗൃഹീതമായ നാളുകളും ഈ അവസരത്തില്‍ത്തന്നെ നിങ്ങള്‍ക്ക് നേര്‍ന്നുകൊണ്ട്, പ്രാര്‍ത്ഥിച്ചുകൊണ്ട്, ദൈവതിരുനാമത്തില്‍ എന്‍റെ വാക്കുകള്‍ ഉപസംഹരിക്കുന്നു! ദൈവം നമ്മെ കാത്തുപരിപാലിക്കുമാറാകട്ടെ!!

 

 
All the contents on this site are copyrighted ©.