2015-12-23 17:09:00

കാരുണ്യം പങ്കുവയ്ക്കുന്ന സഭയുടെ ഡിജിറ്റല്‍ ശൃംഖലയ്ക്ക് ഇരുപതുവയസ്സ്


ദൈവത്തിന്‍റെ കാരുണ്യവും ലാളിത്യവും പങ്കുവയ്ക്കുന്ന സാമൂഹ്യ മാധ്യമ ശൃംഖലയാണ് വത്തിക്കാന്‍റെ ഇന്‍റെര്‍ നെറ്റെന്ന് (Vatican Internet Services) മേധാവി, മോണ്‍സീഞ്ഞോര്‍ ലൂച്യോ ഏഡ്രിയന്‍ റൂയിസ് പ്രസ്താവിച്ചു.

1995-ല്‍ വിശുദ്ധനായ ജോണ്‍പോള്‍ രണ്ടമാന്‍ പാപ്പാ വത്തിക്കാന്‍റെ ആധുനിക സമൂഹ്യസമ്പര്‍ക്ക മാധ്യമ ശൃംഖല - ഇന്‍റെര്‍നെറ്റ് സര്‍വീസ് ഉദ്ഘാടനംചെയ്തതിന്‍റെ 20-ാം വാര്‍ഷികം അനുസ്മരിച്ചുകൊണ്ട് വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് മോണ്‍സീഞ്ഞോര്‍ ലൂച്യോ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

മാനവികത ഇന്നും ജീവിക്കുകയും വളരുകയുംചെയ്യുന്ന യഥാര്‍ത്ഥമായ സമൂഹ്യ പരിസരം ഡിജിറ്റല്‍ മേഖലയാണ്. അതിനാല്‍ മാനവികതയുടെ സുസ്ഥിതിയും രക്ഷയും ലക്ഷൃംവയ്ക്കുന്ന സഭയ്ക്ക് ഒരിക്കലും നവമായ മാധ്യമശൃംഖലകളുടെ ആവിഷ്കൃത യാഥാര്‍ത്ഥ്യങ്ങളില്‍നിന്നും വേറിട്ടു നില്ക്കാനാവില്ലെന്ന് മോണ്‍സീഞ്ഞോര്‍ ലൂച്യോ പ്രസ്താവിച്ചു.

‘ഹൃദയകവാടങ്ങള്‍ ക്രിസ്തുവിനായി മലര്‍ക്കെ തുറന്നിടുക,’ എന്നു സ്ഥാനാരോപണത്തിന്‍റെ പ്രഥമദിനത്തില്‍ പ്രസ്താവിച്ച വിശുദ്ധനായ പാപ്പാ വോയ്ത്തീവയുടെ സഭാനവീകരണത്തിന്‍റെ തുടര്‍ക്കഥ ഇന്ന് കാരുണ്യത്തിന്‍റെ ജൂബിലകവാടങ്ങളിലൂടെ പാപ്പ ഫ്രാന്‍സിസ് തുടരുകയാണ്. അങ്ങനെയുള്ള കാലഘട്ടത്തില്‍ ദൈവവുമായി രമ്യതപ്പെട്ടും കൂട്ടുചേര്‍ന്നും മാനവകുലം മുന്നേറുവാന്‍ സഹായകമാകുന്ന വിധത്തില്‍ അത്യാധുനിക സാമൂഹ്യ മാധ്യമ ശൃംഖലകളുമായി കണ്ണിചേരേണ്ടത് ഇന്നിന്‍റെ അനിവാര്യതയാണെന്ന് മോണ്‍സീഞ്ഞര്‍ ലൂച്യോ അഭിമുഖത്തില്‍ സ്ഥാപിച്ചു.

ക്രിയാത്മകവും നിഷേധാത്മകവുമായ യാഥാര്‍ത്ഥ്യങ്ങളുടെ സങ്കലനമായ ലോകത്ത് സകലരെയും, വിശിഷ്യാ പാവങ്ങളും പാശ്വവത്ക്കരിക്കപ്പെട്ടവരുമായ ബഹുഭൂരിപക്ഷം വരുന്ന ജനതകളെ ആശ്ലേഷിക്കാന്‍ പര്യാപ്തമായതുമായ സാകല്യസംസ്കൃതിയാണ് പാപ്പാ ഫ്രാന്‍സിസ് വിഭാവനംചെയ്യുന്നത്. ഇത്രയും വിസ്തൃതവും മനോഹരവുമായ വിശ്വസാഹോദര്യ സങ്കല്പം വളര്‍ത്തിയെടുക്കുവാനും യാഥാര്‍ത്ഥ്യമാക്കുവാനും രാഷ്ട്രങ്ങളും ജനതകളും, പ്രത്യേകിച്ച് വളരുന്ന തലമുറകളുമായി കണ്ണിചേരുവാന്‍ ഡിജിറ്റല്‍ ലോകത്തെ സഭയുടെ സാന്നിദ്ധ്യം ഇനിയും ശ്രദ്ധേയമാക്കേണ്ടതാണെന്ന് മോണ്‍സീഞ്ഞോര്‍ ലൂച്യോ വ്യക്തമാക്കി.   

 
All the contents on this site are copyrighted ©.