2015-12-22 20:05:00

അഭയാര്‍ത്ഥികളുടെ അന്തസ്സുമാനിക്കുന്ന സഹോദരധര്‍മ്മം


എല്ലാം നഷ്ടമായ അഭയാര്‍ത്ഥികളുടെ അന്തസ്സ് മാനിക്കേണ്ടത് സഹോദരധര്‍മ്മമാണെന്ന് സഭകളുടെ ആഗോള കൂട്ടായ്മയുടെ ജനറല്‍ സെക്രട്ടറി, ഒലാവ് ത്വൈത് ഫിക്സേ പ്രസ്താവിച്ചു.

യൂറോപ്പിന്‍റെയും മദ്ധ്യപൂര്‍വ്വദേശത്തിന്‍റെയും വിവിധ ഭാഗങ്ങളിലുള്ള വന്‍അഭയാര്‍ത്ഥി ക്യാമ്പുകള്‍ സന്ദര്‍ശിച്ചശേഷം സഭകളുടെ ജനീവയിലെ ആസ്ഥാനത്തുനിന്നും നല്കിയ 2015-ലെ ക്രിസ്തുമസ് സന്ദേശത്തിലാണ് ഫിക്സേ ഇങ്ങനെ പ്രസ്താവിച്ചത്.

ദൈവം നമ്മിലേക്കു വന്നത് ദൈവ-മനുഷ്യബന്ധത്തിന്‍റെ അതിരുകള്‍ കടന്ന സ്നേഹത്തിന്‍റെ രക്ഷണീയ പ്രവൃത്തിയായിരുന്നെന്നും, ക്രിസ്തു തന്നെ അഭയാര്‍ത്ഥിയും പരദേശിയും പരിത്യക്തനുമായിട്ടുണ്ടെന്നും ഫിക്സേ സന്ദോശത്തില്‍ അനുസ്മരിപ്പിച്ചു.

ദൈവം ലോകത്തോടു കാണിച്ച വലിയ സ്നേഹത്തിന്‍റെ അടയാളമാണ് മനുഷ്യാവതാരംചെയ്ത ക്രിസ്തു. അതിനാല്‍ യുദ്ധം, അനീതി, പീഡനം, രോഗങ്ങള്‍, പ്രകൃതിക്ഷോഭം, കാലാവസ്ഥാവ്യതിയാനം എന്നിവയാല്‍ കുടിയേറുവാനും, നാടുവിട്ടിറങ്ങുവാനും ഇടയായവരോട് ക്രിസ്തുവിനെ സ്വീകരിക്കുന്ന നാം അവിടുത്തെ നാമത്തില്‍ സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും സമീപനമാണ് ഉള്‍ക്കൊള്ളേണ്ടതെന്ന് സന്ദേശത്തിലൂടെ ഫിക്സേ അഭ്യര്‍ത്ഥിച്ചു.

സഭാകൂട്ടായ്മകള്‍ എന്ന നിലയില്‍ നമുക്ക് അജപാനപരമായും, സഭൈക്യസംവാദത്തിന്‍റെ രീതിയിലും, വിശ്വാസസഹകരണ ദൗത്യത്തിലും അഭയാര്‍ത്ഥികളുടെ കാര്യങ്ങളി‍ല്‍ പങ്കുചേരുവാന്‍ സഹോദരസ്നേഹത്തോടെ തുടര്‍ന്നുംപ രിശ്രമിക്കാമെന്നും ഫിക്സേ ഉദ്ബോധിപ്പിച്ചു.

എന്‍റെ എളിയവര്‍ക്കായി നിങ്ങള്‍ ഇതെല്ലാം ചെയ്തപ്പോള്‍ എനിക്കു തന്നെയാണ് നിങ്ങള്‍ ചെയ്തുതന്നത്, (മത്തായി 25, 40).








All the contents on this site are copyrighted ©.