2015-12-19 16:30:00

കൃപാപൂര്‍ണ്ണങ്ങളാകേണ്ട ജീവിതത്തിലെ കണ്ടുമുട്ടലുകള്‍ - ആഗമനകാലം നാലാംവാരം


            

വിശുദ്ധ ലൂക്കായുടെ സുവിശേഷം 1, 39-45

ആ ദിവസങ്ങളില്‍ യൂദയായിലെ മലമ്പ്രദേശത്തുള്ള ഒരു പട്ടണത്തിലേയ്ക്കു മറിയം തിടുക്കത്തില്‍ യാത്രപുറപ്പെട്ടു. അവള്‍ സഖറിയായുടെ വീട്ടില്‍ പ്രവേശിച്ച് എലിസബത്തിനെ അഭിവാദനം ചെയ്തു. മറിയത്തിന്‍റെ അഭിവാദനം കേട്ടപ്പോള്‍ എലിസബത്തിന്‍റെ ഉദരത്തില്‍ ശിശു കുതിച്ചു ചാടി. എലിസബത്ത് പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞവളായി. അവള്‍ ഉദ്ഘോഷിച്ചു. നീ സ്ത്രീകളില്‍ അനുഗൃഹീതയാണ്. നി‍ന്‍റെ ഉദരഫലവും അനുഗൃഹീതം! കര്‍ത്താവിന്‍റെ അമ്മ എന്‍റെ അടുത്തു വരാനുള്ള ഭാഗ്യം എനിക്ക് എവിടെനിന്നു കിട്ടി? ഇതാ, നി‍ന്‍റെ അഭിവാദനസ്വരം ചെവികളില്‍ പതിച്ചപ്പോള്‍ ശിശു എന്‍റെ ഉദരത്തില്‍ സന്തോഷത്താല്‍ കുതിച്ചുചാടി. കര്‍ത്താവ് അരുളിച്ചെയ്ത കാര്യങ്ങള്‍ നിറവേറുമെന്ന് വിശ്വസിച്ചവള്‍ ഭാഗ്യവതി.

ഇന്നു സുവിശേഷത്തില്‍ നാം കാണുന്നത് രണ്ടുപേര്‍ കണ്ടു മുട്ടുന്നതാണ്. മറിയം എലിസബത്തിന്‍റെ വീട്ടിലേയ്ക്ക് പോകുന്നു. അവര്‍ രണ്ടുപേരും അവിടെവച്ചു കണ്ടുമുട്ടുന്നു. വചനം പറയുന്നത് അവര്‍ സഖറിയായുടെ വീട്ടില്‍ പ്രവേശിച്ച് എലിസബത്തിനെ അഭിവാദനംചെയ്തു. മറിയത്തിന്‍റെ അഭിവാദനം കേട്ടപ്പോള്‍ എലിസബത്തിന്‍റെ ഉദരത്തിലെ ശിശു ആനന്ദത്താല്‍ കുതിച്ചുചാടി. എലിസബത്ത് പരിശുദ്ധാത്മാവിനാല്‍ പൂരിതയായി. മറിയം എലിസബത്തിനെ കണ്ടു മുട്ടുമ്പോള്‍ എന്താണ് സംഭവിക്കുന്നത്? എലിസബത്ത് പരിശുദ്ധാത്മാവിനാല്‍ പൂരിതയാകുന്നു. പിന്നെ അവള്‍ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞവളാണ്. മാതാവിലുള്ള പരിശുദ്ധാത്മാവ്... ആ വലിയ അഭിഷേകം ഇതാ, എലിസത്തിലേയ്ക്കും പടരുന്നു.  ഇത് നമ്മുടെയും ജീവിതത്തിലെ ഏത് കണ്ടുമുട്ടലുകളിലും, രണ്ടുപേര്‍ ഒരുമിച്ചുകൂടുമ്പോള്‍ സംഭവിക്കേണ്ട വലിയ ദൈവികമായ,  മാനുഷികമായ ധര്‍മ്മമാണ്. 

ഈയിടെ നടന്നൊരു കല്യാണം! കേരളത്തിലെ പ്രശസ്തരായ രണ്ടു സാഹിത്യകാരന്മാര്‍ - കവിയും കവയിത്രിയും -  വിജി തമ്പിയും റോസി തമ്പിയും. അവരുടെ മൂത്തമകളുടെ കല്യാണം. ആലോചിച്ച് ഉറപ്പിച്ചതാണത്. തൃശൂര്‍ പട്ടണത്തിലാണ് ഇവരുടെ താമസം. കല്യാണം ആലോചിച്ച് അവസാനം ചെറുക്കനെ കിട്ടയത് അങ്ങ് ഹൈറേഞ്ചിലെ ഒരു കുഗ്രാമത്തിലാണ്. വെള്ളയാങ്കുടി. വെള്ളയാങ്കുടിയില്‍വച്ചാണ് കല്യാണം നടക്കുന്നത്. പെണ്ണ് തൃശൂര്‍ പട്ടണത്തിന്‍റെ നടുവില്‍ വളര്‍ന്നവള്‍. കുടുംബത്തില്‍ മൂത്തമകള്‍. പൊന്നുപോലെ വളര്‍ത്തിക്കൊണ്ടുവന്നവള്‍. അതിനെ കൊണ്ടുപോയി ഒരു കുഗ്രാമത്തില്‍ കൊണ്ടുവിട്ടിട്ടു പോരുക എന്നു പറയുന്നത്, മാതാപിക്കള്‍ക്കും അതു മനസ്സിലാക്കിയ ബന്ധുക്കളെല്ലാം വിഷമകരമായിരുന്നു. എന്നിട്ട് കല്യാണത്തിന് എല്ലാവരും വെള്ളയാങ്കുടിയിലെത്തി.

ചെറുക്കന്‍റെ വീട്ടുകാര്‍ എന്താ ചെയ്തത്? കല്യാണം കഴിഞ്ഞ് വൈകുന്നേരമായപ്പോള്‍, ചെറുക്കനെയും പെണ്ണിനെയും അവിടെ അടുത്ത് ടൗണിലുള്ള നല്ലൊരു ഹോട്ടലില്‍ മുറിയെടുത്ത് താമസിപ്പിച്ചു. ടീച്ചറും തമ്പിസാറും അപ്പോഴും വിചാരിക്കുന്നത് അവര്‍ ചെറുക്കന്‍റെ വീട്ടിലായിരിക്കും രാത്രി താമസിക്കുന്നതെന്നാണ്. എന്നാല്‍ ഇതാ, അവര്‍ക്കും ഹോട്ടലില്‍ മുറിയെടുത്തിരിക്കുന്നുവെന്നാണ് മക്കളുടെകൂടെ ചെന്നപ്പോള്‍ മനസ്സിലായത്. അവര്‍ക്കും അവിടെ മുറിയെടുത്തിരിക്കുന്നു. മക്കളെ ഒറ്റയ്ക്കാക്കിയിട്ടു പോരുന്നതിന്‍റെ ഭയവും ഉല്‍ക്കണ്ഠയും ഉണ്ടാകാതിരിക്കുവാനുള്ള ബന്ധുക്കാരുടെ, ആ നല്ല കുടുംബത്തിന്‍റെ കരുതല്‍! മകനെയും മകളെയും മാതാപിതാക്കളുടെകൂടെ അവിടെ ആക്കിക്കൊടുക്കുന്നു. എന്നിട്ടും സംഭവം തീരുന്നില്ല.

പിറ്റേദിവസം വധുവിന്‍റെ വീട്ടിലേയ്ക്ക് അവരുടെ വണ്ടിയില്‍ ചെറുക്കനെയും പെണ്ണിനെയും തിരിച്ചയക്കുകയാണ്. അന്ന് വധുവിന്‍റെ വീട്ടില്‍വച്ച് ഒരു കുടുബസമ്മേളനം! വളരെ രസകരമായി തോന്നി. ഞങ്ങളൊന്നുരണ്ട് അച്ചന്‍മാരും കൂട്ടത്തിലുണ്ട്... ബോബി ജോസ് കട്ടിക്കാട്ടച്ചനും ഞാനുമുണ്ട്... കൂട്ടത്തില്‍. പിന്നെ അവരുടെ ബന്ധത്തില്‍ ഒരച്ചനും. അങ്ങനെ ക്ഷണിക്കപ്പെട്ടതാണ്. പിന്നെ അവിടെ കണ്ടത് വീട്ടുകാരും! അവിടെ നടന്നൊരു കാര്യം, കുടുംബക്കാര്‍ ഒരുമിച്ചു കൂടിയപ്പോള്‍ അവരുടെ ജീവിതാനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ്. അപ്പന്‍ പറയുന്നു, അമ്മ പറയുന്നു. മൂത്തമകള്‍ പങ്കുവയ്ക്കുന്നു. പിന്നെ ഏറ്റവും അടുത്തു നിന്നിരുന്നവരും പങ്കുവയ്ക്കുന്നു.

കണ്ടുമുട്ടല്‍ വലിയ കൃപയുടെയും അനുഗ്രഹത്തിന്‍റെ, സന്തോഷത്തിന്‍റെയും വലിയ തൃപ്തിയുടെ അവസരമായിട്ടുമാരുന്ന മനോഹരമായ അനുഭവം! നമ്മുടെ ചിന്തയിലെ കണ്ടുമുട്ടലുകള്‍ എപ്രകാരമാണ്! മറിയം എലിസബത്തിനെ കണ്ടുമുട്ടുമ്പോള്‍ സംഭവിക്കുന്നത്,  എലിസബത്തു പരിശുദ്ധാത്മാവിനാല്‍ പൂരിതയാകുന്നു.  നമ്മോട് ഈശോ ആവശ്യപ്പെടുന്നത്,  നമ്മള്‍ ഓരോ ദിവസവും കണ്ടുമുട്ടുമ്പോള്‍ ജീവിതത്തില്‍ കൃപയുടെ കൈമാറ്റങ്ങള്‍ നടക്കണം. അത് നമ്മുടെ സുഹൃത്തുക്കള്‍ അനേക വര്‍ഷത്തിനു മുന്‍പ് കണ്ടു മുട്ടുന്നവരാകാം. പിന്നെ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള കണ്ടുമുട്ടല്‍ എന്നു പറയുന്നത് അവരുടെ ജീവിതം,  അവരുടെ ശരീരം, അവരുടെ മനസ്സും ഒക്കെ പങ്കുവയ്ക്കുന്ന കണ്ടു മുട്ടലുകള്‍ അത് ദൈവകൃപയുടെ വലിയ വരവിന്‍റെയും സ്വീകരിക്കലിന്‍റെയും കൃപാസ്പര്‍ശത്തിന്‍റെയും അവസരമാക്കി മാറ്റാനുള്ള വലിയ വിളി ഈശോ നമ്മോട് ഇന്ന് ആവശ്യപ്പെടുന്നുണ്ട്.

മറ്റൊരു സന്ദര്‍ഭം പറയാം. ഈയിടെ നടക്കാനിരിക്കുന്നൊരു കല്യണമാണ്. സഹോദരന്മാര്‍ അടുത്തടുത്താണ് താമസിക്കുന്നത്. അതില്‍ ഇളയവന്‍റെ മൂത്തകുട്ടിയുടെ കണ്യാണമാണ് അലോചിച്ചു വച്ചിരിക്കുന്നത്. നടക്കാന്‍ പോകുകയാണ്. സഹോദരങ്ങള്‍ അടുത്തു പാര്‍ക്കുമ്പോള്‍ ഉണ്ടാകുന്ന വഴക്കും വക്കാണവുമൊക്കെ നമുക്ക് പരിചയമാണല്ലോ. അതിര്‍ത്തി തര്‍ക്കവും സ്വത്തു തര്‍ക്കവുമൊക്കെ പതിവായിരിക്കുന്നു. തര്‍ക്കത്തിന്‍റെ പാരമ്യത്തില്‍ ഒരു വിധത്തിലും അവര്‍ യോജിക്കാതെ നില്ക്കുകയാണ്. അപ്പോഴാണ് ഇളയവന്‍റെ മൂത്തമകളുടെ കണ്യാണക്കാര്യം ശരിയായത്. ആലോചിച്ചു ഉറപ്പിച്ചുവന്നപ്പോള്‍, മൂത്ത സഹോദരന്‍ പറയുന്നത്, ഞാന്‍ അവളുടെ കല്യാണം കലക്കും! ഞാന്‍ കലക്കും!! ഓര്‍ത്തോണേ...!? ജീവിതത്തില്‍ ഒരു പ്രാവശ്യം. ഒരു കുഞ്ഞിന്‍റെ ജീവിതത്തില്‍ നടക്കുന്ന വലിയ കണ്ടുമുട്ടല്‍! തന്‍റെ ജീവിതത്തിന്‍റെ കൂട്ടാളിയും കൂട്ടുകാരനുമായി കടന്നു വരുന്നവന്‍റെ കണ്ടുമുട്ടലിന്‍റെ അവസരം!! ഈ മുഹൂര്‍ത്തം ദൈവാനുഗ്രഹത്തിന്‍റെയും കൃപയുടെയും, ആനന്ദത്തിന്‍റെയും നിമിഷമാക്കി മാറ്റുകയെന്നത് എല്ലാവരുടെയും കടമയാണ്. നമ്മുടെയൊക്കെ കണ്ടുമുട്ടലുകളില്‍ എത്രയൊക്കെ ദൈവംകൃപ നിറയുന്നുണ്ട്. കണ്ടുമുട്ടലുകളില്‍ ദൈവകൃപനിറയുന്ന സാഹചര്യങ്ങളാണെന്ന് ഇന്നത്തെ വചനത്തില്‍ കൃത്യമായി പറയുന്നുണ്ട്. വചനം വരച്ചുകാട്ടുന്നുണ്ട്.

മറിയം എലിസബത്തിനെ കാണുമ്പോള്‍ അവളെ അഭിവാദ്യം ചെയ്യുകയാണ്. തിരിച്ച് എലിസബത്ത് എന്താണ് ചെയ്യുന്നത്? എലിസബത്തും അതുതന്നെയാണ് ചെയ്യുന്നത്. നീ സ്ത്രീകളില്‍ അനുഗൃഹീതയാണ്! തിരിച്ച് മറിയത്തിന്‍റെ മഹിതഭാവം എലിസബത്തും വിളിച്ചു പറയുന്നു. ഒരാള്‍ മറ്റെയാളുടെ സുഖവും സൗകര്യവും സന്തോഷവും മാനിക്കുന്നു. ഒരാള്‍ ജീവിക്കുന്നത് അതിനുവേണ്ടിയിട്ടാണ്, അപരനുവേണ്ടിയാണ്. അപ്പോഴാണ് കണ്ടുമുട്ടലുകള്‍ ദൈവകൃപ നിറഞ്ഞതാകുന്നത്!

എം.‌‌ടി. വാസുദേവന്‍ നായരുടെ പഴയൊരു ടെലി-ഫിലിമാണ് ‘ചെറുപുഞ്ചിരി’. രണ്ടു കഥാപാത്രങ്ങള്‍ – അമ്മാളൂമ്മ, കൃഷ്ണക്കുറുപ്പ്! അവര്‍ക്ക് മക്കളും മക്കളുടെ മക്കളുമൊക്കെ ആയിക്കഴിഞ്ഞു. എന്നിട്ടും കേരളത്തിലെ ഒരു കുഗ്രാമത്തിലാണ് താമസിക്കുന്നത്. അവിടുത്തെ കൃഷിയും പറമ്പും അതിന്‍റെ നോട്ടവുമൊക്കെയായിട്ട് ജീവിക്കുകയാണ്. മക്കളൊക്കെ അങ്ങു വിദേശത്തും മറ്റു സ്ഥലത്തുമൊക്കെയാണ്. അവരുടെ രാജ്യങ്ങളിലേയ്ക്കും സ്ഥലത്തോട്ടുമൊക്കെ മക്കള്‍ ക്ഷണിക്കാറുണ്ട്. പോക്കുവരവൊന്നും ഇല്ല. കൃഷ്ണക്കുറുപ്പും കുടുംബവും പോകാറില്ല. ഇതിന് ഒരു ‘ഫ്ലാഷ് ബാക്കു’ണ്ട്. അമ്മാളൂമ്മ ഓര്‍ക്കുന്നതായിട്ടാണ്….

പത്തന്‍പതു വര്‍ഷം മുന്നില്‍ നടത്തതാണ് സംഭവം! അവര്‍ ഒരു ബസ്സുയാത്രയിലാണ്! രണ്ടു പേരും - അമ്മാളൂമ്മയും കൃഷ്ണക്കുറുപ്പും അടുത്തടുത്തിരുന്ന് യാത്രചെയ്യുകയാണ്. ബസ്സ് അങ്ങു മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുമ്പോള്‍ അമ്മാളൂമ്മ ശര്‍ദ്ദിക്കാന്‍ ഓങ്ങി. ശര്‍ദ്ദിക്കാന്‍ ഓങ്ങിയപ്പോള്‍ ഉടനെ കൃഷ്ണക്കുറുപ്പു തന്‍റെ കയ്യിലെ തുവാലയില്‍ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന നാരങ്ങാപ്പൊതി പതിയെ അഴിക്കുന്നു. എന്നിട്ട് അമ്മാളൂമ്മയുടെ തോളത്തു തട്ടി. കൈവെള്ളയില്‍ ആ നാരങ്ങ, ചെരുനാരങ്ങ വച്ചുകൊടുത്തു. എന്നിട്ടു പറഞ്ഞു. മണത്തോളൂട്ടോ!! ശര്‍ദ്ദി പൊയ്ക്കോളും! അപ്പോള്‍ അമ്മാളൂമ്മ പറയുന്നൊരു വാചകമുണ്ട്. ‘ഞാന്‍ പുറകോട്ടു തിരിഞ്ഞൊന്നു നോക്കി. അന്നു മുഖത്തു കണ്ടൊരു ചെറുപുഞ്ചിരി. അന്നാണു ഞങ്ങള്‍ സുഹൃത്തുക്കളായത്!’

ഓര്‍ക്കണം! അതായത്, കല്യണത്തിന്‍റെ പിറ്റെ ദിവസം ബസ് യാത്രയുണ്ടെന്നും, ബസ്സ് യാത്രയില്‍ സാധാരണഗതിയില്‍ സ്ത്രീകളുടെ ഒരു കലാപരിപാടിയാണ് ശര്‍ദ്ദിയെന്നും മനസ്സിലാക്കി, തലേദിവസംതന്നെ അതിനുള്ള നല്ല മറുമരുന്ന്, ചെറുനാരങ്ങ എടുത്തു വയ്ക്കുകയും സൂക്ഷിക്കുകയും, മറന്നുപോകാതെ രാവിലെ അതെടുക്കുകയും. അവസരം വന്നപ്പോള്‍ അതെടുത്ത് പ്രയോഗിക്കുകയും ചെയ്യുന്ന ഒരു ശ്രദ്ധ, കരുതല്‍!!

ജീവിതപങ്കാളിയുടെ ജീവിതത്തിലേയ്ക്കു തുറന്നിരിക്കുന്ന ഒരു ഹൃദയം. തുറന്നിരിക്കുന്ന ശ്രദ്ധ!! അവരെ സന്തോഷിപ്പിക്കുവാനുള്ള ശ്രമം! തന്‍റെ പങ്കാളിയെ സാന്ത്വനപ്പെടുത്താന്‍ എന്തു ചെയ്യണമെന്നുള്ള കരുതല്‍. ഇതാണ് എല്ലാ കണ്ടുമുട്ടലുകളെയും കൃപാപൂര്‍ണ്ണങ്ങളാക്കുന്നത്. എലിസബത്തില്‍നിന്നും നമുക്കീ പാഠം സ്വീകരിക്കാം. നമ്മുടെ അനുദിന ജീവിത കണ്ടുമുട്ടലുകള്‍, ജീവിതപങ്കാളികളുമായിട്ടുള്ള മനസ്സിന്‍റെയും ശരീരത്തിന്‍റെയും ആത്മാവിന്‍റെയും കണ്ടുമുട്ടലുകള്‍... പോരാ, സുഹൃത്തുക്കളുമായുള്ള ഇടയ്ക്കിടെയുള്ള കണ്ടുമുട്ടലുകള്‍... നമ്മുടെ കുടുംബാഘോഷങ്ങളിലെ വലിയ കണ്ടുമുട്ടലുകള്‍ എല്ലാം കൃപാപൂര്‍ണ്ണമാകണം, കൃപാപൂര്‍ണ്ണമാക്കണം!! അതിനായി നമുക്കു പരിശ്രമിക്കാം.

പ്രാര്‍ത്ഥിക്കാം... നാഥാ! ഞങ്ങളുടെ ജീവിതങ്ങളെയും അതിലെ കണ്ടുമുട്ടലുകളെയും അങ്ങേ വലിയ കൃപയാല്‍ നിറക്കണമേ! കണ്ടുമുട്ടലുകളെ കാരുണ്യപൂര്‍ണ്ണവും കൃപാപൂര്‍ണ്ണവും സ്നേഹപൂര്‍ണ്ണവുമാക്കുവാനുള്ള വലിയ മാനുഷിക വളര്‍ച്ച ഞങ്ങള്‍ക്കു നല്കണമേ! ആമ്മേന്‍...!!!

 








All the contents on this site are copyrighted ©.