2015-12-17 09:41:00

എഴുപത്തൊന്‍പതിലും സജീവമാകുന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ ആത്മീയസാന്നിദ്ധ്യം! പിറന്നാള്‍ ആശംസകള്‍!!


ഡിസംബര്‍ 17-ാം തിയതിയാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ  പിറന്നാള്‍. എഴുപത്തൊന്‍പതാം  ജന്മനാള്‍!

വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ ഡിസംബര്‍ 16-ാം തിയതി ബുധനാഴ്ച നടന്ന പൊതുകൂടിക്കാഴ്ചയ്ക്ക് എത്തിയവര്‍ പാപ്പായ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് വിവിധ ഭാഷകളില്‍ പാടുന്നത് കേള്‍ക്കാമായിരുന്നു. ഒരു മെക്സിക്കന്‍ പത്രപ്രവര്‍ത്തക കേക്കു സമ്മാനിച്ച് പാപ്പായെ ആശ്ലേഷിച്ചത്‍ പൊതുകൂടിക്കാഴ്ചാ പ്രഭാഷണം ശ്രവിക്കാനെത്തിയവരില്‍ കൂടുതല്‍ സ്നേഹവികാരങ്ങള്‍ ഉണര്‍ത്തി. ലളിതവും അനൗപചാരികവുമായ പാപ്പാ ഫ്രാന്‍സിസിന്‍റെ പിറന്നാള്‍ പരിപാടി ചൊവ്വാഴ്ചതന്നെ  ആരംഭിച്ചെന്നു പറയാം.

ലോകത്തിന്‍റെ ധാര്‍മ്മിക നന്മയ്ക്കും ആഗോള കത്തോലിക്കാ സഭയുടെ ആത്മീയ ഉണര്‍വിനുമായി എഴുപത്തൊന്‍പതിന്‍റെ നിറവിലും അക്ഷീണം പരിശ്രമിക്കുന്ന പാപ്പായോടുള്ള സ്നേഹാദരങ്ങള്‍ ചത്വരത്തില്‍ തിങ്ങിനിന്ന ആയിരങ്ങളുടെ ആവേശമായി അലയടിക്കുന്നത് കാണാമായിരുന്നു.

ലോകത്തിന്‍റെ നാനാഭാഗത്തുനിന്നും പാപ്പായ്ക്ക് ആശംസകളും പ്രാര്‍ത്ഥനാസന്ദേശങ്ങളും ഈ ദിവസങ്ങളില്‍ എത്തുന്നുണ്ടെന്ന് പേഴ്സണല്‍ സെക്രട്ടറി, അര്‍ജന്‍റീനക്കാരനായ മോണ്‍സീഞ്ഞോര്‍ ഫാബിയന്‍ പെദാച്യോ വത്തിക്കാന്‍ റേഡിയോയെ അറിയിച്ചു.  ബാഹ്യമായ ആഘോഷങ്ങള്‍ ഇല്ലെങ്കിലും, ജന്മനാളില്‍ രാവിലെ പേപ്പല്‍ വസതി, സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ തനിച്ച് പ്രാര്‍ത്ഥിച്ചു, പിന്നെ ദിവ്യബലിയര്‍പ്പിച്ചു.  പതിവു ജോലികളില്‍ വ്യപൃതനാകുന്ന പാപ്പാ റോമിലെ മേരി മെയ്ജര്‍ ബസിലിക്കയിലെ മാതൃസന്നിധിയില്‍ പ്രാര്‍ത്ഥിക്കാന്‍ പോകുവാന്‍ സാദ്ധ്യതയുണ്ടെന്നും ഫാദര്‍ ഫബിയാനോ അറിയിച്ചു.

അര്‍ജന്‍റീനയിലെ ബ്യൂനസ് ഐരസിലുള്ള ഫ്ലോറെസ് എന്ന സ്ഥലത്ത് ബര്‍ഗോളിയോ കുടുംബത്തില്‍ മാരിയോ-റെജീന ദമ്പതികളുടെ മൂത്തമകനായി 1936 ഡിസംബര്‍ 17-നാണ് ജോര്‍ജ് ബര്‍ഗോളിയോ ജനിച്ചത്. അഞ്ചു മക്കളില്‍ ഏറ്റവും മൂത്തവനാണ് പാപ്പാ ഫ്രാന്‍സിസായി മാറിയ ജോര്‍ജ് ബര്‍ഗോളിയോ. സഹോദരി മരിയ എലേന ബര്‍ഗോളിയോ മാത്രമാണ് ബ്യൂനസ് ഐരസില്‍ ഇനിയുമുള്ളത്.








All the contents on this site are copyrighted ©.