2015-12-14 19:32:00

ഗ്വാദലൂപെ നാഥയുടെ തിരുനാള്‍ വത്തിക്കാനില്‍ ആചരിച്ചു


ഡിസംബര്‍ 12-ാം തിയതി ശനിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം 6 മണിക്ക് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പാപ്പാ ഫ്രാന്‍സിസ് ദിവ്യബലിയര്‍പ്പിച്ചുകൊണ്ട് ഗ്വാദലൂപെയിലെ കന്യകാനാഥയുടെ തിരുനാള്‍ ആചരിച്ചു. ദിവ്യബലിമദ്ധ്യേ പാപ്പാ സുവിശേഷപ്രസംഗം നടത്തി. വിശ്വാസികളുടെ പ്രാ‍ര്‍ത്ഥനയിലും പാപ്പാ തത്സമയം പങ്കെടുത്തു. തനിക്ക് ജീവനും വിശ്വാസവും തന്നുകൊണ്ട് നിത്യതയിലേയ്ക്ക് കടന്നുപോയ പ്രിയ മാതാപിതാക്കള്‍ മാരിയോ , റെജീന എന്നിവരെ പാപ്പാ അനുസ്മരിച്ചു.  80 വര്‍ഷങ്ങള്‍ക്കുമുന്‍പ് ഗ്വാദലൂപെ നാഥയുടെ തിരുനാളിലാണ് അവര്‍ വിവാഹിതരായതെന്നും  പാപ്പാ പ്രാര്‍ത്ഥനയില്‍ അനുസ്മരിച്ചു.

റോമിലും ഇറ്റലിയുടെ ഇതരഭാഗങ്ങളിലുമുള്ള ലാറ്റിനമേരിക്കന്‍ ജനങ്ങളുടെയും, മറ്റ് തീര്‍ത്ഥാകടരുടെയും സാന്നിദ്ധ്യംകൊണ്ട് പാപ്പായുടെ ദിവ്യബലിയര്‍പ്പണവും അതിനു മുന്‍പുള്ള ജപമാലസമര്‍പ്പണവും സജീവവും മനോഹരവുമായിരുന്നു. സ്ഥാനാരോപിതനായശേഷം എല്ലാവര്‍ഷവും പാപ്പാ ഫ്രാന്‍സിസ് ഡിസംബര്‍ 12-ന് ഗ്വാദലൂപെ നാഥയുടെ തിരുനാള്‍ വത്തിക്കാനില്‍ മുടങ്ങാതെ ആചരിച്ചുപോരുന്നു.

  1. പാപ്പായുടെ സുവിശേഷചിന്തകള്‍

‘വിജയം നല്‍കുന്ന യോദ്ധാവും നിന്‍റെ ദൈവവുമായ കര്‍ത്താവ്, നി‍ന്‍റെ മദ്ധ്യേയുണ്ട്. നിന്നെക്കുറിച്ച് അവിടുന്ന് അതിയായി ആഹ്ലാദിക്കും. സ്നേഹത്തില്‍ അവിടുന്ന് നിന്നെ പുനഃപ്രതിഷ്ഠിക്കും. ഉത്സവദിനത്തിലെന്നപോലെ അവിടുന്ന് നിന്നെക്കുറിച്ച് ആനന്ദഗീതമുതിര്‍ക്കും. ഞാന്‍ നിന്നില്‍നിന്നു വിപത്തുകളെ ദുരീകരിക്കും, നിനക്കു നിന്ദനമേല്‍ക്കേണ്ടി വരുകയില്ല’ (സെഫാ. 3, 17-18). സെഫാനിയ പ്രവാചകന്‍ ഇസ്രായേല്‍ ജനത്തോട് സമുദ്ധരിച്ച മേല്‍വാക്യം കന്യകാനാഥയെക്കുറിച്ചും, സഭയെയും സകലജനതകളെയും കുറിച്ചാകാം. കാരണം ദൈവം തന്‍റെ സ്നേഹത്തില്‍ സകലരോടും കരുണാര്‍ദ്രഹൃദയനാണ് (Mesericordis).  ദൈവം സ്നേഹിക്കുന്നതിനാല്‍ അവിടുന്ന് നമ്മോടു കരുണ കാണിക്കുന്നു. അവിടുന്ന് കലവറയില്ലാതെയും അതിരുകളില്ലാതെയും, ഒന്നും തിരികെ പ്രതീക്ഷിക്കാതെയും നമ്മെ സ്നേഹിക്കുന്നു. ദൈവത്തിന്‍റെ വിശേഷണങ്ങളില്‍ ശ്രേഷ്ഠതമമാണ് ‘കരുണാര്‍ദ്രഹൃദയന്‍’! അത് സുവിശേഷത്തിലും സഭയുടെ വിശ്വാസത്തിലും സംഗ്രഹിച്ചിരിക്കുന്നു.

‘കരുണാര്‍ദ്രഹൃദയന്‍’ എന്ന  പ്രയോഗം എല്ലാഭാഷകളിലും കരുണ, ഹൃദയം എന്നീ രണ്ടു വാക്കുകളുടെ സങ്കലനമാണ്. Misericors എന്ന ലത്തിന്‍ മൂലവാക്ക്  miseria, cordis  കാരുണ്യം, ഹൃദയം എന്ന വാക്കുകളുടെ  കൂട്ടുചേരലാണ്. സ്നേഹിക്കുവാനുള്ള മനുഷ്യരുടെ കഴിവാണ് ഹൃദയം വെളിപ്പെടുത്തുന്നത്, അവരുടെ കഷ്ടതയെ ആശ്ലേഷിക്കുന്ന ദൈവത്തിന്‍റെ ഗുണവിശേഷമാണ് സ്നേഹം. മനുഷ്യന്‍റെ അയോഗ്യത തന്‍റേതെന്നപോലെ കരുതി അത് ദുരീകരിക്കാന്‍ അവിടുന്നു പരിശ്രമിക്കുന്നു. മനുഷ്യര്‍ ജീവിക്കേണ്ടതിന് തന്‍റെ ഏകപുത്രനെ ദൈവം ലോകത്തിലേക്ക് അയച്ചു. അങ്ങനെ ദൈവത്തിന്‍റെ സ്നേഹം ലോകത്ത് വെളിപ്പെട്ടിരിക്കുന്നു.

നാം ദൈവത്തെ സ്നേഹിച്ചു എന്നതിലല്ല, അവിടുന്നു നമ്മെ സ്നേഹിക്കുകയും നമ്മുടെ പാപങ്ങള്‍ക്കു പരിഹാരബലിയായി സ്വപുത്രനെ നല്കുകയും ചെയ്തു എന്നതാണ് ദൈവസ്നേഹം. ദൈവം നമ്മെ ഇപ്രകാരം സ്നേഹിച്ചെങ്കില്‍ നാമും പരസ്പരം സ്നേഹിക്കാന്‍ കടപ്പെട്ടിരിക്കുന്നു (1യോഹ. 4, 9-10). മാനുഷിക ബലഹീനതകളില്‍ പങ്കാളിയാകുവാനാണ് ‘ദൈവം മനുഷ്യാവതാരം ചെയ്തത്. മാനുഷികാവസ്ഥയില്‍ കൂടെനില്ക്കുവാനും കുരിശിനാല്‍ നമ്മുടെ അസ്തിത്വപരമായ യാതനകളില്‍ പങ്കുചേരുന്നതിനും വേണ്ടിയായിരുന്നു അത്. മുറിപ്പെട്ട മനുഷ്യന് സാന്ത്വനമേകുവാനും അവനെ സുഖപ്പെടുത്തുവാനും പോരുന്നത്ര ശക്തമായിരുന്ന ദൈവസ്നേഹം. തന്നെ വിളിച്ചപേക്ഷിക്കുന്ന ഏതൊരു പാപിയെയും തട്ടിമാറ്റാത്തതും, അയാളുടെ മാനസാന്തരത്തിനുള്ള കൃപയെ തടസ്സപ്പെടുത്തുവാന്‍ സാധിക്കാത്തതുമായിരുന്നു ദൈവത്തിന്‍റെ കരുണാര്‍ദ്രമായ സാമീപ്യം. പിതാവായ ദൈവത്തിന്‍റെ സ്നേഹം പാപത്തെ വെല്ലുന്നതാകയാല്‍, തിന്മയുടെ അടിമത്വത്തില്‍നിന്നും മനുഷ്യരെ മോചിക്കാന്‍ തന്‍റെ ഏകജാതനെ ദൈവം ബലിയായ് നല്കി. ദൈവത്തിന്‍റെ കാരുണ്യം നമ്മിലേയ്ക്ക് പ്രവഹിക്കുന്നത് ജ്ഞാനസ്നാനമെന്ന കൂദാശയിലൂടെ ലഭിക്കുന്ന പരിശുദ്ധാത്മാവിന്‍റെ നിറവിലാണ്. അവിടുത്തെ ശിഷ്യരുടെ നവമായ കൂട്ടായ്മയില്‍ നമ്മളും വളര്‍ന്ന് പക്വമാര്‍ജ്ജിക്കുന്നതിന് ദൈവാത്മാവ് നമ്മെ സഹായിക്കുന്നു. ലോകത്തിന്‍റെ പാപങ്ങള്‍ ഗൗരവതരവും വലതുമാകയാല്‍ ഭൂമിയെ നവീകരിച്ച് നവമായ ജീവന്‍റെ സന്തോഷവും പ്രത്യാശയും തരുന്നതും പരിശുദ്ധാരൂപിയാണ്.

ആനന്ദാശ്രുക്കളോടെ നമുക്ക് പ്രഘോഷിക്കാം! ദൈവം എന്‍റെ നാഥനും രക്ഷകനുമാണ്!  ‘കര്‍ത്താവു സമീപസ്ഥനാകയാല്‍ ഭയപ്പെടരുതെന്ന്’ നമ്മെ പ്രബോധിപ്പിക്കുന്നത് പൗലോസ് അപ്പസ്തോലനാണ്. നമ്മിലേയ്ക്ക് ഇറങ്ങിവന്ന ദൈവത്തിന്‍റെ സാന്നിദ്ധ്യവും സ്നേഹസാമീപ്യവുമാണ് അവിടുത്തെ സമുന്നതമായ കാരുണ്യം. ദൈവം നമ്മോടൊത്തു ചരിച്ചുകൊണ്ട് അവിടുത്തെ സ്നേഹപാത കാട്ടിത്തരുന്നു. വീഴുമ്പോള്‍ കൈപിടിച്ചുയര്‍ത്തുന്നു. എല്ലാ ഉദ്യമങ്ങളിലും അവിടുന്നു നമ്മെ തുണയ്ക്കുകയും, നമ്മുടെ അസ്തിത്വത്തിന്‍റെ എല്ലാം സാഹചര്യങ്ങളിലും അവിടുന്നു നമ്മെ അനുഗമിക്കുകയും ചെയ്യുന്നു.  ലോകത്തിന്‍റെ യാതനകളിലേക്ക് നമ്മുടെ കണ്ണുകള്‍ തുറക്കുന്നത് ദൈവമാണ്. പന്നെ മുന്നോട്ടു പോകുവാനുള്ള പ്രത്യാശയാല്‍ നിറയ്ക്കുന്നതും അവിടുന്നാണ്. ‘അപ്പോള്‍ ... ദൈവത്തിന്‍റെ സമാധാനം നമ്മുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശുക്രിസ്തുവില്‍ കാത്തുകൊള്ളും’ (ഫിലിപ്പി. 4, 7). അങ്ങനെ ക്രിസ്തുവാണ് നമ്മുടെ ജീവിതാനന്ദത്തിന്‍റെയും സമാധാനത്തിന്‍റെയും സ്രോതസ്സ്. ക്ലേശങ്ങള്‍ക്കും വ്യഗ്രതകള്‍ക്കും ഇടയില്‍പ്പോലും മറ്റാര്‍ക്കും മറ്റൊന്നിനും ഈ സന്തോഷവും സമാധാനവും തകര്‍ക്കാനാവില്ല. വിശുദ്ധവത്സരത്തിലെ‍ ആഗമനകാലത്ത് കാരുണ്യത്തിന്‍റെയും സമാധാനത്തിന്‍റെയും സന്തോഷത്തിന്‍റെയും അനുഭവം പരിപോഷിപ്പിക്കാന്‍ നമുക്കു പരിശ്രമിക്കാം. സ്നാപക യോഹന്നാനെ അനുകരിച്ച് എളിയവരോട് സുവിശേഷം പ്രസംഗിക്കുന്നതും, കാരുണ്യപ്രവൃത്തികള്‍ ചെയ്യുന്നതും ക്രിസ്തുമസ്സിന് ഒരുക്കമായുള്ള സല്‍പ്രവൃത്തികളാണ്.

ദൈവം മറിയത്തില്‍ സംപ്രീതനായിരുന്നു. അവളില്‍ പ്രത്യേകമായ ആനന്ദവും അവിടുന്നു കണ്ടെത്തി. ക്രൈസ്തവികതയുടെ ഏറെ പുരാതനമായ  മരിയന്‍ഗീതം, Salve Regina കന്യകാനാഥയെ കാരുണ്യത്തിന്‍റെ അമ്മേ! (O! Clemens!) എന്നു വിശേഷിപ്പിക്കുന്നുണ്ട്. ദൈവകൃപയും കാരുണ്യവും ക്രിസ്തുവിലൂടെ സ്വീകരിക്കുകയും അനുഭവിക്കുകയും ചെയ്തവളാണ് മറിയം. അതിനാല്‍ അവിടുത്തേയ്ക്ക് ഏറ്റവും പ്രീതികരമായത് എന്താണെന്ന്  ക്രിസ്തുവുമായി അത്രത്തോളും അടുത്ത മറിയത്തിന് അറിയാമായിരുന്നു അവിടുത്തെ ലാളിത്യവും കാരുണ്യവും അനുഭവിച്ച് സകലമനുഷ്യരും രക്ഷപ്രാപിക്കണമെന്നതായിരുന്നു അവിടുത്തെ ആഗ്രഹം. ദൈവം എത്രത്തോളം നമ്മെ സ്നേഹിക്കുന്നുവെന്ന് മനസ്സിലാക്കാന്‍ കാരുണ്യത്തിന്‍റെ അമ്മയായ മറിയം നമ്മെ സഹയിക്കട്ടെ!

പരിശുദ്ധ കന്യകാമറിയമേ, ഗ്വാദലൂപെയിലെ നാഥേ, ഞങ്ങളുടെ മദ്ധ്യസ്ഥേ, ലാറ്റിനമേരിക്കന്‍ ജനതയുടെ മുഴുവന്‍ യാതനകളും സന്തോഷവും അങ്ങേയ്ക്കു സമര്‍പ്പിക്കുന്നു. അങ്ങേ വാത്സല്യ കടാക്ഷം ഈ വിശുദ്ധവത്സരം മുഴുവനിലും ഞങ്ങളെ നയിക്കട്ടെ! കാരണം, അമ്മേ! ഞങ്ങള്‍   ദൈവത്തിന്‍റെ കരുണാര്‍ദ്രമായ മുഖം അങ്ങില്‍ ദര്‍ശിക്കുന്നു (Misericordiae Vultus, 24).  ലോകത്തുള്ള സകല രാജ്യങ്ങളിലും, കുടുംബങ്ങളിലും വ്യക്തികളിലും ഈ ജൂബിലി വര്‍ഷത്തിലുടനീളം അങ്ങേ കരുണാര്‍ദ്രമായ സ്നേഹത്തിന്‍റെ വിത്തു വിതയ്ക്കണമേ! അങ്ങനം അവ കരുണയുടെ മരുപ്പച്ചയും സ്രോതസ്സുമാവട്ടെ! കലവറയില്ലാത്ത സ്നേഹത്തിന്‍റെ സാക്ഷികളുമാക്കണമേ!!

ലാറ്റിനമേരിക്കന്‍ ജനതയുടെ ജീവിത പാതയെ അങ്ങു തെളിയിക്കണമേ! മാത്രമല്ല, കാരുണ്യം തേടിയും അങ്ങേ മാതൃസഹായം തേടിയും ഗ്വാദലൂപെയില്‍ വന്നണയുന്ന എല്ലാ തീര്‍ത്ഥാടകരെയും അനുഗ്രഹിക്കണമേ!! ഈ യാചനയുമായി  2016 ഫെബ്രുവരി 13-ന് ഗ്വാദലൂപെ നാഥയുടെ സന്നിധിയില്‍ താന്‍ എത്തിച്ചേരുമെന്നും ലാറ്റിനമേരിക്കന്‍ ജനതയും തന്‍റെ ഈ നിയോഗത്തിനായി പ്രാര്‍ത്ഥിക്കണമെന്നും അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് പാപ്പാ വചനചിന്തകള്‍ ഉപസംഹരിച്ചത്.

  1. ഗ്വാദലൂപെനാഥയുടെ വണക്കം - ഹ്രസ്വചരിത്രം

മെക്സിക്കോയിലെ ഗ്വാദലൂപെയില്‍ തെപയാക് കുന്നിന്‍ ചരിവില്‍ 1531 ഡിസംബര്‍ 12-ാം തിയതി ജുവാന്‍ ദിയേഗോ എന്ന കര്‍ഷകന് കന്യകാനാഥ പ്രത്യക്ഷപ്പെട്ടതിന്‍റെ അനുസ്മരണവും ആചരണവുമാണ് ഇന്ന് ലോകമെമ്പാടും ഗ്വാദലൂപെയിലെ കന്യകാനാഥയുടെ ഭക്തിയായി വളര്‍ന്നത്. വരണ്ടു തരിശായ തെപയാക് കുന്നില്‍ അത്ഭുതകരമായി വിടര്‍ന്ന റോസാപ്പൂക്കളും, ജുവാന്‍റെ തോള്‍വിരിയില്‍ മുദ്രിതമായ അത്ഭുതചിത്രവും ഗ്വാദലൂപെ ഭക്തിയുടെ ലളിതമായ തുടക്കമായിരുന്നെങ്കിലും, അവിടത്തെ ജനങ്ങളുടെ വിശ്വാസചരിത്രത്തില്‍ ഇന്നും മായാത്ത മുദ്രകളാണ്.

വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ 2002-ാമാണ്ടില്‍ ജുവാന്‍ ദിയോഗോ വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തി. ജൂവാന്‍ ദിയോഗോയുടെ മേലങ്കിയില്‍ അത്ഭുതകരമായി വിരാജിതമായ സ്വര്‍ഗ്ഗാരോപിതയായ കന്യകാനാഥയുടെ ചിത്രണത്തോട് സാമ്യമുള്ള സ്വരൂപമാണ് ലോകം മുഴുവന്‍ കീര്‍ത്തിപ്പെട്ട ഗ്വാദലൂപെയുടെ അത്ഭുതചിത്രം. ലോകത്ത് ഏറ്റവും ഏറെ തീര്‍ത്ഥാടകര്‍ എത്തിച്ചേരുന്ന മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമാണ് ഗ്വാദലൂപെ. മെക്സിക്കോയുടെ മാത്രമല്ല, എല്ലാ ലാറ്റിമനേരിക്കന്‍ രാജ്യങ്ങളുടെയും മദ്ധ്യസ്ഥയാണ് ഗ്വാദലൂപെ നാഥ.

1887-ല്‍ ലിയോ 13-ാമന്‍ പാപ്പായാണ് ഗ്വാദലൂപെയിലെ കന്യകാനാഥയെ മെക്സിക്കോയുടെ മദ്ധ്യസ്ഥയും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ രാജ്ഞിയുമായി വാഴിച്ചത്. കാലികമായ  എല്ലാ പ്രതിസന്ധികല്‍ക്കിടയിലും മെക്സിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെയും ജനതകളെയും ഇന്നും സാംസ്ക്കാരികമായും ആത്മീയമായും കൂട്ടിയിണക്കുന്നത് ഗ്വാദലൂപെയിലെ കന്യകാനാഥയാണ്. ഏഷ്യന്‍ രാജ്യമായ ഫിലിപ്പീന്‍സിന്‍റെയും മദ്ധ്യസ്ഥയാണ് ഗ്വാദലൂപെയിലെ കന്യകാനാഥ. 1935-ല്‍ 11-ാം പിയൂസ് പാപ്പയാണ് കന്യകാനാഥയുടെ സ്വര്‍ഗ്ഗീയ മാദ്ധ്യസ്ഥ്യം ഫിലിപ്പീന്‍സിലെ ജനങ്ങള്‍ക്കു നല്കിയത്.








All the contents on this site are copyrighted ©.