2015-12-12 16:50:00

മാനസാന്തരത്തിലേക്കു ക്ഷണിക്കുന്ന കാരുണീകന്‍


വിശുദ്ധ ലൂക്കായുടെ സുവിശേഷം  3, 10-18  സ്നാപകന്‍റെ പ്രഭാഷണം  

ജനക്കൂട്ടം അവിടുത്തോടു ചോദിച്ചു. ഞങ്ങള്‍ എന്താണു ചെയ്യേണ്ട്? അവിടുന്ന് അപ്പോള്‍ അരുള്‍ചെയ്തു. രണ്ടുടുപ്പുള്ളവന്‍ ഒന്ന് ഇല്ലാത്തവനു കൊടുക്കട്ടെ. ഭക്ഷണം ഉള്ളവനും അങ്ങനെ ചെയ്യട്ടെ. ചുങ്കക്കാരും സ്നാനം സ്വീകരിക്കാന്‍ വന്നു. അവരും അവി‌ടുത്തോടു ചോദിച്ചു. ഗുരോ, ഞങ്ങള്‍ എന്തു ചെയ്യണം? അവിടുന്നു പറഞ്ഞു. നിങ്ങളോട് ആജ്ഞാപിച്ചിട്ടുള്ളതില്‍ കൂടുതല്‍ ഈടാക്കരുത്. പടായാളികളും അവിടുത്തോടു ചോദിച്ചു. ഞങ്ങള്‍ എന്തു ചെയ്യണം? അവിടുന്ന് അവരോടു പറഞ്ഞു. നിങ്ങള്‍ ആരെയും ഭീഷണിപ്പെടുത്തരുത്. വ്യാജമായ കുറ്റാരോപണവും അരുത്. വേതനംകൊണ്ടു തൃപ്തിപ്പെടണം.

പ്രതീക്ഷയോടെയിരുന്ന ജനമെല്ലാം ഇവിടുന്നു തന്നെയോ ക്രിസ്തു എന്നു യോഹന്നാനെപ്പറ്റി ചിന്തിച്ചു തുടങ്ങി. യോഹന്നാന്‍ അവരോടു പഞ്ഞു. ഞാന്‍ ജലംകൊണ്ടു സ്നാനം നല്‍കുന്നു. എന്നാല്‍, എന്നെക്കാള്‍ ശക്തനായവന്‍ വരുന്നു. അവന്‍റെ ചെരിപ്പിന്‍റെ കെട്ട് അഴിക്കാന്‍പോലും ഞാന്‍ യോഗ്യനല്ല. അവിടുന്ന് പരിശുദ്ധാത്മാവിനാലും അഗ്നിയാലും നിങ്ങള്‍ക്ക് സ്നാനം നല്കും. വീശുമുറം അവിടുത്തെ കൈയ്യില്‍ ഉണ്ട്. അവിടുന്നു കള വെടിപ്പാക്കി, ഗോതമ്പ് അറപ്പുരയില്‍ ശേഖരിക്കുകയും കെടാത്ത തീയില്‍ പതിരു ദഹിപ്പിക്കുകയും ചെയ്യും. ഇതുപോലെ, മറ്റുപല ഉദ്ബോധനങ്ങളിലൂടെയും അവിടുന്ന് ജനത്തെ സദ്വാര്‍ത്ത അറിയിച്ചു.

ഇന്നു സുവിശേഷത്തില്‍ സ്നാപകയോഹന്നാന്‍ തന്‍റെ പ്രഭാഷണത്തില്‍ ജനത്തോട് ആവശ്യപ്പെടുന്നത് മാനസാന്തരപ്പെടുവിന്‍. അങ്ങനെ മാനസാന്തരപ്പെടുവിനെന്ന് അവശ്യപ്പെടുമ്പോള്‍ ജനക്കൂട്ടം തിരിച്ച് യോഹന്നാനോട് ചോദിക്കുന്ന ചോദ്യമുണ്ട്. ഞങ്ങള്‍ എന്താണ് ചെയ്യുക? രണ്ടു ഉടുപ്പുള്ളവന്‍ ഒന്ന് കൊടുക്കട്ടെ. ഭക്ഷണത്തിന്‍റെ കാര്യത്തിലും അങ്ങനെ തന്നെ ചെയ്യട്ടെ. ഇതാണ് യോഹന്നാന്‍ കാണിച്ചുകൊടുക്കുന്ന നീതിയും, മാനസാന്തരത്തിന്‍റെ മാനദണ്ഡവും. മാനസാന്തരം ആഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടതാണ്.

കാരുണ്യവര്‍ഷത്തിന്‍റെ ആരംഭവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ തേവരയിലെ ‘കാരുണികന്‍’ ഭവനത്തിന് അടുത്തുള്ള ഇടവകകളെ കൂട്ടിയിണക്കി ഡിസംബര്‍ 8—ാം തിയതി ജൂബിലി ആരംഭത്തിന് ദിവ്യബലി ഒരുമിച്ച് ആര്‍പ്പിക്കുകയുണ്ടായി. അതിന് പ്രാസംഗികനായെത്തിയത് ഡേവിഡ് ചിറമ്മേല്‍ അച്ചനാണ്. ഇന്ത്യ കിഡ്ണി ഫൗണ്ടേഷന്‍റെ പ്രസിഡന്‍റ്. മാത്രമല്ല, ഒരാള്‍ക്ക് കിഡ്ണി സൗജന്യമായി ദാനംചെയ്ത ഇന്ത്യയിലെ ആദ്യവ്യക്തി! അദ്ദേഹം പറഞ്ഞു, നമ്മള്‍ ദാനം ചെയ്യാറുണ്ട്. പലവിധത്തില്‍ ദാനംചെയ്യാറുണ്ട്, കൊടുക്കാറുണ്ട്. ഉദാഹരണത്തിന്, അടയന്തിരങ്ങള്‍ക്ക് നമ്മള്‍ സദ്യ ഒരുക്കുന്നു. ഒരു കല്യാണത്തിനോ, ആഘോഷത്തിനോ നാം സദ്യ ഒരുക്കുന്നു. നമ്മുടെ കണക്കുകൂട്ടല്‍ അനുസരിച്ച് 500 പേര്‍ക്കുള്ള വിഭവങ്ങള്‍ ഒരുക്കി എന്നിരിക്കട്ടെ. പക്ഷെ വന്നവര്‍ 300 പേരെയുള്ളൂ എന്നു വിചാരിക്കുക. എന്തു ചെയ്യും? മിച്ചമുള്ളതു കളയണ്ട അടുത്തുള്ള അനാഥാലയത്തില്‍ അവയെല്ലാം കൊണ്ടുപോയി കൊടുക്കുന്നു. എന്നിട്ട് വണ്ടിയില്‍ കയറ്റി അനാഥാലയത്തില്‍ കൊണ്ടുടപോയി കുടുക്കുന്നു. അതില്‍ വലിയൊരു ഉപവി, വലിയൊരു സല്‍ക്കര്‍മ്മം ചെയ്തതിന്‍റെ സന്തോഷം നമുക്കു ലഭിക്കുന്നു.

ഡേവിസ് അച്ചന്‍ ചോദിക്കുന്നു, നാം ഈ ചെയ്തത് ശരിക്കും കാരുണ്യത്തിന്‍റെ പ്രവൃത്തിയാണോ? അവിടെ നാം കൊടുത്തത് ഉച്ഛിഷ്ടമല്ലേ.... വെയിസ്റ്റല്ലേ!. നാം ഉപയോഗിച്ചതിനുശേഷം ബാക്കിയുള്ളതു കൊടുക്കുന്നതിനെ എങ്ങനെയാണ് കാരുണ്യമെന്ന്, അല്ലെങ്കില്‍ കാരുണ്യപ്രവൃത്തിയെന്ന് വിശേഷിപ്പിക്കാനാകുന്നത്?! മറിച്ച് നമുക്കുള്ളത് എടുത്തു കൊടുമ്പോള്‍, നല്കലില്‍ എന്തെങ്കിലും നഷ്ടമാകുമ്പോള്‍, അപകടപ്പെടുന്നതാണ്, അല്പം വേദനിക്കുന്നതാണ്, അത് കാരുണ്യമാകുന്നത്, കാരുണ്യപ്രവൃത്തിയാകുന്നത്.

ഇന്നത്തെ സുവിശേഷത്തില്‍ രണ്ടു ഉടുപ്പുള്ളവന്‍ ഒന്നുകൊടുക്കട്ടെ! എന്നു സ്നാപകന്‍ പറയുമ്പോള്‍, പഴയനിയമത്തില്‍ മോശ മുതലുള്ള നീതിയുടെ സങ്കല്പമാണ് നാം അദ്ദേഹത്തിന്‍റെ വാക്കുകളില്‍ ശ്രവിക്കുന്നത്. സഭാ പിതാവായ, കേസറിയായിലെ ബേസില്‍പോലും ഇതു പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്‍റെ വാക്കുകള്‍ അല്പം രൂക്ഷമാണ്. അദ്ദേഹം പറഞ്ഞത്, നി‍ന്‍റെ അടുക്കളയില്‍ മിച്ചമായിരിക്കുന്ന ഭക്ഷണം, നിന്‍റെയല്ല, നിന്‍റെ ഭക്ഷണമല്ല. നിന്‍റെ വഴിയോരത്തോ, അയല്‍പ്പക്കത്തോ വിശന്നു കിടക്കുന്ന പാവപ്പെട്ടവന്‍റെതാണ്. അതുപോലെ അലമാരയില്‍ നീ കാത്തുകെട്ടി, സൂക്ഷിച്ചുവച്ചിരിക്കുന്ന വസ്ത്രം നിന്‍റെതല്ല. അവയെല്ലാം വസ്ത്രമില്ലാത്ത പാവപ്പെട്ടവന്‍റെതാണ്. പങ്കുവയ്ക്കല്‍ വലിയ നീതിയും കാരുണ്യവുമാണ്. എന്നാല്‍ ഒന്നോര്‍ത്തു നോക്കിയേ, ക്രിസ്തു പറയുന്ന കാരുണ്യം ഒരു പടികൂടെ മുന്നോട്ടു പോകുന്നതാണ്. മിച്ചമുള്ളതു കൊടുക്കുന്നതല്ല. മിച്ചമുള്ളതു പങ്കുവയ്ക്കുന്നത് നല്ലതാണ്, നല്ലതുതന്നെ!....

എന്നാല്‍ നിന്‍റെ ആവശ്യങ്ങള്‍ മാറ്റിവച്ച്, നിന്‍റെ ജീവിതംതന്നെ അപകടപ്പെടുത്തിക്കൊടുക്കുന്നതാണ് പങ്കുവയ്ക്കലിന്‍റെ പ്രവൃത്തി. അപരനെ സഹായിക്കുന്നതു കൊടുക്കുന്നതുമാണ് ക്രിസ്തു കാണിച്ചുതന്ന കൊടുക്കല്‍. മോശവഴി നിയമം വന്നു, എന്നാല്‍ ഇതാ, ക്രിസ്തുവഴി കൃപ നമുക്ക് ലഭ്യമായിരിക്കുന്നു എന്നാണ് വചനം പറയുന്നത്. കൃപയെന്നു പറയുന്നത് കൊടുക്കലാണ്. അത് കൊടുക്കലിന്‍റെ അങ്ങേയറ്റത്തെ ഉദാരതയാണ്, ഔന്നത്യമാണ്, നല്കലിന്‍റെ ഉച്ചസ്ഥായിയാണ്.  

ഡേവിസ് ചിറമ്മേല്‍ അച്ചന്‍ പറയുന്ന കാരുണ്യപ്രവൃത്തിയുടെ ഭംഗി ഇതാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്‍റെ ഇടവകയിലുള്ള ഒരു രോഗിക്കുവേണ്ടി കിഡ്ണി മാറ്റി വയ്ക്കുവാനുള്ള ഒരു പരിശ്രമമായിരുന്നു. അതിനുവേണ്ടി സംഘടനയുണ്ടാക്കി. അവര്‍ അച്ചനെ അതിന്‍റ നേതാവാക്കി. കാരണം കിഡ്ണിക്ക് കാശു വേണം. അതില്‍ ശേഖരിച്ച പണവുമായി കി‍ഡിണി തേടി നടന്നു. കേരളത്തില്‍ കിട്ടാഞ്ഞിട്ട് കോയമ്പത്തൂര്‍വരെപോയി. എന്നിട്ടും ഉറപ്പായിട്ടൊന്നും കണ്ടില്ല. ഏതെങ്കിലും ഒരു കിഡ്ണി രോഗിക്ക് ശരിയായിരിക്കുമോ അല്ലോയോ എന്നു ആശങ്കയും കൂടെയുണ്ടായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ്  ഗാമത്തിലെ ഗോപിനാഥന്‍ എന്ന രോഗിയായ മനുഷ്യനുവേണ്ടി തന്‍റെ രണ്ടു കിഡിണികളില്‍ ഒന്നു കൊടുത്തുകൂടേ എന്ന് അച്ചന്‍ ചിന്തിക്കുകയും, അതിന് തയ്യാറാകുകയും ചെയ്തത്.

കര്‍ത്താവ് അന്ത്യത്താഴവേളയില്‍ പറഞ്ഞില്ലേ. ഇത്, എന്‍റെ ശരീരം.. നിങ്ങള്‍ വാങ്ങി ഭക്ഷിക്കുവിന്‍, സ്വന്തം ശരീരഭാഗം മുറിച്ചുകൊടുക്കുന്നതില്‍പ്പരം സ്നേഹവും ത്യാഗവുമുണ്ടോ? ഇത് ദിവ്യകാരുണ്യത്തിന്‍റെ പ്രതീകം കൂടിയാണ്. സ്വന്തം ശരീരഭാഗം മുറിച്ചുകൊടുക്കുന്നതില്‍പ്പരം ക്രിസ്തീയത എന്താണുള്ളത്. അതാണ് ദിവ്യകാരുണ്യത്തിന്‍റെ പൊരുള്‍ മുറിച്ചുകൊടുക്കല്‍!!

 

അര്‍ഹതപ്പെടാത്തവനും, എളിയവനും നാം കൊടുക്കുമ്പോഴാണ് അത് ഏറ്റവും വലിയ കൊടുക്കല്‍, പങ്കുവയ്ക്കല്‍, ഏറ്റവും വലിയ ദാനമായി മാറുന്നത്. നിയമത്തിനും ന്യാത്തിനും നീതിക്കും അതീതമായ കൊടുക്കലാണ്. അത് ഏറ്റവും വലിയ കൊടുക്കലാണ്, പങ്കുവയ്ക്കലാണ്. ഏററവും വലിയ ദാനമാണ്. അത് കൃപയാണ്. അത് ദൈവകൃപയാണ്. കാരണം, ദൈവം അങ്ങനെയാണ് കൊടുക്കുന്നത്. ഈശോ പറഞ്ഞില്ലേ. ദുഷ്ടരുടെയും ശിഷ്ടരുടെയുംമേല്‍ ഒരുപോലെ മഴപെയ്യിക്കുന്നവന്‍, അര്‍ഹിക്കുന്നവര്‍ക്കു  മാത്രമല്ല, അനര്‍ഹര്‍ക്കും അവിടുന്ന് ഉദാരമായി മഴ നല്‍കുന്നു. മഴ പെയ്യിക്കുന്നു.

ദുഷ്ടരുടെയും ശിഷ്ടരുടെയും മേല്‍ സൂര്യനെ ഉദിപ്പിക്കുന്നവന്‍ നല്ലവര്‍ക്കു മാത്രമല്ല, തിന്മചെയ്യുന്നവര്‍ക്കുപോലും... അനര്‍ഹര്‍ക്കുപോലും അതു കൊടുക്കുന്നുണ്ട്. അര്‍ഹതയില്ലാത്തിടത്തേയ്ക്കുപോലും വിളമ്പുന്നുണ്ട്. അതാണ് ക്രിസ്തീയമായ കൊടുക്കല്‍. രണ്ടു ഉടുപ്പുള്ളവന്‍ ഒന്നു കൊടുക്കട്ടെയെന്നു പറയുന്ന സ്നാപകന്‍റെ നീതിയില്‍നിന്നും അതു വളര്‍ന്നു, വളര്‍ന്ന് കുരിശിലേയ്ക്കു ഉയര്‍ന്നു... മറ്റുള്ളവര്‍ക്കായി സ്വന്തം ജീവന്‍ പകുത്തു നല്കിയ ക്രൂശിതന്‍റെ കൊടുക്കല്‍... അതിലേയ്ക്കാണ് ഇശോ നമ്മെ ഈ കാരുണ്യവര്‍ഷത്തില്‍ വിളിക്കുന്നത്.

ഇളംകുളം പള്ളിയില്‍ ക്ലാസ്സെടുക്കവെ പറഞ്ഞു. പരദേശിയായിട്ടു ക്രിസ്തു വരുന്നു, ഇവിടെ എറണാകുളത്ത്, എളങ്കുളത്ത്!  ദരിദ്രനെക്കുറിച്ചും ദാരിദ്ര്യത്തെക്കുറിച്ചും പറഞ്ഞപ്പോള്‍ ഉയര്‍ന്നു വന്നൊരു ചര്‍ച്ചായാണ്. ഈവിടെ പരദേശികളായിട്ടുള്ള അന്യസംസ്ഥാന തൊഴിലാളികള്‍ ധാരണമുണ്ടല്ലോ... അത് ക്രിസ്തുവാണ്!! ക്രിസ്തുവും പരദേശിയായിരുന്നല്ലോ. അപ്പോള്‍ ഒരാള്‍ ചോദിച്ചു. ഈ അന്യസംസ്ഥാനത്തിലെ തൊഴിലാളികളില്‍ നല്ലവനും മോശക്കാരനും ഒക്കെ ഇല്ലയോ.... തട്ടിപ്പുകാരനും കൊലപാതകിയും ഇല്ലയോ... ചോദ്യം ശരിയാ! പക്ഷെ ദൈവത്തിന്‍റെ വലിയ കരുണ നല്കപ്പെടുന്നത് അത് സ്വീകരിക്കുന്നവന്‍റെ നന്മയും തിന്മയും നോക്കിയല്ല. ദുഷ്ടന്‍റെയും ശിഷ്ടന്‍റെയും മേല്‍ തന്‍റെ കരുണാവര്‍ഷം പൊഴിക്കുന്ന തമ്പുരാന്‍റെ ഔദാര്യത്തിലേയ്ക്കും സ്നേഹത്തിലേയ്ക്കും വളരാന്‍... മാനസാന്തരപ്പെടുവിന്‍.... എന്ന വലിയ വിളിയാണ് ആഗമനകാലത്തിലെ മൂന്നാം വാരത്തില്‍ നാം ശ്രവിക്കുന്നത്.

മിച്ചമുള്ളത് കൊടുക്കുക... പോരാ, അതിനപ്പുറത്തേയ്ക്കും വളരുക. കൊടുക്കുക. നമുക്ക് ആവശ്യമുള്ളതുപോലെ കൊടുക്കുവാന്‍ ധര്‍മ്മമില്ലെങ്കില്‍പോലും കൊടുക്കുക. അങ്ങനെ അര്‍ഹനായിട്ടുള്ളവന് കൊടുക്കുമ്പോള്‍ നീ ക്രിസ്തുവിന്‍റെ സ്നേഹത്തിലേയ്ക്കാണ് വളരുന്നത്. ക്രൂശിതന്‍റെ കാരുണ്യത്തിലേയ്ക്കാണ് നാം ഉയരുന്നത്.

 പ്രാര്‍ത്ഥിക്കാം!  നാഥാ, അവിടുത്തെ കരുണയുടെ വലിയ ഹൃദയംകൊണ്ടു ഞങ്ങളെ നിറയ്ക്കുക. കൊടുക്കുവാന്‍, വ്യവസ്ഥകളില്ലാതെ കൊടുക്കുവാന്‍, വ്യവസ്ഥകളില്ലാതെ പങ്കുവയ്ക്കാന്‍.... സ്വീകരിക്കുന്നവന്‍റെ നന്മതിന്മകള്‍ ആലോചിക്കാതെ, ആവശ്യക്കാരന്‍റെ പോരായ്മകളെക്കുറിച്ചോ നന്മതിന്മകളെക്കുറിച്ചോ ആലോചിക്കാതെ കൊടുക്കുവാനുള്ള വലിയ കൃപ ഞങ്ങള്‍ക്കു തരണമേ! ആമേന്‍.








All the contents on this site are copyrighted ©.