2015-12-10 18:04:00

രണ്ടു കര്‍ദ്ദിനാളന്മാര്‍ അന്തരിച്ചു പാപ്പാ ഫ്രാന്‍സിസ് അനുശോചിച്ചു


ലാറ്റിനമേരിക്കന്‍ രാജ്യമായ ബൊളീവിയയിലെ സന്താക്രൂസ് അതിരൂപതയുടെ മുന്‍മെത്രാപ്പോലീത്തയായിരുന്ന കര്‍ദ്ദിനാള്‍ ജൂലിയോ തെരെസാസും ഇറ്റലിക്കാരനും ക്രിസ്തുവിന്‍റെ വിശുദ്ധ കല്ലറയുടെ മുന്‍ആത്മീയ നിയന്താവുമായിരുന്ന കര്‍ദ്ദിനാള്‍ കാര്‍ളോ ഫൂര്‍ണോയുമാണ് ഡിസംബര്‍ 9-ാം തിയതി ബുധനാഴ്ച അന്തരിച്ചത്.

നീതിക്കും സമാധാനത്തിനുവേണ്ടി മരണംവരെ സുവിശേഷാധിഷ്ഠിതമായും അക്ഷീണവും പ്രയത്നിച്ച കര്‍മ്മധീരനെന്ന് കര്‍ദ്ദിനാള്‍ ജൂലിയോ തെരാസാസിനെ പാപ്പാ വിശേഷിപ്പിച്ചു. സാന്താ ക്രോസ് അതിരൂപതയുടെ ഇപ്പോഴത്തെ മെത്രാപ്പോലീത്ത ആര്‍ച്ചുബിഷപ്പ് സേര്‍ജോ ആല്‍ഫ്രേദോ വഴിയാണ് പാപ്പാ അനുശോചനം രേഖപ്പെടുത്തിയത്.

പരിശുദ്ധ സിംഹാസനത്തിനുവേണ്ടി നയതന്ത്ര ജോലിയില്‍ നീണ്ടസേവനകാലം സമര്‍പ്പിച്ച ആത്മത്യാഗിയെന്നും അന്തരിച്ച കര്‍ദ്ദിനാള്‍ കാര്‍ളെയെക്കുറിച്ചും പാപ്പാ സന്ദേശത്തില്‍ പ്രസ്താവിച്ചു. കര്‍ദ്ദിനാള്‍ സംഘത്തലവന്‍ ആഞ്ചലോ സൊഡാനോ വഴിയാണ് കര്‍ദ്ദിനാള്‍ കാര്‍ളോയുടെ കുടുംബാംഗങ്ങളെയും അദ്ദേഹവുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളിലുള്ള വിശ്വാസ സമൂഹത്തെയും പാപ്പാ അനുശോചനം അറിയിച്ചത്.

ആത്മീയാചാര്യന്മാരുടെ ദേഹവിയോഗത്തില്‍ ദുഃഖിക്കുന്ന കുടുംബാംഗങ്ങള്‍ക്കും വിശ്വാസസമൂഹത്തിനും പാപ്പാ പ്രാര്‍ത്ഥന നേരുകയും അപ്പസ്തോലിക ആശീര്‍വ്വാദം നല്‍കുകയുംചെയ്തു.
All the contents on this site are copyrighted ©.