2015-12-09 19:25:00

നിത്യനഗരത്തിനു കൗതുകമായി അത്യപൂര്‍വ്വ ദീപക്കാഴ്ച


ഡിസംബര്‍ 8-ാം തിയതി അമലോത്ഭവ നാളില്‍ പാപ്പാ ഫ്രാന്‍സിസ് ഉദ്ഘാടനംചെയ്ത കാരുണ്യത്തിന്‍റെ ജൂബിലി വര്‍ഷത്തോട് അനുബന്ധിച്ചാണ് വത്തിക്കാനിന്‍ ബൃഹത്തായ ദീപക്കാഴ്ചയ്ക്ക നടന്നത്. അന്ന് വൈകുന്നേരം 7 മണിക്ക് ആരംഭിച്ച വെളിച്ചത്തിന്‍റെ ദൃശ്യാവിഷ്ക്കരണം രാത്രി 10-മണിവരെ തുടര്‍ന്നു.

അത്യാധുനിക ദൃശ്യപ്രദര്‍ശന സംവിധാനങ്ങള്‍ ഉപയോഗിച്ചുകൊണ്ടും, വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ മഹാദേവാലയം പശ്ചാത്തലമാക്കിക്കൊണ്ടുമാണ് കണ്ണഞ്ചിപ്പിക്കുന്ന ദീപക്കാഴ്ച നടന്നത്.

ദൈവത്തിന്‍റെ സൃഷ്ടി, പരിസ്ഥിതി, മനുഷ്യനും സംസ്ക്കാരവും... എന്നീ വിഷയങ്ങള്‍ കേന്ദ്രീകരിച്ചും, അഞ്ചു ഭൂഖണ്ഡങ്ങളുടെയും സാമൂഹ്യ സാംസ്ക്കാരിക പാരിസ്ഥിതിക ഘടനകളെ കോര്‍ത്തിണക്കിയുമാണ്, മൂന്നു മണിക്കൂര്‍ നീണ്ടുനിന്ന വത്തിക്കാനിലെ വര്‍ണ്ണപ്രകാശ പ്രദര്‍ശനം സംവിധാനംചെയ്തിരുന്നത്.

പൊതുഭവനമായ ഭൂമിയെ പ്രകാശിപ്പിക്കുന്ന വിശ്വാസവെളിച്ചം,’ എന്ന്  ശീര്‍ഷകംചെയ്തിരുന്ന പരിപാടിയുടെ പ്രായോജകര്‍, അലന്‍ വുള്‍ക്കന്‍ പോലുള്ള സാമൂഹ്യ സമുദ്ധാരക സംഘടകളുടെ സഖ്യമാണ്. പാപ്പാ ഫ്രാന്‍സിസ് ഉദ്ഘാടനംചെയ്ത കാരുണ്യത്തിന്‍റെ പ്രത്യേക ജൂബിലി ആരംഭ പരിപാടികള്‍ക്കായി വത്തിക്കാനിലെത്തിയ തീര്‍ത്ഥാടകരെയും സന്ദര്‍ശകരെയും ഏറെ ആകര്‍ഷിച്ച പരിപാടിയായിരുന്നു ‘ഫിയാത് ലൂക്സ്’ Fiat Lux പ്രദര്‍ശനം.

വിശ്വത്തര കലാകാരന്മാരും വാസ്തുശില്പികളുമായ മൈക്കിളാഞ്ചലോയുടെയും ബര്‍ണീനിയുടെയും കാലത്തെ വെല്ലുന്ന കലാസൃഷ്ടിയായ വിശുദ്ധ പത്രോസിന്‍റെ ബസിലിക്ക പശ്ചാത്തലമാക്കിക്കൊണ്ടുള്ള ദീപക്കാഴ്ചയും പ്രദര്‍ശനവും കലാസ്നേഹികളും ആത്മീയദാര്‍ശനികരുമായ ചിലരെയെങ്കിലും വേദനിപ്പിക്കുന്നുണ്ടെന്ന വിഭിന്നാഭിപ്രായം ചില കേന്ദ്രങ്ങളില്‍നിന്നെങ്കിലും ഉയരുന്നത് ശ്രദ്ധേയമായിരുന്നു.








All the contents on this site are copyrighted ©.