2015-12-09 18:55:00

ദൈവിക കാരുണ്യത്തിനായി അമലോത്ഭവനാഥയുടെ സന്നിധിയില്‍ പാപ്പാ പ്രാര്‍ത്ഥിച്ചു


അമലോത്ഭവനാഥയുടെ തിരുസന്നിധിയില്‍ പാപ്പാ ഫ്രാന്‍സിസ് ദൈവിക കാരുണ്യത്തിനായി പ്രാര്‍ത്ഥിച്ചു. റോമിലെ സ്പാനിഷ് ചത്വരത്തിലുള്ള വിഖ്യാതമായ അമലോത്ഭവനാഥയുടെ സ്തൂപത്തിനു മുന്നില്‍ ഡിസംബര്‍ 8-ാം തിയതി ചൊവ്വാഴ്ച പാപ്പാ ഫ്രാന്‍സിസ് പ്രത്യേക പ്രാര്‍ത്ഥന നടത്തി.

ആഗോളസഭയില്‍ പ്രഖ്യാപിച്ച കാരുണ്യത്തിന്‍റെ ജൂബിലിയുടെ രാവിലത്തെ ഉദ്ഘാടനച്ചടങ്ങുകള്‍ക്കു ശേഷമാണ് വത്തിക്കാനില്‍നിന്നും ഏകദേശം 3 കിലോമീറ്റര്‍ അകലെയുള്ള കന്യകാനാഥയുടെ പുരാതനമായ അമലോത്ഭവ സ്തൂപത്തിന്‍റെ മുന്നില്‍ വന്നു പാപ്പാ പ്രാര്‍ത്ഥിക്കുകയും, റോമാ നഗരവാസികളെ അഭിവാദ്യംചെയ്യുകയും ചെയ്തത്.

ചത്വരത്തില്‍ പാപ്പായെ കാണുവാനും പ്രാര്‍ത്ഥനാശുശ്രൂഷയില്‍ പങ്കെടുക്കുവാനുമെത്തിയ രോഗികളെ പാപ്പാ വ്യക്തിപരമായി കാണുകയും അവരെ അഭിവാദ്യംചെയ്ത് ആശീര്‍വ്വദിക്കുകയും ചെയ്തു. റോമാനഗരാധികൃതരും, ജനപ്രതിനിധികളും സഭാധികാരികളും ചത്വരത്തില്‍ ജനങ്ങള്‍ക്കൊപ്പം സന്നിഹിതരായിരുന്നു.  

കാരുണ്യത്തിന്‍റെ അമ്മയും അമലോത്ഭവനാഥയുമായ മറിയത്തിന്‍റെ മാദ്ധ്യസ്ഥത്തിലൂടെ റോമാ നഗരവാസികള്‍ക്കും, നഗരത്തിലെത്തിയിട്ടുള്ള നിരവധിയായ തീര്‍ത്ഥാടകര്‍ക്കും കുയേറ്റക്കാര്‍ക്കും സ്വര്‍ഗ്ഗീയ പിതാവിന്‍റെ കാരുണ്യവും സമാധാനവും സൗഖ്യവും ജീവിതത്തില്‍ നേടിത്തരണമേ, എന്നായിരുന്നു പാപ്പായുടെ പ്രാര്‍ത്ഥന.

പ്രാര്‍ത്ഥന:   കന്യകാ മറിയമേ, അങ്ങേ അമലോത്ഭവമഹോത്സവത്തില്‍ ഈ നഗരവാസികളുടെ വിശ്വാസവും സ്നേഹവും കൂട്ടിയിണക്കി ഞാന്‍ അങ്ങനെ സന്നിധിയില്‍ നില്ക്കുന്നു. കുടുംബങ്ങളുടെയും കുട്ടികളുടെയും യുവജനങ്ങളുടെയും പ്രായമായവരുടെയും സന്തോഷസന്താപങ്ങളുമായി ഞാന്‍ വരുന്നു. രോഗികളെയും തടവുകാരെയും, ജീവിതവഴിയില്‍ വ്യഥകളനുഭവിക്കുന്ന എല്ലാവരെയും അങ്ങേയ്ക്കു സമര്‍പ്പിക്കുന്നു.

സമാധാനവും ജീവനോപാധികളും തേടി ഈ നഗരത്തിലെത്തിയിട്ടുള്ള തീര്‍ത്ഥാടകരെയും കുടിയേറ്റക്കാരെയും അങ്ങേ സന്നിധിയില്‍ സഭയുടെ ഇടയനായ ഞാന്‍ ഓര്‍ക്കുന്നു.

കാരുണ്യത്തിന്‍റെ അമ്മേ, അങ്ങേ മേലങ്കിക്കു കീഴില്‍ സകലര്‍ക്കും അഭയമരുളുന്നുവല്ലോ. മക്കളോടുള്ള വാത്സല്യത്താല്‍ പൂരിതമാണ് അങ്ങേ ഹൃദയം. അങ്ങില്‍നിന്നും ഉരുവായ ക്രിസ്തു ദൈവികകാരുണ്യത്തിന്‍റെ മൂര്‍ത്തരൂപവും, ലോകത്തുള്ള സകലര്‍ക്കും സഹോദരനും, രക്ഷകനുമാണ്.

മാനവപാപത്തിന്‍റെയും അതിന്‍റെ പരിണിതഫലങ്ങളുടെയും മേല്‍ ദൈവത്തിന്‍റെ കരുണ നേടിത്തന്ന വിജയത്തിന്‍റെ പ്രതീകമാണ് അങ്ങേ അമലോത്ഭവം. ഞങ്ങളിലെ വെറുപ്പും ഭീതിയും അകറ്റി, പാപബന്ധനങ്ങളില്‍നിന്നും ഞങ്ങളെ മോചിച്ച് ഇനിയും മെച്ചമായ ജീവിതത്തിനുള്ള പ്രത്യാശ ഞങ്ങളില്‍ വളര്‍ത്തണമേ.

ക്രിസ്തുവാകുന്നു കരുണയുടെ കവാടത്തിലേയ്ക്ക് തിരിയുവാനുള്ള അങ്ങേ ആഹ്വാനം റോമാനഗരത്തിന്‍റെ ഹൃദയത്തില്‍ ഇന്ന് ഇവിടെ ഞങ്ങള്‍ ശ്രവിക്കുന്നു. ഭീതിയില്ലാതെയും ഭഗ്നാശരാകാതെയും ആത്മവിശ്വാസത്തോടെയും വന്ന് ദൈവികകാരുണ്യം സ്വീകരിക്കുവാനും, തുറന്ന കരങ്ങളുമായി മാപ്പു നല്കി സ്വീകരിക്കാന്‍ കാത്തുനില്‍ക്കുന്ന പിതാവിങ്കലേയ്ക്കു ചെല്ലുവാനും, അങ്ങനെ സമാധാനത്തിന്‍റെയും സന്തോഷത്തിന്‍റെയും  സ്രോതസ്സില്‍ എത്തിച്ചേരുവാനും, അങ്ങു ഞങ്ങളോട് ആഹ്വാനംചെയ്യുന്നുവല്ലോ. അമലോത്ഭവയായ അമ്മേ, അങ്ങേയ്ക്കു നന്ദി, അങ്ങേയ്ക്കു സ്വസ്തീ! കാരണം ഞങ്ങളുടെ അനുരജ്ഞന ശ്രമങ്ങളില്‍ ഞങ്ങള്‍ ഒറ്റയ്ക്കല്ല, അങ്ങു ഞങ്ങളുടെ ചാരത്തുണ്ട്. എല്ലാ ക്ലേശങ്ങളിലും അങ്ങ് ഞങ്ങളോടൊപ്പമുണ്ട്. അമ്മേ, ഇപ്പോഴും എപ്പോഴും ഞങ്ങള്‍ അങ്ങയെ വാഴ്ത്തുന്നു! ആമേന്‍!!

1854-ാമാണ്ടിലെ ഡിസംബര്‍ 8-ന് മറിയത്തിന്‍റെ അമലോത്ഭവം വിശ്വാസസത്യമായി 9-ാം പിയൂസ് പാപ്പാ പ്രബോധിപ്പിച്ചതിന്‍റെ സ്മരണയ്ക്കായിട്ടാണ് റോമിലെ സ്പാനിഷ് ചത്വരത്തില്‍ വിശ്വാസപ്രഘോഷണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ ഓഫിസിനു മുന്നില്‍ 1857-ല്‍ അമലോത്ഭവനാഥയുടെ അതിമനോഹരമായ വെങ്കല പ്രതിമയും വെണ്‍ശിലാ സ്തൂപവും പണിതീര്‍ത്തത്.

1958-ല്‍ ജോണ്‍ 23-ാമന്‍ പാപ്പയാണ് ആദ്യമായി അമലോത്ഭവനാളില്‍ സ്പാനിഷ് ചത്വരത്തില്‍പ്പോയി പ്രര്‍ത്ഥിച്ചതും പുഷ്പാര്‍ച്ചന നടത്തിയതും. അന്നുമുതല്‍ ഈ പതിവ് തുടരുന്നു.

 








All the contents on this site are copyrighted ©.