2015-12-09 15:35:00

റോമിന്‍റെ രക്ഷികയുടെ തീര്‍ത്ഥത്തിരുനടയില്‍


റോമിലെ വിഖ്യാതവും പുരാതനവുമായ മേരി മെയ്ജര്‍ ബസിലിക്കയിലും അമലോത്ഭവത്തിരുനാളില്‍ പാപ്പാ ഫ്രാന്‍സിസ് പ്രാര്‍ത്ഥിക്കാനെത്തി.

സ്പാനിഷ് ചത്വരത്തിലെ പ്രാര്‍ത്ഥനയ്ക്കുശേഷം ഡിസംബര്‍ 8-ാം തിയതി ചൊവ്വാഴ്ച വൈകുന്നേരമാണ് റോമിലെ മേരി മേജര്‍ ബസിലിക്കയിലുള്ള റോമിന്‍റെ രക്ഷിക, Salus Populi Romani എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന കന്യകാനാഥയുടെ അത്ഭുത ചിത്രത്തിന്‍റെ തിരുനടയില്‍ പാപ്പാ പ്രാര്‍ത്ഥിക്കാന്‍ എത്തിയത്.

പ്രാദേശിക സമയം വൈകുന്നേരം 6 മണിയോടെ ബസിലക്കയിലെത്തിയ പാപ്പായെ കാണുവാന്‍ ബസിലിക്കയിലും പരിസരത്തും വന്‍ജനാവലിയുടെ തിക്കും തിരക്കുമായിരുന്നു. ദേവാലയത്തിന്‍റെ പാര്‍ശ്വകവാടത്തിലൂടെയാണ് പാപ്പാ ബസിലിക്കയില്‍ പ്രവേശിച്ചത്. കാത്തുനിന്നവരെയെല്ലാം അഭിവാദ്യംചെയ്തുകൊണ്ട് പാപ്പാ ഫ്രാന്‍സിസ് മാതാവിന്‍റെ ചെറിയ അള്‍ത്താരയില്‍ ചെന്ന്, ഏകാന്തതയില്‍ 20 മിനിറ്റോളം പ്രാര്‍ത്ഥനയില്‍ പാപ്പാ ചെലവഴിച്ചതായി വത്തിക്കാന്‍റെ പ്രസ്താവന വെളിപ്പെടുത്തി. സ്ഥാനാരോപിതനായശേഷം മേരി മെയ്ജര്‍ ബസിലിക്കയിലെ മാതൃസന്നിധിയിലേയ്ക്കുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ 29-ാമത്തെ സന്ദര്‍ശനമാണിത്.

വിശുദ്ധ പത്രോസിന്‍റെ വത്തിക്കാനിലെ ബസിലിക്കയ്ക്കു പുറമെ റോമില്‍ ജൂബിലകവാടം അനുവദിച്ചിട്ടുള്ള ബസിലിക്കകളില്‍ ഒന്നാണ് മേരി മെയ്ജര്‍. 2016 ജനുവരി ഒന്നാം തിയതി അവിടത്തെ ജൂബിലി കവാടം കാരുണ്യത്തിന്‍റെ ജൂബിലിക്കായി തുറക്കപ്പെടും.  








All the contents on this site are copyrighted ©.