2015-12-08 19:20:00

കാരുണ്യത്തിന്‍റെ ജൂബിലിവത്സരം ആഗോളസഭയില്‍ ആരംഭിച്ചു


ആഗോളസഭയില്‍ ആരംഭിച്ച സുന്ദരദിനമായിരുന്നു ഡിസംബര്‍ 8 ചൊവ്വാഴ്ച. വിശുദ്ധ പത്രോസിന്‍റെ ചത്വരമാണ് ജൂബിലി ഉത്ഘാടനത്തിന് വേദിയായത്. പ്രാദേശിക സമയം 9.30-നാണ് വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യാകാര്‍മ്മികത്വത്തിലുള്ള ദിവ്യബലിക്കും തിരുക്കര്‍മ്മങ്ങള്‍ക്കും തുടക്കമായത്. ശൈത്യകാലത്തിന്‍റെ ഇരുണ്ട ആകാശത്തുനിന്നും പെയ്തിറങ്ങിയ മഴത്തുള്ളികള്‍ അനുഗ്രഹവര്‍ഷംപോലെ കര്‍മ്മങ്ങള്‍ക്കു മുന്‍പേ കടന്നുപോയി. വത്തിക്കാനിലെ മഹാദേവാലയത്തിന്‍റെ വെളുത്ത മാര്‍ബിള്‍ ശിലകളും അമലോത്ഭവത്തിരുനാളിന്‍റെ വെണ്മയും അന്തരീക്ഷത്തെ പ്രകാശിപ്പിച്ചു, കാരുണ്യത്തിന്‍റെ ജൂബിലിവര്‍ഷത്തെ വരവേറ്റു.

ചരിത്രത്തില്‍ രണ്ടു സംഭവങ്ങളാണ് ഇന്നാളില്‍ കോര്‍ത്തിണക്കപ്പെട്ടത് :  പരിശുദ്ധ കന്യകാനാഥയുടെ അമലോത്ഭവ മഹോത്സവും കാരുണ്യത്തിന്‍റെ ജൂബിലി വര്‍ഷത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള ജൂബിലി കവാടം തുറക്കലും. രക്ഷയുടെ വാഗ്ദാനങ്ങളാണ് രണ്ടു സംഭവങ്ങളും ലോകത്തിന് നല്കുന്നത്. ഉത്ഭവപാപമില്ലാത്ത മറിയത്തിലൂടെ ലോകത്തിന് ക്രിസ്തുവിലുള്ള രക്ഷ കൈവന്ന മഹോത്സവമാണ് അമലോത്ഭവം. അതുപോലെ പാപ്പാ ഫ്രാന്‍സിസ് പ്രഖ്യാപിച്ച പ്രത്യേക ജൂബിലിവത്സരത്തിലൂടെ ദൈവികകാരുണ്യത്തിന്‍റെ കവാടം ലോകത്തില്‍ സകലര്‍ക്കുമായി തുറക്കപ്പെടുന്ന മഹാസംഭവം! കാരുണ്യത്തിന്‍റെ ജൂബിലിവത്സരം!!

പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട അമലോത്ഭവമോഹത്സവത്തിന്‍റെ ദിവ്യബലിയര്‍പ്പണത്തോടെയാണ് ജൂബിലിവര്‍ഷത്തിന് തുടക്കമായത്. എഴുപിതനായിരത്തിലേറെ ലോകത്തിന്‍റെ നാനാഭാഗത്തുമുള്ള വിശ്വാസികള്‍ ജൂബിലിവത്സരാരംഭ പരിപാടികളില്‍ വത്തിക്കാനിലെത്തി പങ്കെടുത്തതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

 

 








All the contents on this site are copyrighted ©.