2015-12-08 08:37:00

അടഞ്ഞുകിടക്കുന്ന മനസ്സും കഠിനഹൃദയവും ഇന്നിന്‍റെ മരുഭൂമികള്‍


ഫ്രാന്‍സിസ് പാപ്പാ ഡിസമ്പര്‍ 6-ന്, ഞായറാഴ്ച, വത്തിക്കാനില്‍ നയിച്ച ത്രികാലജപത്തിനു മുമ്പ് നല്കിയ സന്ദേശം:

ആഗമനകാലത്തിലെ രണ്ടാമത്തെതായ ഈ ഞായറാഴ്ച, ആരാധനക്രമം നമ്മെ പാപമോചനത്തിനുള്ള മാനസാന്തരത്തിന്‍റെ ജ്ഞാനസ്നാനത്തെക്കുറിച്ചു പ്രസംഗിച്ച സ്നാപകയോഹന്നാന്‍റെ പഠാശാലയിലേക്കാനയിക്കുകയാണ്. നാം എന്തിന് മാനസാന്തര പ്പെടണമെന്ന് നമ്മള്‍ ഒരു പക്ഷെ സ്വയം ചോദിക്കുമായിരിക്കും. വിശ്വാസിയായിത്തീരേണ്ട നിരീശ്വരവാദിയെയും, നീതിമാനായിത്തീരേണ്ട പാപിയെയും സംബന്ധിച്ചതല്ലേ മാനസാന്തരം, നമുക്ക് ഇതിന്‍റെ ആവശ്യമില്ല, നാം ക്രിസ്ത്യാനികളല്ലേ, ആകയാല്‍ നമ്മുടെ കാര്യമെല്ലാം തൃപ്തികരം. എന്നാല്‍ അത് ശരിയല്ല. അങ്ങനെ ചിന്തിക്കുമ്പോള്‍, അതായത്, നാം ക്രൈസ്തവരാണ്, നല്ലവരാണ്, എല്ലാം തൃപ്തികരമാണ് എന്ന് ഭാവിക്കുമ്പോള്‍, നമ്മള്‍, നാം മാനസാന്തരപ്പെടേണ്ടിയിരിക്കുന്നു എന്ന സത്യം കണക്കിലെടുക്കുന്നില്ല. ഈ ഭാവം നമ്മെ എത്തിക്കുന്നത്, ചുരുക്കിപ്പറഞ്ഞാല്‍, ഇങ്ങനെ മതി, കാര്യങ്ങളെല്ലാം ഭംഗിയായിപ്പോകുന്നു, നമുക്ക് മാനസാന്തരത്തിന്‍റെ യാതൊരാവശ്യവുമില്ല എന്നതിലേക്കാണ്. എന്നാല്‍ നമുക്ക് നമ്മോടുതന്നെ ഒന്നു ചോദിച്ചു നോക്കാം: വിവിധ സാഹചര്യങ്ങളിലും നമ്മുടെ ജീവിതാവസ്ഥകളിലും നാം പുലര്‍ത്തുന്നത് യേശുവിന്‍റെ  അതേ മനോവികാരങ്ങള്‍ തന്നെയാണോ? യേശുവിന് അനുഭവപ്പെട്ടതു പോലെ സത്യത്തില്‍ നമുക്ക് അനുഭവപ്പെടുന്നുണ്ടോ?

     ഉദാഹരണത്തിന്, നാം കുറ്റാരോപണവിധേയരാകുമ്പോഴൊ അല്ലെങ്കില്‍ എതിര്‍പ്പുകള്‍ ഉണ്ടാകുമ്പോഴൊ നമുക്കു ബദ്ധവൈര്യം കൂടാതെ പ്രതികരിക്കാനും നമ്മോടു മാപ്പു ചോദിക്കുന്നവരോടു പൊറുക്കാനും കഴിയുന്നുണ്ടോ? മാപ്പുനല്കുക എത്ര ആയാസക രമാണ്! എത്ര മാത്രം ബുദ്ധിമുട്ടാണ്! നിന്നോടു ഞാന്‍ കണക്കു ചോദിക്കും - ഇതായിരിക്കും ഉള്ളില്‍ നിന്നു വരുന്ന വാക്കുകള്‍. സന്തോഷസന്താപങ്ങള്‍ പങ്കുവയ്ക്കാന്‍ നാം വിളിക്കപ്പെടുമ്പോള്‍ നമുക്ക് കരയുന്നവരോടൊപ്പം ആത്മാര്‍ത്ഥമായി കരയാനും സന്തോഷിക്കുന്നവരോടൊപ്പം ആത്മാര്‍ത്ഥമായി സന്തോഷിക്കാനും കഴിയുന്നുണ്ടോ? നമ്മുടെ വിശ്വാസം പ്രകടിപ്പിക്കേണ്ടവേളയില്‍ സുവിശേഷത്തെക്കുറിച്ച് ലജ്ജിക്കാതെ, ധീരതയോടും ലാളിത്യത്തോടും കൂടെ അതാവിഷ്ക്കരിക്കാന്‍ നമുക്കറിയാമോ? ഇത്യാദി നിരവധി ചോദ്യങ്ങള്‍ നമുക്ക് നമ്മോടു തന്നെ ചോദിക്കാന്‍ കഴിയും. എല്ലാക്കാര്യങ്ങളും ശരിയായിട്ടില്ല പോകുന്നത്, നാം സദാ മാനസാന്തരപ്പെടണം, യേശുവിനുണ്ടായിരുന്ന അതെ മനോവികാരങ്ങള്‍ നമുക്കും ഉണ്ടാകണം.

     നരകുലത്തിന്‍റെതായ ഇന്നിന്‍റെ മരുഭൂമികളില്‍ സ്നാപകന്‍റെ സ്വരം ഇന്നും ഉയരുന്നു. ഏതൊക്കെയാണ് ഇന്നിന്‍റെ മരുഭൂമികള്‍?  അടഞ്ഞുകിടക്കുന്ന മനസ്സുകള്‍, കഠിനഹൃദയങ്ങള്‍ എന്നിവയാണവ. യഥാര്‍ത്ഥത്തില്‍ ശരിയായ പാതയിലാണോ നാം സഞ്ചരിക്കുന്നത്, സുവിശേഷാനുസൃതമാണോ നാം ജീവിക്കുന്നത് എന്ന് നമ്മോടുതന്നെ ചോദിക്കാന്‍ സ്നാപകന്‍റെ സ്വരം നമ്മെ പ്രേരിപ്പിക്കുന്നു . അന്നെന്നപോലെ ഇന്ന് സ്നാപകന്‍ ഏശയ്യാ പ്രവാചകന്‍റെ വാക്കുകളിലൂടെ  നമ്മെ ആഹ്വാനം ചെയ്യുന്നു: കര്‍ത്താവിന്‍റെ വഴിയൊരുക്കുവിന്‍. അത്, ഹൃദയം തുറന്നിടാനും, പാപത്തിന്‍റെ അടിമ ത്വത്തില്‍നിന്ന് നാം വിമോചിതരാകുന്നതിന് ദൈവം നിര്‍ബന്ധ ബുദ്ധിയോടെയെന്ന പോലെ, അനവരതം നമുക്കു പ്രദാനം ചെയ്യുന്ന രക്ഷ സ്വീകരിക്കാനുമുള്ള അടിയന്തര ക്ഷണമാണ്. എന്നാല്‍ ദൈവത്തിന്‍റെ രക്ഷ എല്ലാവരും കാണും എന്നു മുന്‍കൂട്ടി അറയിച്ചുകൊണ്ട് പ്രവാചക വചനങ്ങള്‍ ആ സ്വനത്തിന് വ്യാപ്തിയേകുന്നു. ഒരോ മനുഷ്യനും ഓരോ ജനതയ്ക്കും രക്ഷ പ്രദാനം ചെയ്യപ്പെട്ടിരിക്കുന്നു, ആരും ഒഴിവാക്കപ്പെട്ടിട്ടില്ല. നമുക്കോരോരുത്തര്‍ക്കും രക്ഷ നല്കപ്പെട്ടിരിക്കുന്നു.  ഞാന്‍ വിശുദ്ധനാണ്, ഞാന്‍ പരിപൂര്‍ണ്ണനാണ്,ഞാന്‍ ഇപ്പോള്‍ത്തന്നെ രക്ഷപ്രാപിച്ചവനാണ്  എന്ന് ആര്‍ക്കും  പറയാനാവില്ല. ഒരിക്കലും പറ്റില്ല. നമ്മള്‍ എല്ലായ്പോഴും രക്ഷാദാനം സ്വീകരിക്കണം. അതു കൊണ്ടാണ് കരുണയുടെ വര്‍ഷം.  രക്ഷയു‌ടെ ഈ സരണിയില്‍, യേശു നമുക്ക് പഠിപ്പിച്ചു തന്ന ആ വഴിയില്‍, കൂടുതല്‍ മുന്നേറുന്നതിനാണ് കാരുണ്യ വത്സരം. ഏക മദ്ധ്യസ്ഥനായ യേശു ക്രിസ്തു വഴി സകല മനുഷ്യരും രക്ഷിക്കപ്പെടണമെന്ന് ദൈവം ആഗ്രഹിക്കുന്നു.

     ആകയാല്‍ നാമോരോരുത്തരും, ഇനിയും ക്രിസ്തുവിനെ അറിയാത്തവരെ അവിടത്തെ അറിയിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. മതപരിവര്‍ത്തനം ചെയ്യലല്ല ഇത്. വാതില്‍ തുറന്നിടലാണത്. ഞാന്‍ സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കില്‍ എനിക്കു ദുരിതം ​എന്ന് പൗലോസപ്പസ്തോലന്‍ പറയുകയുണ്ടായി. കോറിന്തോസുകാര്‍ക്കെഴുതിയ ഒന്നാം ലേഖനം ഒമ്പതാം അദ്ധ്യായം, പതിനാറാം വാക്യം. യേശു നമ്മുടെ ജീവിതം പരിവര്‍ത്തനം ചെയ്തെങ്കില്‍, നാം ഓരോ പ്രാവശ്യവും യേശുവിന്‍റെ പക്കലണയുമ്പോള്‍ അവിടന്നതു ചെയ്യുന്നുണ്ട്, അങ്ങനയെങ്കില്‍, ജോലിസ്ഥലത്തും, വിദ്യാലയ ത്തിലും, വാസയിടങ്ങളിലും ആശുപത്രികളിലും സംഗമവേദികളിലും വച്ചു നാം കണ്ടുമുട്ടുന്നവര്‍ക്ക് യേശുവിനെ പരിചയപ്പെടുത്തിക്കൊടുക്കാനുള്ള അഭിനിവേശം നമുക്കില്ലാതിരിക്കുമോ?  യേശുവില്‍ സ്നേഹബദ്ധരായ  ക്രൈസ്ത വരെ കണ്ടുമുട്ടുകയാണെങ്കില്‍ വിശ്വാസത്തിന്‍റെ പാതയില്‍ തുടക്കം കുറിക്കാനും  അല്ലെങ്കില്‍ വീണ്ടും ചരിക്കാനും സന്നദ്ധരായവരെ, നമ്മള്‍  ചുറ്റുമൊന്നു നിരീക്ഷിക്കുന്ന പക്ഷം,  കാണാന്‍ കഴിയും. യേശുവിനെ സ്നേഹിക്കുന്ന അത്തരം ക്രൈസ്തവരായിരിക്കേണ്ടവരല്ലേ നമ്മള്‍? നമുക്കങ്ങനെയാകാന്‍ കഴിയില്ലേ? ഞാന്‍ നിങ്ങള്‍ക്കായി നല്കുന്ന ചോദ്യമിതാണ്: ഞാന്‍ സത്യത്തില്‍ യേശുവിനെ സ്നേഹിക്കുന്നുണ്ടോ? യേശു എനിക്ക് രക്ഷ ദാനമായി നല്കുന്നു, എനിക്ക് രക്ഷ പ്രദാനം ചെയ്യുന്നു എന്ന ബോധ്യമുണ്ടോ? നാം ധൈര്യമുള്ളവരാകണം. അഹംഭാവത്തിന്‍റെയും ശത്രുതയുടെയും കുന്നുകളെ നിരപ്പാക്കാനും നിസ്സംഗതയും നിര്‍വ്വികാരതയും സൃഷ്ടിച്ച മലയിടുക്കള്‍ നികത്താനും നമ്മുടെ ഉദാസീനതകളുടെയും വിവേകശൂന്യമായ സന്ധിചെയ്യലുകളുടെയും വഴികള്‍ നേരെയാക്കാനും നമുക്ക് ധൈര്യം വേണം.

     നമ്മുടെ മാനസാന്തരത്തിന്, അതായത്, കര്‍ത്താവുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള യാത്രയ്ക്ക് തടസ്സമായവയെ,  പ്രതിബന്ധങ്ങളെ തകര്‍ക്കാന്‍ അമ്മയായ പരിശുദ്ധ കന്യ കാമറിയം നമ്മെ സഹയിക്കട്ടെ. അതെങ്ങനെ നിര്‍വ്വഹിക്കണമെന്ന് അവള്‍ക്കറിയാം. യേശുവിനു മാത്രമെ മനുഷ്യന്‍റെ സകല പ്രത്യാശകള്‍ക്കും പൂര്‍ത്തീകരണമേകാനാകൂ.








All the contents on this site are copyrighted ©.