2015-12-05 15:34:00

ദൈവരാജ്യത്തിന്‍റെ കാരുണ്യക്കതിരായ് ജൂബിലിവര്‍ഷം സമാഗതമായി


വിശുദ്ധ ലൂക്കാ 3, 1-6 സ്നാപകന്‍റെ പ്രഭാഷണം

തിബേരിയൂസ് സീസറി‍ന്‍റെ പതിനഞ്ചാം ഭരണവര്‍ഷം പൊന്തിയൂസ് പീലാത്തോസ് യൂദയായുടെ ദേശാധിപതിയും ഹേറോദേസ് ഗലീലിയുടെയും അയാളുടെ സഹോദരന്‍ പീലിപ്പോസ് ഇത്തൂറിയ, ത്രിക്കോണിത്തിസ് പ്രദേശങ്ങളുടെയും ലിസാനിയോസ് അബിലേനെയുടെയും ഭരണാധിപന്മാരും, അന്നാസും കയ്യാഫാസും പ്രധാനപുരോഹിതന്മാരും ആയിരിക്കേ, സഖറിയായുടെ പുത്രനായ യോഹന്നാന് മരുഭൂമിയില്‍വച്ചു ദൈവത്തിന്‍റെ അരുളപ്പാടുണ്ടായി. അയാള്‍ പാപമോചനത്തിനുള്ള മാനസാന്തരത്തിന്‍റെ ജ്ഞാനസ്നാനം പ്രസംഗിച്ചുകൊണ്ട് ജോര്‍ദാന്‍റെ സമീപപ്രദേശങ്ങളിലേയ്ക്കു വന്നു. ഏശയ്യാപ്രവാചകന്‍റെ പുസ്തകത്തില്‍ എഴുതപ്പെട്ടിരിക്കുന്നതുപോലെ, മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്‍റെ ശബ്ദം – കര്‍ത്താവിന്‍റെ വഴി ഒരുക്കുവിന്‍, താഴ്വരകള്‍ നികത്തപ്പെടും, കുന്നും മലയും നിരത്തപ്പെടും, വളഞ്ഞവഴികള്‍ നേരയാക്കപ്പെടും, പരുപരുത്തവ മൃദുവാക്കപ്പെടും, സകല മനുഷ്യരും ദൈവത്തിന്‍റെ രക്ഷ കാണുകയും ചെയ്യും.  

കാരുണ്യത്തിന്‍റെ ജൂബിലവര്‍ഷത്തിനുള്ള പ്രചോദനം തനിക്കു ലഭിച്ചത് പരിശുദ്ധാത്മാവില്‍നിന്നാണെന്ന് പാപ്പാ ഫ്രാന്‍സിസ് കഴിഞ്ഞദിവസം പങ്കുവയ്ക്കുകയുണ്ടായി. സെന്‍റ് പോള്‍സ് പബ്ളിക്കേഷന്‍സിന്‍റെ Credere  ക്രെദെരെ.. വിശ്വസിക്കാന്‍... എന്ന ആഴ്ചപ്പതിപ്പിനു നല്കിയ അഭിമുഖത്തിലാണ് കാരുണ്യത്തിന്‍റെ ജൂബിലി വര്‍ഷത്തിന് തനിക്കു ലഭിച്ച പ്രചോദനത്തെക്കുറിച്ച് പാപ്പാ തുറന്നു സംസാരിച്ചത്. ക്രൂരതയല്ല, വിധിക്കലുമല്ല. ധാര്‍മ്മിക അളവുകോലുകള്‍വച്ച് മനുഷ്യരെ ശിക്ഷിക്കുകയുമല്ല സഭയുടെ രീതി, മറിച്ച് ദൈവം കാരുണ്യവാനായ പിതാവാണെന്ന് നവയുഗത്തിലെ ജനങ്ങളെ അറിയിക്കണമെന്ന ഉള്‍ക്കാഴ്ച തനിക്കു ലഭിച്ചത് പരിശുദ്ധാത്മാവില്‍നിന്നാണെന്ന് പാപ്പാ ഫ്രാന്‍സിസ് അഭിമുഖത്തില്‍ വെളിപ്പെടുത്തി.

ആയുധങ്ങളുടെ നിര്‍മ്മാണം, അതിന്‍റെ വിപണനം, കുട്ടികളുടെ പീഡനം, അടിമത്വത്തിന്‍റെ  പുതിയ മുഖമായ മനുഷ്യക്കച്ചവടം, മനുഷ്യന്‍റെ നവമായ അഴിമതിപോലുള്ള മറ്റുതിന്മകള്‍ - മദ്യം മയക്കുമരുന്ന് എന്നിവയെല്ലാം മാനവികതയ്ക്കെതിരായ നിന്ദയും, ദൈവനിന്ദയുമാണ്. അതില്‍നിന്ന് വ്യക്തികളെയും കുടുംബങ്ങളെയും മോചിക്കാനായാല്‍ ലോകത്ത് നന്മയുടെ വെളിച്ചം പങ്കുവയ്ക്കാനാകുമെന്ന വിശ്വാസവും ബോധ്യവുമാണ് തന്നെ കാരുണ്യത്തിന്‍റെ ജൂബിലവര്‍ഷം പ്രഖ്യാപിച്ചിരിക്കുന്നത്, ദൈവരാജ്യത്തിന്‍റെ കരുണലോകത്തിന് ലഭ്യമാക്കാന്‍ പ്രേരിപ്പിച്ചതെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിക്കുകയുണ്ടായി.

ജൂബിലിയുടെ ആരംഭത്തില്‍വരുന്ന ആഗമനകാലത്തിലെ രണ്ടാംവാരത്തില്‍ “ദൈവരാജ്യം സമീപസ്ഥമാകയാല്‍ അനുതപിക്കുക,” ദൈവത്തിന്‍റെ കരുണയില്‍ അഭയംതേടുക, എന്ന സ്നാപകയോഹന്നാന്‍റെ വാക്കുകളാണ് നാം സുവിശേഷത്തില്‍ ശ്രവിച്ചത്. ഇന്നു ധ്യാനിക്കുന്നത്. അനുതപിക്കുക. ‘കര്‍ത്താവിനു വഴിയൊരുക്കുക.’ അതായത് തിന്മയില്‍നിന്ന് പിന്തിരിയുകയാണ് ക്രിസ്തുവിനും ക്രിസ്തുമസ്സിനുമായുള്ള ആദ്യത്തെ ഒരുക്കം. ഇതാണ് അനുതാപത്തിന്‍റെ ആദ്യപടി. ‘അനുതപിക്കുക’ എന്നതിനുള്ള ഗ്രീക്കുപദം metanoia എന്നാണ്. അക്ഷരാര്‍ത്ഥത്തില്‍ മറുവശത്തേയ്ക്കു പോകുക. To cross over എന്നാണര്‍ത്ഥം. മറുകണ്ടം ചാടുക. ‘U’ turn എന്നു പറയാം. മറുവശത്തു ചെന്നു നോക്കുമ്പോള്‍ അതുവരെ ഇടതുഭാഗത്തായിരുന്നത് വലതുഭാഗത്തായും, വലതുഭാഗത്തായിരുന്നത് ഇടതുഭാഗത്തായും കാണാം. അതുവരെ തെറ്റായിരുന്നത് ഇപ്പോള്‍ ശരിയാണ്. ശരിയായിരുന്നത് ഇപ്പോള്‍ തെറ്റെന്നും ബോധ്യപ്പെടും. അപരന്‍റെ പക്ഷംചേരുക, പിന്നെ അവിടെനിന്നു നോക്കുമ്പോള്‍ അത് നന്മയുടെ കാഴ്ചപ്പാടായിരിക്കും, ദൈവിക കാഴ്ചപ്പാടായിരിക്കും.

പശ്ചാത്താപത്തിനു യോജിച്ച ഫലങ്ങള്‍ പുറപ്പെടുവിക്കുക. ജീവിത വീക്ഷണത്തില്‍ വന്ന മാറ്റം പ്രവൃത്തിയില്‍ പ്രകടിപ്പിക്കുക. You should be upright, you should live uprightly. നീതിമാന്മാരായിരുന്നാല്‍ പോരാ, നീതിയോടെ ജീവിക്കണം. നീതിയ്ക്കുചേരുന്ന പ്രവൃത്തികള്‍ നമ്മില്‍നിന്നും ഉണ്ടാകണമെന്നു സാരം. ഒരുക്കമുള്ള ഹൃദയങ്ങളിലേയ്ക്കും സമൂഹത്തിലേയ്ക്കും ക്രിസ്തു കടന്നുവരും. കാരണം, ക്രിസ്തുവിലൂടെ വഴി ഒരുങ്ങിയിരിക്കുന്നു. ഊടുവഴികള്‍ നിരപ്പായിരിക്കുന്നു. അങ്ങനെ നമ്മുടെ ജീവിതപാത നേരെയാണെങ്കില്‍, തിന്മയുടെ ഊടുവഴികള്‍ നന്മയുടെ നിരപ്പാതകളായി രൂപാന്തരപ്പെടുമെങ്കില്‍ സംശയമില്ല. ക്രിസ്തു നമ്മുടെ ഹൃദയങ്ങളില്‍ വസിക്കും, നമ്മുടെ ചെറുജീവിതക്കുടിലുകളില്‍ അവിടുന്നു വന്നു വാഴുമെന്നും ഉറപ്പാണ്.

ദൈവരാജ്യത്തെക്കുറിച്ചുള്ള വിവരണം സമാന്തര സുവിശേഷകന്മാര്‍ എല്ലാവരും നല്‍കുന്നുണ്ട്. മത്തായിയിലും മാര്‍ക്കോസിലും കാണുന്ന ദൈവരാജ്യത്തിന്‍റെ പ്രഘോഷണത്തിന് അല്പം അന്തരമുണ്ട്. ‘അനുതപിക്കുക. ദൈവരാജ്യം സമീപസ്ഥമായിരിക്കുന്നു’ എന്ന് മത്തായി വിവരിക്കുമ്പോള്‍, മാര്‍ക്കോസില്‍ ഒരട്ടിമറിയാണ് കാണുന്നത്. ‘ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിക്കുക.’ പഴയനിയമത്തിന്‍റെ ഫോര്‍മുലയാണ് മത്തായി ഉപയോഗിക്കുന്നത്. പ്രവാചക ശൈലിയാണത്. അനുതപിക്കുന്നവര്‍ക്ക് ദൈവരാജ്യം അഥവാ ദൈവം സമീപസ്ഥനാണ്. ‘അനുതപിക്കുക’ എന്ന വ്യവസ്ഥ ആദ്യം പറഞ്ഞിരിക്കുന്നു. എന്നാല്‍ മാര്‍ക്കാസില്‍ വ്യവസ്ഥയൊന്നുമില്ല. ദൈവരാജ്യം സമീപിച്ചിരിക്കുന്നു. ദൈവസ്നേഹം ഇതാ, പ്രവഹിക്കുന്നു, ആഗതമാകുന്നു. ആ സ്നേഹത്തിന്‍റെ കുത്തൊഴുക്കിനെ തടഞ്ഞു നിര്‍ത്താന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ?

ആ സ്നേഹപ്രവാഹത്തില്‍ മനുഷ്യമനസ്സുകളുടെ മാനസാന്തരം യാഥാര്‍ത്ഥ്യമാകുന്നു, എന്നാണ് മാര്‍ക്കോസ് വിവക്ഷിക്കുന്നത്. ഇന്നു നാം ശ്രവിച്ച ലൂക്കാ സുവിശേഷകന്‍റെ വാക്കുകന്‍ ഏശയാ പ്രവാചകനെ ഉദ്ധരിക്കുന്നതാണ്. കര്‍ത്താവിന്‍റെ വഴിയൊരുക്കുവിന്‍, അവിടുത്തെ പാത നേരെയാക്കുവാന്‍. താഴ്വരകള്‍ നികത്തപ്പെടും, കുന്നുംമലയും നിരത്തപ്പെടും. വളഞ്ഞവഴികള്‍ നേരെയാക്കപ്പെടും, പരുപരുത്തവ മൃദുവാക്കപ്പെടും, സകല മനുഷ്യരും ദൈവത്തിന്‍റെ രക്ഷ കാണുകയും ചെയ്യും. (ലൂക്കാ 3, 4). അങ്ങനെ ക്രിസ്തുവില്‍ ആഗതമായിരിക്കുന്ന മനുഷ്യരക്ഷയാണ് ലൂക്കായുടെ ചിന്താവിഷയം.

ഡിസംബറിലെ പരീക്ഷയ്ക്ക് പഠിക്കാന്‍ തെല്ലുനേരത്തേ എഴുന്നേറ്റ് പുസ്തകം തുറന്നുവച്ച് മടിച്ചിരിക്കുമ്പോള്‍ മകര മഞ്ഞുവീണ നാട്ടുവഴികളില്‍നിന്ന് ശരണംവിളികള്‍ കേള്‍ക്കുന്നു. കറുത്തവേഷ്ടി ചുറ്റി, ശിരസ്സില്‍ ഇരുമുടിക്കെട്ടുമായി മലയ്ക്കുപോകുന്ന സ്വാമികള്‍!  അവരുടെ ഹൃദയത്തില്‍നിന്നും ഉയരുന്ന ശരണംവിളികള്‍!! ഒരാത്മീയ സ്പര്‍ശത്തില്‍ അറിയാതെ കരങ്ങള്‍ കൂപ്പി നിന്നിട്ടുണ്ട്. ഇരുമുടിക്കെട്ടിന്‍റെ പൊരുള്‍ പിന്നീടാണ് മനസ്സിലായത്. ചെറിയ കെട്ട് സുകൃതങ്ങളുടേത്, വലുത് അറിഞ്ഞും അറിയാതെയും ചെയ്തുപോയ അപരാധങ്ങളുടേതും. നരജന്മ നിയോഗത്തിന്‍റെ ഒരപൂര്‍വ്വ ചാരുതയുള്ള ചിത്രമാണിത്. ഇടര്‍ച്ചകളുടെ താഴ്വാരങ്ങളില്‍നിന്ന്, പുണ്യപാപങ്ങളുടെ അദൃശ്യകെട്ടുമുറുക്കി ദൈവദര്‍ശനത്തിന്‍റെ മല ചവിട്ടാന്‍ കൊതിക്കുന്ന പാവം മനുഷ്യന്‍റെ തീര്‍ത്ഥയാത്ര. മനുഷ്യന്‍റെ രക്ഷയ്ക്കായുള്ള അടിസ്ഥാന ആഗ്രഹത്തെ കേന്ദ്രീകരിച്ചുള്ള തീര്‍ത്ഥാടനങ്ങളാണ് നാം ഇവിടെ കാണുന്നത്.

ആഗമനകാലത്തിന്‍റെ ആദ്യദിനങ്ങളില്‍ കര്‍ത്താവിന് വഴിയൊരുക്കാന്‍ ‘താഴ്വാരങ്ങള്‍ ഉയര്‍ത്തണം,’ എന്ന സ്നാപകയോഹന്നാന്‍റെ പ്രബോധനം ശ്രവിക്കുമ്പോള്‍ വൃശ്ചിക പുലരിയുടെ വ്രതശുദ്ധിയുള്ള ആ പഴയദൃശ്യം ഗൃഹാതുരതയോടെ ഇന്നും ഓടിയെത്തുന്നു. അതുപോലെ ആഗോളസഭ കാരുണ്യത്ിതന്‍റെ ജൂബില തീര്‍ത്ഥാടനം ആരംഭിക്കുകയാണ്. ദൈവക്കരുണയിലേയ്ക്കുള്ള , ദൈവസ്നേഹത്തിലേയ്ക്കുള്ള തീര്‍ത്ഥാടനമാണിത്. ജൂബിലി വര്‍ഷത്തിനുവേണ്ടിയുള്ള ലോഗോ, പ്രത്യേക ചിഹ്നം ശ്രദ്ധിക്കുന്നത് നല്ലതാണ്. നഷ്ടപ്പെട്ടുപോയ മകനെ കണ്ടെത്തി തോളിലേറ്റി വരുന്ന നല്ലിടയന്‍റെയും സ്നേഹമുള്ള പിതാവിന്‍റെയും പ്രതിബിംബം കൂട്ടിയിണക്കിക്കൊണ്ടാണ്, രണ്ടുനാളില്‍ നാം ആരംഭിക്കുന്ന, ഡിസംബര്‍ 8-ാം തിയതി ചൊവ്വാഴ്ച പാപ്പാ ഫ്രാന്‍സിസ് തുറക്കുന്ന ദൈവികകാരുണ്യത്തിന്‍റെ ജൂബിലി വര്‍ഷത്തിലെ പ്രതിപാദ്യ വിഷയം വെളിപ്പെടുത്തുന്നു. ക്രിസ്തുവില്‍ ലഭ്യാമാകുന്ന ദൈവക്കരുണയും രക്ഷയുമാണിത്. വിവശനും മുറിപ്പെട്ടവനുമായ മകനെ കണ്ടെത്തി തോളിലേറ്റി വരുന്ന പിതാവിന്‍റെ കരുണാര്‍ദ്രരൂപം ക്രിസ്തു തന്നെയാണെന്ന്, പ്രശസ്ത ഇറ്റാലിയന്‍ ചിത്രകാരനും മൊസൈക്ക് ആര്‍ട്ടിസ്റ്റുമായ മാര്‍ക്കോ രൂപ്നിക്ക് രൂപകല്പനചെയ്തിരിക്കുന്നത്. ജീവിതത്തില്‍ ആരെയും വിധിക്കാതെയും, തള്ളിക്കളയാതെയും, സ്നേഹവും കരുണയും ക്ഷമയും കാണിക്കുവാന്‍ ജൂബിലിവര്‍ഷം നമ്മെ ക്ഷണിക്കുന്നു. പിന്നെ ഈ ജൂബിലിയുടെ ചരിത്രത്തില്‍ ഇന്നുവരെയ്ക്കും സംഭവിക്കാത്ത പ്രത്യേകത, വത്തിക്കാനില്‍‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ മാത്രമല്ല ലോകത്തുള്ളഎല്ലാ രൂപതകളുടെയും ഭദ്രാസന ദേവാലയങ്ങളിലോ,  തീര്‍ത്ഥാടന കേന്ദ്രത്തിലോ ജൂബിലി കവാടങ്ങള്‍ തുറന്നുകൊണ്ട് ദൈവത്തിന്‍റെ കാരുണ്യം സകലര്‍ക്കും ലഭ്യാമാക്കുവാനുള്ള സാദ്ധ്യതയും, സൗകര്യവും ഔദാര്യവും പാപ്പാ ഫ്രാന്‍സിസ് നമുക്കേവര്‍ക്കും നല്‍കിയിരിക്കുന്നു.

ഈ ജൂബിലിയില്‍ നാം കാണേണ്ടത് ക്രിസ്തുവിലൂടെ ദൈവപിതാവിന്‍റെ കരുണാര്‍ദ്ര രൂപമാണ്.  ക്രിസ്തുവിന്‍റെ മിഴികളില്‍ നോക്കി അങ്ങനെ ബലഹീനതകളില്‍നിന്നും നമുക്ക് ഉയര്‍ത്തെഴുന്നേല്‍ക്കുവാനും, ഉയര്‍ന്നു നില്ക്കുവാനുമുള്ള ആത്മവിശ്വാസവും ശക്തിയും  ആര്‍ജ്ജിക്കാന്‍ ഈ പുണ്യകാലം നമ്മെ സഹായിക്കട്ടെ! ബലഹീനതകളില്‍ നിരാശരാകരുത്, വേദനയില്‍ നഷ്ടധൈര്യരാവരുത്. നാം പരിത്യക്തരല്ല, ദൈവം കാരുണ്യവാനാണ്. അവിടുത്തെ സ്നേഹം കരുണനിറഞ്ഞതാണ്.
All the contents on this site are copyrighted ©.