2015-12-04 09:46:00

ചിംമ്പോത്തെയിലെ രക്തസാക്ഷികള്‍ വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക്


തെക്കെ അമേരിക്കന്‍ രാജ്യമായ പെറുവിലെ ചിംമ്പോത്തെ രൂപതയില്‍ ഭീകരരുടെ കൈകളില്‍ കൊല്ലപ്പെട്ട മൂന്നു വൈദികരെയാണ് ഡിസംബര്‍ 5-ാം തിയതി ശനിയാഴ്ച സഭ വാഴ്ത്തപ്പെട്ടവരുടെ പദത്തിലേയ്ക്ക് ഉയര്‍ത്തുന്നത്.

പോളണ്ടുകാരായ രണ്ടു കണ്‍വെന്‍ച്വല്‍ ഫ്രാന്‍സിസ്ക്കന്‍ വൈദികര്‍ - മിഖാല്‍ തൊമസേക്കും, ബിഞ്ഞ്യൂ സ്ട്രവോസ്ക്കിയും, പിന്നെ ഇറ്റലിക്കാരനായ വൈദികന്‍ അലസാന്ത്രോ ദോര്‍ദിയുമാണ് ആധുനികകാലത്തെ ലാറ്റിനമേരിക്കന്‍ ഗ്വറില്ല വിപ്ലവകാരികളുടെ കൈകളില്‍ വിശ്വാസത്തെപ്രതി  ജീവന്‍ സമര്‍പ്പിച്ചവര്‍.

രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ പെറുവില്‍ ഭീകരപ്രവര്‍ത്തനങ്ങളായി കൊടുമ്പിരിക്കൊണ്ട 1980-1992 കാലഘട്ടത്തിലാണ് മൂന്നു വൈദികരും ചിംമ്പോത്തെ രൂപതയിലാണ് കൊല്ലപ്പെട്ടത്. ഫ്രാന്‍സിസ്ക്കന്‍ വൈദികരായ മിഖാല്‍ തൊമസേക്കും, ബിഞ്ഞ്യൂ സ്ട്രവോസ്ക്കിയും കൊല്ലപ്പെട്ടത് 1991 ആഗസ്റ്റ് 9-ാം തിയതിയാണ്. ചിംമ്പോത്തെ രൂപതയില്‍ അജപാലശുശ്രൂഷയില്‍ വ്യാപൃതരായിരിക്കെയാണ് അവരെ ഭീകരര്‍ ബന്ധികലാക്കി പീഡിപ്പിച്ച് കൊന്നത്. ചിംമ്പോത്തെയിലെ പാവങ്ങളായ കര്‍ഷകരുടെ ക്ഷേമത്തിനും അവരുടെ മക്കളുടെ വിദ്യാഭ്യാസത്തിനും, വിശ്വാസരൂപീകരണത്തിനുമായി സമര്‍പ്പിതനായിരുന്ന ഇറ്റാലിയന്‍ വൈദികന്‍  അലസാന്ത്രോ ദോര്‍ദിയെയും ഭീകരര്‍ 1991 ആഗസ്റ്റ് 25-നാണ് വകവരുത്തിയത്.

മതം ജനങ്ങളുടെ രാഷ്ട്രീയ ബോധത്തെ മയക്കുകയാണെന്നും, കൂദാശകളും ഉപവി പ്രവര്‍ത്തനങ്ങളും അവരെ വിപ്ലവരാഷ്ട്രീയത്തിന്‍റെ വിമോചന ദൗത്യത്തില്‍നിന്നും അകറ്റിനിറുത്തുകയും ചെയ്യുന്ന കാരണങ്ങളാലാണ് പെറുവിലെ ഗ്വറില്ല രാഷ്ട്രീയ പോരാളികള്‍ വൈദികരെ വകവരുത്തിയതെന്ന്, പില്‍ക്കാലത്ത് മാനസാന്തരപ്പെട്ട ഗ്വറില്ലാ നേതാവ്, അബിമേല്‍ ഗുസ്മാന്‍ സാക്ഷ്യപ്പെടുത്തിയിട്ടുണെന്ന്, കര്‍ദ്ദിനാള്‍ അമാത്തോ വത്തിക്കാന്‍ റേഡിയോയെ അറിയിച്ചു.

ഡിസംബര്‍ 5-ാം തിയതി ശനിയാഴ്ച, പെറുവിലെ ചിംമ്പോത്തെ രുപതയുടെ സെന്‍റ് പീറ്റേഴ്സ് ഭദ്രാസനദേവാലയത്തിലാണ് വാഴ്ത്തപ്പെട്ട പദപ്രഖ്യാപനം നടത്തപ്പെടുന്നത്. വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിമദ്ധ്യേയായിരിക്കും, പാപ്പാ ഫ്രാന്‍സിസ് പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഡിക്രി പ്രകാരം, ലാറ്റിനമേരിക്കന്‍ മണ്ണില്‍ വിശ്വാസത്തെപ്രതി ജീവന്‍ സമര്‍പ്പിച്ച മൂന്നുവൈദിക രക്തസാക്ഷികളെയും സഭ വാഴ്ത്തപ്പെട്ടവരുടെ പദത്തിലേയ്ക്ക് ഉയര്‍ത്തിയതെന്ന് വത്തിക്കാന്‍റെ പ്രസ്താവന വെളിപ്പെടുത്തി.
All the contents on this site are copyrighted ©.