2015-12-03 18:28:00

സന്ദേശവും സന്ദേശവാഹകനും ക്രിസ്തുവാണ് : പാപ്പാ ഫ്രാന്‍സിസ് വിശ്വാസ സംഘത്തോട്


സന്ദേശം ക്രിസ്തുവാണെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. ഡിസംബര്‍ 3-ാം തിയതി വ്യാഴാഴ്ച ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ സമ്പൂര്‍ണ്ണ സമ്മേളനത്തെ അഭിസംബോധനചെയ്യവെയാണ് സഭയുടെ ദൗത്യത്തെക്കുറിച്ച് പാപ്പാ ഇങ്ങനെ വ്യാഖ്യാനിച്ചത്.

സഭയും സഭാസ്ഥാപനവും പ്രേഷിതദൗത്യമായി കാണുന്ന രീതി സമൂഹത്തില്‍ തെറ്റായി വളര്‍ന്നു വരുന്നുണ്ട്. എന്നാല്‍ സഭയല്ല ദൗത്യമെന്നും, സഭ നിര്‍വ്വഹിക്കേണ്ടതും പ്രവര്‍ത്തിക്കേണ്ടതുമായ പ്രേഷിതദൗത്യം, അല്ലെങ്കില്‍ മിഷന്‍ ക്രിസ്തുവാണെന്ന് Ad Gentes, പ്രേഷിതപ്രവര്‍ത്തനം സംബന്ധിച്ച രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ പ്രബോധനത്തെ ഉദ്ധരിച്ചുകൊണ്ട് പാപ്പാ വ്യക്തമാക്കി.

സന്ദേശവും സന്ദേശവാഹകനും ക്രിസ്തുവാണ്. സമ്മാനവും സമ്മാനദാതാവും അവിടുന്നുതന്നെ. അങ്ങനെ സഭാദൗത്യവും സഭയും തമ്മില്‍ തിരിച്ചറിഞ്ഞ്, സഭാപ്രവര്‍ത്തകര്‍ ക്രിസ്തുവാകുന്നു സുവിശേഷത്തിന്‍റെ സേവകരും ദാസരുമാകണമെന്ന് 160-തോളം വരുന്ന സംയുക്തസമ്മേളനത്തിലെ അംഗങ്ങളെ (വത്തിക്കാന്‍റെ വിവിധ ഭരണവിഭാഗങ്ങലുടെ പ്രതിനിധികളെ) പാപ്പാ ഉദ്ബോധിപ്പിച്ചു.

ഭയലേശമെന്യേ പുറപ്പെട്ട് സുവിശേഷം ഏവര്‍ക്കുമായി എല്ലായിടത്തും എല്ലായിപ്പോഴും സഭ പ്രഘോഷിക്കുന്നു. അതിനാല്‍ പ്രേഷിതദൗത്യം മറ്റുള്ള ജനതകളെയും സംസ്ക്കാരങ്ങളെയും അറിയിക്കുന്നപോലെ, സഭയിലും അതിന്‍റെ ഉള്ളില്‍ത്തന്നെയും ദൗത്യം ആദ്യം സ്വീകരിക്കേണ്ടതാണ്. അങ്ങനെ കാലികമായി നവീകരിക്കപ്പെടുകയും രൂപാന്തരപ്പെടുകയും ചെയ്യേണ്ടതാണ് ദൗത്യമെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

വിശ്വാസസംബന്ധമായ പ്രബോധനാധികാരത്തെക്കുറിച്ച് (kerygma) പറയുമ്പോള്‍, പ്രേഷിത പ്രവര്‍ത്തന സംവിധാനങ്ങളോ സംഘമോ ഇല്ലാതിരുന്ന കാലത്തും പൗലോശ്ലീഹായും ബാര്‍ണബാസും വചനം പ്രഘോഷിക്കുകയും സഭയും സമൂഹങ്ങളും സ്ഥാപിക്കുകയും ചെയ്തു. അവസാനം സുവിശേഷത്തെപ്രതി അവര്‍ ജീവന്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുള്ള ചരിത്രം പാപ്പാ പ്രഭാഷണത്തില്‍ അനുസ്മരിച്ചു.

സഭയുടെ നവീകരണത്തിനും സുവിശേഷവത്ക്കരണത്തിനും പ്രേഷിതദൗത്യം എല്ലാറ്റിന്‍റെയും ആരംഭവും ലക്ഷ്യവുമായി കണ്ടില്ലെങ്കില്‍ സഭാപരവും സംഘടനാപരവുമായ അന്തര്‍മുഖത്വത്തിലേയ്ക്ക് (ecclesial introversion) അറിയാതെ നാം വഴുതിവീഴാന്‍ ഇടയുണ്ടെന്നും പാപ്പാ ചൂണ്ടിക്കാട്ടി. അങ്ങനെ പ്രേഷിതദൗത്യത്തിന് സമര്‍പ്പിതരായി ജീവിക്കാം. പാവങ്ങളുടെയും വിദൂരസ്ഥരായവരുടെയും മുറവിളികേട്ടുകൊണ്ട് സുവിശേഷസന്തോഷത്തില്‍ ജീവിക്കാം. അത് ലോകമെങ്ങും പ്രഘോഷിക്കാം, എന്ന് ആശംസിച്ചുകൊണ്ടാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്.  








All the contents on this site are copyrighted ©.