2015-12-03 15:55:00

എയിഡ്സിന്‍റെ ഭീകരതയില്‍നിന്നും ലോകം ഇനിയും മോചിതമായിട്ടില്ല : ബാന്‍ കി മൂണ്‍


എയിഡ്സ് വസന്തയില്‍നിന്നും ലോകം ഇനിയും മോചിതമായിട്ടില്ലെന്ന്, ഐക്യരാഷ്ട്ര സംഘടനയുടെ ജനറല്‍ സെക്രട്ടറി, ബാന്‍ കി മൂണ്‍ പ്രസ്താവിച്ചു. ഡിസംബര്‍ ഒന്നാം തിയതി ലോകം ആചരിച്ച എയിഡ്സ് ദിനത്തോടനുബന്ധിച്ച് (World Aids Day) യുഎന്നിന്‍റെ ന്യൂയോര്‍ക്ക് ആസ്ഥാനത്തു നല്കിയ വാര്‍ത്താസമ്മേളനത്തിലാണ് ബാന്‍ കി മൂണ്‍ ഇങ്ങനെ പ്രസ്താവിച്ചത്.

എയിഡ്സ് രോഗബാധയ്ക്ക് ഇപ്പോള്‍ ഇരകളായിട്ടുള്ളവര്‍ അധികവും കൗമാരപ്രായക്കാരാണ്. കഴിഞ്ഞ 15 വര്‍ഷമായി യുഎന്നിന്‍റെ സ്ഥിതിവിവരക്കണക്കുകള്‍ അത് വെളിപ്പെടുത്തുന്നുണ്ടെന്നും ബാന്‍ കി മൂണ്‍ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

ആഗോളതലത്തില്‍ ഓരോ മണിക്കൂറിലും 26 കുട്ടികളാണ് എയിഡ്സ് രോഗബാധിതരാകുന്നതെന്ന് മൂണ്‍ വെളിപ്പെടുത്തി. അതുപോലെ ഐക്യരാഷ്ട്ര സഭയുടെ മാത്രം ചികിത്സാസഹായം (UNAIDS) തേടുന്നവര്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി പതിനായിരങ്ങളാണെന്നും അദ്ദേഹം പ്രസ്താവിച്ചു. അതിനാല്‍ മാരകമായ ഈ വസന്തയില്‍നിന്നും ലോകം മോചിതമായെന്ന് വിചാരിക്കരുതെന്നും, ഇനിയും രാഷ്ട്രങ്ങളും പ്രസ്ഥാനങ്ങളും ഒത്തൊരുമിച്ച് രോഗനിവാരണത്തിനായി പരിശ്രമിക്കണമെന്നും മൂണ്‍ അഭ്യര്‍ത്ഥിച്ചു..

ഐക്യരാഷ്ട്ര സഭയുടെ ഇതര വിഭാഗങ്ങള്‍ WHO, UNESCO, UNAIDS എന്നിവ എയിഡ്സ് ചികിത്സയ്ക്കും നിവാരണത്തിനുമായി നിരന്തരമായി പരിശ്രമിക്കുകയാണെന്നും, 2030-ല്‍ പൂര്‍ത്തീകരിക്കേണ്ട സുസ്ഥിതി വികസനപദ്ധതിയില്‍ എയിഡ്സ് രോഗം പൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യാനാകുമെന്ന നവമായൊരു പ്രത്യാശയോടെയാണ് യുഎന്നും അംഗരാഷ്ട്രങ്ങളും മുന്നേറുന്നതെന്നും മൂണ്‍ വെളിപ്പെടുത്തി.

മത-സാംസ്ക്കാരിക-രാഷ്ട്രീയ വൈവിധ്യങ്ങള്‍ക്ക് അതീതമായി ലോകത്ത് ഇത്രയേറെ മനുഷ്യര്‍ സംഘടിതമായും ഒത്തൊരുമിച്ചും പ്രവര്‍ത്തിക്കുന്ന മേഖല ഐയ്ഡ്സ് ചികിത്സയും രോഗനിവാരണ പദ്ധതിയുമാണെന്ന സത്യവും മൂണ്‍ ഐക്യരാഷ്ട്ര സംഘടയുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.








All the contents on this site are copyrighted ©.