2015-12-03 20:34:00

യുവജനങ്ങള്‍ക്കുള്ള അത്യപൂര്‍വ്വ ബൈബിളും പാപ്പായുടെ ആമുഖവും


തന്നെ സന്തോഷിപ്പിക്കണമെങ്കില്‍ യുവജനങ്ങള്‍ ബൈബിള്‍ വായിക്കണമെന്ന്, പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. ജര്‍മ്മനിയിലെ കാത്തലിക്ക് ബൈബിള്‍ സൊസൈറ്റി പ്രസിദ്ധപ്പെടുത്തിയ യുവജനങ്ങള്‍ക്കുള്ള ബൈബിളിന് എഴുതിയ ആമുഖത്തിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്.

ബൈബിള്‍ ദൈവികമാണെന്നും, അതിലൂടെ ദൈവം നമ്മോടു സംസാരിക്കയാണെന്നും പാപ്പാ ആമുഖത്തില്‍ യുവജനങ്ങളോടും പറഞ്ഞു. അതിനാല്‍ അത് അലമാരയില്‍വച്ച് പൂട്ടാതെ അനുദിനം വായിക്കുകയും, ചിന്തിക്കുകയും ധ്യാനിക്കുകയും വേണമെന്നും, അപ്പോള്‍ ദൈവം നമ്മോടു സംസാരിക്കുമെന്നും തന്‍റെ ജീവിതാനുഭവം പങ്കുവച്ചുകൊണ്ട് പാപ്പാ ആമുഖത്തില്‍ യുവജനങ്ങള്‍ക്കായി ലളിതമായ ഭാഷയില്‍ കുറിച്ചു.

തന്‍റെ ബൈബിള്‍ കണ്ടാല്‍‍ യുവാക്കളായ നിങ്ങള്‍ ചിരിക്കാം! അത്രയ്ക്ക് പഴഞ്ചനും, അല്പം കീറയതുമാണത്. താളുകള്‍ കണ്ടാല്‍ തിനിക്കൊരു പുതിയ ബൈബിള്‍ വാങ്ങാനുള്ള കാശു ആരെങ്കിലും തരുവാനും സാദ്ധ്യതയുള്ളതായി ഫലിതോക്തിയില്‍ പാപ്പാ യുവജനങ്ങളുമായി ആമുഖത്തില്‍ സംവദിക്കുന്നുണ്ട്. ആയുസ്സിന്‍റെ പകുതികാലത്തില്‍ അധികവും തന്നോടൊത്തു സഞ്ചിരിച്ചിട്ടുള്ള ഈ അപൂര്‍വ്വപുസ്തകം തന്‍റെ ജീവിതത്തിന്‍റെ സങ്കടങ്ങളും സന്തോഷവും ഒരുപോലെ അറിഞ്ഞിട്ടുള്ളതിനാല്‍ ഇനി അത് കൈമാറുവാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പാപ്പാ യുവജനങ്ങളോട് ആമുഖത്തില്‍ തുറന്നടിക്കുന്നുണ്ട്. 

യുവജനങ്ങള്‍ക്കായുള്ള ഈ പ്രസിദ്ധീകരണത്തിന്‍റെ നിര്‍മ്മാതാക്കളും പ്രസാധകരുമായ യൂക്യാറ്റ് ഫൗണ്ടേഷന്‍, ജര്‍മ്മനിയിലെ കത്തോലിക്ക് ബൈബിള്‍ സൊസൈറ്റിയുമായി കൈകോര്‍ത്താണ് ഇത്ര മനോഹരവും അത്യപൂര്‍വ്വവുമായ ബൈബിള്‍ യുവജനങ്ങള്‍ക്കായി ആവിഷ്ക്കരിച്ചിരിക്കുന്നത്.

ഡെമി 1/8  വലുപ്പത്തിലും ബഹുവര്‍ണ്ണത്തിലുമുള്ള ബൈബിളില്‍ എല്ലാ അദ്ധ്യായങ്ങള്‍ക്കും ഉചിതമായ വിശുദ്ധനാടിന്‍റെ ചിത്രങ്ങള്‍ കാണാം. ആയിരത്തലേറെ പേജുകള്‍ ഈ ഗ്രന്ഥത്തിനുണ്ട്. ആദ്യവസാനം പുസ്തകത്തിന്‍റെ മദ്ധ്യത്തിലൂടെ, ഒരു ചുവപ്പുനാടപോലെ പോകുന്ന കാര്‍ട്ടുണ്‍ ശൈലിയിലുള്ള ബൈബിള്‍ രംഗച്ചിത്രണങ്ങള്‍ ഈ ഗ്രന്ഥത്തെ യുവജനങ്ങള്‍ക്ക് പ്രിയപ്പെട്ടതും ആകര്‍ഷകവുമാക്കുമെന്നതില്‍ സംശയമില്ല.








All the contents on this site are copyrighted ©.