2015-12-02 20:05:00

പാപ്പാ ആശീര്‍വ്വദിച്ച ചലിക്കുന്ന മരിയന്‍‍ കപ്പേള


വാഹനത്തിലൊരുക്കിയ ‘മരിയന്‍ കപ്പേള’ പാപ്പാ ഫ്രാന്‍സിസ് ആശീര്‍വ്വദിച്ചു.

തെക്കെ ഇറ്റലിയില്‍ പോംപെയിലുള്ള പ്രസിദ്ധമായ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിന്‍റെ വകയായ ‘വാഹനക്കപ്പേള’യാണ് പാപ്പാ ഫ്രാ‍ന്‍സിസ് ഡിസംബര്‍ 2-ാം തിയതി ബുധനാഴ്ച വത്തിക്കാനില്‍  പതിവുള്ള പൊതുക്കൂടിക്കാഴ്ച പരിപാടിക്കു തൊട്ടുമുന്‍പ് ആശീര്‍വ്വദിച്ചത്.

പോംപെയിലെ അത്ഭുതനാഥയുടെ ചിത്രം പ്രത്യേക വാഹനത്തിനകത്ത് മനോഹരമായി അലങ്കരിച്ചിരുന്നു. ജപമാല ഭക്തിയിലൂടെ ക്രിസ്തുരഹസ്യങ്ങള്‍ പ്രചരിപ്പിക്കുക. അങ്ങനെ ക്രിസ്തുവിനെ അറിയുക, അവിടുത്തെ അറിയിക്കുക എന്ന ലക്ഷൃവുമായി ഈ മേരിന്‍ തീര്‍ത്ഥാടനകേന്ദ്രം 1950-ല്‍ ആരംഭിച്ചതാണ്. വാഹനത്തില്‍ ഘടിപ്പിച്ചിട്ടുള്ള ഈ കപ്പേള വിവിധ രാജ്യങ്ങളിലേയ്ക്കും സഞ്ചരിക്കുന്നുണ്ട്.

മറിയത്തിന്‍റെ ദിവ്യവും അത്ഭുതമൂറുന്നതുമായ കണ്ണുകളിലൂടെ ക്രിസ്തുരഹസ്യങ്ങളെ കാണുന്നതും ധ്യാനിക്കുന്നതും വ്യക്തികളെയും സമൂഹങ്ങളെയും മാനസാന്തരത്തിലേയ്ക്കും സ്നേഹത്തിലേയ്ക്കും സമാധാനത്തിലേയ്ക്കും നയിക്കുമെന്ന് ആശീര്‍വ്വാദത്തെ തുടര്‍ന്ന് സന്നിഹിതനായിരുന്നവരോട് പാപ്പാ തത്സമയം ഉദ്ബോധിപ്പിച്ചു. പോംപെയുടെ സ്ഥാനികമെത്രാന്‍ ആര്‍ച്ചുബിഷപ്പ് തൊമാസോ കപൂത്, തീര്‍ത്ഥാനട കേന്ദ്രത്തിന്‍റെ ഡയക്ടര്‍, മറ്റു ഇടവക പ്രതിനിധികളും വാഹനാശീര്‍വ്വാദ സമയത്ത് സന്നിഹിതരായിരുന്നു.  

ബര്‍ത്തേലോ ലോംഗൊ എന്ന കര്‍ഷകനുണ്ടായ ദൈവമാതാവിന്‍റെ ദര്‍ശനമാണ് അഗ്നിപര്‍വ്വത സ്ഫോടനത്തില്‍ മുഴുവനായും തകര്‍ന്ന പോംപെ നഗരത്തെ ജപമാലനാഥയുടെ തീര്‍ത്ഥാടനകേന്ദ്രമാക്കി ആധുനികകാലത്ത് ഉയര്‍ത്തിയത്. നഗരത്തിനും നഗരവാസികള്‍ക്കും രക്ഷയുടെ പ്രതീകവും ആത്മീയ സ്രോതസ്സുമായി പുരാതന നഗരമായ പോംപെയിലെ നിവാസികള്‍ ദിവ്യജനനിയെ കണക്കാക്കുകയും വണങ്ങുകയും ചെയ്യുന്നു.
 








All the contents on this site are copyrighted ©.