2015-12-01 18:27:00

ഇസ്ലാം സഹോദരങ്ങള്‍ക്കുള്ള പാപ്പാ ഫ്രാ‍ന്‍സിസിന്‍റെ സന്ദേശം


ആറുദിവസം നീണ്ടുന്ന ആഫ്രിക്ക സന്ദര്‍ശനത്തില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ ശ്രദ്ധേയമായ പരിപാടികളില്‍ ഒന്നായിരുന്നു ബാംഗ്വിയിലെ മുസ്ലിംപള്ളി സന്ദര്‍ശനം. മദ്ധ്യാഫ്രിക്കന്‍ റിപ്പബ്ലിക്കിന്‍റെ തലസ്ഥാന നഗരത്തിലെ പ്രധാനപള്ളിയാണ് നവംബര്‍ 30-ാം തിയതി രാവിലെ, തന്‍റെ ആഫ്രിക്കപര്യടനത്തിന്‍റെ അവസാനദിവസം പാപ്പാ സന്ദര്‍ശിച്ചത്. അവിടെ സമ്മേളിച്ചവര്‍ക്ക് സമാധാനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സന്ദേശംനല്കി. പരിഭാഷ താഴെ ചേര്‍ക്കുന്നു:

ഇസ്ലാമിക സമൂഹവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഇങ്ങനെ ഒരവസരം ലഭിച്ചിരുന്നില്ലെങ്കില്‍ ഈ അപ്പസ്തോലികയാത്ര പൂര്‍ണ്ണമാകില്ലായിരുന്നെന്നാണ് എന്‍റെ വിശ്വാസം. അതിനാല്‍ നിങ്ങളുടെ ഊഷ്മളമായ വരവേല്പിന് നന്ദി! എന്നെ ഹൃദ്യമായി സ്വാഗതംചെയ്ത ഇമാം തിദ്യാനി മൗസാ നബിക്കും  പ്രത്യേകിച്ച് കൃതജ്ഞതയര്‍പ്പിക്കുന്നു.

മുസ്ലീങ്ങളും ക്രൈസ്തവരും - നാം സഹോദരങ്ങളാണ്. എന്നാല്‍ അതിന് ഉചിതമായി നാം ജീവിക്കണം. നമുക്ക് അറിയാവുന്നതുപോലെ, അടുത്തകാലത്ത് ലോകത്തുണ്ടായിട്ടുള്ള സംഭവവികാസങ്ങള്‍ - ഭീകരപ്രവര്‍ത്തനങ്ങളും അതിക്രമങ്ങളും ഈ രാജ്യത്തെ എന്നപോലെതന്നെ മറ്റെല്ലാവരെയും അമ്പരിപ്പിക്കുന്നുണ്ട്. അവയ്ക്കു പിന്നില്‍ മതാത്മകമായ യാതൊരു ലക്ഷൃവും ഇല്ലെന്ന് എല്ലാവര്‍ക്കും അറിയാം.

ദൈവത്തില്‍ വിശ്വാസിക്കുന്ന എല്ലാ സ്ത്രീപുരുഷന്മാരും സമാധാനത്തിന്‍റെ പ്രായോക്താക്കളായിരിക്കണം. ക്രൈസ്തവരും മുസ്ലീങ്ങളും, അതുപോലെ മറ്റു പരമ്പരാഗത മതവിശ്വാസികളെല്ലാവരും ലോകത്ത് സൗഹാര്‍ദ്ദത്തിലും സ്നേഹത്തിലും പൊതുവെ എന്നും ജീവിച്ചിട്ടുണ്ട്. അതിനാല്‍ ദൈവത്തിന്‍റെ പ്രതിച്ഛായ നശിപ്പിക്കുന്ന എല്ലാ പ്രവൃത്തികളില്‍നിന്നും ചിന്താധാരകളില്‍നിന്നും ഈശ്വരവിശ്വാസികള്‍ പിന്മാറേണ്ടതാണ്. ദൈവികഭാവം കളങ്കപ്പെടുത്താതെ കാത്തുസൂക്ഷിക്കേണ്ടതാണ്. മതാത്മക ജീവിതം പൊതുന്മയ്ക്ക് വിഘാതമാകാതരിക്കുവാന്‍ ശ്രദ്ധിക്കേണ്ടത് ദൈവത്തില്‍ വിശ്വസിക്കുന്നവരുടെ ലക്ഷൃവും ഉത്തരവാദിത്വവുമാണ്.

പകയുടെയും വിദ്വേഷത്തിന്‍റെയും, അതിക്രമങ്ങളുടെയും എല്ലാപ്രവൃത്തികളെയും മതവിശ്വാസികള്‍ നിഷേധിക്കേണ്ടതാണ്. മതത്തിന്‍റെയും ദൈവത്തിന്‍റെയും പേരില്‍ ഇന്ന് ലോകത്ത് ഇളക്കിവിടുന്ന ക്രൂരതയെ പ്രത്യേകിച്ച് നാം തള്ളിപ്പറയേണ്ടതും അപലപിക്കേണ്ടതുമാണ്. കാരണം ദൈവം സമാധാനമാണ്! അവിടുന്ന് ‘സലാമാ’ണ്!

നാടകീയമായ എന്നാല്‍ നിഷേധാത്മകമായ സംഭവവികാസങ്ങള്‍ ലോകത്ത് അരങ്ങേറുന്ന ഇക്കാലഘട്ടത്തില്‍ ക്രൈസ്തവ മുസ്ലിം സമൂഹങ്ങള്‍ കാലികമായ വെല്ലുവിളികളെ നേരിടാന്‍ ഒത്തൊരുമിച്ചു നടത്തിയിട്ടുള്ള പരിശ്രമങ്ങളെ ഞാന്‍ ശ്ലാഘിക്കുന്നു. ലോകത്ത് സാഹോദര്യം വളര്‍ത്തുവാനും സൗഹൃദം പുനര്‍സ്ഥാപിക്കുവാനും അതെല്ലാം സഹായകമായിട്ടുണ്ട് എന്നതില്‍ സംശയമില്ല. ഇന്നാട്ടില്‍ മാത്രമല്ല, ലോകത്തിന്‍റെ മറ്റുഭാഗങ്ങളിലും ഇതര മതസ്ഥരായവരുടെയും ക്ലേശങ്ങളില്‍ ക്രൈസ്തവരും മുസ്ലീങ്ങളും സഹകരിച്ചു ചെയ്തിട്ടുള്ള ഐക്യദാര്‍ഢ്യത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പിന്‍തുണയും സഹായങ്ങളും ഇവിടെ ഏറെ ചാരിതാര്‍ത്ഥ്യത്തോടെ അനുസ്മരിക്കുന്നു.

ആസന്നമാകുന്ന മറ്റൊരു ദേശീയ തിരഞ്ഞെടുപ്പിന് ഈനാട് ഒരുങ്ങുകയാണ്. മദ്ധ്യാഫ്രിക്കന്‍ റിപ്പബ്ലിക്കിലെ എല്ലാ സമൂഹങ്ങളെയും എല്ലാ പൗരന്മാരെയും കൂട്ടിയിണക്കുന്ന ഒരു രാഷ്ട്രീയ നേതൃത്വം ഇന്ന് ഇവിടെ അനിവാര്യമാണ്. അത് ഏതെങ്കിലുമൊരു വംശീയ വര്‍ഗ്ഗിയ സഖ്യത്തിന്‍റെ പ്രാതിനിധ്യമായോ നേതൃത്വമായോ മാറുന്നതിനു പകരം, ദേശീയ ഐക്യത്തിന്‍റെയും സമഗ്രതയുടെയും ഉദ്ഗ്രഥനത്തിന്‍റെയും വിഭാഗീയതകളില്ലാത്ത ജനനേതൃത്വം രൂപീകരിക്കുവാനാണ് ഇന്ന് നാം പരിശ്രമിക്കേണ്ടത്. വംശീയ വര്‍ഗ്ഗീയ ശക്തികള്‍ക്കും, രാഷ്ട്രീയ സാമൂഹ്യ മത കൂട്ടുകെട്ടുകള്‍ക്കും അതീതമായി സകലരെയും ആശ്ലേഷിക്കുന്നതും അംഗീകരിക്കുന്നതുമായ രാജ്യമായിത്തീരട്ടെ മദ്ധ്യാഫ്രിക്കന്‍ റിപ്പബ്ളിക്ക് എന്ന് ആശംസിക്കുകയും പ്രാര്‍ത്ഥിക്കുകുയം ചെയ്യുന്നു.

ഇതര സമൂഹങ്ങള്‍ തമ്മിലുണ്ടാകേണ്ട സൗഹാര്‍ദ്ദത്തിനും സാഹോദര്യത്തിനും ആഫ്രിക്കാ മഹാഭൂഖണ്ഡത്തിന്‍റെ കേന്ദ്രഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ റിപ്പബ്ലിക്കന്‍ രാജ്യം മാതൃകയും പ്രചോദനവുമാകട്ടെ! ആദ്യം നിങ്ങളുടെ നാട്ടില്‍ത്തന്നെയും പിന്നെ നിങ്ങളുടെ സമീപ രാഷ്ട്രങ്ങള്‍ക്കും ഇക്കാര്യത്തില്‍ മാതൃകയാവണം. അതൊരു ക്രിയാത്മകമായ സ്വാധീനമായിരിക്കും. ഒപ്പം ഇന്ന് നമുക്കു ചുറ്റും പുകഞ്ഞുപൊന്തുന്ന, വികസനത്തിന്‍റെയും വളര്‍ച്ചയുടെയും സാദ്ധ്യതകള്‍ തടസ്സപ്പെടുത്തുന്ന സംഘര്‍ഷത്തിന്‍റെ കരിന്തിരി കെടുത്തുവാന്‍ ഇതു നിങ്ങളെ സഹായിക്കും.

പ്രിയ സഹോദരങ്ങളേ, സുഹൃത്തുക്കളേ, ഇന്നാട്ടിലുണ്ടായിട്ടുള്ള അടുത്തകാലത്തെ സംഭവവികാസങ്ങളുടെ പ്രത്യാഘതങ്ങളില്‍ വേദനിക്കുകയും ക്ലേശിക്കുകയും ചെയ്യുന്നവരെ ഇവിടെ ഇത്തരുണത്തില്‍ അനുസ്മരിക്കുന്നു. അനുരഞ്ജനത്തിനും സാഹോദര്യത്തിനും ഐക്യദാര്‍ഢ്യത്തിനുമായി പ്രാര്‍ത്ഥിക്കണമെന്നും പരിശ്രമിക്കണമെന്നും ഒരിക്കല്‍ക്കൂടി സാഹോദര്യത്തില്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, സംരക്ഷിക്കട്ടെ! ‘സലാം ആലിക്കും’!

 

 








All the contents on this site are copyrighted ©.