2015-11-28 07:40:00

ചെടി നടീല്‍ സാരസാന്ദ്ര പ്രതീകാത്മക പ്രവൃത്തി


കെനിയയില്‍ ഐക്യരാഷ്ട്രസഭയ്ക്കുള്ള കാര്യാലയം,UNON, വ്യാഴാഴ്ച (26/11/15) സന്ദര്‍ശിച്ച ഫ്രാന്‍സിസ് പാപ്പാ തദ്ദവസരത്തില്‍ നടത്തിയ പ്രഭാഷണത്തിലെ പ്രസക്തഭാഗങ്ങള്‍.

പരിസ്ഥിതിസംരക്ഷണത്തിന്‍റെ പ്രാധാന്യം ആയിരുന്നു പാപ്പായുടെ സന്ദേശത്തിന്‍റെ കാതല്‍.

      നയ്റോബിയിലുള്ള ഈ കാര്യലായത്തിന്‍റെ  ( UNON ) ഉദ്യാനത്തില്‍  ഒരു ചെടി നടാന്‍ താന്‍ ക്ഷണിക്കപ്പെട്ടതും താനത് നട്ടതും  അനുസ്മരിച്ച പാപ്പാ വളരെ ലളിതവും എന്നാല്‍ നിരവധി സംസ്ക്കാരങ്ങളി‍ല്‍ സാരസാന്ദ്രവുമായ പ്രതീകാത്മക ചടങ്ങായിരുന്നു അത് എന്നു പറഞ്ഞുകൊണ്ട്    ഇപ്രകാരം തുടര്‍ന്നു.

     ഒരു ചെടി നടുകയെന്നത് പ്രഥമതഃ വനനശീകരണം, മരുഭൂമിവത്ക്കരണം എന്നീ പ്രതിഭാസങ്ങള്‍ക്കെതിരായ പോരാട്ടം തുടരാന്‍ ഉള്ള ഒരു ക്ഷണമാണ്. ജൈവവൈവിധ്യത്താല്‍ നിറഞ്ഞ ഈ ഗ്രഹത്തിന്‍റെ ശ്വാസകോശങ്ങള്‍ ഉത്തരവാദിത്വപൂര്‍വ്വം കൈകാര്യം ചെയ്യുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് അത് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. 

     വിശ്വാസമുള്ളവരായിരിക്കനും പ്രത്യാശ പുലര്‍ത്താനും, സര്‍വ്വോപരി, ഇന്ന് നമ്മെ അലട്ടുന്ന അനീതിയുടെയും അധഃപതനത്തിന്‍റെയുമായ സകല അവസ്ഥകളെയും രൂപാന്തരപ്പെടുത്തുന്നതിന് പരിശ്രമിക്കാനും നമ്മെ പ്രേരിപ്പിക്കുന്നതാണ് ചെടി നടീല്

     കാലാവസ്ഥമാറ്റത്തെ അധികരിച്ചുള്ള ഒരു സുപ്രധാന സമ്മേളനം (COP 21) ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പാരീസില്‍ ചേരുകയും അന്താരാഷ്ട്രസമൂഹം  ഈ പ്രശ്നത്തെക്കുറിച്ച് വീണ്ടും ചര്‍ച്ച ചെയ്യുയും ചെയ്യും. പൊതുനന്മയുടെമേല്‍ സ്വകാര്യതാല്പര്യങ്ങള്‍ പ്രബലപ്പെടുകയും സ്വന്തം പദ്ധതികളു‌ടെ സംരക്ഷണത്തിനായി വിവരങ്ങള്‍ വളച്ചൊടിക്കുന്ന ഒരവസ്ഥയിലെത്തിച്ചേരുകയും ചെയ്താല്‍ അത് ഖേദകരമാണ്, അല്ല, ദുരന്തപൂര്‍ണ്ണമായിരിക്കും എന്നു തന്നെ ഞാന്‍ പറയുന്നു.

     കാലാവസ്ഥ സകലരുടെയും, സകലര്‍ക്കും വേണ്ടിയുള്ളതും ആയ ഒരു പൊതുനന്മയാണ്. കാലാവസ്ഥമാറ്റം, പാരിസ്ഥിതികവും സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ ഗുരുതരങ്ങളായ ആഘാതങ്ങളുളവാക്കുന്ന ആഗോള പ്രശ്നവും നരകുലത്തിനു ഇന്നുള്ള മുഖ്യ വെല്ലുവിളികളില്‍ ഒന്നുമാണ്.

    കാലാവസ്ഥമാറ്റങ്ങളുടെ പ്രത്യാഘാതങ്ങള്‍ കുറയ്ക്കുക,ദാര്യദ്ര്യത്തിനെതിരായി പോരാടുക ,മാനവാന്തസ്സ് മാനിക്കുക എന്നീ സങ്കീര്‍ണ്ണങ്ങളും പരസ്പരാശ്രിതങ്ങളുമായ മൂന്നു ലക്ഷ്യങ്ങള്‍ കൈവരിക്കാനും ഐക്യദാര്‍ഡ്യത്തിന്‍റെയും നീതിയുടെയും സമത്വത്തിന്‍റെയും പങ്കാളിത്തത്തിന്‍റെയും തത്വങ്ങളിലധിഷ്ഠിതമായ ഒരാഗോള ഉടമ്പടിയിലെത്തിച്ചേരാനും COP 21 സമ്മേളനം ശ്രമിക്കുമെന്ന പ്രത്യാശ പാപ്പാ പ്രാകടിപ്പിക്കുകയും ചെയ്തു.

     ഒരു രാജ്യവും പൊതുനന്മയോടുള്ള ഉത്തരവാദിത്വത്തില്‍ നിന്നു വിട്ടുനിന്നു കൊണ്ട് പ്രവര്‍ത്തിക്കാന്‍ പാടില്ലയെന്നും ഭാവാത്മകമായ ഒരു മാറ്റം വേണമെങ്കില്‍  നമ്മള്‍ എളിമയോടുകൂടി നമ്മുടെ പര്സ്പരാശ്രിതത്വം, ആരോഗ്യകരമായ പര്സ്പരാശ്രിതത്വം, അംഗീകരിക്കേണ്ടിയിരിക്കുന്നുവെന്നും പാപ്പാ പറഞ്ഞു. രാഷ്ട്രീയാധികാരി കളും ശാസ്ത്രസമൂഹങ്ങളും വ്യവസായികളും പൗരസമൂഹങ്ങളുമ‌ടങ്ങിയ സകലരുടെയും ഉത്തരവാദിത്വപൂര്‍ണ്ണവും ആത്മാര്‍ത്ഥവും തുറവുള്ളതുമായ സംഭാഷണം അതിന് അനിവാര്യമാണെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.

     2016 ഒക്ടോബറില്‍ ക്വിറ്റൊയില്‍ മൂന്നാം ഹബിറ്റാറ്റ് സമ്മേളനം നടക്കാന്‍ പോകുന്നതും അടുത്തു തന്നെ നയ്റോബിയില്‍ ലോകവ്യാപാരസംഘടനയുടെ മന്ത്രിതല പത്താം സമ്മേളനം അരങ്ങേറാന്‍ പോകുന്നതും പാപ്പാ പരിസ്ഥ്തി സംരക്ഷണം, സ്ഥായിയായ വികസനം മനുഷ്യന്‍റെ സമഗ്രപുരോഗതി തുടങ്ങിയവുമായി ബന്ധപ്പെടുത്തി അനുസ്മരിച്ചു.

     സ്രഷ്ടാവിനെ സ്തുതിക്കാന്‍ നമുക്കു പ്രചോദനമേകുന്ന പ്രകൃതി സൗന്ദര്യവും സമ്പന്നതയും ആഫ്രിക്ക ലോകത്തിനു പ്രദാനം ചെയ്യുന്നുവെന്നും പാപ്പ ശ്ലാഘിച്ചു. എന്നാല്‍ ആഫ്രിക്കയുടെയും നരകുലം മുഴുവന്‍റെയുമായ ഈ പൈതൃകം മനുഷ്യന്‍റെ വിവിധങ്ങളായ സ്വാര്‍ത്ഥതയാലും ദാരിദ്ര്യത്തിന്‍റെയും പുറന്തള്ളലിന്‍റെയും അവസ്ഥകളെ ചൂഷണം ചെയ്യുന്നതു വഴിയും നശിപ്പിക്കപ്പെടുകയാണെന്ന ഖേദകരമായ വസ്തുത പാപ്പാ ചൂണ്ടിക്കാട്ടി. വജ്രങ്ങളും മറ്റു രത്നക്കല്ലുകളും അപൂര്‍വ്വ ലോഹ ങ്ങളും, മൃഗങ്ങളെ കൊന്നൊടുക്കി എടുക്കുന്ന, ആനക്കൊമ്പു പോലുള്ള  വസ്തുക്കളും മറ്റും അനധികൃതമായി കടത്തുന്നത് രാഷ്ട്രീയ അസ്ഥിരതയ്ക്കും സംഘടിതകുറ്റകൃത്യങ്ങള്‍ക്കും  ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും വളമേകുന്നതും പാപ്പാ എടുത്തുകാട്ടി.  ഈ  അവസ്ഥയും അന്താരാഷ്ട്ര സമൂഹം ശ്രമവിക്കേണ്ട രോദനം, മനുഷ്യരുടെയും ഭൂമിയുടെയും രോദനം ആണെന്ന് പാപ്പാ പറഞ്ഞു.








All the contents on this site are copyrighted ©.