2015-11-25 16:51:00

ആഫ്രിക്കയ്ക്ക് ധാര്‍മ്മിക ബലമായി പാപ്പാ ഫ്രാന്‍സിസ്


പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദര്‍ശനം കെനിയന്‍ ജനതയ്ക്ക് ധാര്‍മ്മിക ബലമേകുമെന്ന് നൈറോബിയുടെ മെത്രാപ്പോലീത്ത, കര്‍ദ്ദിനാള്‍ ജോണ്‍ ഞ്ചുവേ പ്രസ്താവിച്ചു.

നവംബര്‍ 24-ാം തിയതി ചെവ്വാഴ്ച വത്തിക്കാന്‍റെ ദിനപത്രം, ‘ലൊസര്‍വത്തോരെ റൊമാനോ’യ്ക്കു നല്കിയ പ്രസ്താവനയിലാണ് പാപ്പായുടെ കെനിയ സന്ദര്‍ശനത്തെക്കുറിച്ച് കര്‍ദ്ദിനാള്‍ ഞ്ചുവേ ഇങ്ങനെ പ്രസ്താവിച്ചത്.

കെനിയയുടെ നിലവിലുള്ള മത-രാഷ്ട്രീയ അസഹിഷ്ണുത ഇല്ലാതാക്കാനും സമാധാനത്തിന്‍റെ പാതയില്‍ മുന്നേറുവാനും പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദര്‍ശനം കാരണമാക്കുമെന്ന് കര്‍ദ്ദിനാള്‍ ഞ്ചുവേ ആഫ്രിക്കയില്‍നിന്നും വത്തിക്കാന്‍റെ ദിനപത്രത്തിന് അയച്ച പ്രസ്താവനയില്‍ പ്രത്യാശപ്രകടിപ്പിച്ചു.

കെനിയയുടെ സാമൂഹ്യ-രാഷ്ട്രീയ അന്തരീക്ഷം കലുഷിതമായ കാലത്ത് എപ്രകാരം വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമാന്‍ പാപ്പായുടെ മൂന്നു സന്ദര്‍ശനങ്ങള്‍ കേനിയന്‍ ജനതയെ തുണച്ചുവെന്ന് കര്‍ദ്ദിനാള്‍ ഞ്ചുവേ പ്രസ്താവനയില്‍ അനുസ്മരിച്ചു.

46 വ്യത്യസ്ത ഗോത്രങ്ങളില്‍പ്പെട്ട 4 കോടിയിലേറെ വരുന്ന കെനിയയുടെ ജനസംഖ്യയുടെ 41 ശതമാനവും കത്തോലിക്കരാണെന്നും, അവര്‍ 26 രൂപതകളിലായി ജീവിക്കുന്ന ബലപ്പെട്ട വിശ്വാസസമൂഹമാണെന്നും, ഇന്ന് ആഫ്രിക്ക നേരിടുന്ന സാമൂഹ്യ രാഷ്ട്രീയ വെല്ലുവിളികളെ പക്വമാര്‍ന്ന അവബോധത്തോടെ കാണുവാനും നേരിടുവാനും പാപ്പായുടെ സന്ദര്‍ശനം സഹായിക്കുമെന്ന് കര്‍ദ്ദിനാള്‍ ഞ്ചുവേ പ്രസ്താവനയില്‍ വ്യക്തമാക്കി.








All the contents on this site are copyrighted ©.