2015-11-20 19:11:00

“മാനുഷികതയുടെ മണ്‍പാത്രത്തിലെ ദൈവികനിധിയാണ് പൗരോഹിത്യം…”


ജനങ്ങളില്‍നിന്നും, ജനങ്ങള്‍ക്കുവേണ്ടി ദൈവികകാര്യങ്ങള്‍ക്കായി തിരഞ്ഞെടുത്ത് നിയമിക്കപ്പെട്ടിരിക്കുന്നവനാണ് വൈദികരെന്ന് (ഹെബ്ര. 5, 1), പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.

നവംബര്‍ 20-ാം തിയതി വെള്ളിയാഴ്ച വൈദികരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തെ അഭിസംബോധനചെയ്യവെയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.  Optatam Totius, Presbyterorum Ordinis  വൈദികപരിശീലനം, വൈദികര്‍ എന്നീ രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ പ്രമാണരേഖകളുടെ 50-ാം വാര്‍ഷികം ആചരിച്ചുകൊണ്ടുള്ള സമ്മേളനത്തെയാ പാപ്പാ പൗരോഹിത്യത്തെക്കുറിച്ച് ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

പൗരോഹിത്യവിളിയിലൂടെ ക്രിസ്തുവിന്‍റെ ശിഷ്യത്വം സ്വീകരിക്കുന്ന വ്യക്തി ഒരു പച്ചമനുഷ്യനാണെന്ന യാഥാര്‍ത്ഥ്യം ഹെബ്രായരുടെ ലേഖനഭാഗം ഉദ്ധരിച്ചുകൊണ്ട് പാപ്പാ സമര്‍ത്ഥിച്ചു. എങ്കിലും മനുഷ്യത്വത്തിന്‍റെ പരിമിതികളില്‍ മുങ്ങിപ്പോകാതെ ദൈവം നല്കിയ വിളിയും കഴിവുകളും പരിപോഷിപ്പിച്ച് സുവിശേഷ സന്തോഷത്തിന്‍റെയും സദ്വാര്‍ത്തയുടെയും പ്രായോക്താവാകണം വൈദികനെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

മാനുഷികതയുടെ മണ്‍പാത്രത്തില്‍ പേറുന്ന ദൈവികനിധി നഷ്ടപ്പെടുത്താതെ ജീവിക്കാനുള്ള വിശ്വസ്തത പൗരോഹിത്യത്തിന്‍റെ വെല്ലുവിളിയാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി.








All the contents on this site are copyrighted ©.